മിടുക്കികളും രത്നങ്ങളും പിന്നെ മാധ്യമങ്ങളും

Glint Views Service
Sat, 25-05-2013 02:45:00 PM ;

അനഭിലഷണീയമായത് എന്തുണ്ടോ അതു എടുത്തുകാട്ടുക എന്നതാണ് മാധ്യമപ്രവർത്തനം എന്ന ധാരണയും അതനുസരിച്ചുള്ള പ്രവർത്തനവുമാണ് ഇന്ന്‍ എല്ലാ മാധ്യമങ്ങളുടേയും വിജയത്തിലേക്കുള്ള മൂലധനം. അതുകൊണ്ട് പ്രാദേശികം തുടങ്ങി ലോകത്തെവിടെയുമുള്ള സകല മോശപ്പെട്ട കാര്യങ്ങളും വാർത്തയാകുന്നു. ഒളിഞ്ഞുനോട്ടം വ്യക്തിയുടെ കാര്യത്തില്‍ രോഗമായി മാറുമ്പോൾ മാധ്യമങ്ങളുടെ കാര്യത്തില്‍ തൊഴിലിന്റെ ഭാഗമാകുന്നു. അനഭിലഷണീയമായതു റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങള്‍ പലപ്പോഴും രോഷം കൊള്ളാറുമുണ്ട്. റിപ്പോർട്ടർമാർ പലപ്പോഴും ആക്ടിവിസ്റ്റുകളായി സ്‌ക്രീനില്‍ പരിണമിക്കുന്നതു കാണാം.

 

ദില്ലി കൂട്ട ബലാല്‍സംഗക്കേസ്സില്‍  പ്രതിയായ ആണ്‍കുട്ടി രാജുവിന് കഷ്ടിച്ച് പതിനേഴ് വയസ്സ്. ആ പതിനേഴുകാരനാണ് പെണ്‍കുട്ടിയെ ഏറ്റുവും പൈശാചികമായി പരിക്കേല്‍പ്പിച്ചത്. ഒരു നിഷ്‌കളങ്കനായ വ്യക്തി ഉഗ്രശേഷിയുള്ള പീഡകനായി മാറാൻ ഏതാനും വർഷങ്ങൾ മതി എന്നാണ് ഇതു തെളിയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബ്രോഡ്കാസ്റ്റിംഗ് കണ്ടന്റ് കംപ്ലയിന്റ്‌സ് കൌണ്‍സില്‍ (BCCC) രാജ്യത്തെ കാര്‍ട്ടൂണ്‍ ചാനലുകൾക്ക് നല്‍കിയിരിക്കുന്ന നിർദ്ദേശം ശ്രദ്ധേയമാകുന്നത്. കാർട്ടൂണുകളുടെ ഉള്ളടക്കം തിരഞ്ഞെടുക്കുന്നതില്‍ വിവേകവും വിവേചനബുദ്ധിയും പുലർത്തണമെന്നാണ് ബിസിസിസി ചാനലുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുതിർന്ന വ്യക്തികൾ കാണിക്കുന്ന  വഷളസ്വഭാവവും അക്രമണരീതികളും തുടങ്ങി ഒരു വ്യക്തിയെ എങ്ങിനെ ഒന്നാംതരം  കുറ്റവാളിയാക്കി മാറ്റാമെന്നുള്ള വിധത്തിലുള്ള കാർട്ടൂണുകളാണ് മിക്കവയും. അവയില്‍  കൂടുതലും ഇറക്കുമതി ചെയ്ത് വികലമായി മൊഴിമാറ്റം നടത്തിയതും. ഇതു കുഞ്ഞുമനസ്സുകളെ അധമവികാരത്തിലാഴ്ത്തി സമൂഹത്തില്‍ കുറ്റവാസനയുള്ളവരായി പെരുമാറാൻ പ്രേരിപ്പിക്കുമെന്നതുകൊണ്ടാണ് ബിസിസിസി ഈ നിർദേശം  നല്‍കിയിരിക്കുന്നത്.

 

കഴിവ് (Ability), മേന്മ (Quality)യോടൊപ്പം വരുമ്പോൾ മാത്രമേ വ്യക്തിക്കും സമൂഹത്തിനും പ്രയോജനകരമാകുകയുള്ളു. അല്ലെങ്കില്‍ വ്യക്തിയ്ക്കും സമൂഹത്തിനും  ആ കഴിവ് നാശവും അപമാനവും ആകും.

 

ലോകത്തെ മുഴുവൻ ക്രമക്കേടുകൾക്കും പ്രശ്‌നങ്ങൾക്കും കാരണം മറ്റുള്ളവർ എന്ന  പൊതുസമീപനമാണ് മാധ്യമങ്ങൾ എടുക്കുക. യഥാർഥത്തില്‍ വ്യാപകമായ തലത്തില്‍  വർത്തമാനലോകത്തിന്റെ മനോനിർമിതിയില്‍ മുഖ്യപങ്ക് വഹിക്കുന്നത് മാധ്യമങ്ങളാണ്. വൈകാരികത, ബന്ധങ്ങളിലെ സൂക്ഷ്മാംശങ്ങൾ, താല്‍പ്പര്യങ്ങൾ, ഇഷ്ടാനിഷ്ടങ്ങൾ,  വേഷം, ഭാഷ തുടങ്ങി ഒരു വ്യക്തിയുടെ മൂല്യത്തെ നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കാണ് മാധ്യമം വഹിക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും മികവുറ്റ സ്വിംഗ് ബൌളര്‍ എന്ന് ഗ്രെഗ് ചാപ്പല്‍ വിശേഷിപ്പിച്ച ശ്രീശാന്ത് ഇപ്പോൾ ദില്ലിപോലീസിന്റെ കസ്റ്റഡിയില്‍. കാരണം,  ആ കഴിവുറ്റ കളിക്കാരന്റെ മൂല്യബോധം. ഇതാണ് വ്യക്തിയും മൂല്യവും കഴിവും തമ്മിലുള്ള ബന്ധം. കഴിവ്(Ability)മേന്മ (Quality)യോടൊപ്പം വരുമ്പോൾ മാത്രമേ വ്യക്തിക്കും സമൂഹത്തിനും പ്രയോജനകരമാകുകയുള്ളു. അല്ലെങ്കില്‍ വ്യക്തിയ്ക്കും സമൂഹത്തിനും  ആ കഴിവ് നാശവും അപമാനവും ആകും. മാധ്യമലോകം കഴിവ് കാണുമ്പോൾ അതിനെ മേന്മയായി ചിത്രീകരിച്ച് അങ്ങിനെയുള്ളവരെ താരങ്ങളാക്കുന്നു.  താരമാക്കിയതിനുശേഷം ആ വ്യക്തിയെ അമാനുഷിക വ്യക്തിത്വമാക്കി സാധാരണക്കാരില്‍ നിന്നും അകറ്റി ദൂരെ പ്രതിഷ്ഠിക്കുന്നു. അതിനു ശേഷം  ശരാശരി മനുഷ്യന്റെ ഗുണഗണങ്ങൾ ഉയർത്തിപ്പിടിച്ച് അവരും തങ്ങളെപ്പോലെയെന്ന്‍  വായനക്കാർക്കും പ്രേക്ഷകർക്കുമൊക്കെ തോന്നുന്ന വിധം അവരുടെ സ്വഭാവവൈശിഷ്ട്യങ്ങൾ നിരത്തുന്നു. ഇങ്ങനെയുള്ള സുഖിപ്പിക്കല്‍  മാധ്യമപ്രവർത്തനമാണ് പൈങ്കിളി മാധ്യമപ്രവർത്തനം. ഇന്ന്‍ ഇത് അംഗീകരിക്കപ്പെട്ട, ഇതാണ് പ്രധാന മാധ്യമപ്രവർത്തനം എന്ന അവസ്ഥ സംജാതമായിരിക്കുന്നു.

 

ഈ പൈങ്കിളി മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി അവരുടെ വൈകൃതങ്ങളും സ്വഭാവവൈകല്യങ്ങളും വരെ ഉദാത്തവല്‍ക്കരിക്കപ്പെടുന്നു. ശ്രീശാന്ത് തിളങ്ങിത്തുടങ്ങിയ വേളയില്‍ അദ്ദേഹത്തെക്കുറിച്ച് അവാർഡുകൾ  ധാരാളം ലഭിച്ചിട്ടുള്ള ഒരു മാധ്യമപ്രവര്‍ത്തകന്‍  ഒരു പ്രമുഖപത്രത്തിന്റെ  ഒന്നാം പേജില്‍ ഒരു കളിയുടെ പശ്ചാത്തലത്തില്‍  റിപ്പോർട്ടെഴുതുകയുണ്ടായി. അതില്‍ 'വാടാ എന്നു വിളിച്ചാല്‍   പോടാ' വിളിക്കുന്ന സ്വഭാവമാണ് ശ്രീശാന്തിന്റെ ഏറ്റവും വലിയ ഗുണവും കളിക്കളത്തില്‍  അദ്ദേഹത്തിന്റെ തുണക്കെത്തുന്നതെന്നും എഴുതുകയുണ്ടായി. വിദേശ കളിക്കാരോട്  ഇത്തരത്തില്‍ പെരുമാറാൻ ആത്മവിശ്വാസമുള്ള കളിക്കാർ ഇന്ത്യൻ ടീമില്‍  ഉണ്ടായിട്ടില്ലെന്ന ധ്വനിയും ആ റിപ്പോർട്ടിലുണ്ടായിരുന്നു. ഈ റിപ്പോർട്ട് വായിക്കുന്ന ഒരു കൗമാരക്കാരനോ/ക്കാരിയോ ഈ സംസ്‌കാരത്തെ കേമമായി കണ്ടാല്‍  അതിശയിക്കാനില്ല. ആരേയും പരസ്യമായി തെറിവിളിക്കുന്നതും അടിക്കുകയോ  ഇടിക്കുകയോ ചെയ്യുന്നതാണ് സ്ത്രീശാക്തീകരണമെന്ന ധാരണ ഉറച്ചതും ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്. പ്രതികരിക്കുക എന്നാല്‍ ആക്രമിക്കുക എന്ന സമവാക്യവും  ക്രമേണ പ്രതിഷ്ഠിതമായി. തിരുവനന്തപുരത്ത് അമൃത എന്ന പെണ്‍കുട്ടി തന്നെ കമന്റടിച്ച യുവാക്കളെ ശാരീരികമായി കൈകാര്യം ചെയ്തത് വൻ പ്രചാരം നേടുകയുണ്ടായി. തുടർന്ന്‍ ചാനലുകളില്‍ താരമായി. അമൃതയുടെ അഭിപ്രായം ആരാഞ്ഞ് വാർത്തകളില്‍ ചേർക്കുന്ന സ്ഥിതി വന്നു. ഒരു പ്രമുഖപത്രം ഒരുപേജ് മുഴുവൻ അമൃതയുടെ പൂർണ്ണകായച്ചിത്രം പ്രസിദ്ധീകരിച്ചു. അതിനുകൊടുത്ത തലവാചകം 'ബലേ ഭേഷ് അമൃത' എന്നായിരുന്നു. പിന്നീട് ട്രാഫിക്കിലുണ്ടായിരുന്ന ക്യാമറയിലെ ചിത്രങ്ങളില്‍ കണ്ടത് അമൃതയല്ല, ആ കുട്ടിയുടെ സഹോദരനും അച്ഛനും കൂടി യുവാക്കളെ കൈകാര്യം ചെയ്യുന്നതാണ്. അതിനു ശേഷം അമൃത താരമായി തുടരുന്നുവെങ്കിലും ആ കേസിന്  എന്തു സംഭവിച്ചു എന്ന്‍ മാധ്യമങ്ങൾ ഇതുവരെ അറിയിച്ചിട്ടില്ല.

 

ഗ്ലാമറായി വേഷം ധരിക്കുന്നത്, സ്ത്രീശാക്തീകരണമാണെന്ന ധാരണ മാധ്യമങ്ങൾ സൃഷ്ടിക്കുകയും അതിനുശേഷം അത്തരം വനിതകളെ മാധ്യമങ്ങൾ വിജയിച്ച വനിതകളാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു. അത്തരം ശക്തകളായ വനിതകളുടെ പ്രകടനമാണ് താരനിശകളിലൂടെ എല്ലാ ചാനലുകളും നടത്തുന്നത്.

 

സ്ത്രീകളെ വെറും കാമോപകരണങ്ങളായി കാണുന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകൾ വ്യാപകമായി പലതരം പീഡനങ്ങൾക്കിരയാവുന്നതു വർധിച്ചുവരുന്നു. സ്ത്രീകളെ ഈ കാഴ്ചപ്പാടില്‍ അല്ലാതെ കാണരുതെന്ന്‍ വാശിപിടിച്ചാല്‍ പോലും മനുഷ്യനെ മൃഗാവസ്ഥയേക്കാൾ താഴേക്കു വലിച്ചുകൊണ്ടുപോകുന്ന വിധമാണ് ചാനലുകളും ഇപ്പോൾ പത്രങ്ങളും എല്ലാ പരിപാടികളും തയ്യാറാക്കുന്നത്. നഗ്നത അശ്ലീലമല്ല. കാരണം മനുഷ്യശരീരത്തില്‍ ഒരുഭാഗവും അശ്ലീലമായില്ല. നഗ്നതയെ അശ്ലീലമാക്കി മാറ്റി,  അതിനുശേഷം അതു പ്രദർശിപ്പിച്ചുകൊണ്ടുള്ള ഫാഷനെ ഗ്ലാമറെന്ന്‍ വിളിച്ച്, എല്ലാ  പരിപാടികളിലും അവതരണങ്ങളിലും ഗ്ലാമർ കൊണ്ടുവരിക എന്നതാണ് ചാനലുകളും ചാനലുകളിലൂടെ വിപണിയും ശ്രമിക്കുന്നത്. ഗ്ലാമറായി വേഷം ധരിക്കുന്നത്, സ്ത്രീശാക്തീകരണമാണെന്ന ധാരണ മാധ്യമങ്ങൾ സൃഷ്ടിക്കുകയും അതിനുശേഷം അത്തരം വനിതകളെ മാധ്യമങ്ങൾ വിജയിച്ച വനിതകളാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു. അത്തരം ശക്തകളായ വനിതകളുടെ പ്രകടനമാണ് താരനിശകളിലൂടെ എല്ലാ  ചാനലുകളും നടത്തുന്നത്. ചിലപ്പോൾ നഗ്നതയെ തികച്ചും നഗ്നമായി കാണിക്കാൻ പാകത്തില്‍ വിദേശത്തുനിന്ന്‍ ഇറക്കുമതി ചെയ്തും കാണികളുടെ മുൻപില്‍  അവതരിപ്പിക്കുന്നു. ചാനലുകളുടെ വരുമാന മാർഗത്തിലെ ഒരു മുഖ്യ ഇനമാണ് ഈ പ്രക്രിയ. ഈ രംഗങ്ങൾക്ക് സാംസ്‌കാരികമായ വിശ്വാസ്യതയും സർട്ടിഫിക്കറ്റും  നേടുന്നത് ഇത്തരം ചടങ്ങുകളില്‍ കേരളത്തിലെ പ്രമുഖ സാംസ്‌കാരിക നായകരെ ഏതെങ്കിലും വകുപ്പില്‍ പങ്കെടുപ്പിച്ചുകൊണ്ടാണ്.

 

ചാനലുകളുടെ സ്ത്രീശരീര ദൃശ്യവിപണന സാധ്യത കണ്ടിട്ടും അത് സംജാതമാക്കിയ സാമൂഹ്യ അന്തരീക്ഷം പരിഗണിച്ചും ഇക്കാര്യത്തില്‍ ഇപ്പോൾ പത്രങ്ങളും ചാനലുകളുമായി മത്സരിക്കുന്നു. വിഷയം ആരോഗ്യമായിക്കൊള്ളട്ടെ, ഫാഷനായിക്കൊള്ളട്ടെ, സ്‌പോർട്സായിക്കൊള്ളട്ടെ, സിനിമയായിക്കൊള്ളട്ടെ, വിഷയം ഏതുമായിക്കൊള്ളട്ടെ  ഗ്ലാമർച്ചിത്രങ്ങളുടെ സമീപദൃശ്യങ്ങൾ ഇല്ലാതെ പറ്റില്ല. ഈ ഗ്ലാമർ വേഷങ്ങളില്‍ വസ്ത്രത്തിന്റെ പ്രസക്തി, നിലവിലുള്ളതിനേക്കാൾ വർധിതമായ രീതിയില്‍ സെക്‌സി അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്. അവിടെ വസ്ത്രത്തിന്റെ പ്രാഥമിക പ്രസക്തിയെ വെല്ലുവിളിച്ചുകൊണ്ട് അതിന് നേർവിപരീതത്തിന്റെ വർധിതാവസ്ഥയ്ക്കായി വസ്ത്രത്തെ ഉപയോഗിക്കുന്നു. നിത്യജീവിതത്തില്‍ ഇത്തരം രീതിയിലേക്കു മാറാൻ കഴിയാത്ത പെണ്‍കുട്ടികളും സ്ത്രീകളും സ്വാഭാവികമായി മാധ്യമങ്ങൾ സമൂഹത്തില്‍ നിക്ഷേപിക്കുന്ന  കാഴ്ചപ്പാടനുസരിച്ച് ദുർബലകളും ഗ്ലാമറില്ലാത്തവരുമാകുന്നു. ബഹുഭൂരിപക്ഷത്തില്‍ ഇത് അപകർഷതാബോധവും ആന്തരികസംഘട്ടനവും ഉണ്ടാക്കുന്നു. ചിലർ ആ ഗ്ലാമര്‍ അവസ്ഥയിലേക്കെത്തിപ്പെട്ട് സ്വയം രക്ഷപ്പെടാൻ ശ്രമിക്കുന്നു.

 

Rima Kallingal. Ranjini Haridas

മാധ്യമങ്ങൾ ഇത്തരത്തില്‍ അനുനിമിഷം പുതിയ മൂല്യങ്ങൾ സൃഷ്ടിക്കുന്നു. മൂല്യം  അനുസരിച്ചു മാത്രമേ ഒരു വ്യക്തിക്കു പ്രവർത്തിക്കാൻ കഴിയൂ. ലാഭമുണ്ടാക്കാനുള്ള  പരിപാടി തേടിയുള്ള പ്രയാണത്തില്‍ ഇനി കിടപ്പറരംഗ റിയാലിറ്റിഷോയും താമസിയാതെ പ്രതീക്ഷിക്കാവുന്നതാണ്. ചാനലുകളാണ് കേരളത്തിലെ വനിതാ രത്‌നങ്ങളേയും മിടുക്കികളേയുമൊക്കെ നിശ്ചയിക്കുന്നത്. അതിലൂടെയും സംഭവിക്കുന്നത്  മൂല്യസൃഷ്ടിയാണ്. റിമ കല്ലിങ്കല്‍ നല്ല നടിയാണ്. രഞ്ജിനി ഹരിദാസ് ഏതുരീതികൊണ്ടാണെങ്കിലും ജനശ്രദ്ധയാകർഷിച്ച ടെലിവിഷൻ അവതാരകയും. ഇരുവരും അല്പവസ്ത്രധാരണത്തിലൂടെ ടെലിവിഷൻ സ്‌ക്രീനിലൂടെ  പ്രചാരത്തിലെത്തിയവർ. ഇവരെയാണ് കേരളത്തിലെ മാധ്യമങ്ങൾ യുവതലമുറയുടെ മാതൃകകളായി അവതരിപ്പിക്കുന്നത്. ഏതു വിഷയത്തിലും മാധ്യമങ്ങൾ ഇവരുടെ അഭിപ്രായം ജനത്തെ അറിയിക്കാറുമുണ്ട്. അതതു മേഖലയിലെ ഇവർ രണ്ടുപേരുടേയും കഴിവ് പ്രേക്ഷകർക്കറിയാം. മേന്മ അറിയേണ്ടിയിരിക്കുന്നു. എന്നാല്‍ ജനസമക്ഷം ഇവരെ കേരളത്തിലെ  വനിതകൾക്കിടയിലെ മിടുക്കരെയും രത്‌നങ്ങളേയും തിരഞ്ഞെടുക്കാനുള്ള ശ്രേണിയിലേക്കുയർത്തുമ്പോൾ ആ ചാനലുകളുടെ വ്യക്തിത്വവും കാഴ്ചപ്പാടുമാണ് വെളിവാക്കുന്നത്. അതായത് മേന്മ (Quality). ഇത് പ്രേക്ഷകർ മനസ്സിലാക്കേണ്ടതാണ്. ഇല്ലെങ്കില്‍ ലാഭം മാധ്യമങ്ങൾക്കും നഷ്ടം പ്രേക്ഷകർക്കുമാണ്. പ്രേക്ഷകരുടെ നഷ്ടം വ്യക്തികളുടെയും കുടുംബങ്ങളുടെയും നാശത്തിലൂടെയായിരിക്കും സംഭവിക്കുക. വഴിതെറ്റുമ്പോൾ സംഭവിക്കുന്ന അപകടങ്ങളുടെ വാർത്തകൾകൊണ്ട് ഈ മാധ്യമങ്ങൾ നിറഞ്ഞിരിക്കുന്നു. അത്തരം വാർത്തകളിലും മാധ്യമങ്ങൾ ലാഭസാധ്യത കണ്ടെത്തുന്നത്  ഓർക്കേണ്ടതാണ്. ബിസിസിസി താമസിയാതെ പൊതുവേയുള്ള ഉള്ളടക്ക സംബന്ധമായും മാധ്യമങ്ങൾക്ക് നിർദ്ദേശം നല്‍കും. കാരണം ഇതിനകം തന്നെ  ബിസിസിസി ഓഫീസ് പരാതികൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചാനലുകൾ പ്രേക്ഷകരെ അറിയിക്കുന്നില്ലെന്ന് മാത്രം.

 

ജനാധിപത്യ സമൂഹത്തില്‍ സ്വതന്ത്രമായ മാധ്യമം ഏറ്റവും അനിവാര്യമായ ഒന്നാണ്. ഇന്ന്‍ മാധ്യമങ്ങൾ സ്വാതന്ത്ര്യം അനുഭവിക്കുന്നു. എന്നാല്‍ അത് ജനാധിപത്യത്തിനും ജനങ്ങൾക്കും ദോഷകരമായ രീതിയില്‍ വിനിയോഗിക്കപ്പെടുന്നതിന്റെ ഉദാഹരണങ്ങളാണ് കൂടുതലും. നിയന്ത്രിതമായ മാധ്യമങ്ങൾ ആശാസ്യമല്ല. ഇപ്പോഴത്തെ അവസ്ഥയില്‍ പോലും. മാധ്യമങ്ങൾ എത്രതന്നെ ഉത്തരവാദിത്വമില്ലാതെ പ്രവർത്തിച്ചാല്‍ പോലും. കാരണം ഉത്തരവാദിത്വമില്ലാത്ത പ്രവർത്തനത്തിലൂടെപ്പോലും മാധ്യമസാന്നിദ്ധ്യം ഒട്ടേറെ കാതലായ ധർമങ്ങൾ നിർവഹിക്കുന്നു. അതില്ലാതാകുകയാണെങ്കില്‍ ദുർബലസാഹചര്യങ്ങളില്‍ കഴിയേണ്ടിവരുന്നവരുടെ  യാതനകൾ വർധിക്കും. പലവിധ ചൂഷകശക്തികളും ഇപ്പോഴുള്ളതിനേക്കാൾ ശക്തിയാർജിക്കും. എന്നാല്‍ ഇന്നത്തെ മാധ്യമസ്വഭാവം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പൊതുസമൂഹത്തില്‍ നിന്ന്‍ അനുമതി ലഭ്യമാക്കുന്ന  വിധമാണ്. ബിസിസിസി പോലും ആ വഴിക്കുള്ള നീക്കമാണ് നടത്തുന്നത്. ബിസിസിസിയില്‍  വന്നുകുമിയുന്ന പരാതികൾ നിയന്ത്രണം വേണമെന്നുളള പൊതുസമൂഹത്തിന്റെ സമീപനമാണ്. ഈ പശ്ചാത്തിലത്തില്‍ മാധ്യമനിയന്ത്രണങ്ങൾ വന്നാല്‍ അതിനുത്തരവാദി ഇന്നത്തെ മുഖ്യധാരാ മാധ്യമങ്ങൾ തന്നെയാണ്. ആന്തരികശക്തി വാക്കുകളിലൂടെയും അതിന്റെ പ്രസരണം കണ്ണുകളിലൂടെയും മുഖദാവിലൂടെയും പ്രസരിക്കാൻ പര്യാപ്തമാവില്ല എന്ന തോന്നലില്‍ നിന്നാണ് ശരീരപ്രദർശനത്തിലൂടെ ശ്രദ്ധയിലേക്കുവരാൻ ശ്രമിക്കുന്നത്. അതുപോലെ ഉള്ളടക്കത്തില്‍  ആത്മവിശ്വാസമില്ലാതെ വരുമ്പോഴാണ് മാധ്യമങ്ങൾ മറ്റ് വഴികൾ തേടുന്നത്. ഇവിടെ ആവശ്യം മാധ്യമങ്ങൾ മാധ്യമപ്രവർത്തനം കാഴ്ചവയ്ക്കുക എന്നതാണ്.അതിന് വേറൊരു ഉപാധിയുമില്ല.ആ പണി അറിയുകതന്നെ വേണം.

Tags: