ലോകം മുഴുവൻ ഒരു കാര്യം ഒന്നിച്ച് ഒരേ സ്വരത്തിൽ ഏറ്റ് പറഞ്ഞതുകൊണ്ട് അത് സത്യമാവണമെന്നില്ലെന്ന് ബുദ്ധൻ എപ്പോഴും ഇപ്പോഴും നമ്മെ ഓർമ്മിപ്പിക്കുന്നു. അതിന്റെ മാധ്യമലോകത്തെ പ്രയോഗശാസ്ത്രമാണ് ആധുനികലോകത്ത് മാർഷൽ മക്‌ലൂഹൻ എന്ന കനേഡിയന്‍ തത്വചിന്തകൻ പ്രത്യക്ഷത്തിൽ ലളിതമായി എന്നാൽ അതിസങ്കീർണ്ണമായി പറഞ്ഞുവച്ചത്, മാധ്യമമാണ് സന്ദേശമെന്ന്. അതു തന്നെയാണ് സന്ദേശം. സന്ദേഹം വേണ്ടന്ന് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു. ഒടുവിലത്തെ ഉദാഹരണം തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ. 2013 നവംബര്‍ 20 മുതൽ ഇന്ത്യയിലെ മുഖ്യധാരാ ഇംഗ്ലീഷ് മാധ്യമങ്ങൾ മുഴുവൻ ഇരുപത്തിനാല് ഗുണം ഏഴ് സമം അർഥവത്താക്കുന്ന വിധം ചർച്ച ചെയ്യുകയാണ്. തരുൺ തേജ്പാൽ തന്റെ സ്ഥാപനത്തിലെ സഹപ്രവർത്തകയായ മാധ്യമപ്രവർത്തകയെ മാനഭംഗം ചെയ്ത സംഭവം. നാണക്കേട് എന്ന തലക്കെട്ടോടെ തേജ്പാലിന്റെ ചിത്രവും കൊടുത്ത് കിരൺ ബേഡി മുതൽ കിട്ടാവുന്നത്ര വിദഗ്ധകളെ ഉൾപ്പെടുത്തിക്കൊണ്ടാണ് മുഴുവൻ ചർച്ചകളും. മൂന്നു ദിവസം ചർച്ച ചെയ്തിട്ടും ആദ്യദിവസം ചർച്ച ചെയ്തതിനപ്പുറം ഒന്നും തന്നെ ചർച്ചയിലൂടെ ചാനലുകൾക്കോ ചർച്ചക്കാർക്കോ ജനസമക്ഷം കൊണ്ടുവരാൻ കഴിയുന്നില്ല. ഇതേ മാധ്യമങ്ങളുടെ പ്രവർത്തന സംസ്‌കാരത്തിന്റെ സന്തതിയാണ് തേജ്പാൽ.
ചർച്ചയ്ക്ക് ഗഹനത കൊടുക്കുന്നതിനുവേണ്ടി ചാനലുകാർ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ജോലിസ്ഥത്തെ ലൈംഗിക അതിക്രമം എന്നിത്യാദി വിഷയങ്ങളെ അരിച്ചെടുത്ത് വെണ്ണയാക്കി ഉരുക്കിക്കാട്ടാനാണ് അവർ ശ്രമിക്കുന്നത്. ലക്ഷ്യത്തിനോട് ചേർന്നു നിൽക്കുന്നതാവണം മാർഗ്ഗം. അപ്പോൾ മാർഗ്ഗവും ലക്ഷ്യവും രണ്ടല്ല ഒന്നാവുന്നു. ഒന്നുകൂടിപ്പറഞ്ഞാൽ മാർഗം ലക്ഷ്യമാകുന്നു. സംഗതി രണ്ടു വാക്കുകളുടെ പ്രയോഗമാണെങ്കിലും അത് മനസ്സിലാക്കാനും പ്രയോഗതലത്തിലേക്ക് കൊണ്ടുവരാനും എളുപ്പമുള്ള കാര്യമല്ല. ശാസ്ത്ര-സാങ്കേതികതയുടെ കുതിപ്പിൽ ഇരുപതാം നൂറ്റാണ്ട് നേരിട്ട വെല്ലുവിളിയും ഇന്ന് ഇന്ത്യയും കേരളവും ലോകവും എല്ലാം നേരിടുന്ന പ്രധാന വെല്ലുവിളിയും ഇവയെ രണ്ടായി കാണുന്ന കാഴ്ചപ്പാടും ആ കാഴ്ചപ്പാട് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് രക്ഷപ്പെടാനുള്ള തത്രപ്പാടുമാണ്. ശാസ്ത്ര-സാങ്കേതികത ഉപയോഗിച്ചുകൊണ്ടുള്ള ചൂഷണത്തിന്റെ വ്യാപനത്തിനായി മുഖ്യമായും തന്ത്രപരമായി ഉപയോഗിക്കപ്പെട്ടത് മാധ്യമങ്ങളാണ്. ആദ്യം അച്ചടിമാധ്യങ്ങൾ. ചാനൽ യുഗമായപ്പോഴേക്കും അത് പാരമ്യാവസ്ഥയിലേക്ക് പ്രവേശിപ്പിച്ചു. ആ മാധ്യമപ്രവർത്തനത്തിന്റെ പിടിയിൽ കിടന്നു ഉഴലുകയാണ് ഇപ്പോഴും മാധ്യമലോകം. വിശേഷിച്ചും ഇന്ത്യയിൽ. കേരളത്തിൽ ആ മാധ്യമപ്രവർത്തനത്തിന്റെ സകലവിധമുഖങ്ങളും കാണാം.
ഉദാത്തമായ ലക്ഷ്യങ്ങളെ ഉയർത്തി അവതരിപ്പിക്കുന്നു. അതിനുവേണ്ടി പ്രയത്‌നിക്കുമെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്നു. ആ ലക്ഷ്യത്തെ ആർക്കാണ് എതിർക്കാൻ പറ്റുക? മനുഷ്യരാശിയുടെ വിശപ്പകറ്റുന്നതിന് ഉൽപ്പാദനം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ ആർക്കാണ് എതിർക്കാൻ പറ്റുക? ആ ലക്ഷ്യത്തിലേക്ക് നീങ്ങാൻ മടിക്കുന്നവർ മനുഷ്യരാശിക്കുതന്നെ എതിരെന്ന് മുദ്രകുത്താൻ എളുപ്പം. ഹരിത-ധവളവിപ്ലവങ്ങളെ നാം സ്വീകരിച്ചു. വിദേശ സ്‌കോളർഷിപ്പ് നൽകി വികസിത രാജ്യങ്ങളിലെ മികച്ച മാധ്യമപ്രവർത്തകരെ തോംസൺ ഫൗണ്ടേഷൻ ഉൾപ്പടെയുള്ള വിവിധ കേന്ദ്രങ്ങളിൽ ആധുനിക മാധ്യമപ്രവർത്തനത്തിൽ പരിശീലനം നൽകി കയറ്റിവിട്ടു. അവർ നിശ്ചയിക്കുന്നതു മാനദണ്ഡമായി. ഹരിത-ധവളവിപ്ലവങ്ങളെ പ്രോത്സാഹിപ്പിക്കാനായി തുടങ്ങിയ കാർഷികപേജുകൾ പത്രങ്ങളിൽ ഇന്നും പഴയപടി തുടരുന്നത് കൗതുകത്തോടെ നോക്കാം. മണ്ണും വെള്ളവും ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് വിഷലിപ്തമായി. ഇന്ന് ഭക്ഷണം വിഷലിപ്തം. വൃക്കരോഗവും അർബുദവും തുടങ്ങി മഹാരോഗങ്ങൾ സർവ്വസാധാരാണം. അതിന്റെ കമ്പോളം കൊയ്യാൻ അതേ ശാസ്ത്ര-സാങ്കേതികത ഉപയോഗിച്ചുള്ള പഞ്ചനക്ഷത്ര ആശുപത്രികൾ. ആരോഗ്യ വ്യവസായം എന്ന് മടികൂടാതെ തന്നെ അതിന്റെ നടത്തിപ്പുകാർ ഇപ്പോൾ പറയുന്നുമുണ്ട്. അവരും പറയുന്നത് തങ്ങളുടെ ലക്ഷ്യം ജനങ്ങളുടെ ആരോഗ്യം തന്നെയെന്ന്. യുദ്ധത്തിന്റെ കാഴ്ചപ്പാടിലാണ് ശാസ്ത്ര-സാങ്കേതികത ഉപയോഗിച്ചത്. ഏതിനേയും യുദ്ധം ചെയ്ത് ഇല്ലായ്മ ചെയ്യുക. രോഗത്തേയും. സമൂഹത്തിൽ കാണുന്ന എല്ലാ രോഗങ്ങൾക്കുമെതിരെയുള്ള യുദ്ധം മാധ്യമപ്രവർത്തനത്തിന്റെ മുഖ്യ ആധാരമായി. ഏറ്റവും വലിയ രോഗമായി അഥവാ അർബുദമായി അഴിമതിരോഗത്തെ കണ്ടെത്തി. ആരോഗ്യത്തെ മുൻനിർത്തിക്കൊണ്ട് ലാഭത്തിനു വേണ്ടി ചികിത്സയെ ആധുനിക ആതുരാലയങ്ങൾ ഉപയോഗിക്കുന്നതു പോലെ മാധ്യമങ്ങൾ ലാഭവർധനയ്ക്കായി അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിനെ വിനിയോഗിക്കുന്നു. ലക്ഷ്യം അഴിമതിക്കെതിരെയുള്ള പോരാട്ടം. അതിന്റെ കൃത്യമായ ഉദാഹരണമാണ് തെഹൽക്കയുടെ ഉയർച്ചയും താഴ്ചയും.
അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ അങ്ങേയറ്റമാണ് തെഹൽക്ക കൈകാര്യം ചെയ്തിരുന്നത്. അഴിമതിരഹിതമായ സമൂഹത്തെ മുന്നിൽ കാണാനുള്ള ആഗ്രഹം കൊണ്ടല്ല അവർ ഇന്ത്യയിൽ ആദ്യമായി ഒളിക്ക്യാമറാപ്രയോഗത്തിലൂടെ രാഷ്ട്രീയരംഗത്തെ അഴിമതി പുറത്തുവിട്ടത്. ജനം അന്ധാളിച്ചു നിന്നു. ആ അന്ധാളിപ്പിൽ തെഹൽക്ക ഒന്നുമില്ലായ്മയിൽ നിന്ന് ഞൊടിയിട കൊണ്ട് വളർന്നു. കോടതി പോലും ലക്ഷ്യത്തെ പരിഗണിച്ച് ഒളിക്ക്യാമറാ പ്രയോഗത്തിന് സാധുതയും മാന്യതയും നൽകി. ഇന്നിപ്പോൾ ചാനലുകൾ ഒളിക്ക്യാമറാ പ്രവർത്തനം നടത്തുന്നത് തങ്ങളുടെ റേറ്റിംഗ് കൂട്ടി ലാഭവർധനയ്ക്കു തന്നെയാണ്. അതുകൊണ്ടാണ് ചാനലുകൾ പുതുതായി തുടങ്ങുന്നവയും നിലവിലുള്ളവയും ആ വഴിയിലൂടെ നീങ്ങുന്നത്. അതാണ് യഥാർഥത്തിൽ നാണക്കേട് (Shame). അത് മാധ്യമപ്രവർത്തകരുടെ മാത്രം പ്രശ്നമല്ല. സമസ്തമേഖലയിലും നിലകൊള്ളുന്ന അടിസ്ഥാനവീക്ഷണത്തിന്റെ സ്വാധീനമാണ്. അവിടെയാണ് മക്‌ലൂഹൻ പറഞ്ഞ, മാധ്യമമാണ് സന്ദേശമെന്ന, ആ വാചകം പ്രസക്തമാകുന്നത്. ഗാന്ധിജി ആ മാധ്യമപ്രവർത്തനത്തെ എല്ലാ അർഥത്തിലും പ്രയോഗിച്ചു കാണിച്ചു. തോംസൺ ഫൗണ്ടേഷനും വിദേശപരിശീലകരും പറഞ്ഞില്ല, ഗാന്ധിജി പ്രയോഗിച്ച മാധ്യമപ്രവർത്തനം ഉപേക്ഷിക്കണമെന്ന്. എന്നാൽ അവർ സന്നിവേശിപ്പിച്ച മാധ്യമകാഴ്ചപ്പാടിൽ ഗാന്ധിജിയുടെ ശവകൂടീരത്തിൽ ആരെങ്കിലും ചെരിപ്പിട്ടുകയറുന്നതാണ് ഗാന്ധിനിന്ദയെന്നും അതിനെ കയറിപ്പിടിച്ച് വിവാദമുണ്ടാക്കി എങ്ങിനെ തങ്ങളുടെ മാധ്യമത്തിന് ലാഭമുണ്ടാക്കാമെന്നും വിദേശ സ്ഥാപനങ്ങളും പരിശീലകരും നമ്മുടെ മാധ്യമപണ്ഡിതരെ ബോധ്യപ്പെടുത്തുന്നതിൽ വിജയിച്ചു. എന്തിന് അത്തരം സംഹിതകൾ പഠിപ്പിച്ച് പുതിയ തലമുറയെ മാധ്യമങ്ങളിൽ നിറയ്ക്കാനുള്ള പരിശീലനകേന്ദ്രങ്ങൾ സർവകലാശാലകളിലൂടെയും മറ്റ് സ്ഥാപനങ്ങളിലൂടെയും വ്യാപകമാക്കുന്നതിലും ആ കാഴ്ച്ചപ്പാട് കാരണമായി.
മോശക്കാരേയും മോശം സംഭവങ്ങളേയും തേടിപ്പിച്ച് അവതരിപ്പിക്കലിലേക്ക് മാധ്യമപ്രവർത്തനം ചുരുങ്ങി. അങ്ങിനെ മാധ്യമപ്രവർത്തനം എളുപ്പമായി. അവിടെയാണ് സിറ്റിസൺ ജേർണലിസം പിറവിയെടുക്കുന്നത്. മോശം കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടില്ല എന്ന പൊതുധാരണയാണ് അതിനടിസ്ഥാനം. പിന്നീട് സിറ്റിസൺ ജേർണലിസത്തിലേക്ക് മാധ്യമപ്രവർത്തനവും മാറി. ചുരുങ്ങിയ പക്ഷം നാം എന്താണോ മാധ്യമത്തിലൂടെ മോശമാണെന്ന് പറയുന്നത് അത് അതേപടിയെങ്കിലും സ്വന്തം ജീവിതത്തിൽ ആവർത്തിക്കാതിരിക്കാൻ മാധ്യമത്തിന്റെ നേതൃത്വത്തിലുള്ളവരും അതവതരിപ്പിക്കുന്ന മാധ്യമപ്രവർത്തകരും ബാധ്യസ്ഥരാണ്. ഇത്തിരി ബുദ്ധിമുട്ടുള്ള ഏർപ്പാടാണത്. അതായത് മാധ്യമപ്രവർത്തക അഥവാ പ്രവർത്തകൻ തന്നെയാണ് മാധ്യമം. ഒരു വ്യക്തിയുടെ ജീവിതം വർത്തമാനത്തിലാണ്. അല്ലാതെ അത് ഭാവിയിലല്ല. വർത്തമാനത്തിൽ ഏത് രീതിയിൽ പെരുമാറുന്നു എന്നുള്ളതാണ് ആ വ്യക്തിയുടെ ജീവിതത്തെ വിളിച്ചുകാണിക്കുന്നത്. അത് ഏത് വിധമെന്നുള്ളതാവണം വ്യക്തിജീവിതത്തിന്റെ ലക്ഷ്യം. അവിടെയാണ് മാർഗ്ഗം ലക്ഷ്യമാകുന്നത്. പറയുന്നതുപോലെ എളുപ്പമല്ല അതു നടപ്പാക്കാൻ. സാക്ഷാൽ കൃഷ്ണൻ തന്നെ പതിനെട്ടധ്യായമെടുത്തു, മഹാസമർഥനായിരുന്ന, അന്ന് ജീവിച്ചിരുന്നവരില്‍ എല്ലാ അർഥത്തിലും കേമനായിരുന്ന അർജുനനെ ഈ സംഗതി പറഞ്ഞു മനസ്സിലാക്കാൻ. അപ്പോൾ ഈ തോംസൺ സ്‌കൂൾ പരിശീലനത്തിൽ ഉറച്ചുപോയി, അതു ശരിയാണെന്ന് വിശ്വസിക്കുന്നവർക്ക് എളുപ്പം കൃഷ്ണനേയും അർജുനനേയും ഇന്ത്യയുടെ അന്ധവിശ്വാസത്തിന്റെയും മതാതിപ്രസരത്തിന്റെ പിന്തിരിപ്പൻ ചിന്തകളുടേയുമൊക്കെ പ്രതീകങ്ങളാണെന്ന് പണ്ഡിതോചിതമായ ഗ്രന്ഥങ്ങൾ എഴുതുന്നതിനും രാത്രി ചാനൽ ചർച്ചകളിൽ പങ്കെടുത്ത് സെക്കുലറിസമെന്നാൽ ചില നിഷേധങ്ങളാണെന്ന് പറയുന്നതുമൊക്കെയാണ്.അഹിംസ തത്വവും പ്രയോഗവുമായി കൊണ്ടുനടന്ന ഗാന്ധിജി അഹിംസ പറയുമ്പോൾ തന്നെ ലോകം കണ്ടിട്ടുള്ളതിൽ വച്ച് നിർദ്ദയമായ ഹിംസയെ പ്രോത്സാഹിപ്പിക്കുന്ന ഭഗവദ്ഗീത കക്ഷത്തു കൊണ്ടുനടന്നത് അദ്ദേഹം അകപ്പെട്ടിരുന്ന ആന്തരിക സംഘട്ടനത്തിന്റെ തെളിവാണെന്നുമൊക്കെ സമർഥിക്കുന്നവർ അവരറിയാതെ തന്നെ ബുദ്ധിജീവികളായിപ്പോകും. അവരും യഥാർഥത്തിൽ കുറ്റക്കാരല്ല. അവർക്ക് ശരിയെന്നു തോന്നുന്ന കാര്യം അവർ ബുദ്ധിയുടെ സഹായത്തോടെ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇവിടെ വാദവും പ്രതിവാദവുമാണ്. അതായത് വാക്കുകൾ കൊണ്ടുള്ള യുദ്ധം. സംഘട്ടനം. പരിവർത്തനത്തിലൂടെ കടന്നുപോകാത്ത മനുഷ്യനിൽ അവന്റെ മൃഗവാസനയെ തൃപ്തിപ്പെടുത്താൻ യുദ്ധം ഇഷ്ടപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. യുദ്ധത്തിൽ നീതി ജയിക്കുകയാണെങ്കിൽ താൻ നീതിയുടെ പക്ഷത്താണെന്ന് സ്വയം കരുതി നീതിമാനാണെന്നും താൻ നല്ലവനാണെന്നും സ്വയം കരുതി ജീവിച്ചുപോകുന്നു. ഈ രഹസ്യമാണ് സിനിമയിൽ സംഘട്ടനങ്ങളെ അതിന്റെ വിജയത്തിനുവേണ്ടി ഉപയോഗിക്കുന്നത്. ഇതേ സംഗതി തന്നെയാണ് മാധ്യമങ്ങൾ ഇന്ന് പ്രചാരവർധനയ്ക്കായി അവലംബിക്കുന്നത്.
ജനാധിപത്യത്തിന്റെയും പുരോഗമനത്തിന്റെയും മനുഷ്യാവകാശത്തിന്റെയും സ്ത്രീസ്വാതന്ത്ര്യത്തിന്റെയും മറ്റും ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അതുമായി ബന്ധപ്പെട്ട ഉള്ളടക്കം വിപണനം ചെയ്യുന്നവരുടെയെല്ലാം അവസ്ഥ തെഹൽക്കയിൽ നിന്ന് ഒട്ടും വ്യത്യസ്ഥമല്ല. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തെഹൽക്കയുടെ തിങ്ക്‌ഫെസ്റ്റിലെ വിഷയങ്ങൾ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും മറ്റുമായിരുന്നു. ആ ചർച്ചയിൽ നിന്നിറങ്ങി വന്നാണ് തേജ്പാൽ തന്റെ മകളുടെ പ്രായമുള്ള തന്റെ തൊഴിലാളിയും സഹപ്രവർത്തകയുമായ പെൺകുട്ടിയുടെ മാനം കവർന്നത്. തെഹൽക്കയിലേത് പുറത്തുവന്നു. നാണക്കേട് എന്ന തലക്കെട്ടിൽ മാധ്യമങ്ങൾ തേജ്പാലിനെ വിപണനം ചെയ്തുകൊണ്ടിരിക്കുമ്പോൾ അതിൽ എത്ര മാധ്യമനേതാക്കൾക്ക് അല്ലെങ്കിൽ എത്ര മാധ്യമപ്രവർത്തകർക്ക് സത്യസന്ധമായി പറയാൻ കഴിയും ഇത്തരം നാണക്കേടിൽ നിന്ന് ഇന്ത്യൻ മാധ്യമങ്ങൾ അല്ലെങ്കിൽ തങ്ങളുടെ മാധ്യമം അതുമല്ലെങ്കിൽ താൻ തന്നെ എത്ര അകലത്താണെന്ന്. നാണക്കേടിന്റെ ഈ വാർത്ത അവതരിപ്പിക്കുന്ന അവതാരകർക്കും അവരോടൊപ്പം ചർച്ചയിൽ പങ്കെടുക്കുന്ന പാനലിസ്റ്റുകൾക്കും നേരിട്ടും അല്ലാതെയും അറിയാവുന്ന കഥകൾ ഓർത്താൽ തന്നെ ധാരാളം. കേജ്രിവാളും സംഘവും ഈ മാധ്യമങ്ങളുടെ സൃഷ്ടിയാണ്. അവരുയർത്തിക്കൊണ്ടുവന്ന കേജ്രിവാളിന്റെ ആം ആദ്മി പാർട്ടിയുടെ നേതാക്കാൾ കള്ളപ്പണം പാർട്ടിഫണ്ട് വാങ്ങുന്നതിന്റെ ഒളിദൃശ്യങ്ങൾ പകർത്തി അതിന് പരമാവധി പരസ്യം നൽകി അതും വിറ്റുകാശാക്കുന്നു. ഇത്തരത്തിലുള്ള മാധ്യമപ്രവർത്തനത്തിന്റെ അരാഷ്ട്രീയ സന്തതിയാണ് ആം ആദ്മി പാർട്ടിയും കേജ്രിവാളും കൂട്ടരും. ഇത്തരം മാധ്യമസാന്നിദ്ധ്യം കൊണ്ടാണ് ഒരു മിമിക്രിക്കാരനെപ്പോലെ പ്രത്യക്ഷപ്പെട്ട അണ്ണാ ഹസ്സാരെ ഗാന്ധിയനായി വാഴ്ത്തപ്പെട്ടതും ഇന്ത്യയും ലോകം മുഴുവനും ഇളകിയതും. ഗാന്ധിയെന്നാൽ ഗന്ധിത്തൊപ്പി ധരിച്ച് അതേപടി ചിരിക്കലല്ല എന്ന് അധികം താമസിയാതെ തന്നെ തെളിയിക്കപ്പെട്ടു. അവിടെയും മാധ്യമം തന്നെയാണ് സന്ദേശം. അതാണ് ആ അർധനഗ്നൻ വളരെ സൗമ്യമായി പറഞ്ഞത് എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശമെന്ന്. ഇതിന്റെ പൊരുളിലേക്ക് തിരിയാനുള്ള പ്രാപ്തി നല്‍കാന്‍ സെന്റ്സ്റ്റീഫൻസ് കോളേജടക്കമുള്ള ഇന്ത്യയിലെ പുകൾപെറ്റ ഒരു സ്ഥാപനത്തിനും കഴിയുന്നില്ലെന്നതും ഇന്ത്യയിലെ ഇംഗ്ലീഷ് ചാനലുകൾ വ്യക്തമാക്കുന്നു. മാധ്യമരംഗത്തെ ഝാൻസി റാണിയായി കരുതപ്പെട്ടിരുന്ന എൻ.ഡി.ടി.വിയുടെ ബർഖാ ദത്തും തേജ്പാൽ വിഷയത്തിൽ ധാർമ്മികരോഷം കൊള്ളുമ്പോൾ പഴയ ആ ശൗര്യവും ആത്മവിശ്വാസവും അവർക്കുണ്ടാവുന്നില്ല. റാഡിയാടേപ്പ് സംവാദത്തിലൂടെ തനിക്ക് നഷ്ടപ്പെട്ട വിശ്വാസ്യത തന്നെ ബാധിച്ചിട്ടില്ലെന്ന് ഓരോ പരിപാടിയിലൂടെയും അവർ സ്ഥാപിക്കാൻ ശ്രമിക്കുമ്പോഴും അവർക്കതിൽ നിന്നു വിമുക്തയാകാൻ കഴിഞ്ഞിട്ടില്ലെന്നുള്ളത് അവരുടെ ശരീരഭാഷയിൽ നിന്നു തന്നെ വ്യക്തം. ഏറ്റവും കൂടുതൽ വായിക്കപ്പെട്ടിരുന്നു ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപരായായിരുന്ന വീർ സാംങ്വിയുടെ കോളം. സാംങ്വി സ്വമേധയാ രംഗം വിട്ടു. ഇനി തെഹൽക്ക എന്തു സന്ദേശം നൽകിയാലും വായനക്കാരനേയും കാഴ്ചക്കാരനേയും സംബന്ധിച്ച് അത് സന്ദേശമേ ആകുന്നില്ല. തേജ്പാൽ പറഞ്ഞാൽ അതും സന്ദേശമാകുന്നില്ല. സന്ദേശം തന്നെയാണ് മാധ്യമവും മാധ്യമം തന്നെയാണ് സന്ദേശവുമെന്ന് ഒരിക്കൽകൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ബുദ്ധനും ഗാന്ധിജിയും മക് ലൂഹനും തന്നെയാണ് ശരിയെന്നും തെളിഞ്ഞിരിക്കുന്നു.
സാധാരണ മാധ്യമപ്രവർത്തകന്റെ മാധ്യമപ്രവർത്തന സ്വഭാവത്തിലേക്കൊന്നു നോക്കിയാൽ മതി ആ മാധ്യമത്തിന്റെ സ്വഭാവമറിയാൻ. അതിന്റെ എഡിറ്ററുടെ സ്വഭാവമറിയാൻ. മാധ്യമപ്രവർത്തനത്തിന്റെ മഹിമയും മർമ്മവും അറിയാത്ത വെറും സിറ്റിസൺ ജേർണലിസ (തെരുവ് മാധ്യമപ്രവർത്തനം) മാനദണ്ഡങ്ങളാൽ നയിക്കപ്പെടുന്ന മാധ്യമത്തിനു മാത്രമേ ഒളിക്ക്യമറാ സംസ്‌കാര മാധ്യമപ്രവർത്തനത്തിലേക്കു നീങ്ങാൻ കഴിയുകയുള്ളു. ഇന്ത്യയിൽ അഴിമതി വ്യാപകമാണെന്ന് എല്ലാവർക്കുമറിയാം. അത് എങ്ങിനെ നടക്കുന്നു എന്നത് കാണിക്കുക മാത്രമാണ് ഒളിക്ക്യാമറകൾ ചെയ്യുന്നുള്ളു. അതിനെ തുടര്‍ന്ന് കൂടുതൽ ഗുഹ്യമായ രീതിയിലുള്ള അഴിമതിയിലേക്ക് അതിലേർപ്പെടുന്നവർ മാറി അഴിമതിക്ക് ശക്തി വർധിപ്പിച്ചു കൊണ്ടുമിരിക്കുന്നു. അഴിമതി എന്ന നിർവചനത്തിൽ കൈക്കൂലിയും മറ്റു പ്രലോഭന വസ്തുക്കളും കൈപ്പറ്റുക എന്നതു മാത്രമല്ല. സമീപനത്തിലെ പരോക്ഷമായ അഴിമതിയാണ് അപകടകരം. കാരണം ആ അഴിമതി വേഷം മാറി ചിരിച്ചു കൊണ്ടായിരിക്കും പ്രത്യക്ഷപ്പെടുക. ചിലപ്പോൾ രക്ഷകരുടെ രൂപത്തിൽ. ശ്വാസം നിലയ്ക്കാറാവുമ്പോൾ മാത്രമായിരിക്കും അറിയുക തങ്ങളുടെ കഥ കഴിയാൻ പോവുകയാണെന്ന്. പ്രത്യക്ഷാഴിമതിയിൽ നിന്ന് ഓടിയൊളിക്കാനും രക്ഷപ്പെടാനുമുള്ള സാധ്യത എപ്പോഴുമുണ്ട്. നേരിട്ട് പണം കൈപ്പറ്റുന്നതിനു പകരം അഴിമതിയെ ഉയർത്തിക്കാട്ടി ഒളിക്ക്യാമറാ ദൃശ്യങ്ങൾ പകർത്തി അത് ജനത്തെ കാണിച്ച് പ്രചാരം വർധിപ്പിച്ച് ലാഭം നേടുന്നത് പ്രത്യക്ഷാഴിമതിയേക്കാൾ ഭയാനകവും ദൂരവ്യാപകമായ പ്രതികൂല ഫലങ്ങൾ സൃഷ്ടിക്കുന്ന അഴിമതിയാണ്. അഴിമതി എന്ന വാക്കുപോലും അതിനെ വിശേഷിപ്പിക്കാൻ അപര്യാപ്തമാണ്. കാരണം അതിന്റെ ദോഷഫലങ്ങൾ തലമുറകളെപ്പോലും സ്വാധീനിച്ചുകൊണ്ടിരിക്കും.
ഒളിക്ക്യാമറാമാധ്യമപ്രവർത്തനം ഒരു പ്രവർത്തന സംസ്‌കാരത്തിന്റെ പ്രയോഗമാണ്. സാങ്കേതികതയാണ് ഉപയോഗിക്കപ്പെടുന്നതെങ്കിലും അതിനുള്ള തീരുമാനമെടുക്കുന്നത് വ്യക്തിയാണ്. അത് ആ വ്യക്തിയുടെ സംസ്‌കാരത്തെ അടിസ്ഥാനമാക്കിയിരിക്കുന്നു. മാധ്യമപ്രവർത്തനത്തെ അതിന്റെ പൂർണ്ണതയിൽ ഉപയോഗിച്ച വ്യക്തിയാണ് മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന മാധ്യമപ്രവർത്തകൻ. ബോധപൂർവ്വമാണ് പത്രപ്രവർത്തകൻ എന്ന പ്രയോഗം ഒഴിവാക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ അദ്ദേഹം ഒരു ഒളിയമ്പുപോലും എയ്തിട്ടില്ല. എന്നാൽ അമ്പുകൾ എയ്യുകയും ചെയ്തു. അമ്പെയ്യണമെങ്കിൽ ഏകാഗ്രത അനിവാര്യം. അതായത് ലക്ഷ്യത്തെ കാണാനുള്ള അർജുനൻകണ്ണാണ് വേണ്ടത്. ആ അർജുനന് ലക്ഷ്യത്തേക്കുറിച്ച് ആശയക്കുഴപ്പമുണ്ടാവുമ്പോൾ ഇപ്പോൾ വലിയ കാര്യങ്ങളെ ഉയർത്തിപ്പിടിച്ച് ലാഭലക്ഷ്യത്തിനുവേണ്ടി മാധ്യമപ്രവർത്തനത്തിലേർപ്പെടുത്തുന്നവരെ കുറ്റപ്പെടുത്തുന്നത് നീതിയുക്തമല്ല. ഗാന്ധിജിയുടെ മാധ്യമപ്രവർത്തനം ശക്തി പ്രകടിപ്പിക്കാൻ കാരണം അദ്ദേഹം സ്വയം മാധ്യമമാണെന്ന അറിവിൽ നിന്നാണ്. ആ ധൈര്യം ജ്ഞാനത്തിൽ നിന്ന് നേടിയതാണ്. അതുകൊണ്ടാണ് അദ്ദേഹം ജനങ്ങളെ ശാക്തീകരിക്കാൻ മാധ്യമങ്ങളെ വിനിയോഗിച്ചത്. ബ്രിട്ടീഷുകാർ മോശക്കാരാണെന്ന് സ്ഥാപിക്കാൻ ഒരിക്കൽപോലും ഗന്ധിജി തുനിഞ്ഞില്ലെന്നു മാത്രമല്ല, അദ്ദേഹം ഓർമ്മിപ്പിക്കുകയുണ്ടായി ബ്രിട്ടീഷുകാർ ഇന്ത്യവിട്ടുപോകുമ്പോൾ അവർ നമ്മുടെ സുഹൃത്തുക്കളായിരിക്കണമെന്ന്. മറിച്ച് ഇന്ത്യയെ അടിമത്തത്തിൽ നിലനിർത്തുന്നതിനു വേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്വം കണ്ടുപിടിച്ച ഭിന്നിപ്പിച്ച് പരസ്പരം യുദ്ധം ചെയ്യിച്ച് തങ്ങളുടെ നിലനിൽപ്പ് ഉറപ്പുവരുത്തുക എന്ന അതേ തന്ത്രമാണ് ഇന്ന് മാധ്യമങ്ങൾ പിൻപറ്റുന്നത്. ഒമ്പതുമണിച്ചർച്ചയും മറ്റു പരിപാടികളിലേക്കുമൊന്നു കണ്ണോടിച്ചാൽ കേരളത്തിലെ കാര്യം തന്നെ ബോധ്യമാകും.
ഒരു ചോദ്യം ഉയർന്നേക്കാം. പെട്ടെന്നൊരാൾക്ക് എങ്ങിനെ ഗാന്ധിയാകാൻ പറ്റും. അദ്ദേഹം തന്നെ ആവർത്തിച്ചു പറയുകയുണ്ടായി, ആരും എന്നേപ്പോലാകാൻ ശ്രമിക്കരുതെന്ന്. ഓരോ വ്യക്തിത്വവും തനിമയും സവിശേഷതയുമാർന്നതുമാണെന്ന്. അതേ സമയം അദ്ദേഹത്തിന്റെ ജീവിതത്തെ മാധ്യമമാക്കി അദ്ദേഹം സന്ദേശം നൽകുകയുണ്ടായി. ചുരുങ്ങിയ പക്ഷം സന്ദേശം എന്താണെന്ന് മനസ്സിലാക്കാനെങ്കിലും ഗാന്ധിജിയിലേക്ക് നോക്കാവുന്നതാണ്. ആരും ഗാന്ധിജിയാകാൻ ശ്രമിക്കേണ്ടതില്ല. അതിന്റെ പേരിൽ ഗോഡ്‌സേ ആയേ പറ്റൂ എന്ന് വാശിയും പിടിക്കേണ്ടതില്ല. ഗാന്ധിജിക്കും ഗോഡ്‌സേയ്ക്കുമിടയിലെങ്കിലും എവിടെയെങ്കിലും നിലയുറപ്പിക്കാൻ മാധ്യമപ്രവർത്തനത്തിലേർപ്പെടുന്നവർക്ക് ഉത്തരവാദിത്വമുണ്ട്. വ്യഭിചാരത്തിലേർപ്പെട്ടാലും ബലാൽസംഗത്തിനെതിരെയുള്ള യുദ്ധം മാധ്യമത്തിലൂടെ നടത്തിക്കൊണ്ട് ആ യുദ്ധത്തിലെ ഇടവേളകളിലെങ്കിലും ആ നടപടിയിലേർപ്പെടാതിരിക്കാനുള്ള ആർജവം മാധ്യമപ്രവർത്തകന് അനിവാര്യമാണ്. അത് പത്രാധിപർക്കും സമിതി അംഗങ്ങൾക്കും. പത്രാധിപർക്കുണ്ടായെങ്കിൽ മാത്രമേ സമിതി അംഗങ്ങൾക്കും അതുണ്ടാവുകയുള്ളു. അതുകൊണ്ടാണ് ഒരു മാധ്യമത്തിന്റെ, അച്ചടിയാണെങ്കിൽ ഒരു വാക്ക്, ചാനലാണെങ്കിൽ ചെറിയം സ്വരം കേട്ടാൽ അറിയാം അതിന്റെ പത്രാധിപർ എവിടെ നിൽക്കുന്നുവെന്ന്.
തെഹൽക്കയിലൂടെ നഷ്ടമായിരിക്കുന്നത് തേജ്പാലിന്റേയും തെഹൽക്കയുടേയും വിശ്വാസ്യതയല്ല. ആ മാധ്യമ സംസ്‌കാരം പിൻപറ്റുന്ന മാധ്യമങ്ങളുടേയും മാധ്യമപ്രവർത്തകരുടേതുമാണ്. ഇന്നിപ്പോൾ മാധ്യമങ്ങൾക്കെതിരെ ഉയരുന്ന മുറവിളികളും അതിന്റെ തെളിവാണ്. യുഗമാറ്റത്തിന്റെ മാറ്റൊലികളും ഇതിലൊക്കെയുണ്ട്. അതിനാൽ ആശങ്കയുടെ ആവശ്യവും അസ്ഥാനത്താണ്. കാരണം നിലവിലുള്ളത് ഇടിഞ്ഞുവീഴാറായതാണെങ്കിൽ അതിനെ മാറ്റിപ്പണിയുക മനുഷ്യന്റെ ഉത്തരവാദിത്വമാണ്. അല്ലെങ്കിൽ അത് ഇടിഞ്ഞുവീഴും. ആ വീഴ്ചയിൽ അതിനുള്ളിലുള്ളവർക്ക് ജീവഹാനിയും അപകടവും സ്വാഭാവികമാണ്. ഭൗതിക ശാസ്ത്രം സൂക്ഷ്മത്തിൽ നിന്ന് അതിസൂക്ഷ്മതലത്തിലേക്ക് പ്രവേശിച്ച് അതിന്റെ നില ഉറപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ആ സൂക്ഷ്മസാങ്കേതികത്വത്തെ പ്രയോഗിച്ചുകൊണ്ട് പരമാവധി സ്ഥൂലകാഴ്ചപ്പാടിലേക്കു നീങ്ങുകയും പ്രയോഗം നടത്തുകയും ചെയ്യുന്നു നാം. പഴയ യുഗത്തിൽ നിന്ന് ഡിജിറ്റൽ യുഗത്തിലേക്കുള്ള മാറ്റത്തെ അറിഞ്ഞുകൊണ്ട് മാറാത്തതിന്റെ പ്രത്യാഘാതമാണത്. അറിഞ്ഞുമാറുന്നവർ അപകടത്തിൽ നിന്ന് ഒഴിവാകും. ആ നിലയ്ക്ക് നായകസ്ഥാനത്ത് മുൻനിരയിൽ നിന്ന് നയിക്കേണ്ട മാധ്യമങ്ങളാണ് ഇന്ന് ആ മാറ്റത്തിന്റെ ഇടിഞ്ഞുവീഴലിൽ പെട്ട് ഉഴലുന്നത്. ഒരേസമയം ഇടിയാറായതിനെ നിലനിർത്താൻ ശ്രമിക്കുകയും ഇടിഞ്ഞതിനെ ആക്രിവിലയ്ക്ക് വാരിയെടുത്ത് വിൽപ്പന നടത്തുകയും ചെയ്യുന്ന ഗതികേട്.
ഈ അവസ്ഥയിൽ മാധ്യമപ്രവർത്തകർ ഏറ്റവും ചുരുങ്ങിയ പക്ഷം സ്വീകരിക്കാവുന്ന കാര്യം മദ്യലഹരിയിൽ നിന്നുകൊണ്ട് മദ്യപാനത്തിന്റെ ദോഷവശങ്ങൾ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ അവതരിപ്പിക്കുന്നതിൽ നിന്നു പിന്മാറുക എന്നതാണ്. അതുപോലെ രാഷ്ട്രീയ പ്രവർത്തകരുടെ ഇടിയിലെ കുതികാൽവെട്ടും വൃത്തികേടുകളും തുറന്നുകാട്ടുമ്പോൾ തന്നോടൊപ്പം പ്രവർത്തിക്കുന്ന തന്റെ സ്ഥാപനത്തിലെ സഹപ്രവർത്തകർക്കെതിരെ അത്തരം പ്രവൃത്തികളിലേർപ്പെടുന്നതിൽ ഗോപ്യതയെങ്കിലും നിലനിർത്തുക. എങ്കിലും ജീർണ്ണതയുടെ ഇടിഞ്ഞുവീഴലിൽ നിന്ന് അവർക്ക് മുക്തി നേടുക സാധ്യമല്ല. ആ ജീർണ്ണത പല രൂപങ്ങളിലായിരിക്കും പ്രത്യക്ഷപ്പെടുക. ചിലപ്പോൾ സ്ഥാപനനാശത്തിന്റെ പേരിൽ. മറ്റു ചിലപ്പോൾ വ്യക്തിപരമായ കാര്യങ്ങളിൽ. അതുമല്ലെങ്കിൽ സ്വന്തം ശരീരത്ത് രോഗരൂപത്തിൽ. കാരണം രോഗഗ്രസ്തമായ മനസ്സിൽ നിന്നു മാത്രമേ ഇത്തരം പ്രവർത്തനം ഉടലെടുക്കുകയുള്ളു. രോഗത്തിനെ അവഗണിക്കാതെ രോഗത്തെ മനസ്സിലാക്കുന്നതു തന്നെ രോഗമുക്തിയിലേക്കു നയിക്കും. കാരണം ആ തിരിച്ചറിവിന്റെ മാധ്യമമാണ് മനസ്സും ശരീരവും. അതുകൊണ്ടുതന്നെയാണ് മാധ്യമം തന്നെയാണെന്ന് സ്വന്തം ജീവിതത്തിലൂടെ തരുൺ തേജ്പാലും നമ്മോടു പറയുന്നത്. തേജ്പാൽ വർത്തമാനകാല മാധ്യമലോകത്തിന്റെ ബാഹ്യമായ സുന്ദരമുഖവും.