ശബരിമലയിലൂടെ കേരളം കലങ്ങിയപ്പോള്‍ തെളിയുന്നത്

Glint Staff
Thu, 25-10-2018 06:48:14 PM ;

ശബരിമല കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെയും രാഷ്ട്രീയ അവസ്ഥയെയും നന്നായിട്ട് കലക്കിയിട്ടുണ്ട്. ഈ കലക്കവെള്ളത്തില്‍ നല്ല വലയുള്ളവര്‍ക്കും വീശ് അറിയാവുന്നവര്‍ക്കും മികച്ച കോര് കിട്ടുന്ന സാഹചര്യമാണുള്ളത്. ഈ കലക്കല്‍ സ്വാഭാവികമായി ഉണ്ടായതല്ല. ഇതിന്റെ പിന്നില്‍ ഒരു ശ്രമമുണ്ട്. ആ ശ്രമത്തിന്റെ പിന്നില്‍ ഒരു ലക്ഷ്യത്തെയും കാണാം. കലക്കം എന്താണെന്ന് നോക്കാം.

 

കലക്കം

കേരളത്തിലെ വിശ്വാസി സമൂഹം ഒരിക്കലുമില്ലാത്ത വിധം ഒന്നിച്ചിരിക്കുന്നു. എല്‍.ഡി.എഫിന് പരസ്യമായി അനുകൂല നിലപാട് സ്വീകരിച്ചിരുന്ന എന്‍.എസ്.എസ് തെരുവിലിറങ്ങിയ വിശ്വാസി സമൂഹത്തിന്റെ മുഖ്യധാരയെ സൃഷ്ടിച്ചു. അതിന്റെ നേതൃത്വമാകട്ടെ ബി.ജെ.പിക്കും. മുഖ്യമന്ത്രിയുടെയും ഇടതുപക്ഷത്തിന്റെയും പ്രധാന ആരോപണം ബി.ജെ.പിയുടെ നേതൃത്വത്തെ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു. കാരണം ബി.ജെ.പിയും ആര്‍.എസ്.എസ്സും ആണ് ഈ ശബരിമല വിഷയം കലാപത്തിലേക്ക് നയിക്കുന്നതെന്നാണ് ആരോപണം. കോണ്‍ഗ്രസിനെയും ആ കൂട്ടത്തിലേക്ക് എല്‍.ഡി.എഫ് മാറ്റി നിര്‍ത്തുന്നുണ്ട്. പ്രതിഷേധത്തിലേക്ക് നോക്കുമ്പോള്‍ അത് ശരിയുമാണ്. പ്രതിഷേധക്കാരുടെ ശക്തി അനുനിമിഷം കത്തിക്കുകയും അതിലേക്ക് ഊര്‍ജ്ജം പകരുകയും ചെയ്യുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്.

 

തെളിഞ്ഞ് വരുന്നത്
 
നിലവില്‍ ഈ പ്രതിഷേധത്തില്‍ കാണുന്നത് ശക്തിപ്രാപിക്കുന്ന ബി.ജെ.പിയെയും, ക്ഷയം സംഭവിക്കുന്ന കോണ്‍ഗ്രസിനെയും ഐക്യ ജനാധിപത്യ മുന്നണിയെയുമാണ്. കോണ്‍ഗ്രസിനാകട്ടെ ഇപ്പോള്‍ കേരളത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ ലഭ്യമായിരിക്കുന്നത് ഉന്മേഷഭരിതമല്ലാത്ത ഒരു നേതൃത്വത്തെയുമാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു ത്രികോണ മത്സരത്തിനാണ് സാധ്യതയേറുന്നത്. അങ്ങനെ വരുമ്പോള്‍ പ്രധാന മത്സരം ബി.ജെ.പിയും ഇടത് മുന്നണിയും തമ്മില്‍ ആകും. അതില്‍ സി.പി.എമ്മിനും ഇടതുപക്ഷത്തിനും സ്വാഭാവികമായി മേല്‍ക്കൈ നേടാന്‍ കഴിഞ്ഞേക്കും. അതിലൂടെ അപ്രസക്തമാകുന്ന കോണ്‍ഗ്രസും ശക്തിപ്രാപിക്കുന്ന എന്‍.ഡി.എയും ഇടതുപക്ഷവും കേരളത്തിലെ രാഷ്ട്രീയ ധ്രുവീകരണത്തിന് രൂപം നല്‍കും. എന്നാല്‍ അത് ഇടതുപക്ഷത്തിനും സി.പി.എമ്മിനും ഒരു തിരഞ്ഞെടുപ്പിനപ്പുറത്തേക്ക് എത്രമാത്രം ഗുണം ചെയ്യുമെന്നുള്ളത് കണ്ടറിയണം.

 

 

Tags: