ജയശങ്കറിന്റെ മുന്നിൽ ജെയ്ക്ക് ബഹുമാന്യനായി

Glint Staff
Sat, 11-02-2017 12:32:59 PM ;

 

സാംസ്‌കാരികമായി പരിവർത്തന സ്വഭാവമുള്ള ഒന്നും തന്നെ ഇന്ന് വാർത്താ ചാനലുകളിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല. കവലയിൽ രണ്ടു പേർ അടികൂടിയാൽ അതിനു ചുറ്റും ആൾക്കാർ കൂടും. അത് അടി കാണുന്നതിനും അതിൽനിന്നുള്ള രസം ആസ്വദിക്കുന്നതിനുമാണ്. അതു തെരുവിന്റെ സ്വാഭാവമാണ്. മിക്ക തെരുവു സംഘട്ടനങ്ങളും ഉണ്ടാകുന്നത് വൈകാരിക പ്രകടനങ്ങളിലൂടെയാണ്. (ക്വട്ടേഷൻ സംഘങ്ങളുടെ കാര്യമല്ല ഉദ്ദേശിക്കുന്നത്). അതിൽ തന്നെ വാക്കിന്റെ പ്രയോഗങ്ങളിലൂടെയാണ് അതു കൂടുതലും സംഭവിക്കുന്നത്. ഒരേ സ്റ്റുഡിയോയിലായിരുന്നു (മാതൃഭൂമി ന്യൂസ് ചാനലില്‍) 2017 ഫെബ്രുവരി എട്ടിന് ചാനൽ പ്രതികരണക്കാരനായ അഡ്വ.ജയശങ്കറും എസ്.എഫ്.ഐ പ്രസിഡണ്ട് ജെയ്ക്ക് സി. തോമസ്സും ഇരുന്നതെങ്കിൽ അവർ തമ്മിൽ കയ്യാങ്കളി നടക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രേക്ഷകർക്ക് കാണേണ്ടി വരുമായിരുന്നു. രണ്ടു പേരും വ്യത്യസ്ത സ്ഥലങ്ങളിലായിരുന്നതിനാൽ അതുണ്ടായില്ല. എന്നാൽ തമ്മിലടി നടക്കാതിരുന്നതിനേക്കാൾ മോശമായ സംസ്‌കാരം ആ ചർച്ചാവേളയിലൂടെ കേരളീയരുടെ മുന്നിലേക്ക് എത്തിക്കപ്പെട്ടു.

 

തമ്മിൽ തല്ല് നടക്കുകയാണെങ്കിൽ അതു വൃത്തികെട്ട സംസ്‌കാരത്തിന്റേതാണെന്ന് തിരിച്ചറിയാൻ ജനങ്ങൾക്ക് അവസരമുണ്ടാകുമായിരുന്നു. എന്നാൽ അഡ്വ.ജയശങ്കറിന്റെ എടാ, പോടാ, അവൻ, ഇവൻ, ഊളൻ എന്നീ പ്രയോഗങ്ങൾ കേരളത്തിന്റെ വീടുകളെ ഒരു നിമിഷം തെരുവാക്കി മാറ്റുന്നതിന് സമാനമായി. ലോ അക്കാദമി സമരത്തിൽ എസ്.എഫ്.ഐ നേരിട്ട പരിമിതിയും പാർട്ടിയുടെയും സർക്കാരിന്റെയും താൽപ്പര്യമനുസരിച്ച് അവർക്ക് എടുക്കേണ്ടി വന്ന നിലപാടും കേരളത്തിലെ ഏവർക്കുമറിവുള്ളതാണ്. ചർച്ച നയിക്കുന്ന വേണുവിനും അത് നന്നായി അറിവുള്ളതാണ്. ആ അറിവിന്റെ അടിസ്ഥാനത്തിലാണ് വേണു എല്ലാ ചോദ്യങ്ങളും ഉന്നയിക്കുന്നത്. എന്നിട്ടും വേണു ചോദിക്കുന്നു, എസ്.എഫ്.ഐക്ക് അക്കാദമി സമരത്തിൽ വീഴ്ച പറ്റിയില്ലേ എന്ന്. ചോദിക്കുന്ന വേണുവിനും കേട്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്കും അറിയാം ജെയ്ക്ക് അത് സമ്മതിക്കില്ലെന്നും തങ്ങളുടെ നിലപാടിനെ ന്യായീകരിക്കുമെന്നും. എന്നിട്ടും ജെയ്ക്കിനോട് അത്തരത്തിലുള്ള ചോദ്യമുയർത്തുന്നതും അതിനേക്കാൾ മൂർച്ചയേറിയ ചോദ്യങ്ങൾ ജയശങ്കർ തൊടുത്തുവിടുന്നതുമെല്ലാം എസ്.എഫ്.ഐയുടെ അപ്രസക്ത-പരാജിത മുഖം പ്രകടമാക്കുന്നതിനു വേണ്ടിയാണ്. ആ ചർച്ചയിൽ പങ്കെടുത്ത എല്ലാവരും എസ്.എഫ്.ഐയെ ഒരേ ദിശയിൽ ആക്രമിക്കുകയും ചെയ്തു. സാഭാവികമായും പ്രത്യാക്രമണം ജെയ്ക്കിന്റെ ഭാഗത്തു നിന്നുണ്ടാകും. ആക്രമണവും പ്രത്യാക്രമണവും പ്രത്യയശാസ്ത്രവും പ്രയോഗവുമായി സ്വീകരിച്ച പാർട്ടിയുടെ മുതിർന്ന നേതാക്കൾ മുതൽ താഴെക്കിടയിലുള്ളവരെല്ലാം തന്നെ അതിൽ വിദഗ്ധരുമാണ്. ജനങ്ങളിൽ നല്ലൊരു ഭാഗമെങ്കിലും വിശ്വസിക്കില്ലെങ്കിലും.

 

ജയശങ്കറിന്റെ ആക്രമണത്തെ നേരിടാൻ സ്വാഭാവികമായും ജെയ്ക്ക് അദ്ദേഹത്തെ വ്യക്തിപരമായ ആക്രമിച്ചു. പകൽ സി.പി.ഐ ആയും രാത്രിയിൽ ആർ എസ്സ് എസ്സ് കാര്യാലയം കയറിയിറങ്ങിയും നടക്കുന്ന വ്യക്തിയാണെന്ന്  പറഞ്ഞുകൊണ്ട്. അതിനുള്ള മറുപടിക്കായി വേണു, ജയശങ്കറിനു അവസരം കൊടുത്തു. അപ്പോൾ ജയശങ്കറിന്റെ വായിൽ നിന്നു വന്ന വാക്കുകൾ കേരള ജനതയെ തന്നെ ആക്ഷേപിക്കുന്നതായി. ജയശങ്കറിന്റെ ഭാഗത്തു നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റം ആദ്യമായുള്ളതല്ല. ഒരു വ്യക്തിയുടെ സംസ്‌കാരമാണ് ആ വ്യക്തിയുടെ വാക്കുകൾ പ്രകടമാക്കുന്നത്. നീ പോടായെന്നു തുടങ്ങി തെരുവിൽ തമ്മിൽ തല്ലിന് തൊട്ടു മുൻപുണ്ടാവുന്ന പുലഭ്യപുലമ്പലിലേക്കാണ് ജയശങ്കർ പ്രവേശിച്ചത്.

 

വെറും പാഴ്വാദങ്ങൾ പറഞ്ഞ് സ്വയം അപഹാസ്യമാകുന്ന വിധമായിരുന്നു ജെയ്ക്ക് ന്യായീകരണത്തിനായി ഉന്നയിച്ച വാദമുഖങ്ങൾ. എന്നാൽ ജയശങ്കറിന്റെ പകുതിയിൽ താഴെ പ്രായമുള്ള, കുട്ടിത്തം പൂർണ്ണമായും വിട്ടുമാറിയിട്ടില്ലാത്ത ആ യുവാവ് ഞൊടിയിടയിൽ ബഹുമാന്യനായിപ്പോയി. ആ പോടാ വിളി കേട്ടിട്ടും എന്തുകൊണ്ടാണ് താങ്കൾ പ്രകോപിതനാകുന്നത് എന്നു മാത്രം ചോദിക്കുകയാണ് ആ യുവാവ് ചെയ്തത്. ജെയ്ക്കിന്റെ പ്രായം അബദ്ധങ്ങൾ കാണിച്ചാൽ പോലും പൊറുക്കപ്പെടാനുള്ളതാണ്. ആ യുവാവിൽ സംഘടനാപരമായി ആവേശിക്കപ്പെട്ട വാദദൂഷ്യങ്ങൾ മാത്രമേ പ്രകടമായുള്ളു.

 

ഒരു വ്യക്തിയുടെ അഭിപ്രായം സമൂഹത്തിൽ പ്രസക്തമാകുന്നത് ആ വ്യക്തിയുടെ വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തിലാണ്. മാധ്യമങ്ങളെല്ലാം തങ്ങളുടെ പാനലിന്റെ ചർച്ചയുടെ കൊഴുപ്പിനു വേണ്ടി സൂര്യനു കീഴിലുള്ള ഏതു വിഷയം വന്നാലും ജയശങ്കറിനെ വിദഗ്ധനായാണ് അവതരിപ്പിക്കാറുളളത്. ഇത്രയും വൈദഗ്ധ്യമുള്ള ആൾ ഇവ്വിധം പെരുമാറുന്നതനുസരിച്ച് അദ്ദേഹത്തിന്റെ റേറ്റിംഗ് കൂടി വരുന്നതു കാണുന്ന കൗമാരപ്രായക്കാരായ കുട്ടികളിൽ ജയശങ്കറിന്റെ പെരുമാറ്റം ഏതു വിധത്തിലുള്ള സ്വാധീനമായിരിക്കും ഉളവാക്കുക എന്ന് കുറഞ്ഞ പക്ഷം ചാനൽ അധികൃതർ ചിന്തിക്കേണ്ടതാണ്. കാരണം എല്ലാ ചാനലകളിലെയും സ്ഥിരം പ്രതികരണക്കാരനാണ് ജയശങ്കർ. ജയശങ്കറിന്  അദ്ദേഹത്തിന്റെ നിലവാരത്തിൽ നിന്നുകൊണ്ടു മാത്രമേ സംഭാഷണത്തിലേർപ്പെടാൻ പറ്റുകയുളളു. ഏതു വ്യക്തിയേയും സംബന്ധിച്ചെന്നതുപോലെ. എന്നാൽ ഏതു വ്യക്തിയെ തങ്ങളുടെ ചർച്ചയ്ക്ക് വിളിക്കണമെന്ന് തീരുമാനിക്കുന്നത് ചാനൽ അധികൃതരാണ്. ജയശങ്കറിൽ നിന്ന് എരിവും പുളിയും ഉണ്ടാവുമെന്നുളളതുകൊണ്ടാണ് ചാനലുകാര്‍ അദ്ദേഹത്തെ വിളിക്കുന്നത്. തൽക്കാലത്തേക്ക് റേറ്റിംറിംഗിനെ അതു സഹായിക്കുമെങ്കിലും ഒരു മാധ്യമമെന്ന നിലയ്ക്ക് അതിന്റെ റേറ്റിംഗ് താഴേക്ക് പോയിക്കൊണ്ടിരിക്കും. അതു കൊമേഴ്‌സ്യൽ റേറ്റിംഗിലേക്കും താമസിയാതെ വരും. കാരണം ആരെ ചർച്ചയ്ക്ക് ലഭ്യമാക്കുന്നു എന്നതിൽ നിന്ന് ഒരു ചാനലിന്റെ നിലയും നിലവാരവും അറിയാൻ കഴിയും. അത് നിശ്ചയിക്കുന്നതിലേക്ക് പ്രേക്ഷകർ അധികം താമസിയാതെ നീങ്ങുമെന്നുള്ളതിൽ സംശയമില്ല.

 

തെരുവിൽ സംഘട്ടനമുണ്ടാകുമ്പോൾ എത്തിനോക്കുന്ന മനുഷ്യനിലെ സ്വഭാവത്തെ ചൂഷണം ചെയ്ത് റേറ്റിംഗ് ഉയർത്തുക എന്ന ലക്ഷ്യത്തിലാണ് ഇപ്പോൾ ചാനലുകാർ പാനലുകാരെ നിശ്ചയിക്കുന്നത്. ചില കമ്പോളങ്ങളിൽ സംഘട്ടന സാധ്യത കൂടുതലുള്ള ചില തെരുവുകളുണ്ടാകും. ആ വഴി ജനങ്ങൾ സ്വാഭാവികമായി ഒഴിവാക്കി നടക്കാറുള്ളതും കാണേണ്ടതാണ്. കാരണം എപ്പോഴും സംഘട്ടനം കണ്ടുകൊണ്ടിരിക്കുന്നത് അടിസ്ഥാനപരമായി വളരെ ചെറിയ ഒരു ന്യൂനപക്ഷമൊഴിച്ചാൽ ഭൂരിപക്ഷം പേരും ഇഷ്ടപ്പെടുന്നില്ല.

Tags: