ഒളിവും രഹസ്യവും. രണ്ടും ഫലത്തിൽ ഒരുപോലെയാണെന്ന്‍ തോന്നും. എന്നാൽ രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല. രണ്ടിന്റെയും അവസ്ഥ വ്യത്യസ്തം. രണ്ടിനും സംസ്‌കാരമുണ്ട്. അതു രണ്ടും എതിർദിശകളിലേക്ക് നീങ്ങുന്നതും. രഹസ്യം തേടുന്നയാൾ ഉയരുമ്പോൾ ഒളിവിന്റെ വഴി തേടുന്നയാൾ താഴുന്നു. രഹസ്യം ചുരുളഴിയുമ്പോൾ പരിമളം പരക്കുമെങ്കിൽ ഒളിവ് പൊളിക്കുമ്പോൾ പരിസരം ദുർഗന്ധ പൂരിതം. എത്രതന്നെ ഉദാത്തമാണ് ലക്ഷ്യമെങ്കിലും ഒളിഞ്ഞ വഴികളിലൂടെ മാധ്യമപ്രവർത്തനം നടത്തുന്നത് അത് ചെയ്യുന്നവരെയും അതുമായി ബന്ധപ്പെടുന്നവരെയും നാറ്റിക്കും. ഇപ്പോൾ കേരളം നാറുന്നത് ആ സംസ്‌കാരത്തിന്റെ അടിത്തറ കണ്ടതുകൊണ്ടാണ്.
ഒളിക്യാമറാ ദൃശ്യങ്ങളിലൂടെ ഓരോരുത്തരുടെ അഴിമതി പുറത്തു വിട്ടപ്പോൾ രാജ്യം ആദ്യമൊന്നു ഞെട്ടി. പിന്നെ ഞെട്ടിക്കൽ മാധ്യമപ്രവർത്തനത്തിന് ഒളിക്യാമറാ ദൃശ്യങ്ങൾ പകർത്തലായി രീതി. ആണും പെണ്ണും ഒരേപോലെ ഈ വൃത്തികെട്ട പ്രവൃത്തിയിൽ ഏർപ്പെട്ടു. നാടുമുഴുവൻ ചർച്ച നടന്നു. ഒളിക്യാമറാ മാധ്യമപ്രവർത്തനം ശരിയോ തെറ്റോയെന്ന്‍. മാധ്യമപണ്ഡിതരെന്ന് സ്വയം കരുതിയവരും മറ്റുള്ളവർ കരുതിയവരും വ്യത്യസ്ത അഭിപ്രായം പറഞ്ഞു. ഒളിക്യാമറാ മാധ്യമപ്രവർത്തനം വന്നതോടു കൂടി അന്വേഷണാത്മക മാധ്യമപ്രവർത്തനം മെല്ലെ വിശ്രമിച്ചു തുടങ്ങി. ഈ രണ്ട് മാധ്യമപ്രവർത്തനത്തിനും രണ്ടു സംസ്‌കാരമാണ്. ചിലർക്ക് അന്വേഷണാത്മക മാധ്യമപ്രവർത്തനമെന്ന്‍ പറയുന്നത് തങ്ങളുടെ ഒളിഞ്ഞുനോട്ടത്വരയെ സാഹസികതയുമായി ബന്ധപ്പെടുത്തി നടത്തുന്ന ഒരേർപ്പാടായിരുന്നു. എന്നാൽ അല്ലാതെയുള്ള ധാരാളം ശ്രദ്ധേയമായ അന്വേഷണാത്മക മാധ്യമപ്രവർത്തന റിപ്പോർട്ടുകൾ ഒളിമാധ്യമസേവനം വരുന്നതുവരെ ഉണ്ടായിട്ടുണ്ട്.
ഒളിക്യാമറാ ഉപയോഗിച്ചും ഒളിഞ്ഞ വഴിയിലൂടെയും മാധ്യമപ്രവർത്തനം നടത്തുന്നവര്‍ മാധ്യമപ്രവർത്തനം എന്താണെന്ന് അറിവില്ലാത്തവരാണ്. അക്കാര്യത്തിൽ സംശയത്തിന്റെ ആവശ്യമില്ല. സൗന്ദര്യത്തെക്കുറിച്ച് അറിയാത്തവർ ഒളിഞ്ഞിരിക്കേണ്ട ഭാഗങ്ങൾ കാട്ടി ശ്രദ്ധ ക്ഷണിക്കാൻ ശ്രമിക്കുന്നതു പോലെ. ഒളിക്യാമറാ മാധ്യമപ്രവർത്തനത്തെ മാധ്യമപ്രവർത്തനരീതിയുടെ ഭാഗമായി സുപ്രീം കോടതി വരെ അംഗീകരിച്ചിട്ടില്ലേ എന്ന് ചോദ്യമുയരാം. ശരിയാണ്. കോടതികൾ തെളിവിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമായും ഭരണഘടനയുടെ അന്തസത്ത പാലിക്കാറുള്ളത്. കൊടിയ അഴിമതിയുടെ തെളിവുകൾ ഒളിക്യാമറാ ദൃശ്യങ്ങളിലൂടെ വെളിവായതിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതി അങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ടാകാം. അവിടെ കോടതി ധാർമ്മികതയുടെ പശ്ചാത്തലത്തിൽ അഴിമതിക്കെതിരെയുളള നിലപാടായതിനെ കണ്ടത്. എന്നാൽ മാധ്യമപ്രവർത്തനത്തിന്റെ ധാർമ്മികത സംബന്ധിച്ചുള്ള വിഷയമായിരുന്നില്ല കോടതിയുടെ മുന്നിൽ പരിഗണനയ്ക്കുണ്ടായിരുന്നത്.
ഒളിച്ചുവയ്ക്കപ്പെടുന്നതിനെ വെളിച്ചത്തുകൊണ്ടുവരിക എന്നതാണ് ഒളിമാധ്യമപ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. കോടതി അഭിപ്രായപ്പെട്ടത് പൊതുനന്മയെ മുൻനിർത്തിയായിരുന്നു. എന്നാൽ ഇന്ത്യയിലെ ചെറുതും വലുതുമായ എല്ലാ മാധ്യമങ്ങളും ഒളിമാധ്യമപ്രവർത്തനത്തിലേർപ്പെട്ടതും ഏർപ്പെട്ടുകൊണ്ടിരിക്കുന്നതും തങ്ങളുടെ വ്യാപാര താൽപ്പര്യത്തിന്റെ വികാസത്തിനു വേണ്ടിയാണ്. അതുതന്നെയാണ് ഉദ്ഘാടന ദിവസം തന്നെ ഒരു ഒളിറിപ്പോർട്ട് തങ്ങളുടെ വരവറിയിക്കാൻ വേണമെന്ന് മംഗളം ചാനൽ അധികൃതർ തീരുമാനിച്ചത്. തങ്ങളുടെ മുന്നിലുള്ള മുഖ്യധാരക്കാരെല്ലാവരും അതുപയോഗിച്ചിട്ടുണ്ട്. സ്ത്രീ-പുരുഷ ലൈംഗികവേഴ്ചയുടെ ദൃശ്യം തന്നെ മലയാളി പ്രേക്ഷകർ മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി കണ്ടിട്ടുണ്ട്. അപ്പോൾ അതാണ് ചാനിലിന്റെ ഊർജ്ജശേഖരണത്തിനാവശ്യമെന്ന് മാധ്യമപ്രവർത്തനം എന്താണെന്നറിയാത്ത, കാശുണ്ടാക്കാൻ പറ്റുന്ന ഒരേർപ്പാടാണെന്ന അറിവ് മാത്രമുള്ളവർ കരുതിപ്പോയാൽ കുറ്റം പറയാനാകില്ല. വല്യേട്ടൻമാർ പോയ വഴി നോക്കി അവരും പോയി. പക്ഷേ അവർക്ക് സ്വാഭാവികതയ്ക്കു വേണ്ടി കാത്തുനിൽക്കാനുള്ള സമയമുണ്ടായില്ല.
ചാനൽ തുടക്കത്തിനു മുൻപ് മംഗളം ചാനൽ എഡിറ്റോറിയൽ മീറ്റിംഗ് നടന്നത് എങ്ങനെയെന്ന് ഒന്നൂഹിക്കുന്നത് നന്നായിരിക്കും. ഇന്നിപ്പോൾ ഏതു ചാനൽ തുടങ്ങുമ്പോഴും എങ്ങനെ പെട്ടന്ന് വാണിജ്യപരമായി വിജയിപ്പിക്കാം എന്നതാണ് ആലോചിക്കുന്നത്. അതിനുതകുന്ന 'സ്‌റ്റോറിക'ളാണ് തയ്യാറാക്കപ്പെടുന്നത്. മാധ്യമപ്രവർത്തനത്തിന്റെ സാധ്യത അറിയാത്തതുകൊണ്ടാണത്. ആ തയ്യാറാക്കലിൽ ന്യായീകരണത്തിന് കൂട്ടുപിടിക്കുന്നതാണ് ജനായത്തം, പൗരാവകാശം, അനീതി, അഴിമതിക്കെതിരെയുള്ള പോരാട്ടം തുടങ്ങി സമൂഹത്തിൽ അംഗീകാരവും മാന്യതയുമുള്ള വശങ്ങൾ. ഇവയൊക്കെയാണ് മൂല്യങ്ങൾ എന്നറിയപ്പെടുന്നത്. അതേസമയം ഈ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയോ മമതയോ അല്ല, മറിച്ച് മൂല്യങ്ങളെ എങ്ങനെ വിപണി സാധ്യതയ്ക്കായി ഉപയോഗിക്കാമെന്നാണ് ആലോചന. മംഗളത്തിന്റെ തോത് നന്നായി കൂടിപ്പോയി എന്നുമാത്രമേ ഉള്ളു. തങ്ങളുടെ എഡിറ്റോറിയൽ വിഭാഗത്തിലെ ഒരു വനിതയെ വിട്ട് ട്രാൻസ്‌പോർട്ട് മന്ത്രി എ.കെ.ശശീന്ദ്രനുമായി ലൈംഗിക വേഴ്ചയുടെ ശബ്ദരേഖാ സമാനമായ ഒരു റിപ്പോർട്ട് സംഘടിപ്പിച്ചു. അതും തികച്ചും അവിദഗ്ധമായി.
ഒളിഞ്ഞു ചെയ്യുന്നതെന്തും അത് ചെയ്യുന്ന വ്യക്തിക്കും സമൂഹത്തിനും ദോഷവും ചിലപ്പോൾ ദുരന്തവുമായി മാറും. സംശയിക്കേണ്ട, ഒളിഞ്ഞു നടത്തപ്പെടുന്ന രാഷ്ട്രീയം പോലും. ചിലപ്പോൾ വലിയ സാഹസികമായ സംഗതിപോലെ അവയൊക്കെ അവതരിപ്പിക്കപ്പെടും. പരിമിതമനസ്സുകൾക്ക് അതൊക്കെ ആസ്വാദനമായെന്നിരിക്കും. ഒളിച്ച് നടത്തപ്പെട്ട രാഷ്ട്രീയം തുടക്കത്തിൽ ശ്ലാഘിക്കപ്പെട്ടെങ്കിലും വാഴ്ത്തപ്പെട്ടെങ്കിലും അവയുടെ ഇന്നത്തെ അവസ്ഥ പ്രാദേശിക തലം മുതൽ ആഗോളതലം വരെ നോക്കിയാൽ അറിയാൻ കഴിയും. എന്നാൽ തെളിഞ്ഞു പ്രവർത്തിച്ച രാഷ്ട്രീയത്തിന്റെ അവസ്ഥ അതല്ല. ഉദാഹരണം ഗാന്ധിജിയുടെ രാഷ്ട്രീയം തന്നെ. ഇന്ന് പ്രസ്ഥാനങ്ങൾ നശിച്ചെങ്കിലും ഗാന്ധിസത്തിന്റെ പ്രസക്തി കൂടി വരുന്നു. ലോകത്തിന്റെ പല ഭാഗത്തു നിന്നും ഗാന്ധിയിലേക്കു നോക്കുന്നു. അത് ഗാന്ധിജിയുടെ രഹസ്യം തേടിയുള്ള ജീവിതയാത്രയിൽ നിന്നുരുത്തിരിഞ്ഞു വന്ന രാഷ്ട്രീയമാണ്.
സ്വയം മോശമാണെന്ന് കരുതുന്നതുകൊണ്ടാണ് ഒരു സംഗതി ഒളിച്ചു വയ്ക്കപ്പെടുന്നത്. ആ ഒളിച്ചു വയ്ക്കപ്പെടുന്നത് പുറത്തായാൽ താൻ ചുരുങ്ങിപ്പോകും അല്ലെങ്കിൽ താൻ അപ്രസക്തനോ അപ്രസക്തയോ ആയിപ്പോകും അതുമല്ലെങ്കിൽ താൻ തകർന്നുപോകും എന്ന ഭീതിയിൽ നിന്നാണ് ആ ഒളിച്ചുവയ്പ്പ് നടത്തുന്നത്. അതിനെ പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്നവർക്കു തോന്നും തങ്ങൾ ശരിയുടെ പക്ഷത്തു നിൽക്കുകയാണെന്ന്. എന്നാൽ ആരാണോ ഒളിച്ചു വയ്ക്കുന്നത് അവർക്ക് ദ്രോഹം വരുത്തി അവരുടെ പതനം കണ്ട് രസിക്കുക എന്ന വൈയക്തിക വൈകല്യമാണ് അതിന്റെ പിന്നിൽ പ്രേരകശക്തിയായി പ്രവർത്തിക്കുന്നത്. അത് തന്നെപ്പോലെ മറ്റുള്ളവർക്കും രസമാകുമെന്ന അറിവാണ് അതിലെ വിപണിസാധ്യതയെ വർധിപ്പിക്കുന്നത്. വ്യക്തിപരമായ സ്വഭാവവൈകല്യമില്ലാത്തവര്‍ക്കും ഒളിഞ്ഞ് കാര്യങ്ങൾ ചെയ്യുന്നതിൽ തൽപ്പരരുമല്ലാത്തവർക്കും ഒളിക്യാമറാ മാധ്യമപ്രവർത്തനം നടത്താൻ പറ്റുകയില്ല. അതറിയണമെങ്കിൽ ഒരു നിമിഷം സങ്കൽപ്പത്തിലേക്കു പോവുക. എന്നിട്ട് ഗാന്ധിജിയുടെ പക്കൽ ഒളിക്യാമറാ ലഭ്യമായിരുന്നുവെങ്കിൽ മഹാത്മാവ് ഇതുപയോഗിക്കുമായിരുന്നോ എന്നാലോചിച്ചു നോക്കുക. അപ്പോള്‍ ഈ സ്വഭാവം ഏതു ദിശയിലേക്കാണ് അതിലേർപ്പെടുന്നവരെ നയിക്കുക എന്ന് സ്വയവും അല്ലാതെയും അറിയാൻ കഴിയും.
രഹസ്യം എന്നത് മറഞ്ഞിരിക്കുന്ന കാര്യങ്ങളാണ്. അതിന്റെ ഓരോ അടര് നിവർത്തി ചെല്ലുന്തോറും രഹസ്യം കണ്ടെത്തുന്നതിനുള്ള ശേഷി സ്വഭാവരൂപേണ വ്യക്തിയിൽ വർധിക്കും. അതു കൂടിയ രഹസ്യങ്ങൾ കണ്ടെത്തുന്നതിനുള്ള കഴിവ് കൂട്ടും. ശാസ്ത്രാന്വേഷണത്തിൽ സംഭവിക്കുന്നത് അതു തന്നെ. ആത്യന്തികമായ സത്യാന്വേഷണത്തിന്റെ വഴിയും അതാണ്. അന്വേഷണാത്മക മാധ്യമപ്രവർത്തനവും തുറന്നിടുന്ന സാധ്യത അതാണ്. മാധ്യമപ്രവർത്തനം എന്നതു തന്നെ പ്രാഥമികമായി അന്വേഷണാത്മകമാണ്. കച്ചവടം മാധ്യമ ധാർമ്മികതയുടെ മേൽ ആധിപത്യം സ്ഥാപിച്ചപ്പോൾ രൂപം കൊണ്ട സംജ്ഞയാണ് അന്വേഷണാത്മക മാധ്യമപ്രവർത്തനം. ഇന്ത്യയിൽ അടിയന്തരാവസ്ഥ കഴിഞ്ഞപ്പോൾ വളരെ വ്യതിരിക്തമായി രൂപം കൊണ്ടത്. അധികം താമസിയാതെ അതു കൂടുതൽ വായനക്കാരെ നേടിത്തരുമെന്ന് കണ്ടെത്തപ്പെടുകയായിരുന്നു.
ഒളിക്യാമറാ മാധ്യമപ്രവർത്തനം നടത്താൻ വാസനയുള്ളവരിൽ ഒരു സംശയവും വേണ്ട, ഒളിഞ്ഞുനോട്ട വാസനയുണ്ടായിരിക്കും. അവർക്ക് അറിവിന്റെ വഴിയേ സഞ്ചരിക്കാൻ കഴിയില്ല. ഒളിഞ്ഞുനോട്ടത്തിൽ സന്തോഷം കണ്ടെത്തുന്നവരുടെ സന്തോഷം അതുമായി ബന്ധപ്പെട്ടു കിടക്കും. എന്നാല് രഹസ്യം കണ്ടെത്തുന്നവരുടെ മുന്നിൽ ഒരു വഴി തെളിഞ്ഞുകൊണ്ടിരിക്കും. അതു മറ്റുള്ളവർക്കു് ഉപയോഗിക്കാൻ കഴിയുമെന്നു മാത്രമല്ല, അതു സൃഷ്ടിക്കുന്നവരെ ലക്ഷ്യത്തിലേക്ക് എത്തിക്കുകയും ചെയ്യും.
ഒളിഞ്ഞുനോട്ടം ഇന്ന് കേരളസമൂഹത്തിന്റെ തന്നെ സ്വഭാവമായിരിക്കുന്നു. അതിന് പല കാരണങ്ങളുണ്ട്. ആഗോളം മുതൽ പ്രാദേശികം വരെയുളളത്. എന്നിരുന്നാലും സ്വയം രതിയിലേർപ്പെടുന്നതിനേക്കാൾ ഇന്ന് പൊതുവേ മലയാളിക്ക് മറ്റുള്ളവരുടേത് ഒളിഞ്ഞു നോക്കുമ്പോഴാണ് കൂടുതൽ സുഖമെന്ന അവസ്ഥ സംജാതമായിട്ടുണ്ട്. ഇത് വിഷാദത്തിലേക്കു നീങ്ങുന്ന സമൂഹത്തിന്റെ പ്രകടലക്ഷണമാണ്. മംഗളം സംഭവം മലയാളിക്ക് ഒരു തട്ടിയുണർത്തലാണ്. വൈകൃതങ്ങളുടെ വഴി എവിടെ എത്തിക്കുമെന്നുള്ളതിന്റെ തിരിച്ചറിവിലേക്കുള്ള ഉണർത്തൽ. ഒളിവും രഹസ്യവും തമ്മിലുള്ള വേർതിരിവ് തിരിച്ചറിയാനുള്ള ഒരുണർത്തൽ കൂടിയും.