Skip to main content
Thiruvananthapuram

foreign-women-murder

തിരുവനന്തപുരത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തല്‍ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലുണ്ടായിരുന്ന ഉമേഷ് ഉദയന്‍ എന്നിവരെയാണ് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

 


പ്രതികളെ പിടികൂടിയ ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അഭിനന്ദിച്ചു. സംഘത്തെ ബാഡ്ജ് ഓഫ് ഓണര്‍ നല്‍കി ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 


ഇക്കഴിഞ്ഞ മാര്‍ച്ച് പതിന്നാലിനാണ് പോത്തന്‍കോട് ധര്‍മ ആയുര്‍വേദ റിസോട്ടില്‍നിന്ന് വിദേശവനിതയെ കാണാതായത്. അന്നേ ദിവസം റിസോര്‍ട്ടില്‍ നിന്ന് പനത്തുറയിലെ ക്ഷേത്രപരിസരത്തേക്കേക്ക് പോയ ഇവരെ ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പറഞ്ഞാണ് ഉമേഷും ഉദയനും പരിചയപ്പെടുന്നത്. തുടര്‍ന്ന് കാഴ്ചകള്‍ കാണിച്ചു തരാമെന്നും കഞ്ചാവു നല്‍കാമെന്നും പറഞ്ഞ് ഇവരെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഫൈബര്‍ ബോട്ടിലാണ് ഇവരെ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലെത്തിച്ചത്. തുടര്‍ന്ന് ഇവര്‍ ലഹരി ഉപയോഗിക്കുകയും ചെയ്തു.

 


വൈകുന്നേരം അഞ്ചരയ്ക്കു ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് കണ്ടെത്തല്‍. ഫോറന്‍സിക് ഫലവും രാസപരിശോധനാഫലവും ലഭിച്ചതിനു ശേഷമാണ് ഇവരെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് വിദേശവനിതയുടെ ഒരുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.