ഇന്ധനവില നിശ്ചയിക്കേണ്ടത് ഉപഭോക്താക്കള്‍

Glint staff
Tue, 16-01-2018 06:33:08 PM ;

petrol-diesel-price

ഇന്ധനവില കുതിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഡീസല്‍ വില 67 രൂപ കടന്നിരിക്കുന്നു. പെട്രോള്‍ വില 75 നും മേലെ എത്തി. വില നിയന്ത്രണാധികാരം ഇന്ധനകമ്പനികള്‍ക്ക്  കൈമാറിയതു മുതല്‍ ആരംഭിച്ച പ്രതിഭാസമാണിത്. രാജ്യാന്തര വിലയ്ക്കനുസരിച്ച് അന്നന്ന് തന്നെ നിരക്ക് മാറ്റാമെന്ന് ആയതോട് കൂടി അത് പൂര്‍ണതയില്‍ എത്തി. വര്‍ദ്ധനവ് ചെറിയ തോതിലായത്‌കൊണ്ട് ജനങ്ങള്‍ അത് കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ഈ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ പെട്രോളിനും ഡീസലിനും പത്തു രൂപയോളമാണ് കൂടിയത്. ഡിസംബര്‍ 29 മുതല്‍ ശരാശരി ഒരുദിവസം പെട്രോളിന് 12 പൈസയും ഡീസലിന് 20 പൈസയുമാണ് കൂടിയത്.

 

ഒരു വസ്തുവിന് വില വര്‍ദ്ധിക്കുകയാണെങ്കില്‍ അതിനോട് ബന്ധപ്പെട്ട് നില്‍ക്കുന്ന മറ്റ് വസ്തുക്കള്‍ക്കും വില ഉയരും. എന്നാല്‍ ഇന്ധനവിലയില്‍ ഉണ്ടാകുന്ന മാറ്റം പ്രത്യേക മേഖലയില്‍ മാത്രം നില്‍ക്കാതെ സേവനങ്ങളുള്‍പ്പെടെയുള്ള എല്ലാമേഖലയെയും ബാധിക്കും. വേണമെങ്കില്‍ റിസര്‍വ് ബാങ്ക് വായ്പാനയം നമ്മുടെ സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കുന്നതിനേക്കാള്‍ മാറ്റം അതുണ്ടാക്കും എന്ന് പറയാം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമുക്കാവശ്യമുള്ള ഭൂരിഭാഗം ഇന്ധനവും ഇറക്കുമതി ചെയ്യുകയാണ്. അപ്പോള്‍ രാജ്യാന്തര വിപണിയെ ആശ്രയിച്ചാണ് വില നിശ്ചയിക്കാന്‍ ആവുകയുള്ളൂ. എന്നാല്‍ ഈ അവസരം മുതലെടുത്ത് എണ്ണ കമ്പനികള്‍ നടത്തുന്ന ചൂഷണത്തെ ന്യായീകരിക്കാനാവുകയുമില്ല. 2013 ല്‍ ക്രൂഡ് ഓയില്‍ വില ഒരു ബാരലിന് 150 ഡോളര്‍ എത്തിയപ്പോള്‍ പെട്രോള്‍ വില 77 ആയിരുന്നു എന്നാല്‍ ഇന്ന് ബാരലിന് 70 ഡോളറിനോടടുത്തെത്തിയപ്പോള്‍ വില 75 കടന്നിരിക്കുന്നു.

 

ഏതൊരു സാധനത്തിനും വില കൂടുന്നത് ആവശ്യം വര്‍ദ്ധിക്കുമ്പോഴാണ്. ഇന്ധന വിലയുടെ കാര്യവും അങ്ങനെ തന്നെ. പക്ഷേ ഇവിടെ  ചെറിയ വ്യത്യാസമുണ്ട്, ഉത്പാദനത്തില്‍ വ്യതിയാനം വരുത്തിയാണ് വിപണിയെ ഉല്പാദന രാജ്യങ്ങള്‍ നിയന്ത്രിക്കുന്നത്. അതായത് ഒപെക് എന്ന് പറയുന്ന ഇന്ധന ഉല്പാദന രാജ്യങ്ങളുടെ കൂട്ടായ്മ ആണ് ക്രൂഡിന്റെ വിലയെ തീരുമാനിക്കുന്നത്. അതില്‍ ബഹുരാഷ്ട്രകുത്തക കമ്പനികളുടെ പങ്ക് ചെറുതല്ല.

 

ഈ ഒരു സാഹചര്യത്തെ നാം ഒരു മാറ്റത്തിന് വേണ്ടി ഉപയോഗിക്കണം. പാരമ്പര്യ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സിലേക്കുള്ള മാറ്റത്തിനായി. തെളിച്ച് പറഞ്ഞാല്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗത്തില്‍ നിന്ന് നാം ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിലേക്ക് മാറണം. അതുവഴി ഇന്ധന വിലയുടെ നിയന്ത്രണം ഉല്‍പാദകരില്‍ നിന്ന് ഉപഭോക്താക്കളിലേക്ക് മാറുന്ന സ്ഥിതി ഉണ്ടാക്കിയെടുക്കാന്‍ സാധിക്കണം. ഇതിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന തീരുവയില്‍ നിന്ന് ശ്രദ്ധമാറ്റി ജനങ്ങളുടെ പ്രശ്‌നത്തിലേക്ക് ഊന്നല്‍ നല്‍കണം. അതിന് നൂതന നയങ്ങള്‍ ആവശ്യമാണ്. പുതിയ നയങ്ങള്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ പ്രാവര്‍ത്തികമാക്കാന്‍ പാടുപെടുകയും വേണം.നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം വൈദ്യുതി ഉല്‍പാദനം അത്ര ശ്രമകരമായ ഉദ്യമമൊന്നുമല്ല. കാറ്റിനെയും പ്രകാശത്തെയും പൂര്‍ണതോതില്‍ ചൂഷണം ചെയ്യേണ്ടതുണ്ട്.

 

 

Tags: