മാധ്യമ വിചാരണയുടെ ആവശ്യമില്ല, കുട്ടികള്‍ക്ക് വേണ്ടി സ്വകാര്യത മാനിക്കണം; ശില്പ ഷെട്ടി

Glint desk
Tue, 03-08-2021 01:14:24 PM ;

നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായിയും ഭര്‍ത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് ബോളിവുഡ് താരം ശില്‍പ ഷെട്ടി. ആദ്യമായാണ് താരം ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കുന്നത്. വെല്ലുവിളി നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഒരു അമ്മയെന്ന നിലയില്‍ തന്റെ കുട്ടികള്‍ക്കുവേണ്ടി സ്വകാര്യതയെ മാനിക്കണമെന്നും ശില്പ ഷെട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി. മാധ്യമ വിചാരണ ചെയ്യേണ്ട ആവശ്യമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ശില്‍പയുടെ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ശില്‍പയുടെ വാക്കുകള്‍;

വെല്ലുവിളികള്‍ നിറഞ്ഞ ദിവസങ്ങളിലൂടെയാണ് ഞാനും കുടുംബവും കടന്ന് പോകുന്നത്. ഒരുപാട് അഭ്യൂഹങ്ങളും ആരോപണങ്ങളും ഞങ്ങള്‍ക്കെതിരെ ഉണ്ടാകുന്നു. അനാവശ്യമായ അധിക്ഷേപങ്ങള്‍ മാധ്യമങ്ങള്‍ എനിക്കെതിരെ ചാര്‍ത്തി തന്നിട്ടുണ്ട്. എനിക്കും എന്റെ കുടുംബത്തിനും നേരെ ഒരുപാട് ചോദ്യങ്ങളും ട്രോളുകളും ഉയര്‍ന്നു. ഇതില്‍ എന്റെ നിലപാട് ഞാനിത് വരെ വ്യക്തമാക്കിയിരുന്നില്ല. ഇനിയും അത് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കും, കാരണം ഇത് നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്, അതിനാല്‍ ദയവായി എന്റെ പേരില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് അവസാനിപ്പിക്കുക. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ 'ഒരിക്കലും പരാതിപ്പെടരുത്, ഒരിക്കലും വിശദീകരിക്കരുത്' എന്ന എന്റെ സ്ലോഗന്‍. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കേസന്വേഷണമായതിനാല്‍ എനിക്ക് മുംബൈ പോലീസിലും ഇന്ത്യന്‍ നീതിപീഠത്തിലും പൂര്‍ണ വിശ്വാസമുണ്ട്.

ഒരു കുടുംബമെന്ന നിലയില്‍, ലഭ്യമായ നിയമപരമായ എല്ലാ പരിഹാരങ്ങളും ഞങ്ങള്‍ തേടുന്നുണ്ട്. ഒരു അമ്മയെന്ന നിലയില്‍, എന്റെ കുട്ടികള്‍ക്കുവേണ്ടി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും വാസ്തവം പരിശോധിക്കാതെ അഭിപ്രായം പറയരുതെന്നും അഭ്യര്‍ത്ഥിക്കുന്നു. നിയമം അനുസരിക്കുന്ന ഒരു ഇന്ത്യന്‍ പൗരനും കഴിഞ്ഞ 29 വര്‍ഷമായി സിനിമയിലുള്ള ആളുമാണ് ഞാന്‍. എന്നിലുള്ള നിങ്ങളുടെ വിശ്വാസം ഞാന്‍ ഒരിക്കലും തകര്‍ക്കില്ല. അതുകൊണ്ടു തന്നെ എന്നെയും എന്റെ കുടുംബത്തിന്റെയും സ്വകാര്യതയെ നിങ്ങള്‍ ബഹുമാനിക്കണം. ഞങ്ങളെ മാധ്യമങ്ങള്‍ വിചാരണ ചെയ്യേണ്ട ആവശ്യമില്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സത്യമേവ ജയതേ.

Tags: