Skip to main content

kamal hassan

ഇന്ത്യയില്‍ പല രീതിയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. അതില്‍ മതവും രാഷ്ട്രീയവും പ്രത്യക്ഷമായി കൂടിക്കുഴയുന്നു. പ്രത്യക്ഷത്തില്‍ ഇതിനെ എതിര്‍ക്കുന്നവര്‍ തങ്ങള്‍ മതേതരത്വത്തില്‍ ഉറച്ച് വിശ്വസിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നു. ആ പ്രഖ്യാപനം തങ്ങള്‍ ആരെയാണോ ഉദ്ദേശിക്കുന്നത് അവര്‍ക്ക് എതിരായി നില്‍ക്കുന്ന മതവിഭാഗ പ്രീണനമായിമാറുകയും ചെയ്യുന്നുണ്ട്. മത തീവ്രവാദസ്വഭാവത്തില്‍ സംഘടിതവും ആസൂത്രിതവുമായി നീങ്ങുന്നവര്‍ക്ക് വളരാനുള്ള വളമായി പലപ്പോഴും പുരോഗമനപരവും മതേതര മുഖമുദ്രയുമുള്ള പ്രസ്താവനകളും നിലപാടുകളും മാറുന്നു. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കമലഹാസന്റേത്. പ്രകോപനം സൃഷ്ടിക്കുക എന്നല്ലാതെ രാഷ്ട്രീയമായി യാതൊരു ചലനവും  രാഷ്ട്രീയത്തിലിറങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന കമല്‍ഹാസന്റെ പ്രസ്താവന സൃഷ്ടിയ്ക്കില്ലെന്ന് അറിയാവുന്നതേയുള്ളൂ. അതു തന്നെയാണ് ഇതുവരെ മുഖ്യധാരയില്‍ യഥേഷ്ടം ശ്രദ്ധ ലഭിയ്ക്കാതെ വരുന്ന ഹിന്ദുസംഘടനകള്‍ പലതും ശ്രദ്ധിക്കപ്പെട്ടിരിയ്ക്കുന്നത്. കമലഹാസനെ വെടിവച്ച് കൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്യണമെന്ന പ്രഖ്യാപനത്തോടെയാണ് ചില സംഘടനകള്‍ സാന്നിധ്യം അറിയിച്ചിരിയ്ക്കുന്നത്.

 

 

തമിഴ് രാഷ്ട്രീയം ജീര്‍ണതയുടെ ഏറ്റവും കൊടിയ മുഖം കാഴ്ചവച്ചിരിയ്ക്കുന്ന സമയത്താണ് കമലഹാസന്റെ രാഷ്ട്രീയ പ്രവേശനം തമിഴ് രാഷ്ട്രീയത്തില്‍ അല്‍പമെങ്കിലും ഗുണപരമായ മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിയ്ക്കപ്പെട്ടത്. എന്നാല്‍ രാഷ്ട്രീയത്തെ വിസ്മരിച്ച് പ്രകോപന സൃഷ്ടിയിലൂടെ മാധ്യമശ്രദ്ധ നേടി രാഷ്ട്രീയ നിലപാടുണ്ടാക്കാനുള്ള  ചെപ്പടി വിദ്യാമാത്രമാണ് കമലഹാസന്‍ പുറത്തിറക്കിയിരിയ്ക്കുന്നത്.  കുറഞ്ഞ പക്ഷം മതതീവ്രവാദവും വര്‍ഗീയതയും സമൂഹത്തില്‍ നിലവിലുള്ളതിനേക്കാള്‍ പെരുകരുത് എന്നുള്ള ബോധ്യം പോലും കമലഹാസനില്ല എന്ന് അദ്ദേഹത്തിന്റെ പ്രസ്താവന വെളിവാക്കുന്നു.

 

 

തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തരിച്ചുവിടാനും അതില്‍ നില്‍ക്കുന്നവരെ പിന്തിപ്പിക്കാന്‍ തക്ക ശേഷിയും സ്വാധീനവുമുള്ള വ്യക്തിത്വമായിരുന്നു കമലഹാസന്റേത്. അതാണ് അദ്ദേഹത്തില്‍ അല്‍പമെങ്കിലും പ്രതീക്ഷ ഉയര്‍ത്താന്‍ കരാണമായത്. ഗുരുതരമായ സാഹചര്യങ്ങളില്‍ യുദ്ധമുന്നണിയിലെന്നപോലെ ചിലതിനെ നേരിടേണ്ടിവരും. അപ്പോള്‍ എതിരാളിയുടെ ശക്തിയറിഞ്ഞ് അതിനെ നേരിടാനുള്ള സജ്ജമാകല്‍ അനിവാര്യവും അത്യന്താപേക്ഷിതവുമായ യുദ്ധരീതിയാണ്. ആ തയ്യാറെടുപ്പില്ലാതെ ശത്രുവിനെ പ്രകോപിപ്പിക്കുന്നത് അവരെ കൂടുതല്‍  ശക്തമാക്കാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും മാത്രമേ സഹായകമാവുകയൊള്ളൂ. അതാണിപ്പോള്‍ കമലഹാസന്റെ 'രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നു' എന്ന പ്രസ്താവന ചെയ്തിരിക്കുന്ന കര്‍മ്മം. സ്വാഭാവികമായും മാധ്യമങ്ങളുടെ പിന്തുണയും മറ്റും കമലഹാസന് ലഭിച്ചിട്ടുണ്ട്, ഭീഷണിയുടെ പേരില്‍ ചിലപ്പോള്‍ സ്റ്റേറ്റിന്റെ സംരക്ഷണവും ലഭിച്ചേക്കാം. ഇതെല്ലം പരോക്ഷമായി കമലഹാസന്‍ ആരെയാണോ എതിര്‍ക്കുന്നത് അവര്‍ക്ക് ഗുണമായി മാറും. ഇത് മനസ്സിലാക്കാനുള്ള ചുരുങ്ങിയ ബുദ്ധിയും ആര്‍ജവവും കമലഹാസന്‍ പ്രകടിപ്പിക്കേണ്ടി ഇരിക്കുന്നു . ഈ പശ്ചാത്തലത്തില്‍ കമലഹാസന്റെ രാഷ്ട്രീയ രംഗപ്രവേശം മതതീവ്രവാദ ശക്തികള്‍ കൂടുതല്‍ ശക്തി പ്രാപിക്കാനെ സഹായകമാവുകയൊള്ളു. അതുകൊണ്ടു തന്നെയാണ് അഖില ഭാരതീയ ഹിന്ദുമഹാസഭയെപ്പോലുള്ള സംഘടനകള്‍ കമലഹാസനെതിരെ രംഗത്ത് വരുന്നതും. ഒരു ഭാഗത്ത് ഹിന്ദു തീവ്രവാദം സടകുടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ സ്വാഭാവികമായി മുസ്ലിം തീവ്രവാദവും ശക്തിപ്രാപിക്കും. ഇവിടെയാണ് രണ്ട് തീവ്രവാദത്തിനും വളമാകുന്നവിധം കമലഹാസന്റെ പ്രകോപനം മാറുന്നത്.

 

തമിഴ്‌നാട്ടില്‍ നിലവില്‍  ബി.ജെപിയ്ക്ക് വലിയ സ്വാധീനമില്ലാത്ത സാഹചര്യമാണുള്ളത്. അതിനു പറ്റിയ സാമൂഹിക പശ്ചാത്തലവുമല്ല തമിഴ്‌നാട്ടിലേത്. ദ്രാവിഡ പാര്‍ട്ടികളുടെ സിനിമയും രാഷ്ട്രീയവും കൂടിക്കലര്‍ന്ന ഒരു പ്രത്യേക  സാമൂഹിക ജീര്‍ണതയ്ക്ക് ഏത് അറ്റംവരെ പോകാന്‍ പറ്റുമോ അത് കണ്ട സംസ്ഥാനമാണിപ്പോള്‍ തമിഴ്‌നാട്. ഇ.വി രാമസ്വാമി നായ്ക്കരുടെ നേതൃത്വത്തില്‍ സ്വയംമര്യാദ പ്രസ്ഥാനം തുടങ്ങിയ ഇന്ത്യയിലെ ഏക സംസ്ഥാനമാണ് തമിഴ്‌നാട്. ആ സംസ്ഥാനമാണ് എല്ലാവിധ മര്യാദകളും ജീര്‍ണിച്ച്  സ്വയം ബഹുമാനമില്ലാത്ത രാഷ്ട്രീയ സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നത്. ആ ജീര്‍ണതയെ അഭിസംബോധന ചെയ്ത് കമലഹാസന്‍ മുന്നോട്ട് വന്നപ്പോള്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കപ്പെട്ടു. അതാണ് ഇപ്പോള്‍ അസ്ഥാനത്തായിരിക്കുന്നത്.

Ad Image