മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാര്‍ച്ച് 26ന് തിയറ്ററുകളിലേക്ക്; വമ്പന്‍ പ്രഖ്യാപനം

Glint desk
Sat, 02-01-2021 12:30:16 PM ;

വന്‍ പ്രഖ്യാപനവുമായി ആശിര്‍വാദ് സിനിമാസ്. 100 കോടി ബജറ്റിലൊരുങ്ങിയ ആദ്യ മലയാള ചിത്രം കൂടിയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം 2021 മാര്‍ച്ച് 26ന് തിയറ്ററുകളിലെത്തുമെന്ന് നിര്‍മ്മാതാക്കള്‍. പ്രിയദര്‍ശന്റെ ഡ്രീം പ്രൊജക്ടായ മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍. തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും റിലീസുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

മോഹന്‍ലാലിന്റെ ഒരു വമ്പന്‍ റിലീസ് ലഭിച്ചാല്‍ തിയറ്ററുകളിലേക്ക് ആളുകളെത്തുമെന്ന് തിയറ്ററുടമകള്‍ വ്യക്തമാക്കിയിരുന്നു. ദൃശ്യം സെക്കന്‍ഡ് റിലീസ് ആ നിലക്കാണ് തിയറ്ററുകള്‍ പ്രതീക്ഷിച്ചതെന്ന് ഫിലിം ചേംബറും, എക്സിബിറ്റേഴ്സ് ഫെഡറേഷനും പറഞ്ഞിരുന്നു.

മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്. മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം ഡോക്ടര്‍ റോയ്, സന്തോഷ് ടി. കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്.

Tags: