ഹാദിയ വീട്ടില്‍ പൂര്‍ണ സുരക്ഷിതയാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. ഹാദിയയെ വൈക്കത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. വീട്ടില്‍ ഒരുതരത്തിലുള്ള സുരക്ഷാ ഭീഷണിയുമില്ലെന്നും ഹാദിയ സന്തോഷവതിയാണെന്നുമായിരുന്നു രേഖ ശര്‍മയുടെ പ്രതികരണം.
തന്റെ മൊബൈലില്‍ പകര്‍ത്തിയ ഹാദിയയുടെ ചിത്രവും രേഖ ശര്‍മ മാധ്യമങ്ങള്‍ക്കു മുന്നില്‍ കാട്ടി. മാധ്യമങ്ങള്‍ ആരോപിക്കുന്ന പോലെ ഹാദിയ വിഷയത്തില്‍ മാനുഷ്യാവകാശ ലംഘനങ്ങള്‍ ഒന്നും നടന്നിട്ടില്ലന്നും കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കേരളത്തില്‍ നിര്‍ബന്ധിതമായ മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.
കേസില്‍ ഹാദിയയുടെ നിലപാടുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളൊന്നും ചര്‍ച്ചയായില്ലെന്നും 27നു കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് ഹാദിയ സ്വന്തം നിലപാടു വ്യക്തമാക്കുമെന്നും രേഖ ശര്‍മ അറിയിച്ചു. ഐ.എസില്‍ ചേരുന്നതിനായി സിറിയയിലേക്കു പോയെന്നു കരുതപ്പെടുന്ന നിമിഷ ഫാത്തിമയുടെ അമ്മയെയും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ കാണും.