സിംബാംബ്‌വേക്കാർ ക്രിക്കറ്റ് കളിക്കുമ്പോൾ

വസിഷ്ഠ് എം.സി.
Wed, 24-07-2013 12:30:00 PM ;

ദൈവം രക്ഷിക്കട്ടെ നമ്മുടെ രാജ്ഞിയെ

ദീർഘകാലം ജീവിക്കട്ടെ മഹത്തായ നമ്മുടെ രാജ്ഞി

അവർക്ക് വിജയങ്ങളുണ്ടാവട്ടെ

വിജയവും യശസ്സും ഉണ്ടാവട്ടെ

ദീർഘകാലം നീണാൾ വാഴട്ടെ

ദൈവം രക്ഷിക്കട്ടെ നമ്മുടെ രാജ്ഞിയെ

 

India's Zimbabwe Tour

ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടന്നിരുന്ന, സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടിഷ് സാമ്രാജ്യത്തിലെ ദേശീയ ഗാനത്തിന്റെ ആദ്യവരികളാണ് മേലുദ്ധരിച്ചത്. യൂറോപ്യൻ രാജ്യങ്ങളുടെ ആഫ്രിക്കൻ കോളനിവൽക്കരണത്തിന്റെ പരിണിതഫലമാണ് സിംബാംബേയിലെ ക്രിക്കറ്റ്. മൂന്ന്‍ വർഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു ഇന്ത്യൻ ക്രിക്കറ്റ് ടീം സിംബാംബ്‌വേ സന്ദർശിക്കുന്നത്. ടെസ്റ്റ് മത്സരങ്ങളില്ലാതെ അഞ്ച് ഏകദിന മത്സരങ്ങളാണ് ജൂലായ് 24 നും മാർച്ച് 3 നും ഇടയിലുള്ള ഇന്ത്യയുടെ  സിംബാംബ്‌വിയൻ പര്യടനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

അൽപം ചരിത്രം, ആഫ്രിക്കയുടെയും സിംബാംബ്‌വേയുടേയും

 

16-ാം നൂറ്റാണ്ടിലാണ് പരിഷ്‌കൃത യൂറോപ്യൻ/പാശ്ചാത്യ നാഗരികതക്ക് വിചിത്രമായ മനുഷ്യരും ആചാരങ്ങളും ഉള്ള ആഫ്രിക്കൻ ഭുഖണ്ഡം തുറക്കപ്പെട്ടത്. 16,17,18 നൂറ്റാണ്ടുകൾ ആഫ്രിക്കൻ ചരിത്രത്തിലെ ഭീകരമായ അടിമ വ്യാപാരത്തിന്റെ കാലമായിരുന്നു. ആഫ്രിക്കയിൽ നിന്നുള്ള അടിമ വ്യാപാരത്തിന്റെ സാമ്പത്തിക നേട്ടങ്ങൾ അനുഭവിച്ചവരിൽ വിഖ്യാതയായ ട്യൂഡർ ഭരണാധികാരി എലിസബത്ത് രാജ്ഞിയും (എ.ഡി. 1558- എ.ഡി. 1603) ഉൾപ്പെട്ടിരുന്നു. അടിമ വ്യാപാരത്തിലൂടെ ആർജ്ജിച്ച സമ്പത്ത് ട്യൂഡർമാർക്ക് മെച്ചപ്പെട്ട കപ്പൽ വ്യൂഹത്തെ നിലനിർത്താനും പുകൾപ്പെറ്റ സ്പാനിഷ് നാവിക സൈന്യത്തെ പരാജയപ്പെടുത്താനും സാധിച്ചു. (സ്പാനിഷ് ആർമേഡ 1588 എ.ഡി) ഇതോടെ അത്‌ലാന്റിക് സമുദ്രത്തിന്റെ നിയന്ത്രണം ട്യൂഡർമാർക്ക് ലഭിച്ചു. അടിമവ്യാപാരത്തിലൂടെ ആർജ്ജിച്ച പണം 1694-ൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ സ്ഥാപനത്തിൽ ചെന്ന്‍ കലാശിച്ചു. പതിനെട്ടം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇംഗ്ലണ്ട് വ്യാവസായിക വിപ്ലവത്തിലേക്ക് പ്രവേശിച്ചപ്പോൾ അതിന് തുണയായത് ബാങ്ക് ഓഫ്  ഇംഗ്ലണ്ടിലെ നിക്ഷേപങ്ങളായിരുന്നു. വ്യവസായിക വിപ്ലവത്തിന്റെ ആരംഭത്തോടെ കോളനിവൽക്കരണത്തിന്റെ സ്വഭാവം മാറി.  പ്രത്യക്ഷ കോളനിവൽക്കരണത്തിന്റെ കെടുതികൾ ആദ്യം അനുഭവിച്ചത് ഒരുപക്ഷേ, ഏറ്റവും കൂടുതൽ അനുഭവിച്ചത് ആഫ്രിക്കയിലെ ആദിമവാസികളായിരുന്നു. ഇംഗ്ലീഷുകാരും, ഫ്രഞ്ചുകാരും, പോർച്ചുഗീസുകാരും ആരംഭിച്ച ആഫ്രിക്കൻ കോളനിവൽക്കരണത്തിൽ 1870 ൽ രക്തവും മാംസവും ഉപയോഗിച്ച് ഏകീകരിക്കപ്പെട്ട ബിസ്മാർക്കിന്റെ ജർമ്മനിയും പങ്കുചേർന്നു. ചുരുക്കത്തിൽ വ്യവസായിക വിപ്ലവത്തിന്റെ അനന്തരഫലമായി വ്യാവസായിക രാജ്യങ്ങളുടെ വിഭവങ്ങൾ തേടിയുള്ള അന്വേഷണം  ആഫ്രിക്കയുടെ പരിപൂർണ്ണ അടിമത്വത്തിലേക്കാണ് നയിച്ചത്. ഇംഗ്ലീഷ് കോളനിവൽക്കരണത്തിന് ഇരയായ ആഫ്രിക്കൻ രാജ്യങ്ങളിലൊന്നായിരുന്നു ഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തുള്ള റൊഡേഷ്യ എന്ന പേരിൽ ദീർഘകാലം അറിയപ്പെട്ടിരുന്ന സിംബാംബ്‌വേ.

 

സിംബാംബ്‌വേയിൽ  ക്രിക്കറ്റ് പ്രചരിക്കുന്നു

 

Zimbabwe In Africa map1890 കളിലാണ് അപരിഷ്‌കൃതരായ ജനതയെ പരിഷ്‌ക്കരിക്കാനെന്ന ഭാവത്തിൽ വെള്ളക്കാർ സിംബാംബ്‌വേയിൽ എത്തുന്നത്. സിസിൽ റോഡസിന്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട ബ്രിട്ടിഷ് സൗത്ത് ആഫ്രിക്ക കമ്പനിയുടെ ആഗമനത്തോടു കൂടിയാണ്  സിംബാംബ്‌വേയുടെ ബ്രിട്ടിഷ് കോളനിവൽക്കരണം ആരംഭിക്കുന്നത്. (സിസിൽ റോഡസിനോടുള്ള ബഹുമാനാർഥമാണ് അദ്ദേഹം എത്തിച്ചേർന്ന, ആധിപത്യം സ്ഥാപിച്ച ഭൂപ്രദേശത്തിന് റൊഡേഷ്യ എന്ന പേര് ലഭിച്ചത്) റൊഡേഷ്യയിലേക്ക് ക്രിക്കറ്റും ഇറക്കുമതി ചെയ്യപ്പെട്ടു. രേഖപ്പെടുത്തപ്പെട്ട റൊഡേഷ്യയിലെ ആദ്യത്തെ ക്രിക്കറ്റ് മത്സരം നടന്നത് 1890 ആഗസ്റ്റ് 16 നായിരുന്നു. റൊഡേഷ്യയിലെ ക്രിക്കറ്റിന്റെ വളർച്ച വളരെ മന്ദഗതിയിലായിരുന്നു, അത് ന്യൂനപക്ഷമായ വെള്ളക്കാരന്റെ ആഭിജാത്യ പ്രകടനം മാത്രമായിരുന്നു. 1898-99 കാലത്ത് ലോഡ് ഹോകിന്റെ നേതൃത്ത്വത്തിൽ ആദ്യമായി ഒരു ഇംഗ്ലീഷ് ക്രിക്കറ്റ് ടീം സിംബാംബ്‌വേ സന്ദർശിച്ചു. 1904-05 കാലത്ത് റോഡേഷ്യ സൗത്ത് ആഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിക്കറ്റ് ടൂർണ്ണമെന്റായ ക്യുറി (Currie) കപ്പിൽ പങ്കെടുക്കാൻ തുടങ്ങി. ക്യൂറി കപ്പിലൂടെയാണ് ആദ്യകാല റൊഡേഷ്യൻ ക്രിക്കറ്റ്  കളിക്കാർ വളർന്നു വന്നത്. കോളിൻ ബ്ലെൻഡ് ആണ് അറിയപ്പെടുന്ന ആദ്യത്തെ റോഡേഷ്യൻ  ക്രിക്കറ്റ് താരം.  തന്റെ ഫീൽഡിംഗ് മികവിലൂടെയാണ് കോളിൻ ബ്ലെൻഡ് സിംബാംബ്‌വേൻ ക്രിക്കറ്റിനെ ലോകനിലവാരത്തിലെത്തിച്ചത്. 1945 ൽ രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ സാമ്രാജ്യത്വ ശക്തിയായ ബ്രിട്ടൻ ദുർബലമായി. 1950 കളിൽ ആഫ്രിക്കയിൽ അലയടിച്ച കൊളോണിയൽ വിരുദ്ധ വികാരം റൊഡേഷ്യയേയും സ്വാധീനിച്ചു. 1960 ചരിത്രത്തിൽ അറിയപ്പെടുത് ആഫ്രിക്കൻ വർഷമായിട്ടാണ്. 17 രാജ്യങ്ങളാണ് ആ വർഷം കൊളോണിയൻ ഭരണത്തിൽ നിന്ന്‍ മോചിതമായത്.

 

സിംബാംബ്‌വേയുടെ സ്വാതന്ത്ര്യപ്രഖ്യാപനം

 

സിംബാംബ്‌വേ എന്ന പേര് റോഡേഷ്യയിലെ തെക്ക്-കിഴക്കുണ്ടായിരുന്ന ഗ്രേറ്റ് സിംബാംബ്‌വേ എന്ന നഗരത്തിന്റെ നാമത്തിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. സിംബാംബ്‌വേയിലെ കറുത്തവരുടെ നേതാവായിരു മൈക്കിൾ മഗേമയാണ് സിംബാംബ്‌വേ എന്ന പദം ആദ്യം ഉപയോഗിക്കുന്നത്. സിംബാംബ്‌വേയുടെ സ്വാതന്ത്ര്യപ്രാപ്തിക്ക് രണ്ട് ഘട്ടങ്ങളുണ്ട്. 1965 ൽ ന്യൂനപക്ഷമായ വെള്ളക്കാരന്റെ ഒരു ഭരണകൂടം ഇയാൻസ്മിത്തിന്റെ നേതൃത്ത്വത്തിൽ അവിടെ സ്ഥാപിക്കപ്പെടുകയും, ആ ഭരണകൂടം ബ്രിട്ടനിൽ നിന്ന്‍  സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. വർണവിവേചനം പിന്തുടർന്നിരുന്ന ഈ ഭരണകൂടത്തിനെതിരെ അന്താരാഷ്ട്ര സമൂഹം കർശനമായ വിലക്കുകൾ ഏർപ്പെടുത്തി. ഈ വിലക്കുകൾ സിംബാംബ്‌വേയിൻ ക്രിക്കറ്റിനേയും ബാധിച്ചു. 1980 കൾ വരെ സിംബാംബ്‌വേയുടെ ക്രിക്കറ്റ് ലോകക്രിക്കറ്റിൽ നിന്നും ഒറ്റപ്പെട്ടു. 1960 കളിൽ തന്നെ വെള്ളക്കാരന്റെ ഭരണകൂടത്തിനെതിരെ സിംബാംബ്‌വേയും ആഭ്യന്തരയുദ്ധം ആരംഭിച്ചു. ആഭ്യന്തര യുദ്ധത്തിൽ മുൻപന്തിയിലുണ്ടായിരുന്നത് റോബർട്ട് മുഗബേയുടെ സിംബാംബ്‌വേൻ ആഫ്രിക്കൻ നാഷണൽ യൂണിയനും, ജോഷ്വോ നക്കോമായുടെ ആഫ്രിക്കൻ പീപ്പിൾസ് യൂണിയനുമായിരുന്നു. 1980 ഓടെ വെള്ളക്കാരന്റെ ഭരണകൂടം ആഭ്യന്തരയുദ്ധത്തിൽ പരാജയം സമ്മതിക്കുകയും, സിംബാംബ്‌വേ എന്ന പുതിയ രാജ്യത്തിന്റെ സ്വാതന്ത്ര്യം ഐക്യരാഷ്ട്രസഭ അംഗീകരിക്കുകയും ചെയ്തു. 1980 ലെ പ്രഥമ തിരഞ്ഞെടുപ്പിൾ റോബർട്ട് മുഗാബേ വിജയിച്ചു. അന്നുമുതൽ മുഗാബേയാണ് സിംബാംബ്‌വേയുടെ ഭരണാധികാരി.

 

സിംബാംബ്‌വേ അന്താരാഷ്ട്ര കായികരംഗത്ത് പ്രവേശിക്കുന്നു

 

സ്വാതന്ത്ര്യലബ്ധിയോടെ സിംബാംബ്‌വേ അന്താരാഷ്ട്ര ക്രിക്കറ്റ് രംഗത്തും കായിക രംഗത്തും പ്രവേശിച്ചു. കമ്മ്യൂണിസ്റ്റ്-മുതലാളിത്ത ശീതസമരത്താൽ യു.എസ് ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങൾ ബഹിഷ്‌ക്കരിച്ച 1980 ലെ മോസ്‌കോ ഒളിമ്പിക്‌സിൽ സിംബാംബ്‌വേയുടെ വനിതാ ഹോക്കി ടീം ഇന്ത്യൻ ടീമിനെ അട്ടിമറിച്ചുകൊണ്ട് സ്വർണം നേടി. അതിന് ശേഷം സിംബാംബ്‌വേ 2004 ഏതൻസ് ഒളിമ്പിക്‌സിൽ മൂന്ന്‍ മെഡലുകളും, 2008 ബീജിംഗ് ഒളിമ്പിക്‌സിൽ നാല് മെഡലുകളും നേടി. അന്താരാഷ്ട്ര ക്രിക്കറ്റ് രംഗത്ത് സിംബാംബ്‌വേയുടെ അരങ്ങേറ്റം അവിസ്മരണീയമായിരുന്നു. 1981 ൽ ഐ.സി.സി. സിംബാംബ്‌വേയ്ക്ക് അംഗത്വം നൽകി. 1983 ലോകകപ്പിൽ, തങ്ങളുടെ അരങ്ങേറ്റ മത്സരത്തിൽ (1983 ജൂണ്‍ 9, നോട്ടിംഗ്ഹാം) ശക്തരായ ആസ്‌ട്രേലിയയെ 13 റണ്‍സിന് പരാജയപ്പെടുത്തി. 1983 ലെ ലോകകപ്പിൽ രണ്ടാമത്തെ ലീഗ് മത്സരത്തിൽ അവർ ഇന്ത്യയെ വിറപ്പിച്ചു വിടുകയും ചെയ്തു.

 

വർണവിവേചനത്തോടുളള ഇന്ത്യൻ നിലപാട്

 

കൊളോണിയൽ വിരുദ്ധ സമര സമയത്ത് തന്നെ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ മുൻപന്തിയിലുണ്ടായിരുന്ന ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് അന്താരാഷ്ട്ര വിഷയങ്ങളിൽ വ്യക്തമായ നിലപാട് സ്വീകരിച്ചു. അങ്ങനെ അവർ ലോകമെമ്പാടുമുള്ള കൊളോണിയൽ വിരുദ്ധ/ജനകീയ സമരങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ഈ നയം തന്നെയാണ് ജവഹർലാൽ നെഹ്‌റുവിന്റെ കാലം മുതൽ രാജീവ്ഗാന്ധിയുടെ കാലംവരെയുള്ള കോണ്‍ഗ്രസ് ഭരണകൂടങ്ങൾ പിന്തുടർന്നത്. വർണവിവേചനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഇന്ത്യയുമായിട്ടാണ് വർണവിവേചനത്തിന്റെ കെടുതികൾ അനുഭവിക്കേണ്ടി വന്ന രണ്ടു രാജ്യങ്ങൾ, സൗത്ത് ആഫ്രിക്കയും, സിംബാംബ്‌വേയും തങ്ങളുടെ ആദ്യത്തെ ഏകദിന, ടെസ്റ്റ്  മത്സരങ്ങൾ കളിച്ചത്. (1991 ൽ കൽക്കത്തയിൽ വെച്ചാണ് വർണവിവേചനം അവസാനിപ്പിച്ച സൗത്ത് ആഫ്രിക്ക ഇന്ത്യയ്ക്ക് എതിരേ ആദ്യത്തെ ഏകദിന മത്സരം കളിച്ചത്) ഇത് കേവലം യാദൃശ്ചികമായിരുന്നു. 1992 ൽ ഹരാരേയിൽ വച്ചായിരുന്നു സിംബാംബ്‌വേ ഇന്ത്യക്കെതിരേ ആദ്യത്തെ ടെസ്റ്റ്‌ മത്സരം കളിച്ചത്.  ആദ്യ ഇന്നിംഗ്‌സിൽ 456 റണ്‍സ് നേടിയ സിംബാംബ്‌വേ ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിപ്പിച്ചു. സിംബാംബ്‌വേയുടെ ആദ്യത്തെ ടെസ്റ്റ് വിജയം പാകിസ്ഥാനെതിരെയായിരുന്നു. 1999 ൽ അവരുടെ മണ്ണിൽ വെച്ച് സിംബാംബ്‌വേ ഇന്ത്യക്കെതിരെ ആദ്യത്തെ ടെസ്റ്റ് വിജയം നേടി.

 

സിംബാംബ്‌വേൻ ക്രിക്കറ്റ് പ്രതിഭകൾ

 

Marrillier's Scoop Shot1983 നും 2013 നും ഇടയിൽ നിരവധി ക്രിക്കറ്റ് പ്രതിഭകളെ സിംബാംബ്‌വേ ലോകത്തിന് സംഭാവന ചെയ്തു. ഗ്രാൻഡ് ഫ്‌ളവർ, ഇപ്പോഴത്തെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ കോച്ചായ ആൻഡി ഫ്‌ളവർ, ഹീത്ത് സ്ട്രീക്ക്, ഗെയ് വിറ്റാൽ, അലിസ്റ്റർ കാംപെൽ, ഹെൻട്രി ഒളങ്കോ എിവർ ഇതിൽ പ്രമുഖരാണ്. ആദ്യകാലങ്ങളിൽ വെള്ളക്കാരന്റെ ആധിപത്യമാണ് സിംബാംബ്‌വൻ ക്രിക്കറ്റിൽ ഉണ്ടായിരുത്. ഈ അടുത്ത കാലത്താണ് കറുത്ത വർഗ്ഗക്കാർ തങ്ങളുടെ സാന്നിദ്ധ്യം ക്രിക്കറ്റിൽ അറിയിക്കാൻ തുടങ്ങിയത്.

 

മറീലിയറുടെ സ്‌കൂപ് ഷോട്ട്

 

ഇന്ത്യയും സിംബാംബ്‌വേയും തമ്മിൽ ഇതിനകം 51 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ 39 മത്സരങ്ങളിൽ വിജയിച്ചത് ഇന്ത്യയും. പത്തെണ്ണത്തിൽ സിംബാംബ്‌വേ വിജയം കണ്ടു. അവസാനത്തെ രണ്ട് ഏകദിന മത്സരങ്ങളിലും വിജയം സിംബാംബ്‌വേക്കായിരുന്നു.   സിംബാംബ്‌വേ ഇന്ത്യയ്‌ക്കെതിരെ നേടിയ ഏകദിന വിജയങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് 2002 മാർച്ച് 9 ന് ഫരീദബാദ് മത്സരത്തിലേതായിരുന്നു. ഒരു കൊള്ളിമീൻ പോലെ മിന്നിമറഞ്ഞുപോയ ഡഗ്ലസ് മറിലിയറുടെ അവിസ്മരണീയ ബാറ്റിംഗ് പ്രകടനമാണ് സിംബാംബ്‌വേയെ അന്ന്‍ വിജയത്തിലേക്ക് നയിച്ചത്.  വിവിയൻ റിച്ചാർഡ്‌സിന്റെ മാറി നിന്നുള്ള അടി എന്ന ക്രിക്കറ്റ് ഷോട്ടിന് ശേഷം, ക്രിക്കറ്റിലെ ബാറ്റിംഗിന്റെ യാഥാസ്ഥിതിക നിയമങ്ങൾ കാറ്റിൽ പറത്തിയതായിരുന്നു മറീലിയറുടെ സ്‌കൂപ് ഷോട്ട്. മറീലിയർ ക്രിക്കറ്റിന് നൽകിയ സ്‌കൂപ് ഷോട്ട് ഇന്ന്‍ ഏകദിന മത്സരങ്ങളിലും 20-20 ക്രിക്കറ്റ് മത്സരങ്ങളിലും ബാറ്റ്‌സ്മാൻമാരുടെ പ്രിയപ്പെട്ട ഷോട്ടാണ്. 2007 പ്രഥമ 20-20 ഫൈനലിൽ ജയിക്കാൻ 5 റണ്‍സ് വേണ്ടപ്പോൾ പാകിസ്ഥാന്റെ മിസ്ബാ ഉൾ ഹക്കിന്റെ സ്‌കൂപ് ഷോട്ട് ചെന്ന്‍ പതിച്ചത് ശ്രീശാന്തിന്റെ സുരക്ഷിതമായ കൈകളിലായിരുന്നു.

 

ഇന്ത്യ-സിംബാംബ്‌വേ ക്രിക്കറ്റിന്റെ സമകാലീന പ്രസക്തി

 

Robert Mugabe125 കോടി ജനങ്ങളുള്ള ഇന്ത്യയും 1.25 കോടി മാത്രം ജനസംഖ്യയുള്ള സിംബാംബ്‌വേയും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം ഉണ്ടാക്കുന്നതല്ല. കായിക രംഗത്തുള്ള സംഭാവനയേക്കാൾ സിംബാംബ്‌വേ ഇന്ന്‍ കുപ്രസിദ്ധമായിരിക്കുന്നത് റോബർട്ട് മുഗാബെയുടെ ഏകാധിപത്യ ഭരണത്തിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റെയും, മോശപ്പെട്ട ആരോഗ്യ പുരോഗതിയുടെയും അടിസ്ഥാനത്തിലാണ്. സിംബാംബ്‌വേയിലെ ജനാധിപത്യ ധ്വംസനം അവരുടെ ക്രിക്കറ്റിലും പ്രതിഫലിച്ചു. 2004 ൽ മുഗാബെയുടെ ഏകാധിപത്യ ഭരണത്തിനെതിരെ കൈയിൽ കറുത്ത ബാന്റ് ധരിച്ചുകൊണ്ടാണ് ആൻഡി ഫ്‌ളവറും ഹെൻട്രി ഒളങ്കേയും ഗ്രൗണ്ടിൽ പ്രവേശിച്ചത്. ഈ പ്രവൃത്തി അവരുടെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ അടിയന്തരാവസ്ഥ കാലത്ത് (1975 ജൂണ്‍-1977 ജനുവരി) വായമൂടിക്കെട്ടിയ അതേ അവസ്ഥയിലാണ് സിംബാംബ്‌വേയിലെ പത്രങ്ങൾ. റോബർട്ട് മുഗാബേയുടെ അടുത്ത സുഹൃത്ത് വിൽഫ് മംഗബയുടെ ഉടമസ്ഥതയിലുള്ള ദി ഡെയ്‌ലി ന്യൂസ് എന്ന പത്രം ഭരണകൂടത്തിന്റെ ഗ്രാമഫോണായി അധ:പതിക്കുന്നു.

 

സിംബാംബ്‌വേയിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങളായ, പതിനഞ്ച് ലക്ഷത്തോളം ജനസംഖ്യയുള്ള ഹരേരേയിലും ആറ് ലക്ഷത്തോളം ജനസംഖ്യയുള്ള ബുലവായേലുമാണ്, ഇന്ത്യ-സിംബാംബ്‌വേ 2013 ലെ ഏകദിന മത്സരങ്ങൾ നടക്കാൻ പോകുന്നത്. സിംബാംബ്‌വേയിൽ ക്രിക്കറ്റ് ഇന്ന്‍ ജനപ്രിയ കായിക മത്സരമല്ല. ഫുട്ബാൾ അവിടെ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. ടെസ്റ്റ് മത്സരങ്ങൾ നടക്കുമ്പോൾ സമീപത്തുള്ള സ്‌കൂളുകൾക്ക് അവധി നൽകിക്കൊണ്ട് കുട്ടികളെ നിർബന്ധമായും പിടിച്ചിരുത്തിക്കൊണ്ടാണ് ക്രിക്കറ്റ് ഭരണാധികാരികൾ ശുഷ്‌കമായി ഗാലറികൾ നിറയ്ക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സിംബാംബ്‌വേൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പര്യടനം, ടെലിവിഷൻ സംപ്രേഷണത്തിലൂടെ പ്രതിസന്ധിയെ നേരിടാൻ സഹായിക്കും. 2013 ലെ പരമ്പരയിലൂടെ സിംബാംബ്‌വേൻ ക്രിക്കറ്റിന്റെ ഉയർച്ച ഉണ്ടാവട്ടേയെന്ന്‍ ഈ എളിയ സ്‌പോർട്‌സ് പ്രേമി ആഗ്രഹിക്കുന്നു.

 

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ചരിത്ര വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആണ് വസിഷ്ഠ്. 

Tags: