കളക്ടർ ബ്രൊ സ്ഥാനമൊഴിയുമ്പോൾ

Glint Staff
Thu, 16-02-2017 02:40:58 PM ;

 

ആംഗലേയത്തിൽ propriety, അഥവാ മലയാളത്തിൽ ഔചിത്യം എന്നൊന്നുണ്ട്. പൊതു സമൂഹത്തിന്റെ ഭാഗമായി ജീവിക്കുന്ന ഏവരും പാലിക്കേണ്ട അവശ്യ ഘടകമാണ് ഇത്. പാലിക്കുന്നതിന്റെ ആവർത്തനത്തിലൂടെ ക്രമേണ അത് ആചരിക്കുന്നവരുടെ സ്വഭാവത്തിന്റെ ഭാഗമാകുന്നു. സംസ്കാരത്തിന്റെയും. ഈ ഔചിത്യങ്ങളുടെ പരസ്യമായ ലംഘനം നെറ്റ് പൗരരുടെ ട്രോളിംഗിൽ വളരെ കമ്പോള നിലവാരം ഉള്ളതാണ്. ചില സന്ദർഭങ്ങളിൽ ഔചിത്യ ലംഘനം വേണ്ടിവന്നെന്നിരിക്കും. അതാകട്ടെ ചരിത്രത്തെ നിർണ്ണയിക്കുന്നതുമായിരിക്കും. എന്നാൽ, ട്രോൾ ചെയ്യപ്പെടാൻ വെറും ഔചിത്യ ലംഘനങ്ങൾ നടത്തി മലയാള സിനിമയിലെ കയ്യടി നായകൻ സ്വഭാവം കാണിച്ചാൽ മതി. കോഴിക്കോട് കളക്ടറായി സ്ഥാനമൊഴിയുന്ന എന്‍. പ്രശാന്ത് ഈ വിധത്തിൽ ട്രോൾ പ്രിയനായി കൈയ്യടി നേടി. അങ്ങനെയാണ് പ്രശാന്തിന് ഫേസ്ബുക്ക് സാന്നിദ്ധ്യത്തിലൂടെ കളക്ടർ ബ്രൊ എന്ന അദ്ദേഹം ആസ്വദിക്കുന്ന പേര് സമ്പാദിക്കാനായതും.

 

സിനിമയിലെ പോലെ ജനപ്രതിനിധികളെയും മന്ത്രിമാരെയും ധിക്കരിച്ചും ആക്ഷേപിച്ചും കുറ്റപ്പെടുത്തിയും തന്നെയാണ് കളക്ടർ ബ്രൊയും സാമൂഹ്യ മാധ്യമ താരമായത്. സിവിൽ സർവ്വീസിലേക്ക്  തിരഞ്ഞെടുക്കപ്പെടുന്നവരിൽ പൊതുവേ കാണുന്ന പ്രവണത അവർ സാമൂഹ്യ സേവകരും വികസനോദ്യോഗസ്ഥരുമായി തുടരുമ്പോൾ തന്നെ സമൂഹത്തിൽ നിന്ന് അകലുന്നതാണ്. കൊളോണിയൽ പാരമ്പര്യത്തിന്റെ ഉച്ഛിഷ്ഠമായി സമൂഹത്തിൽ അവശേഷിക്കുന്ന ധാരണ തന്നെയാണിത്. സിവിൽ സർവീസിൽ പ്രവേശിക്കുന്നവരേയും അതുവരെ ഈ ധാരണ നയിക്കുന്നു. പ്രവേശിച്ചു കഴിഞ്ഞിട്ടും അതു തുടരുന്നു. സിനിമകളിലൂടെ ഈ ധാരണ കാൽപ്പനികവല്‍ക്കരിക്കപ്പെടുന്നു. ഇതിന്റെയൊക്കെ ഫലമായി രൂപപ്പെടുന്ന മാനസികാവസ്ഥയുടെ തടവറയിൽ ഭൂരിപക്ഷം ഉദ്യോഗസ്ഥരും വീണുപോകുന്നു.

 

ജനായത്ത സംസ്കാരത്തിന്റെയും സംവിധാനത്തിന്റെയും അപചയത്തിൽ കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരും അൽപ്പരും അഴിമതിക്കാരായവരും അധികാരത്തിലെത്തുന്നു. സ്വാഭാവികമായി അത്തരക്കാരുടെ ഔചിത്യമില്ലാത്ത ആജ്ഞകൾ സ്വീകരിക്കേണ്ടി വരുന്ന ഉദ്യോഗസ്ഥർക്ക് സ്വയം അവജ്ഞ തോന്നുക സ്വാഭാവികം. ആ അവജ്ഞയും സമൂഹത്തിൽ നിന്ന് തങ്ങളിൽ അവശേഷിക്കുന്ന ധാരണയും കൂടി വേഴ്ച നടത്തുമ്പോൾ അനാശാസ്യപരമായ പല പ്രവണതകളും തലപൊക്കുന്നു. ചിലർ രാഷ്ട്രീയക്കാരോട് ചേർന്നു നീങ്ങുന്നു. അപൂർവ്വം ചിലർ നിശബ്ദമായി ഇതിന്റെയെല്ലാം നടുവിൽ ഉത്തമ ബോധ്യത്തോടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നു. എന്നാൽ വേറെ ചിലർ പബ്ലിസിറ്റി കെണിയിൽ പെടുന്നു. അക്കൂട്ടത്തിൽ പെട്ട ആളാണ് പ്രശാന്ത്. അകന്നു നിൽക്കുന്നത് അടുത്തേക്ക് വരുന്നതു കണ്ടു കൊണ്ടുള്ള ഒരു തരം പുളകമാണ് ട്രോളർമാർ പ്രശാന്തിന്റെ പിന്നിൽ തൂങ്ങി അദ്ദേഹത്തെ തങ്ങളിലേക്കു കൊണ്ടുവന്ന്  ബ്രൊയാക്കിയത്. കോഴിക്കോട് എം.പി എം.കെ.രാഘവനെ അധിക്ഷേപിക്കാനും പരസ്യമായി ജലവിഭവ വകുപ്പിനെതിരെ രംഗത്തുവരാനും പ്രശാന്തിന് ധൈര്യം നൽകിയതും ഈ ഹര ഘടകം തന്നെയാണ്.

 

ഇന്നും ഈ രാജ്യത്ത് ജനായത്തം നിലനിൽക്കുന്നു എന്നത് അങ്ങേയറ്റം ആശാസ്യകരമായ കാര്യമാണ്. ആ അന്തരീക്ഷം അനുവദിക്കുന്നതു കൊണ്ടു മാത്രമാണ് പ്രശാന്തിന് കളക്ടർ ബ്രൊ ആകാൻ കഴിഞ്ഞതും. ഒരു മാഫിയ സംഘം അധികാരത്തിൽ വന്നിട്ടും തമിഴ്നാട്ടിൽ ജനായത്തം നിലനിൽക്കുന്നു എന്നതു തന്നെ ഇന്ത്യൻ ജനായത്ത സംവിധാനത്തിന്റെ ശക്തി തന്നെയാണ്. ട്രോളുകാരുടെയും കളക്ടർ ബ്രൊയുടേയും മാനസികാവസ്ഥ തങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് എം.കെ.രാഘവനും പിണറായി വിജയനുമൊക്കെ ഉയർന്നു പ്രവർത്തിക്കണമെന്നാണ്. ജനായത്തമെന്നാൽ ഓരോ പൗരന്റെയും പങ്കാളിത്തം ആവശ്യപ്പെടുന്ന സംവിധാനമാണ്. എന്നാൽ പ്രശാന്തിനെ കളക്ടർ ബ്രൊ ആക്കിയ സാമൂഹ്യ മാധ്യമ സമൂഹം സാമൂഹ്യ മാധ്യമങ്ങളിലുടെ മാത്രം ജനായത്തത്തിൽ കാഴ്ചക്കാരായി നിൽക്കുന്നവരാണ്. ഇത്രയും പുഴുക്കുത്ത് വീണ സാഹചര്യത്തിൽ പോലും ജനപ്രതിനിധികൾ ജനജീവിതത്തിൽ ഇടപെടുകയും ജീവിതപാഠശാലയിൽ നിന്ന് അവർ പോലുമറിയാതെ പഠന പ്രക്രിയയിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. അതറിയണമെങ്കിൽ  ജീർണ്ണിച്ച ഈ സാഹചര്യത്തിൽ പോലും പാർലമെന്റിലും നിയമസഭകളിലും നടക്കുന്ന ചർച്ചകളിലേക്കും അവതരണങ്ങളിലേക്കും നോക്കിയാൽ മതി.

 

Read: സുരേഷ് ഗോപി കഥാപാത്രമാവേണ്ടതില്ല, കളക്ടര്‍ ബ്രോ

 

ഒരു എം.പിയെ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ പരസ്യമായി ആക്ഷേപിക്കുമ്പോൾ അദ്ദേഹം ജനപ്രതിനിധിയെ തിരഞ്ഞെടുത്ത ജനങ്ങളെയാണ് ആക്ഷേപിയ്ക്കുന്നത്. അതിലൂടെ പ്രശാന്ത് തന്റെ ജനായത്ത മൂല്യബോധം നിർവചിക്കുകയും ചെയ്യുകയാണ്. 'ഞാൻ ശരി' എന്ന അക്ടിവിസ്റ്റ് രോഗത്തിന് അടിമയായതിന്റെ ലക്ഷണമാണത്. ജനപ്രതിനിധിയോട് മാപ്പ് പറയുന്നതിനു പകരം കുന്നംകുളത്തിന്റെ മാപ്പിട്ട പ്രശാന്തിനെ ആ സ്ഥാനത്തു നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ മാറ്റേണ്ടതും ഐ.എ.എസ്സിന്റെ സർവ്വീസ് ചട്ടങ്ങൾ അനുസരിച്ച് നടപടികൾ സ്വീകരിക്കേണ്ടതുമായിരുന്നു. അതു ചെയ്യാതിരുന്നതിന്റെ ഫലമാണ് ഒടുവിൽ അദ്ദേഹത്തിനു തന്നെ ഈ കളക്ടർ ബ്രൊയെ സഹിക്കേണ്ടി വന്നത്.

 

ജലവിഭവ വകുപ്പിന്റെ സംസ്ഥാനത്തെ പ്രവർത്തനം പരാജയം തന്നെ. മാത്യു ടി.തോമസ്സിനെ പോലെ ഏതാണ്ട് എല്ലാ മന്ത്രിമാരും ഇതുവരെയുള്ള പ്രവർത്തനം വച്ചു നോക്കിയാൽ വൻ പരാജയം തന്നെ. അത് പരസ്യമായി പൊതുസമൂഹത്തോട് വിളിച്ചു പറയുകയല്ല കളക്ടർ ചെയ്യേണ്ടത്. പാളിച്ചകൾ എവിടെയാണെന്നു കണ്ടെത്തി അവയെ അതിജീവിക്കാൻ പരിഹാര നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർക്കും വകുപ്പു മന്ത്രിക്കും നൽകുകയാണദ്ദേഹം ചെയ്യേണ്ടത്. മറ്റുള്ളവരെയെല്ലാം മോശമാക്കി സ്വയം തിളങ്ങാൻ ശ്രമിക്കുന്നതിന്നു പകരം താനും കൂടി ഉൾപ്പെടുന്ന സംവിധാനത്തെ ശക്തിപ്പെടുത്താനും അതിന്റെ നിലവിലുള്ള ശക്തിക്കു ശോഷണം വരാതിരിക്കാനുമായിരുന്നു പ്രശാന്ത് നായർ ശ്രമിക്കേണ്ടിയിരുന്നത്.

Tags: