ജല്ലിക്കെട്ടിന് ഓസ്‌കാര്‍ എന്‍ട്രി

Glint desk
Wed, 25-11-2020 05:09:08 PM ;

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് എന്ന ചിത്രത്തിന് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് വിവരം അറിയിച്ചത്. 2011നു ശേഷം ഇത് ആദ്യമായാണ് ഒരു മലയാള ചിത്രത്തിന് ഓസ്‌കര്‍ എന്‍ട്രി ലഭിക്കുന്നത്. 2021 ഏപ്രില്‍ 25നാണ് ഓസ്‌കര്‍ പ്രഖ്യാപനം. 14 അംഗ ജൂറിയാണ് ജല്ലിക്കെട്ടിനെ തിരഞ്ഞെടുത്തത്. 

27ലധികം സിനിമകളില്‍ നിന്നാണ് ജല്ലിക്കട്ടിനെ തിരഞ്ഞെടുത്തത്. ദ ഡിസിപ്പിള്‍, ഛപ്പക്, ഗുഞ്ജന്‍ സക്‌സേന, ശിക്കാര, ബിറ്റല്‍ സ്വീറ്റ്, ബുല്‍ബുല്‍, ഗുലാബോ സിതാബോ, ഛലാങ്, മലയാളി സംവിധായിക ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ എന്നീ സിനിമകളെയൊക്കെ മറികടന്നാണ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിന് ഓസ്‌കര്‍ എന്‍ട്രി ലഭിച്ചത്.

രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഗുരു ആണ് മലയാളത്തില്‍നിന്നും ആദ്യമായി ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ചിത്രം. അതിന് ശേഷം 2011-ല്‍ സലിം കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിനും ഇന്ത്യയില്‍ നിന്ന് ഓസ്‌കര്‍ എന്‍ട്രി ലഭിച്ചു.

Tags: