Skip to main content
Kochi

kochi-fire-accident

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം പാരഗണ്‍ ചെരുപ്പ് കമ്പനിയുടെ ഷോറൂമും ഗോഡൗണും ഉള്‍പ്പെടുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം. കഴിഞ്ഞ രണ്ട് മണിക്കൂറായി തീ നിയന്ത്രിക്കാനുള്ള ശ്രമം തുടരുകയാണ്. ആറ് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തിന്റെ എല്ലാ നിലകളിലേക്കും തീ പടര്‍ന്നു. എന്നാല്‍ ആളുകളാരും കെട്ടിടത്തിനുള്ളിലില്ല എന്നതാണ് ആശ്വാസകരമായ കാര്യം.

 

ഏകദേശം പതിനൊന്ന് മണിയോടെയാണ് തീപീടുത്തമുണ്ടായത്. തീ പടരുന്നത് കണ്ട് കെട്ടിടത്തിനകത്തുണ്ടായിരുന്നവര്‍ നിലവിളിച്ചുകൊണ്ട് പുറത്തേക്കോടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

 

കെട്ടിടത്തിന്റെ വശങ്ങള്‍ ഇരുമ്പ് ഷീറ്റുകൊണ്ട് മറച്ചിരിക്കുന്നതിനാല്‍ വെള്ളം അകത്തേക്ക് പമ്പ് ചെയ്യാന്‍ കഴിയാത്തതാണ് തീ അണയ്ക്കാന്‍ വൈകുന്നതിന്റെ കാരണം. മാത്രമല്ല കെട്ടിടത്തിനുള്ളില്‍ റബ്ബര്‍ പോലുള്ള അസംസ്‌കൃത വസ്തുക്കളും സൂക്ഷിച്ചിരുന്നു. തീ പടരുന്നതിനൊപ്പം വലിയ തോതിലുള്ള പുകയാണ് പുറത്തേക്ക് വമിക്കുന്നത്. പൂര്‍ണമായും തീ പിടിച്ചതിനാല്‍ കെട്ടിടം നിലം പതിക്കാനുള്ള സാധ്യതയും നില നില്‍ക്കുന്നുണ്ട്. അതിനാല്‍ മാധമപ്രവര്‍ത്തകരെ ഉള്‍പ്പെടെ സമീപത്ത് നിന്ന് നീക്കിയിരിക്കുകയാണ്.

 

എറണാകുളം ജില്ലയിലെ എല്ലാ യൂണിറ്റുകളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നും അഗ്നിശമന സേന ഇവിടേക്ക് എത്തിയിട്ടുണ്ട്. തീ അണയ്ക്കാന്‍ കൊച്ചിന്‍ റിഫൈനറിയുടെയും നാവിക സേനയുടെയും സഹായം തേടിയിട്ടുണ്ടെന്ന് എറണാകുളം എം.എല്‍.എ ഹൈബി ഈഡന്‍ അറിയിച്ചു.

 

Tags