'തള്ളി ഒടിച്ച ഒടിയന്‍'

അരുണ്‍. ബി
Fri, 14-12-2018 04:14:01 PM ;

odiyan-review

ഏകദേശം രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഒടിയന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസായിരുന്നു ഒടിയന്റേത്. കേരളത്തില്‍ മാത്രം 412 തിയേറ്ററുകളില്‍, ലോകമെമ്പാടുമെടുത്താല്‍ 3004 സ്‌ക്രീനുകളില്‍. എന്നാല്‍ സിനിമയ്ക്ക് അത്ര നല്ല പ്രതികരണമല്ല ലഭിക്കുന്നത്. കൊട്ടിഘോഷിക്കപ്പെട്ടത് പോലെ ഒരു ബ്രഹ്മാണ്ഡ ചിത്രമാണ് ഒടിയനെന്ന പ്രതീക്ഷയില്‍ തിയേറ്ററിലേക്ക് പോകുന്നവര്‍ക്ക് നിരാശയായിരിക്കും ഫലമെന്നാണ് കണ്ടിറങ്ങിയവരില്‍ പലരും പറയുന്നത്.

 

വാരണാസിയിലാണ് ഒടിയന്‍ തുടങ്ങുന്നത്. തുടര്‍ന്ന് ഒടിയന്‍ മാണിക്യന്‍ തന്റെ സ്വദേശമായ തേന്‍കുറിശ്ശിയിലേക്ക് വരുന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ വരവ്. സ്വാഭാവികമായും എന്തിനായിരുന്നു ഒടിയന്‍ നാട് വിട്ടത് എന്നുള്ള ചോദ്യവും ആരായിരുന്നു അല്ലെങ്കില്‍ എന്തായിരുന്നു ഒടിയന്‍ എന്ന ചോദ്യവും ഉയരുന്നു. അതിനുത്തരമായി പതിനഞ്ച് വര്‍ഷത്തിന് മുമ്പുള്ള ഒടിയനിലേക്കും ഒടിവിദ്യയിലേക്കും സിനിമ പോകുന്നു. അങ്ങിനെ വര്‍ത്തമാനത്തിലെ ഒടിയനും ഭൂതകാലത്തിലെ ഒടിയനും ചേര്‍ന്നുള്ള ഒരു ഒഴുക്കിലാണ് സിനിമ നീങ്ങുന്നത്. ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയാണ് മികച്ച് നില്‍ക്കുന്നത്. രണ്ടാം പകുതിയുടെ അവസാനം വരുന്ന ഒടിവിദ്യയുടെ രംഗങ്ങളാണ് ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമെന്ന് സിനിമകണ്ട എല്ലാവരും സമ്മതിക്കുന്നു. ക്ലൈമാക്‌സും.

 

മോഹന്‍ലാല്‍ ഒടിയന്‍ മാണിക്യനോട് പൂര്‍ണമായും നീതി പുലര്‍ത്തിയിട്ടുണ്ട്. അത് ഒരു ചെറിയ നോട്ടത്തിലാണെങ്കില്‍ പോലും. എന്നാല്‍ ഈ കഥാപാത്രമായി മാറാന്‍ മോഹന്‍ലാല്‍ എടുത്ത പരിശ്രമങ്ങള്‍ വച്ച് നോക്കിയാല്‍ സംവിധായകന്‍ അദ്ദേഹത്തോട് നീതി പുലര്‍ത്തിയിട്ടില്ലെന്ന് പറയേണ്ടിവരും. പ്രഭയായി എത്തുന്ന മഞ്ജു വാര്യര്‍ ഒരു പരിധിവരെ നന്നായി ചെയ്‌തെന്ന് പറയാം. എന്നാല്‍ വില്ലനായെത്തുന്ന പ്രകാശ് രാജിന്റെ രാവുണ്ണി എന്ന കഥാപാത്രം അത്ര മികച്ചതെന്ന് പറയാന്‍ പറ്റില്ല. ഹരികൃഷ്ണന്റെ തിരക്കഥയിലും മാസ്മരികമായി ഒന്നുമില്ല.

 

ശ്രീകുമാര്‍ മേനോന്‍ എന്ന പരസ്യചിത്ര സംവിധായകന്‍ ഒടിയനോട് പൂര്‍ണമായും കൂറ് കാണിച്ചിട്ടുണ്ട്, അതിന്റെ ഫലമായിട്ടാണ് ഒടിയന് ഒരു ബ്രഹ്മാണ്ഡ ഇമേജ് വന്നത്. എന്നാല്‍ ഒരു മുഴുനീള സിനിമാ സംവിധായകനെന്ന നിലയില്‍ ശ്രീകുമാര്‍ മേനോന്‍ ഒടിയനെ ഒടി വച്ചു എന്ന് വേണം വിലയിരുത്താന്‍. കുന്നോളം ആശ സമ്മാനിച്ചിട്ട് കുന്നിക്കുരുവോളം തരുന്നത് പോലെ. അതുകൊണ്ട് ഇതുവരെയുള്ള പ്രമോഷനുളെല്ലാം മായ്ച്ച് കളയുക. ശേഷം കാണാന്‍ പോവുക. അങ്ങിനെയെങ്കില്‍ ഒടിയന്‍ നിരാശപ്പെടുത്തില്ല.

 

 

 

Tags: