മതവും തെരഞ്ഞെടുപ്പും: സുപ്രീം കോടതി വിധിയിലെ അവ്യക്തതയും വ്യക്തതയും

Glint Staff
Tue, 03-01-2017 03:31:57 PM ;

source

ഇന്ത്യയുടെ സമകാലീന ചരിത്രത്തിന്റെ സൂക്ഷ്മഗതിയെയും സ്ഥൂലഗതിയെയും നിർണ്ണായകമായി ബാധിക്കുന്ന സുപ്രധാന വിധികളിലൊന്നാണ് മതത്തിന്റെയും ജാതിയുടെയും പേരിൽ വോട്ടു പിടിക്കുന്നത് തിരഞ്ഞെടുപ്പ് അഴിമതിയാണെന്നുള്ള 2017 ജനുവരി 2ലെ സുപ്രീം കോടതി വിധി. ഇത് ഒരേസമയം രാജ്യത്തിന്റെ പൊതു ചിന്താമണ്ഡലത്തെയും വ്യക്തിയുടെ ചിന്താഗതിയെയും കൂടുതൽ അവ്യക്തതയിലേക്കും അതേസമയം വ്യക്തതയിലേക്കും നയിക്കാൻ പര്യാപ്തമായതാണ്. നിലവിലെ സാഹചര്യങ്ങളിൽ ആദ്യത്തേതിനാണ് സാധ്യത കൂടുതൽ തെളിഞ്ഞു കാണുന്നത്. എങ്കിലും സാവധാനം രണ്ടാമത്തതിലേക്കും നീങ്ങുമെന്നുള്ളതിൽ സംശയമില്ല. എന്നിരുന്നാലും അത് മുഖ്യധാരയിലേക്കു വരാൻ ചിലപ്പോൾ ദശാബ്ദങ്ങളോ അല്ലെങ്കിൽ നൂറ്റാണ്ടുകളോ വേണ്ടി വന്നേക്കാം. അത്ഭുതങ്ങൾ സംഭവിച്ചാൽ പെട്ടെന്നും.

      അവ്യക്തതയിലേക്കു നയിക്കുന്ന ഘടകങ്ങൾ

1) മതത്തെ കുറിച്ചുള്ള അബദ്ധ ധാരണ

2) അബദ്ധ ധാരണയായ മതത്തിൽ അധിഷ്ഠിതമായി നിലകൊള്ളുന്ന ഭാരതീയ സമൂഹം

3) യഥാർഥ ഇന്ത്യൻ സംസ്‌കാരത്തെയും അതിനാധാരമായ ജ്ഞാനത്തെയും ആവരണം ചെയ്തിട്ടുള്ള ആചാരങ്ങളും അവയുടെ പ്രയോഗത്താൽ അവയുമായി കെട്ടു പിണഞ്ഞു കിടക്കുന്ന അനാചാരങ്ങളും.

4) മേൽ സൂചിപ്പിച്ച കാരണത്താൽ ആചാരങ്ങളെയും അനാചാരങ്ങളെയും വേർതിരിച്ചറിയാൻ കഴിയാത്ത പൊതു അവസ്ഥയും തദ്ഫലമായി ആചാരങ്ങളെയും അനാചാരങ്ങളെയും ചേർത്ത് ആചാരങ്ങളായി കാണുന്നതും

5) ആചാരങ്ങളിലൂടെയും അതിന്റെ ചിഹ്നങ്ങളിലൂടെയും മതങ്ങളെ സ്വയം അറിയുകയും, കാണപ്പെടുകയും ചെയ്യുന്ന സാഹചര്യം

6) ഹിന്ദുമതം

7) ജീവിതചര്യയാണ് ഹിന്ദുത്വം എന്ന 1995ലെ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയുടെ നിലനിൽപ്പ്

8) ഹിന്ദുത്വസംസ്‌കാരത്തിൽ തുടർന്നു വന്ന ജനത ബ്രീട്ടീഷ് ഭരണത്തിന്റെ കീഴിൽ കാനേഷുമാരി സൗകര്യത്തിനായി ഹിന്ദുക്കൾ എന്ന് വിവക്ഷിക്കപ്പെട്ടത്

9) സെമറ്റിക് മതങ്ങളുൾപ്പടെയുള്ള മറ്റ് മതങ്ങളുടെ സാന്നിദ്ധ്യവും കൂടിക്കലരലും

10) സെമറ്റിക് മതങ്ങളുടെ വീക്ഷണത്തിലൂടെ ഉരുത്തുരിഞ്ഞു വന്ന്‍ ഹിന്ദുക്കളായിട്ടുള്ളവരുടെ ഉള്ളിൽ തറഞ്ഞു പോയ ഹിന്ദുമതബോധം

11) മതേതരം അഥവാ സെക്കുലറസത്തിൽ വിവക്ഷിക്കപ്പെടുന്ന മതത്തിന് യൂറോപ്പിലെ മതബോധവുമായുളള സമാനത

12) ഭാരതത്തിലെ മതേതരത്വത്തെ യൂറോപ്യൻ മതേതരത്വ പ്രമാണത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലും പഠനവും പ്രയോഗവും

13) 2017 ജനുവരി 2ലെ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാബഞ്ചിന്റെ വിധിയിൽ മുൻതൂക്കം പാശ്ചാത്യ പ്രമാണത്തിനും പിൻപ്രാധാന്യം പൗരസ്ത്യ പ്രമാണത്തിനും. അതുകൊണ്ടാണ് മുഖ്യവിധി പ്രസ്താവിച്ചപ്പോൾ 1995-ലെ ഭരണഘടനാബഞ്ചിന്റെ ഹിന്ദുത്വ വ്യാഖ്യാന വിധി നിലനിർത്തിയത്

14) ബാഹ്യാചാര ഹിന്ദുമതം രാഷ്ട്രീയത്തിൽ പ്രയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് പരസ്യമായി ഹിന്ദുത്വത്തെ ഉപയോഗിച്ചുകൊണ്ട് അഴിമതിയുടെ നിർവചനത്തിൽ പെടാതെ തെരഞ്ഞെടുപ്പു പ്രചാരം നടത്താൻ പുതിയ വിധി അവസരമൊരുക്കുന്നുണ്ട്.

15) ഹിന്ദുത്വം എന്നുപയോഗിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേസ്സിൽ കക്ഷി ചേർന്ന ആക്ടിവിസ്റ്റ് തീസ്ത സെതൽവാദിന്റെ നടപടി ഹിന്ദുത്വത്തെ അഴിമതിയില്ലാത്ത വിധം മതവുമായി ചേർത്തുവച്ച് ഉപയോഗിക്കപ്പെടുന്നതിന് സഹായകമായി.

16) പാശ്ചാത്യപ്രമാണ യുക്തിയാൽ നയിക്കപ്പെടുന്ന തീസ്താ സെതൽവാദിന്റെ കാഴ്ചപ്പാടും സമീപനവുമാണ് ഇന്ത്യയിലെ മുഖ്യധാരാ സ്വാധീനശക്തിയായ മാധ്യമങ്ങളും ബുദ്ധിജീവികളും പങ്കുവയ്ക്കുന്നത്. അതും ഹിന്ദുമതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്താൻ ശ്രമിക്കുന്നവർക്ക് അവരുടെ ഭാഗത്തു നിന്ന് പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ കാര്യങ്ങൾ എളുപ്പമാക്കും.

17) പുതിയ വിധിയുടെ വെളിച്ചത്തിൽ മതങ്ങളുടെ പേര് വ്യക്തമായി പേറുന്ന രാഷ്ട്രീയ പാർട്ടികളുടെ മതേതരസ്വഭാവം എങ്ങനെ നിർണ്ണയിക്കപ്പെടുമെന്നുള്ളത് ഉയർന്നുവരും. ഇത് കൂടുതൽ മതകേന്ദ്രീകൃതമായ നീക്കങ്ങളെ ത്വരിതപ്പെടുത്തും.

18) മതത്തിന്റെയും ജാതിയുടെയും വർഗ്ഗത്തിന്റെയുമൊക്കെ പേരിൽ തുടർന്നും സ്ഥാനാർഥി നിർണ്ണയവും വോട്ടുപിടുത്തവും ഒക്കെ തുടരുമ്പോൾ പുതിയ വിധിപ്രകാരം നടത്തപ്പെടുന്ന തെരഞ്ഞെടുപ്പ് സാങ്കേതികമായി മതത്തെയും ജാതിയെയും അകറ്റി നിർത്തി പ്രയോഗത്തിൽ അവ നടപ്പാക്കുന്ന രീതി സംജാതമാക്കും.

19) പുതിയ വിധി നടപ്പാക്കുമ്പോൾ പ്രയോഗത്തിൽ അഴിമതി പിടിക്കപ്പെടാത്ത വണ്ണം അഴിമതി നടപ്പാക്കി സാങ്കേതികമായി പിടിക്കപ്പെടാതിരുന്നാൽ മതിയെന്നുള്ള സമവാക്യം സമൂഹത്തിൽ രൂഢമൂലമാകും

20) തെരഞ്ഞെടുപ്പു പ്രക്രിയയുടെ ഫലമായി ഹിപ്പോക്രസി അഥവ കപടത സ്ഥാപനവൽക്കരിക്കപ്പെടും

 

വ്യക്തതയിലേക്കു നയിക്കുന്ന ഘടകങ്ങൾ

 

1) ഹിന്ദുത്വം എന്ന പ്രയോഗം അകപ്പെട്ടു കിടക്കുന്ന കെണിയിൽ നിന്ന് മോചനത്തിനുള്ള വഴി തുറക്കുന്നു

2) ഹിന്ദുത്വവും ഹിന്ദുമതവും രണ്ടാണെന്നുള്ള ബോധത്തിലേക്ക് സമൂഹത്തിന് ഉയരാനുള്ള അവസരം കൈവരുന്നു

3) മതത്തെ കുറിച്ചുള്ള പാശ്ചാത്യ പൊതുപ്രമാണത്തിൽ നിന്നും ബുദ്ധിയുള്ളതും അല്ലാത്തതുമായ ജീവികളെ ക്രമേണ ഹിന്ദുത്വസംസ്‌കാരത്തിന്റെ വെളിച്ചത്തിലുള്ള മതബോധത്തിലേക്ക് ഉയർത്താനുള്ള സാധ്യത തെളിയുന്നു

4) ചിക്കാഗോ പ്രസംഗത്തിൽ സ്വാമി വിവേകാനന്ദൻ പറഞ്ഞ മതങ്ങളുടെ മാതാവ് എന്ന ഔന്നത്യത്തിലേക്ക് പ്രയോഗത്തിലൂടെ മതമായി മാറിക്കഴിഞ്ഞ ഹിന്ദുമതത്തിന് സാംസ്‌കാരികമായി ഉയരാൻ കഴിയും

5) ഹിന്ദുമതം ജീവിതചര്യയെന്ന നിലയിലേക്ക് സാംസ്‌കാരികപ്രയോഗമായി മാറുമ്പോൾ അത് ഉൾക്കൊള്ളലിന്റെ പ്രയോഗമായി പരിണമിക്കും

6) ഭാരതീയ മതപരിപ്രേക്ഷ്യത്തിലേക്ക് ഹിന്ദുമതം ഉയരുമ്പോൾ ഇന്ത്യയിലെ മതസ്പർധകളും കലാപങ്ങളും കുറഞ്ഞുവരികയും സാമൂഹ്യ ജീവിതം മനുഷ്യത്വത്തിലേക്ക് നീങ്ങുകയും ചെയ്യും

Tags: