ഒറ്റ ട്വീറ്റിലൂടെ മസ്‌കിന് നഷ്ടമായത് കോടികള്‍.....!

Glint desk
Tue, 23-02-2021 06:40:42 PM ;

ട്വീറ്റുകളിലൂടെ കോടികളുടെ നേട്ടവും നഷ്ടവും അനുഭവിച്ചിട്ടുള്ള കോടീശ്വരനാണ് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിലൂടെ മസ്‌കിന് നഷ്ടപ്പെട്ടത് വന്‍ തുകയാണ്. 15 ബില്ല്യന്‍ ഡോളര്‍ (ഏകദേശം 108797.55 കോടി രൂപ) ആണ് ഒരൊറ്റ ട്വീറ്റിന് വിലയായി മസ്‌ക് നല്‍കേണ്ടിവന്നത്. ഇതോടെ അദ്ദേഹം വീണ്ടും ബ്ലൂംബെര്‍ഗിന്റെ ലോകത്തെ ഏറ്റവും ധനികനായ വ്യക്തികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തിങ്കളാഴ്ച ടെസ്ല ഓഹരികള്‍ 8.6 ശതമാനം ഇടിഞ്ഞതിനെ തുടര്‍ന്നാണ് മസ്‌ക്കിന്റെ മൊത്തം ആസ്തി ഒരു ദിവസം 15.2 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞത്. ഇതോടെ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് വീണ്ടും ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍ സൂചികയില്‍ ഒന്നാമതെത്തി. 

മസ്‌ക്കിന്റേത് 183 ബില്ല്യണ്‍ ഡോളര്‍ ആണ് സമ്പാദ്യമെങ്കില്‍ ബെസോസിന്റേത് 186 ബില്ല്യണ്‍ ഡോളറാണ്. 2020 സെപ്റ്റംബറിന് ശേഷം തിങ്കളാഴ്ച കമ്പനിയുടെ ഏറ്റവും വലിയ ഏകദിന ഇടിവാണ് ടെസ്ല കണ്ടത്. ടെസ്ലയുടെ മൂല്യത്തിലുണ്ടായ ഇടിവിനു പ്രധാന കാരണം മസ്‌കിന്റെ ട്വീറ്റ് തന്നെയാണ്. 

നിലവില്‍ ബിറ്റ്‌കോയിന്റെയും ഈഥറിന്റെയും വിലകള്‍ കൂടുതലാണെന്ന് മസ്‌ക് ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. മസ്‌കിന്റെ ട്വീറ്റാണ് ക്രിപ്‌റ്റോകറന്‍സികളുടെ കുതിപ്പിന് കടിഞ്ഞാണിട്ടതെന്ന് പൊതുവെ സംസാരമുണ്ട്.

Tags: