കേരള ഹൈക്കോടതിയില്‍ ഭീഷണി നേരിടുന്നത് ജനായത്തം

Glint Staff
Tue, 04-10-2016 02:13:08 PM ;

 

മാധ്യമപ്രവർത്തകർക്ക് കേരള ഹൈക്കോടതിയിൽ കയറിയാൽ ജീവനപായമുണ്ടാകുന്ന സ്ഥിതി നിലനിൽക്കുന്നത് രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയിലെ കറുത്ത അധ്യായം തന്നെയാണ്. സംസ്ഥാന സർക്കാരിനും അല്ലെങ്കിൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തെ സ്വാധീനിക്കുന്ന ശക്തികേന്ദ്രത്തിനും ഇതില്‍ സ്ഥാപിതമായ താൽപ്പര്യങ്ങൾ ഉണ്ടാവുക സ്വാഭാവികം. കാരണം നമ്മുടെ ജനായത്ത സംവിധാനം അതിന്റെ ഗുണാംശങ്ങളുടെ വിപരീത അവസ്ഥയിലേക്ക് നീങ്ങുകയും സാങ്കേതികതയിൽ മാത്രം നിലകൊള്ളാനും തുടങ്ങിയിട്ട് കാലം ഏറെയായി. അതായത് ജനായത്തത്തിന് അതിന്റെ ധാർമ്മികത നഷ്ടമായി. അതിനാൽ ജനായത്തത്തിന്റെ മറവിൽ സ്വേച്ഛാധിപത്യത്തിൽ നടക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ പോലും അരങ്ങേറുന്നു. ജനായത്തത്തിനു മൊത്തത്തിൽ സംഭവിക്കുന്ന അപചയം അതിന്റെ ബന്ധപ്പെട്ട സ്ഥാപനങ്ങളെയെല്ലാം ബാധിക്കും. മാധ്യമങ്ങളും അതിൽ നിന്ന് അന്യമല്ല. എന്നിരുന്നാലും ഇന്ത്യൻ ജനായത്തത്തിന്റെ ഇപ്പോഴും അവശേഷിക്കുന്ന ഒരു അനുകൂല ഘടകം ഇപ്പോഴും സാങ്കേതികമായിട്ടെങ്കിലും ധാർമ്മികത നിലനിൽക്കുന്നു എന്നതാണ്. ആ സാങ്കേതികതയുടെയും ചോർന്നുപോകലാണ് കോടതിക്കുള്ളിൽ പ്രവേശിച്ചാൽ മാധ്യമപ്രവർത്തകർക്ക് ജീവന് അപകടമുണ്ടാകുമെന്ന അവസ്ഥ. ഭരണഘടന പൗരന് ഉറപ്പാക്കുന്ന പ്രാഥമിക അവകാശം പ്രയോഗത്തിൽ വരുത്താൻ കഴിയാതെ നിസ്സഹായമായി നിൽക്കുന്ന കേരള ഹൈക്കോടതി. പൗരൻ പരമപ്രധാനമായതിനാലാണ് ഇന്ത്യൻ ഭരണഘടനയിൽ പൗരാവകാശത്തിന്റെ പരിധിക്കുള്ളിൽ മാധ്യമ സ്വാതന്ത്ര്യത്തേയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ഹൈക്കോടതിയും അതിന്റെ ചീഫ് ജസ്റ്റിസും മുന്നിൽ നടക്കുന്ന നഗ്നമായ ഭരണഘടനാ ലംഘനത്തെ നിസ്സഹായമായി കാണുകയും അല്ലെങ്കിൽ വിഷയത്തെ ആ വിധം കാണാൻ കഴിയാതെയും വരികയാണെങ്കിൽ സംവിധാനത്തിന്റെ പ്രത്യക്ഷമായ പരാജയം തന്നെയാണത്. നീതിന്യായ വ്യവസ്ഥയുടെ അന്തസ്സും വിശ്വാസ്യതയും പൊതുജനമധ്യത്തിൽ നഷ്ടമാകുന്നു എന്നു മാത്രമല്ല അതു പരാജയപ്പെട്ടുവെന്ന ധാരണയും ജനമധ്യത്തിൽ വന്നു കഴിഞ്ഞു. ഇതിനുത്തരവാദി കേരള ഹൈക്കോടതി തന്നെയാണ്.

 

കോടതിക്കു പുറത്തു നടക്കുന്ന ഗുണ്ടായിസത്തേയും കോടതിക്കുള്ളിൽ നടക്കുന്ന ഗുണ്ടായിസത്തേയും ഗുണ്ടായിസമായി കാണാൻ കേരള ഹൈക്കോടതിക്കു കഴിയുന്നില്ല എന്നതാണ് ഈ സംഭവത്തിൽ നിന്നു വ്യക്തമാകുന്നത്. ഹൈക്കോടതിക്കുള്ളിലാണെങ്കിലും കേരള സംസ്ഥാനത്തിനുള്ളിൽ നടക്കുന്ന നഗ്നമായ ക്രമസമാധാന ലംഘനവുമാണത്. അതിനാൽ സർക്കാരിന്റെയും അതിന് നേതൃത്വം നൽകുന്നവരെ സ്വാധീനിക്കുന്ന ശക്തികളുടെയും താൽപ്പര്യമില്ലാതെ ഇങ്ങനെ സംഭവിക്കില്ല. എക്‌സിക്യൂട്ടീവിൽ നിന്ന് നീതി ലഭിക്കില്ല എന്ന സാഹചര്യത്തിൽ പൗരന്റെ ആശാകേന്ദ്രമാണ് കോടതികൾ. ആ കോടതിവളപ്പുകൾ ആക്രമണത്തിന്റെയും പരസ്യമായ നീതികേടിന്റെയും വേദിയാകുമ്പോൾ സാധാരണ ജനത്തിന് നീതിലഭ്യതയുണ്ടാകുമെന്ന് വിശ്വസിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നത്.

 

ഗവർണ്ണറും സുപ്രീം കോടതി ജഡ്ജിയുമുൾപ്പടെയുള്ളവർ ഈ പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് പറയുന്നു. അവരും വിഷയത്തെ കാണാൻ കൂട്ടാക്കുന്നില്ല എന്നത് ഗുരുതരമായ അവസ്ഥയാണ്. അഭിഭാഷകരുടെ ഭാഗത്തുനിന്നുള്ള ഗുണ്ടായിസമാണ് വിഷയം. ആ വിഷയത്തെ ഒരു സാധാരണ ഹെഡ്‌കോൺസ്റ്റബളിന്റെയെങ്കിലും നീതിന്യായ അവബോധത്തിന്റെ വെളിച്ചത്തിൽ ഹൈക്കോടതിയും കാണേണ്ടതാണ്. ഇവിടെ  ബന്ധപ്പെട്ട സാധാരണ പോലീസുകാരനു  പോലും നടപടി സ്വീകരിക്കാൻ കഴിയുന്നില്ല. അത് പോലീസ് സംവിധാനത്തിന്റെ സ്വാതന്ത്ര്യമില്ലായ്മയുമാണ്. അത് ഭരണത്തിലുള്ളവരുടെ അവതാരങ്ങളെ ഭയന്ന് സംഭവിക്കുന്നതാണ്. അല്ലെങ്കിൽ ദിനം പ്രതി ഇത്തരം കേസ്സുകൾ കൈകാര്യം ചെയ്യുന്ന പോലീസുകാർക്ക് കുറ്റാന്വേഷണ നടപടി ക്രമം പ്രകാരം ഈ സംഭവത്തെ കാണാനും കൈകാര്യം ചെയ്യാനും നടപടിയെടുക്കാനും ഒരു തടസ്സവുമില്ല. ഒരു സാധാരണ പോലീസുകാരന്റെ നീതിന്യായ ബോധത്തിനു പോലും അംഗീകരിക്കാൻ കഴിയാത്ത സാഹചര്യമാണ് കേരള ഹൈക്കോടതി സമുച്ചയത്തിൽ ചീഫ് ജസ്റ്റിസ്സുൾപ്പടെയുള്ള ജഡ്ജിമാരുടെ സാന്നിദ്ധ്യത്തിൽ നടക്കുന്നത്.

 

ധാർമ്മികതയും പൗരന്റെ അറിയാനുള്ള അവകാശവുമൊക്കെ ഇതിനൊക്കെ ശേഷമേ പ്രസക്തമാകുന്നുള്ളു. കാരണം അത് ജനായത്ത സംവിധാനം നിലനിൽക്കുമ്പോൾ വരുന്ന വിഷയങ്ങളാണ്. ഇവിടെ സംഭവിക്കുന്നത് അതിന്റെ നിലനിൽപ്പിന് ഭീഷണിയാകന്ന വിഷയമാണ്. നീതിന്യായ വ്യവസ്ഥയിൽ നിന്ന് നീതി ലഭിക്കില്ല എന്ന ബോധ്യത്തിലാണ് പലരും മറ്റ് വഴികൾ തേടുന്നത്. വർധിച്ചു വരുന്ന ക്വട്ടേഷൻ സംഘങ്ങളുടെ സാന്നിദ്ധ്യത്തിൽ പ്രത്യേകിച്ചും.

Tags: