ആരോഗ്യമന്ത്രിക്കെതിരെ വ്യക്തിഹത്യ; പി.സി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു

Glint Desk
Fri, 24-09-2021 01:26:36 PM ;

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 509 വകുപ്പ് അനുസരിച്ച് എറണാകുളം നോര്‍ത്ത് പോലീസാണ് കേസെടുത്തത്. ഹൈക്കോടതി അഭിഭാഷകന്‍ ബി.എച്ച് മന്‍സൂറാണ് പരാതി നല്‍കിയത്.

പ്രാഥമിക അന്വേഷണത്തില്‍ പി.സി.ജോര്‍ജ് സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയതോടെയാണ് പോലീസ് നടപടി. ക്രൈം സ്റ്റോറി മലയാള എന്ന എഫ്.ബി പേജിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പി.സി.ജോര്‍ജിന്റെ അശ്ലീല പരാമര്‍ശം.

മുഖ്യമന്ത്രി പിണറായി വിജയന്‍ അസിസ്റ്റന്റായ ആളെ പിടിച്ച് മന്ത്രിയാക്കിയിരിക്കുകയാണെന്നും, മന്ത്രിയാകാന്‍ യോഗ്യതയില്ലാത്ത ആളാണ് വീണ ജോര്‍ജ് എന്നും, സിനിമാ നടിയാകാനുള്ള യോഗ്യതയാണുള്ളതെന്നും പി.സി ജോര്‍ജ് അഭിമുഖത്തില്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നുണ്ട്.

Tags: