കോടികൾ മറിയുന്ന ഐ.പി.എൽ ക്രിക്കറ്റിന്റെ ചുവടുപിടിച്ച് ബാഡ്‌മിന്റണ്‍ കോർട്ടിലും ഇനി പണം ഒഴുകാൻ പോകുന്നു. കിടിലൻ സ്മാഷുകൾക്കും കോർട്ടിലെ ഒഴിഞ്ഞയിടങ്ങളിലേക്ക് പറന്നിറങ്ങുന പ്ലേസിങ്ങുകൾക്കും നീണ്ട റാലിക്കുമൊക്കെ അകമ്പടിയായി ഇനി പണക്കിലുക്കവുമുണ്ടാകും.
പണത്തിന്റെ കുത്തൊഴുക്ക് കണ്ട ഐ.പി.എല്ലുമായി പുതുതായി രൂപം കൊണ്ട ഇന്ത്യൻ ബാഡ്‌മിന്റണ്‍ ലീഗിനെ താരതമ്യം ചെയ്യാനാകില്ലെങ്കിലും ഇന്ത്യൻ ബാഡ്‌മിന്റണ്‍ രംഗത്ത് ഇതൊരു കുതിച്ചുകയറ്റം ഉണ്ടാക്കുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ. സൈനാ നേവാളിന്റെ നേട്ടങ്ങളിൽ നിന്ന്‍ ഊർജം നേടി പുതിയ നിരവധി കളിക്കാർ ബാഡ്‌മിന്റണിൽ ശ്രദ്ധേയപ്രകടനം നടത്തുമ്പോഴാണ് ഈ ശുഭവാർത്ത എന്നത് അതിലേറെ വിശേഷപ്പെട്ടതു തന്നെ.
ക്രിക്കറ്റിന്റെ ചുവടുപിടിച്ച് ഹോക്കിയിലും ലീഗ് ടൂര്‍ണമെന്റ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇനി വോളി, ബാസ്‌കറ്റ്‌ബോൾ എന്നിവയിലും വിദേശതാരങ്ങൾക്ക് പങ്കെടുക്കാവുന്ന ലീഗ് വരാൻ പോകുന്നു. ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ തന്നെ പുതിയ ഫുട്‌ബോൾ ലീഗ് എന്ന ആശയവുമായി മുന്നോട്ടുപോകുകയാണ്. നിലവിലെ ലീഗിന്റെ ഉടമകളിൽ നിന്നുള്ള എതിർപ്പാണ് പുതിയ പ്രീമിയർ ലീഗിന് തടസ്സമായി നിൽക്കുന്നത്.
താരതമ്യേന കുറഞ്ഞ പണത്തിനുവേണ്ടി പല ക്ലബ്ബുകൾക്കുമായി ജീവിതം ഹോമിക്കുന്ന ഒരു സാധാരണ ഇന്ത്യൻ കായികതാരത്തിനെയാണ് കുറച്ചുവർഷങ്ങൾക്കു മുൻപുവരെ നമുക്ക് പരിചയം. പ്രത്യേകിച്ചും ഫുട്‌ബോളിൽ. ഐ ലീഗ് ഇതിന് കുറച്ചൊക്കെ മാറ്റം വരുത്തിയെങ്കിലും പരിക്കു പറ്റാതെ ഒരുതരം 'അഡ്ജസ്റ്റിങ് പ്ലേ' നടത്തുവാൻ മുൻപ് അവരെ പ്രേരിപ്പിച്ചിരുന്നതും പണത്തിന്റെ അഭാവം തന്നെയാണ്. എന്നാൽ ഈ രംഗം മാറിയിരിക്കുന്നു എന്നാണ് പുതിയ സംഭവവികാസങ്ങൾ കാണിക്കുന്നത്. ഒരു സാധാരണ കായികതാരത്തെ സംബന്ധിച്ചിടത്തോളം ഇതു പ്രോത്സാഹനജനകം തന്നെയാണ്. പക്ഷേ, വരാൻപോകുന്ന മണിക്കിലുക്കത്തിലും ഈ അഡ്ജസ്റ്റിങ് പ്ലേ കാണാമെങ്കിലും കുറെപേർക്കെങ്കിലും ജീവിതം മെച്ചപ്പെടുത്താൻ ഇത് അവസരം നൽകുമെന്നത് തീർച്ച.
പണമൊഴുകുന്ന ക്രിക്കറ്റിൽ പോലും ദേശീയടീമിൽ എത്തിയാൽ മാത്രമേ ഇന്ത്യയിലെ ഒരു കായികതാരത്തിന് സാമ്പത്തികമായി കുറച്ചെങ്കിലും ഗുണം ഉണ്ടാവുകയുള്ളൂ എന്നതായിരുന്നു പഴയ സ്ഥിതി. എന്നാൽ ഐ.പി.എൽ ക്രിക്കറ്റിന്റെ വരവ് വലിയ മാറ്റം തന്നെയാണ് ഇതിൽ വരുത്തിയത്. തികച്ചും പ്രാദേശിക തലത്തിൽ ഒതുങ്ങിപ്പോകുമായിരുന്ന, പരമാവധി രഞ്ജി ട്രോഫിയിൽ മാത്രം കളിച്ച് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുമായിരുന്ന പലരും ഇന്ന്‍ ഐ.പി.എൽ ക്രിക്കറ്റിലൂടെ സാമ്പത്തികനേട്ടം ഉണ്ടാക്കുന്നുണ്ട്. ഏകദേശം അഞ്ഞൂറോളം താരങ്ങൾക്ക് ഇതിന്റെ ഫലം ലഭിക്കുന്നു. അത്‌ലറ്റിക്‌സ് പോലുള്ള ഇനങ്ങളിലും ഇത്തരം പ്രോത്സാഹനം ഉണ്ടെങ്കിൽ ഇന്ത്യൻ സ്‌പോർട്‌സിന്റെ നാളുകൾക്ക് പൊന്നിൻനിറമായിരിക്കുമെന്നതിന് സംശയമില്ല.
ടീം ഗെയിമുകളിൽ പണം നിക്ഷേപിക്കാൻ യാതൊരു മടിയുമില്ലാത്ത വൻവ്യവസായ സ്ഥാപനങ്ങളും വ്യക്തികളും ബാഡ്‌മിന്റണ്‍ പോലുള്ള വ്യക്തിഗത മത്സരങ്ങളിലും പണം നിക്ഷേപിക്കാനിറങ്ങുന്നത് ഇതിന്റെ സാമ്പത്തിക മൂല്യം കാണിക്കുന്നുണ്ട്. ഓഗസ്ത് 14 മുതൽ 31 വരെയാണ് പ്രഥമ ഇന്ത്യൻ ബാഡ്‌മിന്റണ്‍ ലീഗ് നടക്കാൻ പോകുന്നത്. കോടികൾ ഇല്ലെങ്കിലും ലക്ഷങ്ങൾ തന്നെ കളിക്കാരെ തേടി കോർട്ടിലേക്കും പ്രവഹിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം നടന്ന ഐ.ബി.എൽ താരലേലത്തിലെ കണക്കുകൾ കാണിക്കുന്നത്. ബോളിവുഡ് താരങ്ങളായ അമീർഖാനും ദീപിക പദുക്കോണും കായികപ്രേമികളെ ആകർഷിക്കാനായി ബ്രാൻഡ് അംബാസിഡർമാരായി മുൻപിലുണ്ട്. ഡാബർ ഇന്ത്യയും സഹാറയും പോലുള്ള ഇന്ത്യൻ കായികരംഗത്തെ മുമ്പന്മാരായ സ്പോണ്‍സര്‍മാര്‍ എല്ലാവരും തന്നെ ഇതിലുണ്ട് എന്നതും ശ്രദ്ധേയമാണ്.
ഒരു കാലത്ത് പ്രകാശ് പദുക്കോണിലും വിമൽകുമാറിലും പിന്നീട് പുല്ലേല ഗോപിചന്ദിലും മാത്രമായിരുന്നു ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പ്രതീക്ഷകൾ. സയ്യിദ് മോഡി, ജോർജ് തോമസ് തുടങ്ങിയവരും ഇന്ത്യയ്ക്ക് വേണ്ടി നേട്ടങ്ങൾ കൊയ്തിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തിൽ പദുക്കോണിനും വിമൽകുമാറിനും ഗോപിചന്ദിനും മാത്രമാണ് അന്താരാഷ്ട്ര ശ്രദ്ധ നേടാനായത്. തനിക്ക് നേടാനാകാഞ്ഞത് ശിഷ്യരിലൂടെ നേടിയെടുക്കാനായുള്ള ഗോപിചന്ദിന്റെ പ്രയത്‌നമാണ് ഈയടുത്ത കാലത്തായി ഇന്ത്യൻ ബാഡ്‌മിന്റണിന് ഇത്രയേറെ വളർച്ച ഉണ്ടാക്കാനായത്. ഗോപിചന്ദ് അക്കാദമിയിലെ പരിശീലനമാണ് സൈന നേവാളിനെ ബാഡ്‌മിന്റണ്‍ ലോകത്തെ എണ്ണംപറഞ്ഞ താരമാക്കിയതും ഇന്ത്യൻ കായികരംഗത്തിനു ആവോളം പ്രതീക്ഷനൽകി ഒളിമ്പിക്‌സ് മെഡൽ വരെ നേടാനായതും. പി.വി. സിന്ധു, പി.സി. തുളസി, അപർണ ബാലൻ, പി. കശ്യപ് തുടങ്ങിയ ഇന്ത്യൻ പ്രതീക്ഷകളെല്ലാം തന്നെ ഈ അക്കാദമിയിൽ ജന്മമെടുത്തവരാണ്. മലയാളികളായ രൂപേഷ്‌കുമാറും സനേവ് തോമസും വി.ദിജുവുമൊക്കെ ഗോപിചന്ദിന്റെ ശിഷ്യസമ്പത്തു തന്നെ.
ടീമിനങ്ങളുടെ ആകർഷണം വ്യക്തിഗത മത്സരങ്ങൾക്ക് ലഭിക്കുമോ എന്നതാണ് ഇവിടെ ഉയരുന്ന പ്രധാന ചോദ്യം. ടീമിനങ്ങളുടെ ടി.വി. സംപ്രേഷണം ഇതിന്റെ പുറകിലുള്ളവർക്ക് ഏറ്റവും പ്രധാനപ്പെട്ട ആകർഷണം തന്നെയാണ്. ഇന്ത്യൻ ഉപഖണ്ഡത്തിന്റെ തന്നെ ഫേവറിറ്റ് ഗെയിമായ ക്രിക്കറ്റിന്റെ ജനപ്രീതി ടി.വി. സംപ്രേഷണത്തിന് കോടികൾ മുടക്കാൻ സ്ഥാപനങ്ങളെ മത്സരിപ്പിക്കുന്നു. ക്രിക്കറ്റ് പോലുള്ള ടീമിനങ്ങളിൽ വ്യക്തിപ്രകടനം ടീമിന്റെ ജയപരാജയങ്ങളെ നിർണയിക്കുമെങ്കിലും ആത്യന്തികമായി കാണി പിന്തുണക്കുന്നത് ടീമിനെയാണ്. ഇത് മുന്നില്‍ക്കണ്ടാവണം കളിക്കാരെ വിവിധ ടീമുകളായി തിരിച്ച് ബാഡ്‌മിന്റണ്‍ ലീഗ് സംഘടിപ്പിക്കുന്നത്.
ഐ.ബി.എൽ. ലോഞ്ചിങ്ങിന് രണ്ടുതവണ സ്റ്റാർട്ടിങ് ട്രബിൾ നേരിട്ടെങ്കിലും ഒടുവിൽ ജൂലായ് 22ന് ലേലം നടന്നു. ബാഡ്‌മിന്റണ്‍ ലോകത്ത് വൻശക്തിയായ ചൈനയുടെ താരങ്ങൾ ഇല്ല എന്നുള്ളതാണ് കോർട്ടിലെ ആവേശം കുറയ്ക്കുന്നത്. ചൈനീസ് ദേശീയ ഗെയിംസ് നടക്കുന്നതിനാൽ അതേസമയം നടക്കുന്ന ലീഗിൽ ചൈനീസ് സാന്നിദ്ധ്യം ഉണ്ടാവില്ല. ആറ് ഇന്ത്യൻ കളിക്കാരും നാല് വിദേശകളിക്കാരും ഒരു ജൂനിയർ ഇന്ത്യൻ താരവും ഉൾപ്പെടുതായിരിക്കണം ടീമുകൾ എന്നതാണ് നിഷ്‌കർഷ. ഒരു ഫ്രാഞ്ചെസിക്ക് മുടക്കാവുന്ന തുക ഒന്നരകോടിയും. ക്രിക്കറ്റിനെ അപേക്ഷിച്ച് ഇത് കുറവാണെങ്കിലും വ്യക്തികൾക്കായാണ് ഇത് മുടക്കുന്നത് എന്ന്‍ പരിഗണിക്കുമ്പോൾ ഇത് ചെറിയ തുകയല്ല. ആറുടീമുകൾ ഉളള ലീഗിൽ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്‌കറും ഒരു ടീമുമായി കോർട്ടിലുണ്ട്.
തായ്‌ലാൻഡ്, മലേഷ്യ, വിയറ്റ്‌നാം, ഡെൻമാർക്ക്, ഹോങ്‌കോങ്, ഇന്ത്യാനേഷ്യ, ജർമനി തുടങ്ങി ബാഡ്‌മിന്റണിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ നിന്നെല്ലൊം തന്നെ താരങ്ങളെ ലീഗിൽ കാണാം. 40ഓളം ഇന്ത്യൻ കളിക്കാരെ വിവിധ ടീമുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ മലയാളികൾ തന്നെ 8 പേർ ഉണ്ടെന്നത് കേരളത്തിന്റെ നേട്ടമാകുന്നു. ഇന്ത്യൻ ബാഡ്‌മിന്റണിലെ സുവർണവനിതയായ സൈനാ നേവാളിന് ലഭിക്കുക 72 ലക്ഷമാണെങ്കിൽ പുരുഷന്മാരിലെ ലോക ഒന്നാം നമ്പർ തായ്‌ലാന്റിന്റെ ലീ ചോങ്ങിനെ 80 ലക്ഷത്തിന് മുംബൈ മാസ്റ്റേഴ്‌സ് സ്വന്തമാക്കി. ഇവര്‍ തന്നെ ലീഗിലെ ഹോട്ട് ഫേവറിറ്റ്‌സ്.
അതിനിടെ ലീഗ് ലേലത്തോടനുബന്ധിച്ച് സാധാരണപോലെ അപശബ്ദങ്ങളും ഉയർന്നുകഴിഞ്ഞു. ലീഗിൽ വനിതാ ഡബിൾസ് ഇല്ല എന്നതാണ് ഇന്ത്യയുടെ പ്രശസ്ത താരങ്ങളായ ജ്വാലാ ഗുട്ടയേയും അശ്വിനി പൊന്നപ്പയേയും പ്രകോപിച്ചിരിക്കുന്നത്. രണ്ട് പുരുഷ സിംഗിൾസ്, ഒരു വനിതാസിംഗിൾസ്, പുരുഷ ഡബിൾസ്, മിക്‌സഡ് ഡബിൾസ് എന്നിങ്ങനെ 5 കളികളാണ് ഓരോ ടീമിനും. ഹോം, എവേ രീതിയിൽ തന്നെയാണ് ഐ.ബി.എല്ലും. ഒട്ടാകെ 90 കളികൾ. കൂടുതൽ പോയിന്റ് നേടുന്ന നാല് ടീമുകൾ സെമിയിലെത്തും. ഡബിൾസ് മത്സരങ്ങളില്ലാത്തതിനാൽ ഐക്കണ്‍ താരങ്ങളായ തങ്ങൾക്ക് നിശ്ചിതവിലയിലും കുറച്ചാണ് കിട്ടിയതെന്നതും അവരുടെ പ്രതിഷേധത്തിന് കാരണമായി. ഐക്കണ്‍ താരങ്ങൾക്ക് നിശ്ചയിച്ച തുക എന്തുവന്നാലും നൽകുമെന്ന്‍ പറഞ്ഞ് അസോസിയേഷൻ തടിതപ്പിയെങ്കിലും താരങ്ങളുടെ പ്രതിഷേധം ലീഗിന്റെ തുടക്കത്തിൽ തന്നെ കല്ലുകടിയായി.
ഇത്തരത്തിലുള്ള ലീഗ് എല്ലാ കായികഇനങ്ങളിലും ഉണ്ടായാൽ തീർച്ചയായും അത് രാജ്യത്തിന്റെ കായികനിലവാരത്തിന് മാറ്റുകൂട്ടും. കായികമായി വളരെയധികം നേട്ടങ്ങളൊന്നും അന്താരാഷ്ട്രതലത്തിൽ നേടാനാവാത്ത നമുക്ക് ഒരു പുതിയ കായിക സംസ്‌കാരം ഉണ്ടാവണം എന്നൊക്കെ പറയാമെന്നേയുള്ളൂ. വേണ്ടത് കായികം ഒരു തൊഴിൽ തന്നെ ആയിട്ടുള്ള രീതിയാണ്. പക്ഷേ, അത് സാധാരണ തൊഴിൽ പോലെയല്ല. ആത്മാർഥമായ ജോലി തന്നെ. സാധാരണ കണ്ടുവരുന്നത് സാമ്പത്തിക പ്രശ്‌നങ്ങളിൽപ്പെട്ടുഴലുമ്പോൾ താരങ്ങളിൽ ഏറിയപങ്കും സ്‌പോർട്‌സിൽ നിന്ന്‍ വിടപറയുന്നതായാണ്. അവർക്ക് ആവശ്യമായ സഹായങ്ങൾ ഒരു ഭാഗത്തുനിന്നും കിട്ടാത്തതും ഒരു കാരണമാവാം. അധികൃതരിൽ നിന്നും സ്പോണ്‍സർമാരിൽ നിന്നും തിക്താനുഭവങ്ങൾ കൂടെയാകുമ്പോൾ പലർക്കും മടുക്കും. പക്ഷേ, ഈ രംഗം ആവശ്യത്തിന് ജീവിതസുരക്ഷിതത്വം നൽകുന്നതായാൽ ഇത്തരത്തിലുള്ള വിട്ടുപോക്ക് കുറയും. മികച്ച പ്രകടനങ്ങളെ കാത്ത് കൂടുതൽ നേട്ടങ്ങൾ കാത്തിരിക്കുന്നു എന്ന തിരിച്ചറിവ് അവരെ കൂടുതൽ ഉത്തേജിപ്പിക്കും. എന്തായാലും ഇന്ത്യൻ കായികരംഗം ശരിയായ പാതയിൽ തന്നെയാണ്. അതിന്റെ പാതയിലെ ചെറിയ ചെറിയ ഗട്ടറുകൾ അടയ്ക്കുകയേ വേണ്ടൂ. ആവശ്യമായ വേഗം അതിന് തനിയെ സംഭവിച്ചുകൊള്ളും. ആവശ്യമായതൊക്കെ ആവശ്യമായ രീതിയിൽ കിട്ടിയാൽ അത് മുൻപന്തിയിലെത്തുമെന്നത് അസംഭവ്യമല്ല.