നിയമസഭാ കയ്യാങ്കളിക്കേസില്‍ കെ.എം.മാണി അഴിമതിക്കാരനാണെന്ന പരാമര്‍ശം സുപ്രീംകോടതിയില്‍ തിരുത്തി സംസ്ഥാന സര്‍ക്കാര്‍. അഴിമതിക്കാരനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നത് എന്ന പരാമര്‍ശമാണ് സംസ്ഥാന സര്‍ക്കാര്‍ തിരുത്തിയത്. അന്നത്തെ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ സുപ്രീംകോടതിയില്‍ വ്യാഴാഴ്ച അറിയിച്ചത്.
ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിപക്ഷത്തെ വനിതാ അംഗങ്ങള്‍ക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായി. ഈ ഘട്ടത്തിലാണ് സംഘര്‍ഷം രൂക്ഷമായതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ഏതെങ്കിലും ഒരു അംഗം സഭയില്‍ തോക്ക് ചൂണ്ടിയാല്‍ ആ അംഗത്തിന് എന്ത് പരിരക്ഷയാണ് ലഭിക്കുകയെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചോദിച്ചു. കേസില്‍ സുപ്രീം കോടതിയില്‍ വാദം തുടരുകയാണ്. സഭാ സംഘര്‍ഷത്തിലെ കേസ് പിന്‍വലിക്കുന്നത് തള്ളിയ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റേയും പ്രതികളുടേയും അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
കെ.എം മാണി അഴിമതിക്കാരനാണെന്ന പരാമര്‍ശം സംസ്ഥാനത്ത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കെ.എം മാണിക്കെതിരെ നടത്തിയ അഴിമതിക്കാരന്‍ എന്ന പരാമര്‍ശത്തില്‍ എല്‍.ഡി.എഫ് സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയില്‍ തുടരരുതെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. വിവാദത്തിന് പിന്നാലെ ജോസ് കെ മാണിക്കു മേല്‍ മുന്നണി വിടാന്‍ വലിയ സമ്മര്‍ദ്ദം രൂപപ്പെടുന്നുവെന്ന തരത്തില്‍ വാര്‍ത്തകളും പുറത്തു വന്നിരുന്നു. മാണി അഴിമതിക്കാരനാണെന്ന് സംസ്ഥാന സര്‍ക്കാരിന് അഭിപ്രായമില്ലെന്ന് സി.പി.ഐ.എം നേതാക്കള്‍ വിശദീകരിച്ചതോടെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ അയയുകയായിരുന്നു.