കളത്തിലിറങ്ങാന്‍ മുല്ലപ്പള്ളി, കല്‍പ്പറ്റയില്‍ ജനവിധി തേടിയേക്കും

Glint desk
Tue, 19-01-2021 12:31:18 PM ;

കേരളം എങ്ങനെയും തിരിച്ചു പിടിച്ചെ അടങ്ങൂ എന്ന് ഉറപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ജയസാധ്യതയുള്ള മുതിര്‍ന്ന നേതാക്കളെയും പുതുമുഖങ്ങളെയും സ്ത്രീകളെയും കളത്തിലിറക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മല്‍സര രംഗത്തിറങ്ങും എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോഴിക്കോട്ട് നിന്നോ വയനാട് നിന്നോ മല്‍സരിക്കാന്‍ മുല്ലപ്പള്ളി താല്‍പ്പര്യമറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. 

അടുത്ത കാലത്തെ കെ.പി.സി.സി പ്രസിഡന്റുമാരില്‍ ഏറെ വിമര്‍ശനങ്ങളും പഴികളും കേട്ട കെ.പി.സി.സി പ്രസിഡന്റാണ് മുല്ലപ്പള്ളി. വിവാദപ്രസ്താവനകളും വാവിട്ട വാക്കുകളും മുല്ലപ്പള്ളിക്കും പാര്‍ട്ടിക്കുമുണ്ടാക്കിയ ക്ഷീണം ചില്ലറയല്ല. അതേസമയം, ഗ്രൂപ്പ് പോര് പാടില്ലെന്ന കര്‍ശനനിലപാട് അടക്കം ഹൈക്കമാന്‍ഡിന് മുന്നില്‍ വളരെ ഫലപ്രദമായി കൊണ്ടുവരാന്‍ മുല്ലപ്പള്ളിക്കായി. ഇരട്ടപ്പദവി വഹിക്കുന്ന ഡി.സി.സി അധ്യക്ഷന്‍മാരെ മാറ്റാന്‍ കഴിഞ്ഞു.

മുല്ലപ്പള്ളി വടക്കന്‍ കേരളത്തില്‍ മല്‍സരിക്കുന്നത് അവിടത്തെ കാര്യങ്ങള്‍ അനുകൂലമാക്കുമെന്നാണ് ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നത്. മല്‍സരിച്ചാല്‍ വിജയിക്കുമെന്ന് ഉറപ്പുള്ള സുരക്ഷിത മണ്ഡലമാണ് മുല്ലപ്പള്ളി തേടുന്നത്. കല്‍പ്പറ്റ കാലങ്ങളായി യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന മണ്ഡലമാണ്. രാഹുല്‍ ഗാന്ധി എം.പിയായ വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗം. ഇവിടെ മല്‍സരിക്കുന്നതിനോടാണ് മുല്ലപ്പള്ളിക്ക് താല്‍പ്പര്യം. സ്വന്തം നാടായ വടകരയിലേക്ക് തിരിച്ചു പോകണമെന്ന് മുല്ലപ്പള്ളിക്കില്ല. മല്‍സരം കടുക്കുമെന്നത് ഒരു ഘടകം. കെ മുരളീധരനുമായി അത്ര നല്ല ബന്ധം മുല്ലപ്പള്ളിക്കില്ലെന്നത് രണ്ടാമത്തെ ഘടകം. ഗ്രൂപ്പ് പോര് ശക്തമായ കൊയിലാണ്ടിയിലേക്ക് പോകാനും മുല്ലപ്പള്ളിക്ക് അത്ര താല്‍പ്പര്യം ഇല്ല. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്ന നിര്‍ണായകസമിതിയുടെ അമരത്ത് ഉമ്മന്‍ചാണ്ടിയാണ്. ചെന്നിത്തലയും മുല്ലപ്പള്ളിയുമടക്കമുള്ള അംഗങ്ങള്‍ സമിതിയിലുണ്ട്. ഇതിലേക്ക് ശശി തരൂരിന്റെ പേര് കൂടി ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നുമുണ്ട്. എ.കെ ആന്റണിയോട് മുഴുവന്‍ സമയവും പ്രചാരണരംഗത്ത് സജീവമായി നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു ഹൈക്കമാന്‍ഡ്. ക്രിസ്ത്യന്‍ സമൂഹത്തിന്റെ പിന്തുണ അങ്ങനെ തിരികെപ്പിടിക്കാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

Tags: