ജ്യോതി വെളിച്ചത്തില്‍ തെളിയുന്ന മതിലിലെ ചുവരെഴുത്ത്

Glint Staff
Thu, 27-12-2018 05:44:04 PM ;

 women-wall-ayyappajyothi

അയ്യപ്പ ജ്യോതി ബുധനാഴ്ച വൈകിട്ട് തെളിഞ്ഞു. കാസര്‍ഗോഡ് ഹൊസങ്കിടി മുതല്‍ കന്യാകുമാരി വരെ. 'തമസോമ ജ്യോതിര്‍ഗമയ' എന്നാണ് ജ്യോതിയെ തെളിയിച്ചു കൊണ്ട് ബി.ജെ.പി നേതാക്കള്‍ പറഞ്ഞത്. 'സത്യം വദ ധര്‍മ്മം ചര' എന്നതാണ് ഭാരതീയ സംസ്‌കൃതിയുടെ പ്രയോഗ മുഖം. ഭാരതീയ സംസ്‌കൃതി പ്രതീകമായ ബിംബത്തെ സാക്ഷി നിര്‍ത്തി ബി.ജെ.പി നേതാക്കള്‍ക്ക് ഒന്ന് സ്വയം ആലോചിക്കാവുന്നതാണ്, തങ്ങള്‍ പറഞ്ഞത് സത്യമാണോ എന്നും അതനുസരിച്ചിട്ടാണോ ജ്യോതി തെളിച്ച് പ്രവര്‍ത്തിച്ചത് എന്നും. വെറും രാഷ്ട്രീയ ലക്ഷ്യമാണ് ജ്യോതിക്ക് പിന്നിലുള്ളതെന്ന് പറഞ്ഞവര്‍ക്കുമറിയാം കേട്ട എല്ലാവര്‍ക്കുമറിയാം. പിന്നെ എന്തിന് ഇങ്ങനെ നാണം മറയ്ക്കാന്‍ കഴിയാത്ത വസ്ത്രം പോലുള്ള മറ തീര്‍ക്കുന്നു. ഇത് ബി.ജെ.പി നേതാക്കളും ജ്യോതിയില്‍ പങ്കെടുത്തവരും സ്വയം ചോദിച്ചക്കാന്‍ തുടങ്ങിയാല്‍, ചുരുങ്ങിയ പക്ഷം ഇരുമുടിക്കെട്ടിന്റെ ഒരു മുടി നിറയ്ക്കലായി.

 

വനിതാ മതിലിലേക്ക് വരുമ്പോള്‍ ഇനിയും വ്യക്തമാകാത്തത് മതില്‍ എന്തിന് വേണ്ടി എന്നുള്ളതാണ്. അത് ഇപ്പോഴും തമസില്‍ തന്നെ. നവോത്ഥാന മൂല്യ സംരക്ഷണ നായകനായി സര്‍ക്കാരിനാല്‍ നിയമിക്കപ്പെട്ട എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയുന്നു മതില്‍ ശബരിമല യുവതീ പ്രവേശത്തിന് വേണ്ടി അല്ല എന്ന്. എന്നാല്‍ നാട് മുഴുവന്‍ മതിലുകളിലും ബാനറുകളിലും പറയുന്നു ശബരിമല യുവതീ പ്രവേശത്തെ എതിര്‍ത്ത ശക്തികളെ തോല്‍പ്പിക്കാനാണ് മതിലെന്ന്. അപ്പോള്‍ വീണ്ടും ചോദ്യം ഉയരുന്നു മതില്‍ എന്തിന് വേണ്ടി?

 

നവോത്ഥാന മൂല്യങ്ങള്‍ എന്ന് മതിലുകെട്ടുകാര്‍ പറയുന്നതല്ലാതെ എന്താണ് നവോത്ഥാന മൂല്യങ്ങളെന്ന് ആരും മിണ്ടുന്നില്ല. ബുദ്ധിജീവികളാകട്ടെ മഹാ നിശബ്ദതയിലും. സര്‍ക്കാര്‍ ചുരുങ്ങിയ പക്ഷം ഒരു കാര്യം കൂടി വ്യക്തമാക്കേണ്ടതുണ്ട്. ഈഴവ മഹാസമ്മേളനം നടത്തി ജാതി പറയണം എന്ന് പ്രഖ്യാപിക്കുകയും, മദ്യവ്യവസായത്തിലൂടെ കടന്നുവരികയും, കോടികളുടെ മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ അന്വേഷണം നേരിടുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശനാണോ നവോത്ഥാന നായകനെന്ന്.  അദ്ദേഹത്തിന്റെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് പ്രാവര്‍ത്തികമാക്കുകയാണോ മലയാളി ചെയ്യേണ്ടതെന്നും സര്‍ക്കാര്‍ പറയേണ്ടതുണ്ട്. കാരണം ഇത് സര്‍ക്കാര്‍ മതിലാണ്. ഈ ചുവരെഴുത്തുകള്‍ കേരളത്തിന്റെ ഗതിയെ നിര്‍ണയിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതും ഓര്‍ക്കേണ്ടതുണ്ട്.

 

അഗ്നിക്ക് രണ്ട് വഴികളാണുള്ളത്. ഒന്ന് സര്‍ഗാത്മകതയുടേത്. അത് സത്യത്തിന്റെ വഴി. രണ്ട് നാശത്തിന്റേത്. അത് അധാര്‍മ്മികതയുടെ പാത. കേരളത്തിലെ ജ്യോതി വാഹകര്‍ ഇത് ആലോചിക്കേണ്ടതുണ്ട്. ജ്യോതി വാഹകരും മതില്‍ കെട്ടുകാരും ചേര്‍ന്ന് പ്രളയാനന്തര കേരളത്തെ കൊടിയ ദുരന്തങ്ങളിലേക്ക്  നയിക്കുന്നു എന്നുള്ളതാണ് ജ്യോതി വെളിച്ചത്തില്‍ തെളിയുന്ന മതിലിലെ ചുവരെഴുത്ത്.

 

Tags: