മാദ്ധ്യമ വിചാരണയും നീതിന്യായ വിചാരണയും രണ്ടാണ്; പ്രതികാരവും ശിക്ഷയും പോലെ

Glint Staff
Thu, 15-09-2016 02:48:48 PM ;

 

പ്രതികാരവും ശിക്ഷയും രണ്ടാണ്. ആദ്യത്തേത് പ്രാകൃതമെങ്കിൽ രണ്ടാമത്തേത് സാമൂഹം സാംസ്‌കാരികമായി നടപ്പാക്കുന്ന പരിവർത്തന പ്രക്രിയയാണ്. പ്രതികാരം നടപ്പാക്കുന്നത് വികാരാവേശത്തിലെ ആന്ധ്യത്തിലും ശിക്ഷ, വസ്തുതകളെ ആധാരമാക്കി സുചിന്തിതമായും. സൗമ്യ വധക്കേസ്സിൽ ബലാൽസംഗക്കുറ്റത്തിനു മാത്രമാണ് ഗോവിന്ദച്ചാമിക്ക് സുപ്രീം കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ബലാൽസംഗവുമായി ബന്ധപ്പെട്ടാണ് സൗമ്യ മരിക്കാനിടയായതെന്നും വ്യക്തമാണ്. എന്നാൽ സൗമ്യയുടെ മരണത്തിനു കാരണക്കാരൻ ഗോവിന്ദച്ചാമിയാണെന്ന് സംശയാതീതമായി തെളിയിക്കുന്നതിന് സുപ്രീം കോടതിയിൽ പ്രോസിക്യൂഷന് കഴിയാതെ പോയി. അഞ്ചു വർഷം തടവു പൂർത്തിയാക്കിയ സ്ഥിതിക്ക് ഗോവിന്ദച്ചാമി അധികം താമസിയാതെ പുറത്തിറങ്ങുകയും ചെയ്യും.

 

ധനം, വിദ്യാഭ്യാസം, പദവി എന്നിവയുമായി ബന്ധപ്പെട്ട് വ്യക്തികളുടെ പ്രാമുഖ്യവും പ്രബലതയും നിശ്ചയിക്കപ്പെടുന്നു. എന്നാൽ ഈ പ്രാമുഖ്യത്തിന് നേർ വിപരീതമായാണ് പലപ്പോഴും കേരളത്തിൽ പ്രമുഖ വ്യക്തികൾ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങൾ. പലപ്പോഴും ഹീനമായ കുറ്റകൃത്യങ്ങളും പ്രമുഖ വ്യക്തികളും തമ്മില്‍, ഭരണാധികാരികള്‍ ഉള്‍പ്പെടെ, ബന്ധമുണ്ടാകുന്നു. അക്കാരണത്താൽ പല കുറ്റകൃത്യങ്ങളും തെളിയിക്കപ്പെടാതെയും യഥാർഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെയും പോകുന്നു. ഗോവിന്ദച്ചാമിയുടെ പദവി യാചകനായിരുന്നു. എന്നാൽ ഗോവിന്ദച്ചാമിക്കു വേണ്ടി സുപ്രീം കോടതി വരെ ഹാജരായത് വളരെ മുന്തിയ ഫീസ് ഈടാക്കുന്ന ക്രിമിനൽ അഭിഭാഷകനായ ബി.എ ആളൂരും. ആളൂർ ചില്ലറക്കാരനല്ലെന്ന് ഈ വിധിയിലൂടെ തെളിയുകയും ചെയ്തു. വെറും യാചകനായ ഗോവിന്ദച്ചാമി എങ്ങനെയാണ് ആളൂരിനെ തനിക്കു വേണ്ടി വാദിക്കാൻ തയ്യാറാക്കിയത്. ഒരു കാര്യം ഉറപ്പാണ് ഗോവിന്ദച്ചാമിയുടെ പിന്നിൽ സാമ്പത്തികമായി ശക്തിയുള്ള ചില കേന്ദ്രങ്ങളുണ്ട്. അവർ പ്രബലരാണ്. അവരുടെ ഈ കേസ്സിലെ താൽപ്പര്യമെന്ത്? അന്വേഷണാത്മക മാദ്ധ്യമപ്രവർത്തനം വൈകാരികതയിൽ നിന്ന് 360 ഡിഗ്രി മാറിത്തിരിയേണ്ടത് അവിടെയാണ്.

 

എന്തും ഏതും വൈകാരികത കത്തിച്ചുവിട്ട് പ്രേക്ഷക റേറ്റിംഗ് കൂട്ടാൻ ശ്രമിക്കുന്ന കേരളത്തിലെ മാദ്ധ്യമങ്ങളാണ് ഇപ്പോൾ സൗമ്യ വധക്കേസ്സിലെ സുപ്രീം കോടതി വിധി വന്നപ്പോൾ പ്രധാനമായും പ്രതിക്കൂട്ടിൽ നിൽക്കുന്നത്. ആളൂർ തന്നെ പറയുന്നു, തെളിവുകൾ കൃത്രിമമായി ചമച്ചതും മാദ്ധ്യമ വിചാരണയുമാണ് കേരള ഹൈക്കോടതി വിധി വരെ ഈ കേസ്സിനെ സ്വാധീനിച്ചതെന്ന്. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കപ്പെടേണ്ടതാണ്. അദ്ദേഹത്തിന് ഉറപ്പുണ്ട്, ഗോവിന്ദച്ചാമിക്കെതിരെ ഹാജരാക്കിയ തെളിവുകൾ കൃത്രിമമാണെന്ന്. അതിന് കാരണം ഒരുപക്ഷേ, സൗമ്യയുടെ കൊലപാതകത്തിൽ നിർണ്ണായകമായി പ്രവർത്തിച്ചത് ആരാണെന്ന് അദ്ദേഹത്തിനു ഉറപ്പുള്ളതുകൊണ്ടാകാം. സൗമ്യയുടെ മരണം മറ്റാരെങ്കിലും ആഗ്രഹിച്ചിരുന്നിരിക്കാം. അതിനു പാകമായ എന്തെങ്കിലും സാഹചര്യങ്ങൾ ഉടലെടുത്തിട്ടുമുണ്ടാകാം. ആ പ്രസ്താവന നടത്തിയപ്പോൾ പ്രയോഗിച്ചിട്ടുള്ള വാക്കുകളും അദ്ദേഹത്തിന്റെ മുഖഭാവവും വ്യക്തമാക്കുന്നത് അന്വേഷണത്തിന്റെയും പ്രോസിക്യൂഷന്റെയും പരാജയമാണ്. അതേസമയം പ്രോസിക്യൂഷൻ വൈകാരികതയ്ക്ക് അടിപ്പെടാതെ പ്രവർത്തിച്ചിരുന്നുവെങ്കിൽ സൗമ്യയ്ക്ക് നീതി ലഭിക്കുമായിരുന്നുവെന്നും ആളൂര്‍ പറഞ്ഞു. എന്നാൽ ഗോവിന്ദച്ചാമിക്ക് ശിക്ഷ കിട്ടുമായിരുന്നു എന്നല്ല, അദ്ദേഹം പറഞ്ഞത്. ഈ കേസ്സിലെ ഏറ്റവും സൂക്ഷ്മമായ കണ്ണി അവിടെയാണ്.

 

ഗോവിന്ദച്ചാമിയെ അയൽ സംസ്ഥാനങ്ങളിലെ ജയിലേക്കയയ്ക്കാനായി കോടതിയെ സമീപിക്കുമെന്ന് അഡ്വ.ആളൂർ പറയുന്നു. കേരളത്തിലെ ജയിലിലേക്കയച്ചാൽ ഗോവിന്ദച്ചാമിയുടെ കഥ കഴിക്കും എന്നുള്ളതിനാലാണത്രെ ഇത്. വൈകാരികാന്ധ്യത്തിൽ ഒരു സമൂഹത്തിൽ മൊത്തമായി സംഭവിച്ച പ്രതികാരദാഹമാണ് ഇത് സൂചിപ്പിക്കുന്നത്. ഈ ദാഹത്തെ ശമിപ്പിക്കുക എന്നതാകരുത് അന്വേഷണ ഉദ്യോഗസ്ഥരുടെയും നീതിന്യായ വ്യവസ്ഥിതിയുടെയും ലക്ഷ്യം. സൗമ്യ വധക്കേസ്സിൽ ചുരുങ്ങിയ പക്ഷം അയാൾക്ക് ബലാൽസംഗത്തിനുള്ള ശിക്ഷ ലഭിക്കുകയും അത് സുപ്രീം കോടതി വരെ എത്തുകയും ചെയ്തു. എന്നാൽ പെരുമ്പാവൂരിലെ ജിഷ വധക്കേസ്സിൽ വിചാരണക്കോടതിയിൽ വച്ചു തന്നെ പ്രതി കുറ്റവിമുക്തനാക്കപ്പെട്ടാൽ അതിശയിക്കാനില്ല. അവിടെയും യഥാർഥ കുറ്റവാളി രക്ഷപ്പെടാൻ പോവുകയാണ്. മലയാളികൾക്കും അവരുടെ വൈകാരികതയെ പ്രതിനിധീകരിക്കുന്ന മാദ്ധ്യമങ്ങൾക്കും പ്രതികാരദാഹം തീർക്കാൻ ഒരു പ്രതി മതിയാകുന്നു എന്ന അവസ്ഥയാണ് അതിനു കാരണം. ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് പ്രമുഖർ ഏർപ്പെടുന്ന ഹീനമായ കുറ്റകൃത്യങ്ങൾ പെരുകുകയും അവർ ശിക്ഷിക്കപ്പെടാതെ പോവുകയും ചെയ്യുന്നു എന്നാണ്. ഗോവിന്ദച്ചാമിമാരും അമീറുൾ ഇസ്ലാമുമാരും ചുരുങ്ങിയ കാലത്തെ ജയിൽ ജീവതത്തിനു ശേഷം ആരോഗ്യവും മെച്ചപ്പെടുത്തി പുറത്തിറങ്ങുകയും ചെയ്യുന്നു. അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ കാണപ്പെട്ട ഗോവിന്ദച്ചാമിയല്ല ഇപ്പോൾ കോടതിയിലെത്തുമ്പോൾ കാണുന്ന തടിച്ചുകൊഴുത്ത ഗോവിന്ദച്ചാമി.

 

മാദ്ധ്യമ വിചാരണ ഇവ്വിധം തുടരുന്നിടത്തോളം നാൾ ഇത്തരത്തിൽ സ്വാധീനമുള്ള പ്രബല കുറ്റവാളികൾ അവർ തുടരുന്ന കുറ്റകൃത്യങ്ങളിലേർപ്പെട്ട് വിഹരിക്കുക തന്നെ ചെയ്യും. പോസ്റ്റുമോർട്ടം നടത്തിയ ഡോ.ഷെർളി വാസു ഒരു ചാനലിൽ പറയുകയുണ്ടായി സട്ടിലിറ്റി (Subtlety)യിലൂന്നിയാണ് ഗോവിന്ദച്ചാമിക്ക് സുപ്രീം കോടതി വധശിക്ഷ ഇളവുചെയ്തു കൊടുത്തതെന്ന്. നിയമത്തിന്റെ സഞ്ചാരം തന്നെ സട്ടിലിറ്റി അഥവാ സൂക്ഷ്മാംശത്തിന്റെ  പാതയിലൂടെയാണ്. സൗമ്യയെന്ന പെൺകുട്ടി ബലാംൽസംഗം ചെയ്യപ്പെട്ടുവെന്നും കൊല ചെയ്യപ്പെട്ടുവെന്നുള്ളതും വസ്തുതയാണ്. അല്ലെങ്കിൽ സ്ഥൂലമാണ്. നിയമത്തിന്റെ  വഴി എപ്പോഴും സൂക്ഷ്മമാണ്. എന്നാൽ സ്ഥൂലമായ തെളിവുകളെ മുൻനിർത്തി സൗമ്യയുടെ അമ്മയുടെ വേദന കലർന്ന മനസ്സിന്റെ വഴിയിലൂടെ പ്രതീക്ഷിക്കുന്ന വിധി പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്.

 

ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിക്കൊണ്ടുള്ള വിധിയെത്തുടർന്ന് ചർച്ചകൾ മുറുകും. പ്രതിപക്ഷം ഇപ്പോഴത്തെ സർക്കാരിനെ പഴിക്കുകയും ഇപ്പോഴത്തെ സർക്കാർ കഴിഞ്ഞ സർക്കാരിനെ പഴിക്കുകയും ചെയ്യുന്ന മിനിമം വ്യായാമത്തിൽ അത് എത്തിച്ചേരും. അതോടെ അതവസാനിക്കും. എല്ലാവരും ഇപ്പോൾ സ്ത്രീസുരക്ഷയെയാണ് ഉയർത്തിക്കാട്ടുന്നത്. അതുപോലും ഉചിതമാണോ എന്ന് പരിശോധിക്കേണ്ടതാണ്. സാമ്പത്തികമായും സാമൂഹികമായും സമൂഹത്തിന്റെ താഴെക്കിടയിൽ പെട്ടുപോയ സ്ത്രീകളുടെ സുരക്ഷയാണ് ഇവിടെ അപകടത്തിലായിരിക്കുന്നതെന്ന് അനുഭവങ്ങൾ വ്യക്തമാക്കുന്നു. അതും വെറും സ്ത്രീസുരക്ഷയായി മാത്രം ചുരുക്കിക്കാണുന്നതും അപരാധമാണ്. പ്രബലരുടെ സാന്നിദ്ധ്യത്തിൽ ഭരണകൂടത്തിൽ നിന്നും നീതിന്യായ വ്യവസ്ഥിതിയിൽ നിന്നും നീതി ലഭിക്കാതെ എല്ലാ പീഢനവും ഏറ്റുവാങ്ങേണ്ടി വരുന്ന ദുർബലരുടെ അവസ്ഥയാണ് ഇവിടെ തെളിഞ്ഞുവരുന്നത്.

Tags: