അബ്രാഹ്മണരായ 36 പേരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പൂജാരിമാരായി നിയമിച്ചത് അങ്ങേയറ്റം ശ്ലാഘനീയമാണ്. ക്ഷേത്ര സംസ്‌കൃതിയില്‍ ബ്രാഹ്മണന്‍ എന്നാല്‍ ക്ഷേത്ര തത്വം ഗ്രഹിച്ച് വാക്കിലും പ്രവൃത്തിയിലും അതായവനെയാണ്. അല്ലാതെ ജാതിസമ്പ്രദായത്തിലൂടെയുള്ള ജന്മത്തുടര്‍ച്ചയിലൂടെ വരുന്നവരല്ല. ക്ഷേത്ര സങ്കല്‍പ്പത്തിന്റെ പിന്നില്‍ ദ്വൈത സങ്കല്‍പ്പമല്ല, അദ്വൈത സങ്കല്‍പ്പമാണ്. എന്നാല്‍ പൂജാരിമാര്‍ അഥവാ ശാന്തിമാര്‍ പിന്തുടര്‍ച്ചാവകാശത്തിലൂടെ തുടര്‍ന്നു വന്ന് അത് വെറും വയറ്റിപ്പിഴപ്പിനു വേണ്ടിയായി അധപ്പതിച്ചിട്ട് കാലമേറെയായി. പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലും ആ ച്യുതിയെപ്പറ്റി പറയുന്നുണ്ട്. ക്ഷേത്രങ്ങളില്‍ ആള്‍ക്കൂട്ടം വര്‍ധിക്കുകയും ക്ഷേത്രപരിസരവും സംസ്‌കാരവും ജീര്‍ണ്ണിക്കാനും ഇവ കാരണമായിട്ടുണ്ട്.
ജീര്‍ണ്ണത സംഭവിച്ചിട്ടുണ്ടെങ്കിലും പൂന്താനത്തിന്റെ ജ്ഞാനപ്പാനയില്‍ പറയുന്നതുപോലെ അവര്‍ ആ സംസ്‌കാരത്തിന്റെ ഭാണ്ഡത്തെ ഗര്‍ദ്ദഭം (കഴുത) കുങ്കുമം ചുവക്കുന്നതു പോലെ കേടുപറ്റാതെ ഇത്രത്തോളം എത്തിച്ചിട്ടുണ്ട്. അതില്‍ ഭദ്രമായിട്ടുള്ളത് ജ്ഞാനം തന്നെ. ഭക്തി യോഗത്തിലൂടെ പ്രാപിക്കാന്‍ സജ്ജമായത്, അതിലേക്കായിരിക്കണം അബ്രാഹ്മണരായി നിയമിതരാകുന്ന ശാന്തിമാരുടെ നോട്ടം. മറിച്ച് ഭക്തര്‍ തട്ടത്തിലിടുന്ന ദക്ഷിണയിലാകരുത്. അതാകുന്ന പക്ഷം അവര്‍ക്കും എത്തിപ്പെടാന്‍ പറ്റുന്നത് കുടവയറും പൊക്കിളിനെ തഴുകുന്ന ലോക്കറ്റോടു കൂടിയ ചങ്ങല പോലുള്ള മാലകളുമിട്ടുള്ള പെരുമാറ്റമായിരിക്കും.
അബ്രാഹ്മണരായ പൂജാരിമാര്‍ അവ്വിധം അധപ്പതിച്ചാല്‍ ജാതി ബ്രാഹ്മണന്റെ ജീര്‍ണ്ണതയേക്കാള്‍ അപകടമായിരിക്കും. അത് ഭാവിയില്‍ ജാതി ബ്രാഹ്മണ്യത്തിന്റെ അപ്രമാദിത്വത്തിനും അതിന് അംഗീകാരം ലഭിക്കുന്നതിനും വഴിവെയ്ക്കും. ഭാണ്ഡത്തില്‍ നിന്ന് കുങ്കുമം ചോര്‍ന്നു പോകും. കാരണം ജനിതക ശീലം അബ്രാഹ്മണനില്‍ ഇല്ലാത്തതിനാല്‍ . അതു സ്വായത്തമാക്കുന്നതിന് ഉരുവിടുന്ന മന്ത്രങ്ങളുടെയും അതനുസരിച്ചുള്ള ആചാരങ്ങളുടെയും ചിഹ്നങ്ങളുടെയും ഭാഷയും വ്യാകരണവും അറിഞ്ഞ് അതിന്റെ പൊരുളറിയണം. അബ്രാഹ്മണരായി നിയമിതരായ പൂജാരിമാരില്‍ കാലം ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യമാണത്. അപ്പാള്‍ അവര്‍ ബ്രാഹ്മണരായി മാറുകയാണ്. അതിലൂടെയാണ് ജന്മം കൊണ്ടല്ല ജ്ഞാനം കൊണ്ടാണ് വ്യക്തി ബ്രാഹ്മണനാവുക എന്ന പരിണാമം സംഭവിക്കുക. അത് സാധ്യമാക്കുന്ന സാമൂഹിക പരിവര്‍ത്തനമാണ് യഥാര്‍ഥ സാമൂഹിക വിപ്ലവം. അതിലൂടെ ക്ഷേത്രങ്ങള്‍ സാമൂഹിക പരിവര്‍ത്തന കേന്ദ്രങ്ങളായി നിശബ്ദം എന്നാല്‍ അതിശക്തമായി മാറപ്പെടും.
അതേ സമയം അബ്രാഹ്മണരായ ബ്രാഹ്മണര്‍ പൂജാരിമാരായി നിയമിക്കപ്പെട്ടത് വെറും രാഷ്ട്രീയമായ നേട്ടം മാത്രമായി ഘോഷിക്കപ്പെട്ടാല്‍ സമൂഹം ജീര്‍ണ്ണതയില്‍ നിന്ന് കൂടുതല്‍ ജീര്‍ണ്ണതയിലേക്കു പതിക്കും. സ്വാഭാവികമായി ഇപ്പോള്‍ തന്നെ ജീര്‍ണ്ണതയാല്‍ വളയപ്പെട്ട ക്ഷേത്രങ്ങള്‍ കൂടുതല്‍ അവ്വിധത്തിലാകും. തമിഴ്‌നാട്ടില്‍ നിന്ന് ഡി.എം.കെ നേതാവ് സ്റ്റാലിനും കമലഹാസനും മുഖ്യമന്ത്രി പിണറായി വിജയനെ ഇക്കാര്യത്തിന്റെ പേരില്‍ അഭിനന്ദനമറിയിച്ചിട്ടുണ്ട്. അവരേക്കാള്‍ മുന്‍പ് ഈ വിഷയത്തില്‍ ട്വിറ്ററിലൂടെ അഭിനന്ദനമറിയിച്ച് ലോകത്തെ ഇക്കാര്യമറിയിച്ചത് ശശി തരൂര്‍ എം.പിയാണ്. സ്റ്റാലിനും കമലഹാസനും നിരീശ്വരവാദികളാണ്. അവരുടെ അഭിനന്ദനത്തിന് അതിനാല്‍ വലിയ വില കല്‍പ്പിക്കേണ്ടതില്ല. കല്‍പ്പാക്കം ആണവനിലയത്തിന്റെ പ്രവര്‍ത്തനത്തില്‍ തെരുവിലെ സാധാരണക്കാര്‍ പറയുന്ന 'വിദഗ്ധാ'ഭിപ്രായം പറയുന്നതു പോലയേ ഉള്ളു.
സാമൂഹ്യ പരിഷ്‌ക്കര്‍ത്താവായിരുന്ന പെരിയാറിനെയും പിണറായി വിജയനെ അഭിനന്ദിക്കുന്നതിനൊപ്പം കമലഹാസന്‍ പരാമര്‍ശിച്ചിട്ടുണ്ട്. ദൈവമുണ്ടെന്നു പറയുന്നവന്‍ തെമ്മാടിയെന്നായിരുന്നു പെരിയാറിന്റെ നിലപാട്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഈ വാക്കുകള്‍ കാഞ്ചീപുരത്ത് ആ ശങ്കരാചാര്യ മഠത്തിന്റെ എതിര്‍വശത്തുള്ള പെരിയാര്‍ പ്രതിയുടെ അടിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ദ്രാവിഡ പാര്‍ട്ടികള്‍ മുന്‍പ് ഏത് ചടങ്ങ് തുടങ്ങുന്നതിനു മുന്‍പും വിഗ്രഹം 'ഉടയ്ക്കുക പതിവായിരുന്നു. ഒരു പക്ഷേ ലോകത്തില്‍ ആദ്യമായിട്ടായിരിക്കാം പെരിയാറിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ സ്വയം മര്യാദാ പ്രസ്ഥാനം (Self Respect Movement)തുടങ്ങിയത്. ആ സംസ്‌കാരം പരിണമിച്ച് ജീവിച്ചിരിക്കുന്നവരില്‍ വിഗ്രഹാരാധാന നടത്തി സ്വയം ബഹുമാനം നഷ്ടപ്പെട്ട ജനതയായി മാറിയതിന്റെ ദൃഷ്ടാന്തങ്ങളാണ് തമിഴ്‌നാട്ടില്‍ അടുത്തകാലത്തായി അരങ്ങേറിക്കൊണ്ടിരിയുന്നത്.
ആ സാംസ്‌കാരിക പൈതൃകമല്ല അബ്രാഹ്മണരായി നിയമിതരായ പൂജാരിമാരും കേരള സമൂഹവും ഇപ്പോള്‍ ഓര്‍ക്കേണ്ടത്. പെരിയാറിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ നടന്ന നവോത്ഥാനത്തിനു സമാന്തരമായി കേരളത്തില്‍ ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന നവോത്ഥാന പ്രസ്ഥാനത്തിന്റെ പൈതൃകത്തിന്റെ പ്രതിഫലനമാണ് അബ്രാഹ്മണരായ പൂജാരിമാരുടെ നിയമനത്തിലൂടെ നടന്നത്. അതിനാല്‍ അവരും കേരളീയ സമൂഹവും ഇതിനെ പ്രത്യേക ചരിത്ര മുഹൂര്‍ത്തമായി കാണേണ്ടതുമുണ്ട്. തീര്‍ച്ചയായും കേരള മുഖ്യമന്ത്രി തുടങ്ങി എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന കാര്യ രമാണിത്. ഒപ്പം ഓരോ മലയാളിക്കും.