Skip to main content

source

 

ലോക സാമ്പത്തിക ഫോറം നടത്തിയ സർവ്വേയുടെ കണ്ടെത്തൽ പ്രകാരം ലോകത്തിൽ വിശ്വാസ്യതയില്ലാത്ത മാദ്ധ്യമങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്. ഇവ്വിധമുള്ള ഒന്നും രണ്ടും സ്ഥാനങ്ങളുടെ വാർത്ത വരുമ്പോൾ മാദ്ധ്യമങ്ങൾ അതു അനുപാതരഹിതമായി തന്നെ പ്രാധാന്യത്തോടെ കൊടുക്കാറുണ്ട്. എന്നാൽ ഈ വാർത്ത ലോകം കൂടുതലും വിശദമായി അറിഞ്ഞത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിന്ന്. എന്തുകൊണ്ട് മുഖ്യധാരാ മാദ്ധ്യമങ്ങൾ ഈ വാർത്തയ്ക്ക് അർഹമായ പ്രാധാന്യം നൽകിയില്ല എന്ന ചോദ്യത്തിനുത്തരം ഈ രണ്ടാം സ്ഥാന വാർത്ത തന്നെ നൽകുന്നു.

 

മാദ്ധ്യമങ്ങളുടെ വിശ്വാസ്യതയെന്ന വിഷയം പുതിയതല്ല. മാദ്ധ്യമങ്ങളുടെ വികാസ കാലം മുതൽ തന്നെ ഇത് മുഖ്യവിഷയമാണ്. ഇതനുസരിച്ചായിരുന്നു ഓരോ കാലത്തും മുഖ്യധാരാ മാദ്ധ്യമങ്ങൾ നിർണ്ണയിക്കപ്പെട്ടു പോന്നത്. വിശ്വാസ്യതയുടെ തോതനുസരിച്ച് മാദ്ധ്യമങ്ങൾ സമൂഹത്തിൽ സ്വാധീനവും ചെലുത്തിയിരുന്നു. അങ്ങനെയുള്ള പത്രങ്ങളിൽ അതിന്റെ അധിപരായി അറിയപ്പെട്ടിരുന്നത് പത്രാധിപരാണ്. അവരിലൂടെയും വിശ്വാസ്യതയുളള പത്രങ്ങൾ അറിയപ്പെട്ടിരുന്നു. അത്തരം പത്രങ്ങൾ എന്താണ് ഓരോ വിഷയങ്ങളിലും പറയുന്നത് എന്നത് സമൂഹവും സർക്കാരുകളും സാകൂതം വീക്ഷിച്ചിരുന്നു.

 

മാറ്റം അനിവാര്യമാണ്. മാറ്റമില്ലെങ്കിൽ ഏതു സംവിധാനവും ജീർണ്ണിക്കും. മാദ്ധ്യമങ്ങൾ മാറി. അത് വികാസത്തിലേക്കോ ജീർണ്ണതയിലേക്കോ? ഒരു സന്ദേശം ജനം സ്വീകരിക്കുന്നത് അത് ഏത് മാദ്ധ്യമത്തിൽ വന്നു എന്നുള്ളത് നോക്കിയാണ്. ഒരു അയ്യോമോങ്ങൽ (Sensational) പത്രത്തിൽ വന്ന പ്രധാനപ്പെട്ട വാർത്ത ചിലപ്പോൾ ജനം വായിച്ചിട്ട് അർഹിക്കുന്ന പ്രാധാന്യത്തോടെ തള്ളിക്കളയും. അതേവാർത്ത വിശ്വാസ്യതയുള്ള പത്രത്തിൽ വന്നാൽ പൂർണ്ണമായും വിശ്വസിക്കുന്നു. ഇതുകൊണ്ടാണ് മാദ്ധ്യമം മാദ്ധ്യമമായി തുടരണമെങ്കിൽ അതിന് വിശ്വാസ്യത അനിവാര്യമാകുന്നത്. ആ വിശ്വാസ്യത നഷ്ടമായ അവസ്ഥയിലാണ് ഇന്ത്യയിലെ മാദ്ധ്യമങ്ങൾ ഇന്ന് എത്തിനിൽക്കുന്നത്. ഇത് മാദ്ധ്യമമെന്ന നിലയിൽ ആ പ്രസ്ഥാനത്തിന്റെ ജീർണ്ണത തന്നെയാണ്. ജീർണ്ണതയിലേക്കുള്ള മാറ്റത്തെ മാറ്റമായി കാണാൻ കഴിയില്ല. അതിനെ നാശമായി മാത്രമേ കാണാൻ കഴിയുകയുള്ളു.

 

വാര്‍ത്തയെന്ന പ്രൊഡക്റ്റ്

തെരുവിലെ മൂന്നാംകിട കച്ചവടക്കാരുടെ സ്വഭാവമായിരുന്നു  ഗുണനിലവാരമില്ലെങ്കിലും ലാഭം മാത്രം നോക്കി ഉപഭോക്താവിനെ പ്രലോഭിപ്പിച്ച് സാധനങ്ങൾ വാങ്ങിപ്പിക്കുക എന്ന്. എന്നാൽ അത് ക്രമേണ ബിസിനസ്സ് ലോകത്തിന്റെ സമവാക്യമായി മാറി. ഏറ്റവും വലിയ ബിസനസ്സ് സ്കൂളിൽ പോലും പഠിപ്പിക്കുന്നത്  എങ്ങനെ നൂതനമായ രീതിയിൽ ഉപഭോക്താവിന്റെ സ്വമനസ്സാലെ ഉള്ള പങ്കാളിത്തത്തോടു കൂടി അയാളെ കബളിപ്പിക്കാൻ കഴിയുമെന്നുള്ളതിന്റെ മികച്ച പാഠങ്ങളാണ്. അതുകൊണ്ടാണ് ഹാർവാഡ് സർവ്വകലാശാലയുണ്ടായിട്ടും അവിടെ നിന്നു ലോക ബിസിനസ്സ് നേതാക്കളെ വാർത്തെടുത്തു വിട്ടിട്ടും ഇന്നും  പടിഞ്ഞാറൻ ലോകം സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കരകയറാൻ കഴിയാതെ കൈയ്യും കാലുമിട്ടടിക്കുന്നത്. മാന്ദ്യം വന്നതും ആ സാമ്പത്തിക ശാസ്ത്രത്തിന്റെ വ്യാപക വിന്യാസത്തിലൂടെ തന്നെയാണ്. ആ സാമ്പത്തിക ശാസ്ത്രം ലോക വിപണിയെ സൃഷ്ടിക്കാനായി ഏറ്റവും വിദഗ്ധമായി ഉപയോഗിച്ചത് മാദ്ധ്യമങ്ങളെയാണ്. മൂന്നാം ലോക രാജ്യങ്ങളിൽ നിന്നും സമർഥരായ മാദ്ധ്യമപ്രവർത്തകരെ തെരഞ്ഞെടുത്ത് വിവിധ ഫൗണ്ടേഷനുകളിൽ സ്‌കോളർഷിപ്പും നൽകി പരിശീലിപ്പിച്ച് തിരിച്ച് നാട്ടിലേക്കയച്ച് അവരുടെ ഉൽപ്പന്ന വിപണിയുടെ വികാസത്തിനനുസരിച്ച് ജനങ്ങളുടെ അഭിരുചികളെയും അതിലൂടെ കാഴ്ചപ്പാടുകളെയും മാറ്റിയെടുക്കുകയായിരുന്നു. അതിൽ അവർ വിജയിക്കുക തന്നെ ചെയ്തു. ഇപ്പോഴും ഏതെങ്കിലും വിദേശ സ്‌കോളർഷിപ്പ് മലയാളത്തിലെ ഒരു മാദ്ധ്യമ പ്രവർത്തകനോ പ്രവർത്തകയ്‌ക്കോ ലഭിക്കുകയാണങ്കിൽ ആ മാദ്ധ്യമത്തിൽ അതിനു നൽകുന്ന പ്രാധാന്യം നോക്കിയാൽ അറിയാം കെണിയിൽ പെടുന്ന വഴി. എന്തായാലും ആ സാമ്പത്തിക ശാസ്ത്രത്തിന്റെ വഴിയേ സഞ്ചരിച്ച് അവരുടെ ആവശ്യം കഴിഞ്ഞപ്പോൾ പറയുന്നു മാദ്ധ്യമങ്ങൾ മാദ്ധ്യമങ്ങളല്ലാതായിക്കഴിഞ്ഞുവെന്ന്. ഇവിടെ ഒരു വൃത്തം പൂർത്തിയാവുകയാണ്. പെപ്‌സി കമ്പനിയുടെ മേധാവി ഇന്ത്യൻ വംശജയായ ഇന്ദ്രാ നൂയിയെ ലോകത്തിലെ വിജയികളുടെ പട്ടികയിൽ പെടുത്തി പൊടിപ്പും തൊങ്ങലും വച്ച് മലയാള പത്രങ്ങളുൾപ്പടെയുള്ള മാദ്ധ്യമങ്ങൾ പൈങ്കിളി റിപ്പോർട്ട് കൊടുക്കുമ്പോൾ നാശോന്മുഖമായ പ്രവർത്തനമികവിനെയാണ് വിജയമായി ചിത്രീകരിക്കുന്നതെന്നറിയാനുള്ള ശേഷി മാദ്ധ്യമലോകത്തിന് ഇല്ലതെ പോകുന്നതും ഇതുമൂലമാണ്.

source

പത്രത്തിലായാലും ചാനലിലായാലും ഇന്ന് മാദ്ധ്യമപ്രവർത്തകരെ നയിക്കുന്ന ഘടകം വാർത്തയുടെ മൂ‌ല്യമല്ല. കൂടുതൽ വായനക്കാരെയും വലിയ റേറ്റിംഗും കിട്ടുമോ എന്നുള്ളതു മാത്രമാണ്. ചാനലുകളിൽ വാർത്താ പരിപാടികളെ പ്രൊഡക്ട് എന്നാണ് വിളിക്കുന്നതും. ഈ കെണിയിൽ അതിദാരുണമായി വീണത് വർത്തമാനപ്പത്രങ്ങളാണ്. തെരുവിന്റെ ശാസ്ത്രം മതി പത്രമിറക്കാനെന്ന ധാരണ ആദ്യം ഇന്ത്യയിൽ പ്രാവർത്തികമാക്കിയത് ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ആംഗലേയ ദിനപ്പത്രം തന്നെ. അവരുടെ വരുമാന വർധന മറ്റുളളവരെയും അതേ വഴിയിലൂടെ നടക്കാൻ പ്രേരിപ്പിച്ചു. കാന്റീൻ മാനേജർ മതി തങ്ങൾക്ക് പത്രമിറക്കാനുള്ള പത്രാധിപർമാരായി എന്നുള്ളത് അക്ഷരാർഥത്തിൽ നടപ്പാക്കി വിജയിച്ചപ്പോഴാണ് ഇപ്പോഴത്തെ പഠനത്തിലൂടെ തങ്ങളുടെ വ്യവസായം മാദ്ധ്യമങ്ങളുടേതല്ലെന്ന വ്യക്തമാക്കുന്ന സർവ്വേ ഫലം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്.

 

നഷ്ടമാക്കിയ അവസരം

ഓരോ വായനക്കാരനും പ്രേക്ഷകനും എപ്പോഴും സ്വയം തിരിച്ചറിയുകയും പരസ്പരം പങ്കുവയ്ക്കുകയും ചെയ്തുകൊണ്ടിരുന്ന കാര്യം തന്നെയാണ് സർവ്വേ ഫലമായി വന്നതും. അതിനാൽ അതിൽ വലിയ അത്ഭുതമില്ല. ചാനലുകളുടെ തള്ളിക്കയറ്റത്തിലൂടെയാണ് ഇന്ത്യയിൽ മാദ്ധ്യമങ്ങൾ തീരെ വിലയില്ലാത്തതായി മാറിയത്. ഈ സാഹചര്യത്തിൽ കൂടുതൽ ശക്തിയാര്‍ജ്ജിക്കാൻ കഴിയുമായിരുന്നത് വർത്തമാനപ്പത്രങ്ങൾക്കായിരുന്നു. ചാനലുകളുടെ പ്രവർത്തനത്തിലൂടെയാണ് മാദ്ധ്യമങ്ങൾക്ക് ഇന്ത്യയിലുണ്ടായിരുന്ന പ്രസക്തിയും വിശ്വാസ്യതയും പ്രധാനമായും നശിച്ചത്. ആ സാഹചര്യത്തിൽ വിശ്വാസ്യതയിലേക്ക് കൂടുതൽ ഊന്നൽ കൊടുക്കുകയും മാദ്ധ്യമപ്രവർത്തനത്തിന്റെ സൂക്ഷ്മ തലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വായനക്കാരെ കൂട്ടിക്കൊണ്ടു പോകാനും കഴിഞ്ഞിരുന്നുവെങ്കിൽ കമ്പോളസ്വഭാവത്തിൽ പറയുകയാണെങ്കിൽ അതിന് നല്ല മാർക്കറ്റ് കിട്ടുമായിരുന്നു. പത്രങ്ങളുടെ പ്രാഥമിക ധർമ്മം ചാനലുകൾ ഏറ്റെടുത്ത സ്ഥിതിയിൽ തങ്ങളുടെ പങ്കെന്താണെന്നുള്ളത് കണ്ടെത്താനും അതിലേക്ക് ഇറങ്ങിച്ചെല്ലാനുമുള്ള സമയവുമാണ് കൈവന്നത്. എന്നാൽ പത്രങ്ങൾ ഈ കാലഘട്ടത്തിൽ ചാനലുകളെ കണ്ട് പേടിച്ചു പോയി. കാന്റീൻ മാനേജർമാരെക്കൊണ്ടു വേണമെങ്കിലും പത്രമിറക്കിപ്പിക്കും എന്ന മാനേജ്‌മെന്റ് ചിന്തയിലേക്ക് പത്രങ്ങൾ മാറപ്പെട്ടതിന്റെ ഫലം. അതിന്റെ ദൃഷ്ടാന്തമാണ് ചാനലുകളിലൂടെയും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും അറിഞ്ഞ വാർത്തകൾ ലേ ഔട്ട് സങ്കേതങ്ങളിലൂടെ അതേപടി അവതരിപ്പിച്ചുകൊണ്ട് പിറ്റേ ദിവസത്തെ പത്രങ്ങൾ ലജജ തീരെയില്ലാതെ ഇന്നും ഇറങ്ങിക്കൊണ്ടിരിക്കുന്നത്. നട്ടാൽ കുരുക്കാത്ത കളവുകൾ എഴുതിയും അച്ചടിയുടെയും ഫോട്ടോഗ്രാഫിയുടെയും തന്ത്രങ്ങൾ കൊണ്ട് വായനക്കാരെ കൂട്ടാൻ നോക്കി സ്വയം ശക്തി ഇല്ലാതാക്കിക്കളഞ്ഞു, പത്രങ്ങള്‍. ഒപ്പം എല്ലാം കൂട്ടുകൃഷികളാണെന്നും സാധാരണ വായനക്കാർക്ക് മനസ്സിലായി.

source

അറുബോറൻ സിനിമകളെ പറ്റി മുഴുവൻ പേജ് സുഖിപ്പിക്കൽ ആസ്വാദനമെഴുതിയും ആകർഷക സ്റ്റില്ലുകളും നിറച്ച് വായനക്കാർ കാശുകൊടുത്തു വാങ്ങുന്ന പത്രത്തിൽ എഴുതിവിട്ടാൽ ഒരു തവണയോ രണ്ടു തവണയോ ഒരു വായനക്കാരന് അമിളി പറ്റും. മൂന്നാം തവണ ആ വായനക്കാരൻ ആ ആസ്വാദനത്തിലേക്ക് തിരിഞ്ഞുനോക്കാതിരിക്കുമ്പോൾ സംഭവിക്കുന്നത് ആ മാദ്ധ്യമത്തിന്റെ മരണം തന്നെയാണ്. അത് കേരളത്തിൽ സംഭവിച്ചു കഴിഞ്ഞുവെന്നു വേണം കരുതാൻ. കാരണം ഇപ്പോൾ ആളുകള്‍ സിനിമയ്ക്ക് പോകുന്നതും ദീർഘദൂരങ്ങളിലേക്ക് ബസ്സ് ബുക്കു ചെയ്യുമ്പോഴുമൊക്കെ നോക്കുന്നത് ഇന്റർനെറ്റിലെ അവയുടെ റേറ്റിംഗ് എത്രയുണ്ടെന്നുള്ളതാണ്. ആ റേറ്റിംഗിന് ഇന്ന് കൈവന്നിരിക്കുന്ന വിശ്വാസ്യത മുഖ്യധാരാ മാദ്ധ്യമങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ആ റേറ്റിംഗ് സംഭവിക്കുന്നത് സ്വാഭാവികമായ പ്രക്രിയയിലൂടെയാണ്. അതുകൊണ്ടു തന്നെ നാലും അഞ്ചും റേറ്റിംഗ് ഉള്ള എന്തിനെയും വിശ്വസിക്കാവുന്ന അവസ്ഥ ഇന്നുണ്ട്. സാമൂഹ്യ മാദ്ധ്യമങ്ങളെ കുറിച്ച് ഏറ്റവും കൂടുതൽ ഉയരുന്ന ആക്ഷേപം വിശ്വാസ്യത സംബന്ധിച്ചായിരുന്നു. അത് അതിന്റെ പരിണാമത്തിലൂടെ അതിജീവിച്ച് ഒട്ടും കലർപ്പില്ലാത്ത വിശ്വാസ്യതയിലേക്ക് നീങ്ങുന്ന അനുഭവമാണ് നെറ്റിലെ റേറ്റിംഗിലൂടെ പ്രകടമാകുന്നത്.

 

ഇന്ത്യയിലെ മുഖ്യധാരാ പത്രങ്ങൾ നല്ല കാന്റീൻ മാനേജർമാരെ പത്രാധിപരാക്കിയിരുന്നെങ്കിലും ഇത്രയും അപകടം ഉണ്ടാകില്ലായിരുന്നു. കാരണം നല്ല ക്യാന്റീൻ മാനേജരാണെങ്കിൽ നന്നായി പാചകത്തിന്റെ മർമ്മം അറിയുന്നവരായിരിക്കും. അവർ അജിനമോട്ടോയും മറ്റ് ടേസ്റ്റ് മേക്കിംഗ് രാസവസ്തുക്കളും ഇട്ട് കച്ചവടം കൂട്ടുന്ന കച്ചവടത്തിനിടയിൽ തനത് ഭക്ഷണം വിളമ്പി അവരേക്കാൾ കൂടുതൽ  ആൾക്കാരെ തങ്ങളുടെ ഭക്ഷണത്തിന് തേടിയെത്തിക്കുന്ന സ്ഥിതി ഉണ്ടാക്കുമായിരുന്നു. ഇതു തന്നെയായിരുന്നു പത്രങ്ങൾക്കും കഴിയുമായിരുന്നത്. അജിനമോട്ടോ ഉപയോഗത്തിന്റെ സ്വാഭാവിക പരിണാമമാണ് അർബുദമുൾപ്പടെയുള്ള മഹാവ്യാധികൾ.  അതാണിപ്പോൾ മാദ്ധ്യമരംഗവും നേരിടുന്നത്. ഇലക്ടോണിക് മാദ്ധ്യമങ്ങൾ പ്രചാരത്തിലാകുമ്പോൾ വായന മരിച്ചുപോകുമെന്നായിരുന്നു എല്ലാവരുടെയും മുറവിളി. എന്നാൽ മറിച്ചാണ് യാഥാർഥ്യം. വായന എക്കാലത്തേയും കൂടുതല്‍ വർധിച്ചിരിക്കുന്നു. അതിന്റെ മറ്റൊരു തെളിവാണ് ഇന്ന് നല്ല പുസ്തകങ്ങൾ ലക്ഷങ്ങളുടെയും ദശലക്ഷങ്ങളുടെയും കണക്കിൽ വിറ്റുപോകുന്നത്. പത്രങ്ങൾക്ക് നഷ്ടമായ ഒരിടം കൂടിയാണത്. അക്ഷരം കണ്ടാൻ വിറപനി പിടിക്കുന്നവർ പോലും ഇന്ന് വായനയ്ക്കായി ചുരുങ്ങിയത് ശരാശരി പതിനഞ്ചു മിനിട്ടെങ്കിലും മാറ്റിവയ്ക്കുന്നു. കാരണം വാട്ട്‌സാപ്പിൽ വരുന്നവ വായിക്കാതിരിക്കാൻ കഴിയാത്തതിനാൽ. അതിലൂടെ വായനാശീലം വളരുന്നുണ്ട്. അതാകട്ടെ മാപ്രസിദ്ധീകരണങ്ങൾ എന്നറിയപ്പെടുന്നവയിലെ പൈങ്കിളി വായനയേക്കാൾ നിലവാരമുള്ള വായനകൾ തന്നെ. ഏതോ ലോകത്തുനിന്ന് ഇറക്കുന്ന മുഖ്യധാരാ മാഗസിനുകളിൽ വരുന്നതിനേക്കാൾ സമ്പുഷ്ടവും സമ്പന്നവുമായി വിഭവങ്ങളാണ് ഒരു ചിലവുമില്ലാതെ വാട്ട്‌സാപ്പിലൂടെ കറങ്ങുന്നത്.

 

ചോരുന്ന ജനപിന്തുണ

കേരളാ ഹൈക്കോടതി വളപ്പിൽ നിന്ന് അപമാനിതമായ രീതിയിൽ മാദ്ധ്യമപ്രവർത്തകർ ആട്ടിയിറക്കപ്പെട്ടപ്പോൾ ജനം വെറും കാഴ്ചക്കാരായി അവശേഷിച്ചതും മാദ്ധ്യമങ്ങൾ മാദ്ധ്യമങ്ങളല്ലാതായി മാറപ്പെട്ടതിന്റെ ഫലമാണ്. കഴിവില്ലാത്തവർ മാത്രമേ കാര്യസാധ്യത്തിനായി കരയുകയുള്ളു. അത്തരത്തിലുള്ള കരച്ചിലാണ് ഹൈക്കോടതി പ്രവേശനം നിഷേധിക്കപ്പെട്ടപ്പോൾ മാദ്ധ്യമപ്രവർത്തകരിൽ നിന്നുണ്ടായത്. ദൗർബല്യങ്ങളാണ് കഴിവുകേടിനു കാരണമാകുന്നത്. മാദ്ധ്യമങ്ങളേക്കാൾ ദൗർബല്യങ്ങൾ അഭിഭാഷകരിൽ നിലനിൽക്കുന്നതു നിമിത്തം രണ്ടു ദുർബലർ തമ്മിലുള്ള ഏറ്റുമുട്ടലിൽ കൂടുതൽ ദൗർബല്യമുള്ളവർ വിജയിക്കുന്നു. അതാണ് അവിടെ സംഭവിച്ചത്.

source

പുത്തൻ മാദ്ധ്യമങ്ങൾ വികസിച്ചുവരുമ്പോൾ സർഗ്ഗശേഷിയൊന്നുകൊണ്ടു മാത്രമേ നിലവിലുള്ളവയ്ക്ക് പുതിയ ഭാവത്തിലേക്കും ശക്തിയിലേക്കും പ്രവേശിക്കാൻ കഴിയുകയുള്ളു. അതിന്റെ പ്രാഥമികമായ ഘടകമാണ് നിലവിലുള്ള അവസ്ഥയുടെ മരണം. ജീർണ്ണിച്ച കെട്ടിടം നിന്ന സ്ഥാനത്ത് പുതിയത് പണിയതു പണിയാൻ പഴയതു പൊളിച്ചു മാറ്റുന്നതുപോലെ. എന്നാൽ പുത്തൻ കെട്ടിടത്തെ ഭാവനയിൽ പോലും കാണാൻ കഴിയാത്തവർക്ക് പഴയ കെട്ടിടം തകരുന്നുവെന്നു കേൾക്കുമ്പോൾ അത് ഭയത്തെ സൃഷ്ടിക്കും. അത് ശരിക്കും മരണഭീതി തന്നെ. ആ മരണഭീതിയും ആസന്ന മരണവുമാണ് ഇന്ന് മുഖ്യധാരാമാ ദ്ധ്യമങ്ങൾ നേരിടുന്നത്.

Tags