പ്രൊഫ. പി.ജെ തോമസ്സ്. മതതീവ്രവാദികളാൽ കൈപ്പത്തി വെട്ടപ്പട്ട വ്യക്തി. കഴിഞ്ഞ നാലുവർഷമായി പ്രൊഫസ്സറും കുടുംബവും അനുഭവിച്ചുവന്ന ദുരിതത്തിന്റെ ഒരു ബൃഹത് അദ്ധ്യായത്തിന്റെ അന്ത്യമായിരുന്നു 2014 മാർച്ച് 19-ന് ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട പ്രൊഫസറുടെ ഭാര്യ സലോമി. മാർച്ച് 20-ലെ അതു സംബന്ധിച്ച വാർത്തയ്ക്കു ശേഷം വാർത്തവായനയിൽ അർധവിരാമം വരുത്തിക്കൊണ്ട് ഏഷ്യാനെറ്റിന്റെ വിനു വി. ജോൺ പറഞ്ഞു: ‘അധമ മാധ്യമപ്രവർത്തനത്തിന്റെ ഇരയാണ് സലോമി എന്നോർക്കേണ്ടതാണ്. ഒരു പത്രത്തിൽ വന്ന ചെറിയ വാർത്തയിൽ നിന്നാണ് ഈ ദുരന്തങ്ങളെല്ലാം ഉണ്ടായത്.’
വളരെ വിശദമായാണ് സലോമിയുടെ ആത്മഹത്യാ വാർത്ത ഏഷ്യാനെറ്റ് കൈകാര്യം ചെയ്തത്. തുടക്കത്തിൽ സഭയുടെ പ്രതിനിധിയായി ഒരു പുരോഹിതന്റെ പ്രതികരണം കാണിച്ചു. സർവകലാശാല നടത്തിവരുന്ന അന്വേഷണം പൂർത്തിയായാലുടൻ പ്രൊഫ. തോമസ്സിനെ തിരികെ സർവ്വീസിൽ പ്രവേശിപ്പിക്കുന്നതിനും അദ്ദേഹത്തിന് അർഹമായ ആനുകൂല്യങ്ങൾ നൽകുന്നതിന് തടസ്സമില്ലെന്നും. കാരണം 2014 മാർച്ച് 31 ആകാൻ 12 ദിവസം ബാക്കിനിൽക്കെയാണ് സലോമി ആത്മഹത്യ ചെയ്തത്. മാർച്ച് 31-നാണ് പ്രൊഫസ്സർ സർവ്വീസിൽ നിന്ന് വിരമിക്കുന്നത്. ആ ദിനം കഴിഞ്ഞാൽ പിന്നെ അദ്ദേഹത്തെ സർവ്വീസിൽ തിരികെ എടുക്കേണ്ട പ്രശ്നം ഉദിക്കുന്നില്ല. ഹൈക്കോടതി പ്രൊഫസ്സറെ കുറ്റവിമുക്തനാക്കിയിട്ടും സഭയും സര്‍വകലാശാലയും അദ്ദേഹത്തിന് കുറ്റവിമുക്തി നൽകാതിരുന്നതിനാലാണ് അദ്ദേഹത്തിന് സർവ്വീസിൽ തിരികെ പ്രവേശിക്കാൻ കഴിയാതിരുന്നത്. സർവ്വീസിൽ തിരികെ പ്രവേശനം കിട്ടിയില്ലെങ്കിൽ ആനുകൂല്യങ്ങൾ കിട്ടില്ല. അതിൽ കണ്ണും നട്ടാണത്രെ പ്രൊഫസറുടെ മകളുടെ വിവാഹം ഉറപ്പിച്ചത്. അത് നടക്കാതെ വരുമെന്ന് കണ്ടാണ് മാനസികമായി തകർച്ചയിലായിരുന്ന സലോമി ആത്മഹത്യ ചെയ്തതെന്നാണ് എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്.
ഏഷ്യാനെറ്റ് റിപ്പോർട്ടിൽ കാണിച്ച മറ്റൊരു പ്രതികരണം ജോൺ പെരുവന്താനത്തിന്റേതായിരുന്നു. അദ്ദേഹം സലോമിയുടെ മരണത്തിൽ കലാശിച്ച സംഭവങ്ങളുടെ നാൾവഴി ഓർത്തെടുത്തു. സഭയുടെ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കു മുന്നിൽ ഒരുവിധ കരുണയോ സ്നേഹമോ ദയയോ പരിഗണനാ വിഷയമാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ. തോമസ്സിന്റെ വകുപ്പിലെ താരതമ്യേന ജൂനിയറായ അധ്യാപക പുരോഹിതന് വകുപ്പ് മേധാവിയാകാൻ വേണ്ടി നടത്തിയ കുത്സിത ശ്രമത്തിന്റെ ബലിയാടാണ് പ്രൊഫ. തോമസ്സെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലുവർഷമായി തോമസ്സും കുടുംബവും കടന്നുപോയ സാമ്പത്തിക വൈഷമ്യത്തേയും അദ്ദേഹം സൂചിപ്പിച്ചു. തൊഴിലുറപ്പു പദ്ധതിയിൽ പേരു ചേർത്തുവെന്നു പറയുമ്പോൾ അതു മനസിലാക്കാവുന്നതേ ഉള്ളു. കൈ തിരികെ വച്ചുപിടിപ്പിച്ചെങ്കിലും കൈത്തൊഴിൽ ചെയ്യാൻ പ്രൊഫ. തോമസ്സിന് കഴിയില്ല. അപ്രഖ്യാപിത ഊരുവിലക്കുള്ളതിനാൽ നാല് കുട്ടികൾക്ക് ട്യൂഷൻ എടുക്കാമെന്ന് വിചാരിച്ചാൽ പോലും നടക്കില്ല.
ഏഷ്യാനെറ്റിന്റെ ആ റിപ്പോർട്ട് പ്രകാരം തന്നെ സലോമിയുടെ മരണത്തിന് ഉത്തരവാദികൾ പലതാണ്. വകുപ്പിലെ സഹഅധ്യാപകനായിരുന്ന പുരോഹിതൻ, കോളേജ് അധികൃതരായ സഭ, മതനിന്ദ നടത്തിയെന്ന മട്ടിൽ ആദ്യമായി വാർത്ത നൽകിയ അധമ മാധ്യമപ്രവർത്തകൻ (വിനുവിന് നാവുപിഴ വന്ന് ആദ്യം പറഞ്ഞതും അധമ മാധ്യമപ്രവർത്തകൻ എന്നാണ്). ഇനി വീണ്ടും വിവിധ കോണുകളിൽ നിന്നു നോക്കിയാൽ ഒട്ടനേകം കാരണക്കാരെ സലോമിയുടെ മരണത്തിന് ഉത്തരവാദികളായി കാണാം. പ്രൊഫ. തോമസ്സിന്റെ കാഴ്ചപ്പാടാണ് ഒഴിവാക്കാമായിരുന്ന ആ ചോദ്യം ഉൾപ്പെടുത്താൻ കാരണമായത്. അതിനാൽ അദ്ദേഹത്തിന്റെ വിപരീതാത്മക സമീപനം. സിലബസ്സിലുള്ള പി.ടി കുഞ്ഞുമുഹമ്മദിന്റെ പുസ്തകത്തിൽ നിന്നുള്ള ഒരു ഭാഗം ഉദ്ധരിക്കുക മാത്രമാണ് പ്രൊഫസര്‍ ചെയ്തത്. ഒരു കലാലയ കോഴ്‌സിൽ പഠിക്കാൻ യോഗ്യമായ കൃതിയല്ല അതല്ലെന്ന് ഒറ്റ വായനയിൽ ശരാശരിക്കാരനും മനസ്സിലാകുന്നതാണ്. അങ്ങനെയുള്ള പുസ്തകം എങ്ങനെ പാഠ്യവിഷയമായി ഉൾപ്പെടുത്തി? അതുൾപ്പെടുത്തിയ അക്കാദമിക് സമിതി സലോമിയുടെ മരണത്തിന് ഉത്തരവാദിയാണ്. അക്കാദമിക് നിലവാരമില്ലാത്ത സമിതിയെ നിശ്ചയിച്ചതാരാണോ അവർ സലോമിയുടെ മരണത്തിന് ഉത്തരവാദികളാണ്. അക്കാദമിക് താൽപ്പര്യത്തിനു പകരം പാഠപുസ്തക തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പരിഗണനയ്ക്ക് മുൻതൂക്കം ലഭിക്കുന്ന രാഷ്ട്രീയ സാഹചര്യം ഇവിടെ നിലനിൽക്കുന്നു. അതിനാൽ ഇവിടുത്തെ രാഷ്ട്രീയത്തിന്റെ ജീർണ്ണതയുടെ ഇരയാണ് സലോമി. നിലവിലെ സർവകലാശാലാ വിദ്യാഭ്യാസത്തിന്റെ നിലവാരത്തിൽ വന്ന ഇത്തരം തകർച്ചയ്ക്ക് സർവകലാശാല ഉത്തരവാദിയാണ്. ആ നിലയ്ക്ക് സർവ്വകലാശാലയും സലോമിയുടെ മരണത്തിന് കാരണക്കാർ തന്നെ.
കൈവെട്ടിയവരുടെ കോണിൽ നിന്നു നോക്കുമ്പോൾ അവരുടെ നടപടി അവരുദ്ദേശിച്ചതിനേക്കാൾ ഫലവത്തായിരിക്കുന്നു. അദ്ദേഹത്തിനെ കൊല്ലുകയായിരുന്നുവെങ്കിൽ രാഷ്ട്രീയ കൊലപാതകങ്ങൾ കണ്ടുശീലിച്ച കേരളത്തിൽ അത് മറ്റൊരു കൊല മാത്രമേ ആകുമായിരുന്നുള്ളു. സമൂഹത്തിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ച് തങ്ങളുടെ അജണ്ട നടപ്പാക്കുക എന്നതാണ് മതതീവ്രവാദ സംഘടനകളുടെ ലക്ഷ്യം. സലോമിയുടെ മരണത്തോടെ ആ അജണ്ട കൂടുതൽ വിജയം കണ്ടിരിക്കുന്നു. അതിനാൽ കേരളത്തിൽ വളർന്നു വേരോടിക്കൊണ്ടിരിക്കുന്ന മതതീവ്രവാദമാണ് സലോമിയുടെ മരണകാരണം. മതതീവ്രവാദത്തിന് കേരളത്തിന്റെ മണ്ണിൽ വളക്കൂറ് നൽകുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് സലോമിയെ മരണത്തിലേക്ക് നയിച്ചത്. മതസ്പർധ വളർത്തുന്ന വിധം പ്രൊഫസർ പെരുമാറി എന്നതിന്റെ പേരിലാണ് സഭ പ്രൊഫസർക്കെതിരെ നടപടിയെടുത്ത് പുറത്താക്കിയത്. അത്തരത്തിൽ പ്രൊഫസർ പ്രവർത്തിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതിയാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. രാജ്യത്ത് നിലവിലുള്ള ഹൈക്കോടതി കുറ്റവിമുക്തനാക്കിയിട്ടും സഭയ്ക്കും സർവകലാശാലയ്ക്കും അത് സ്വീകാര്യമല്ലെങ്കിൽ രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ പരാജയമാണ് സലോമിയുടെ മരണത്തിന് കാരണമായത്. വൈദ്യശാസ്ത്രത്തിന്റെ ഭാഗത്തുനിന്നു നോക്കുമ്പോൾ സലോമിയുടെ മാനസികാരോഗ്യാവസ്ഥയാണ് അവരെ മരണത്തിലേക്കു നയിച്ചത്. കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിൽ വ്യക്തി അനുഭവിക്കുന്ന അസുരക്ഷിതത്വ ബോധമാണ് വർധിച്ചുവരുന്ന ആത്മഹത്യയ്ക്ക് കാരണമായതിനാൽ സാമൂഹിക കാരണവും സലോമിയുടെ മരണത്തിനു കാരണമായി കാണാൻ കഴിയും.
അധമ മാധ്യമപ്രവർത്തനം എന്ന് വിനു പറഞ്ഞപ്പോൾ പ്രകടമായ ഭാവം തങ്ങൾ അതു ചെയ്യുന്നില്ല എന്നുള്ളതായിരുന്നു. അവിടെ മുഴുവൻ മാധ്യമങ്ങളും സ്വയം ആത്മപരിശോധനയ്ക്ക് തയ്യാറാകേണ്ടതാണ്. മാധ്യമ നിയന്ത്രിതമായ ഇന്നത്തെ പശ്ചാത്തലത്തിൽ സലോമിമാരെ ലിംഗഭേദമന്യേ കണ്ടെത്താൻ കഴിയുന്നു. എത്രയോ പേർ സലോമിയുടെ വഴി സ്വീകരിക്കാതെ മരിച്ചു ജീവിക്കുന്നു. ജോസ് തെറ്റയിൽ എം.എൽ.എയുടെ ഭാര്യയെ ടെലിവിഷൻ സ്ക്രീനിലൂടെ കേരളീയർ കണ്ടപ്പോൾ അവർ ജീവനോടെ ആത്മഹത്യ ചെയ്യുന്ന രംഗമായിരുന്നു അത്. ഏതു യുദ്ധത്തിനും ഒടുവിലത്തെ കാരണമുണ്ടാകും. യുദ്ധമുണ്ടായാൽ പിന്നെ ചിന്തിക്കേണ്ടത് സമാധാനത്തെ കുറിച്ചാണ്. സമാധാനം നിലനിൽക്കുമ്പോൾ അത് ശ്രദ്ധയിൽ പെടില്ല. ആ അശ്രദ്ധയുടെ വികാസപരിണാമമാണ് യുദ്ധം. ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ കലാശാല ഇവ്വിധം നടത്തുകയും ഒരു വ്യക്തിയോടും കുടുംബത്തോടും ക്ഷമയും ദയയും കാണിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ തെളിയുന്ന യേശുവിന്റെ നാമത്തിൽ നിലകൊള്ളുന്ന സഭ എവിടെ നിൽക്കുന്നു എന്ന യാഥാർഥ്യം അസുഖകരമാണ്. ഇങ്ങനെയുള്ള സഭകളുടെ താൽപ്പര്യത്തിനു വഴങ്ങി പശ്ചിമഘട്ടത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് എറിഞ്ഞുകൊടുക്കുമ്പോൾ ഉണ്ടാവുന്ന ഭവിഷ്യത്തുകൾ ചിന്തനീയമാണ്. വനം കൈയേറാൻ അനുവദിച്ചില്ലെങ്കിൽ തീവെച്ച് മൃഗങ്ങളേയും മരങ്ങളേയും ചുട്ടുകൊന്ന് നാടാക്കാൻ പക്വമായ അന്തരീക്ഷം കേരളത്തിൽ നിലനിൽക്കുന്നതിന്റെ തെളിവാണ് വയനാട് വനനിരകൾ തീവെച്ചു നശിപ്പിച്ചത്.
ഇവിടെ ഗതികെട്ട കേരളാംബയുടെ സൗമ്യചിത്രം സലോമിയിൽ കാണാൻ കഴിയുന്നു. സലോമി ആത്മഹത്യ ചെയ്തതാണെങ്കിൽ മാനസികമായ ശക്തിയില്ലായ്മ തന്നെയാവും ആത്യന്തികമായ കാരണം. അവർക്ക് താങ്ങാനാവാതെ വന്ന സമ്മർദ്ദങ്ങൾ തന്നെയാവണം ആ അവസ്ഥയിലേക്ക് നയിച്ചത്. കേരളവും സലോമിയുടെ അവസ്ഥയിലേക്ക് നീങ്ങാതിരിക്കണമെങ്കിൽ ഇനിയെങ്കിലും ചെറിയ തിരിച്ചറിവുകൾ അത്യാവശ്യം. വിനു പറഞ്ഞതു പോലെ മാധ്യമങ്ങളുടെ പ്രവർത്തനത്തിൽ അധമരീതികൾ വന്നാൽ അത് എവിടെ എങ്ങിനെയാണ് ഫലമുണ്ടാക്കുക എന്ന്‍ പ്രവചിക്കാൻ പറ്റില്ല. നമ്മെളെല്ലാവരും സലോമിയുടെ മരണത്തിന് ഉത്തരവാദികളാണെന്ന് മറക്കാൻ പാടുള്ളതല്ല. ഒരു അമ്മയുടെ ഹൃദയം പൊട്ടലുകൂടിയാണ് സലോമിയുടെ മരണം. കാരണങ്ങൾ സൃഷ്ടിക്കുന്നതിലും ചെറുമാരുതനെ ചുഴലിക്കാറ്റാക്കുന്നതിലുമൊക്കെ വർത്തമാനകാല മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വാക്കിന്റെ സൃഷ്ടി-സംഹാര ശക്തിയെക്കുറിച്ച് അറിവോടെ പ്രവർത്തിക്കുമ്പോഴാണ് അധമ മാധ്യമപ്രവർത്തനം അകന്നു നിൽക്കുകയുള്ളു. പരസ്യവരുമാന വർധനയെ ലക്ഷ്യം വച്ച് റേറ്റിംഗ് നേടാനുള്ള വ്യഗ്രതയിൽ വാർത്തയെ പരിഗണിക്കുമ്പോൾ സംഭവിക്കുന്നതാണ് അധമ മാധ്യമപ്രവർത്തനം. പെട്ടന്ന് അതിന്റെ പ്രത്യാഘാതങ്ങൾ നേരിട്ടറിയാൻ കഴിയില്ല. അധമ മാധ്യമപ്രവർത്തനത്തിന് ചെറിയ തോതിലെങ്കിലും കുറവു സംഭവിക്കുന്ന പക്ഷം മാധ്യമ നിയന്ത്രിതമായ വർത്തമാനകാലത്തിൽ യുദ്ധത്തിൽ നിന്ന് സമാധാനത്തിലേക്കെന്നവണ്ണം ഗുണപരമായ, സൃഷ്ടിപരമായ മാറ്റങ്ങൾ ഉണ്ടാവും. സലോമിയുടെ ഹൃദയം പൊട്ടല്‍ അതാണ് ഓർമ്മിപ്പിക്കുന്നത്. ഓർമ്മപ്പെടുത്തലുകളുടെ അവസാന സൂചന കൂടിയാണ് സലോമി.