അതിവൈകാരികതയിൽ ദുർബലമാകുന്ന കേരളത്തിലെ പ്രോസിക്യൂഷൻ നടപടികൾ

Glint Staff
Fri, 09-09-2016 11:32:51 AM ;

soumya and govindachami

 

സൗമ്യ കൊലക്കേസ്സിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ശരിവെച്ച കേരള ഹൈക്കോടതി വിധിയ്ക്കെതിരെയുള്ള അപ്പീലില്‍ വാദം പൂർത്തിയാകുന്നതിനു മുൻപ് സുപ്രീം കോടതി ഉന്നയിച്ച ചില സംശയങ്ങൾ കേരളത്തിലെ ചാനലുകൾ സെപ്തംബര്‍ ഒമ്പതിന് മത്സരിച്ച് മഹാസംഭവമാക്കി. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനിൽ നിന്ന് തള്ളിയിട്ടുവെന്നുള്ളതിന് തെളിവുണ്ടോ എന്ന് പരമോന്നത കോടതി ചോദിച്ചപ്പോൾ സർക്കാർ അഭിഭാഷകനായ തോമസ് ജോസഫ് ഉത്തരം പറയാൻ കഴിയാതെ വിയർത്തു വിറങ്ങലിച്ചു പോയി എന്ന തരത്തിലാണ് വൻ ചർച്ചകള്‍ അരങ്ങേറിയത്. ചർച്ചകളിൽ എല്ലാ ചാനലുകളും സൗമ്യയുടെ അമ്മയേയും ഉൾപ്പെടുത്തിയിരുന്നു. സുപ്രീം കോടതി വിധി വരുന്നതിന് മുൻപ് തന്നെ വിധി ഗോവിന്ദച്ചാമിക്കനുകൂലമാകും എന്ന നിഗമനത്തിലാണ് ചാനലുകൾ ചർച്ച നടത്തിയത്. അവതാരകരും പങ്കെടുത്തതിൽ ഭൂരിഭാഗം പേരും ആ നിലപാടിൽ നിന്നാണ് ചർച്ച നടത്തിയത്. സീരിയൽ ആസ്വാദന വൈകാരികതയുടെ അക്ഷരമാലയിലും വ്യാകരണത്തിലും നിതിന്യായ നിർവഹണം നടത്തണമെന്ന കാഴ്ചപ്പാടാണ് അവതാരകരിലൂടെയും ചർച്ചയിൽ പങ്കെടുത്തവരിലൂടെയും പ്രകടമായത്. അപൂർവ്വം ചില അഭിഭാഷകരും ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായ ബി.എ ആളൂരുമൊഴികെ.

 

ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതായി ഊഹിക്കാനുള്ള തെളിവുകളുണ്ടെന്നാണ് മുൻ ഹൈക്കോടതി ജഡ്ജി കൂടിയായ തോമസ് ജോസഫ് കോടതിയിൽ പറഞ്ഞത്. എന്നാൽ ഊഹങ്ങളല്ല, തെളിവുകളാണ് വേണ്ടത് എന്നാണ് കോടതി അഭിപ്രായപ്പെട്ടത്. തെളിവുകൾ ശാസ്ത്രീയമാകണമെന്നു മാത്രമേ ഉളളു. അതു സാഹചര്യങ്ങളായാലും മതി. എന്നാൽ അത് ഭദ്രമായി കണ്ണി ചേർക്കുന്ന വിധം പ്രോസിക്യൂഷൻ സജ്ജമാക്കണം. അതിന്റെ അഭാവമാണോ അതോ കൂടുതൽ വ്യക്തത വരുന്നതിനു വേണ്ടിയാണോ കോടതി ഈ ചോദ്യമുന്നയിച്ചതെന്ന് വിധി വരുമ്പോൾ മാത്രമേ അറിയാൻ കഴിയുകയുള്ളു.

 

എല്ലാ വിഷയങ്ങളേയും വൈകാരികതയോടും ആക്ടിവിസ്റ്റ് മനോഭാവത്തോടും നേരിടുന്ന വിധം കേരളത്തെ മാദ്ധ്യമങ്ങൾ മാറ്റിയെടുത്തു എന്നതിന്റെ തെളിവാണ് സെപ്തംബര്‍ ഒമ്പത് ചർച്ച വ്യക്തമാക്കുന്നത്. നീതിയും ന്യായവും നടപ്പാക്കുന്നതിന് വെറും തെളിവുകൾ മാത്രം പോരാ വൈകാരികതയും പ്രതീക്ഷയും ആഗ്രഹങ്ങളുമൊക്കെ കണക്കിലെടുക്കുക കൂടി വേണമെന്ന് ആക്ടിവിസ്റ്റ് നേതാക്കളായ വനിതകൾ അഭിപ്രായപ്പെടുകയുണ്ടായി. ഇത്തരത്തിൽ വൈകാരികതയിൽ പ്രോസിക്യൂഷൻ വിഭാഗവും കോടതികളും സ്വാധീനിക്കപ്പെടുന്നതിന്റെ ഉത്തമ ഉദാഹരണമാണ് സുപ്രീം കോടതിയുടെ ഈ ചോദ്യത്തിലൂടെ പ്രകടമായതെന്നുള്ള അഡ്വ. ശ്രീധരൻ പിള്ളയുടെ അഭിപ്രായം ഒരു വലിയ അപകടത്തിലേക്കു വിരൽ ചൂണ്ടുന്നതായിരുന്നു. ഈ സമീപനം കേരളത്തിലെ പ്രോസിക്യൂഷൻ നടപടികളെ വല്ലാതെ കണ്ട് ദുർബലമാക്കിത്തുടങ്ങിയെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. അത് പരിപൂർണ്ണമായും ശരിയാണെന്ന് പല കേസ്സുകളിലും ബോധ്യമാകുന്നുണ്ട്.

 

സൗമ്യ കൊലക്കേസ്സിലെ പ്രതിക്ക് വധശിക്ഷ വിധിച്ചത് ശരിവയ്ക്കണമോ വേണ്ടയോ എന്ന് പരിശോധിക്കുന്ന പരമോന്നത കോടതിക്ക് ഗോവിന്ദച്ചാമിയാണ് സൗമ്യയുടെ മരണത്തിന് കാരണക്കാരനായതെന്ന് സംശയാതീതമായി ബോധ്യപ്പെടേണ്ടതുണ്ട്. ഈ കേസ്സിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയും അതാണ്. ആ കണ്ണിയെപ്പറ്റി അന്വേഷിക്കാതെ ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലണമെന്നാണ് ചാനൽ അവതാരകരും ആക്ടിവിസ്റ്റുകളും മറ്റും പറയുന്നത്. ചർച്ചയ്‌ക്കൊപ്പം ഫേസ്ബുക്കിൽ ഇതേക്കുറിച്ച് വന്ന അഭിപ്രായങ്ങളും ചാനലുകൾ കാണിക്കുന്നുണ്ട്. അതിൽ കൂടുതലും ഗോവിന്ദച്ചാമിയെ പൊതുജനമധ്യത്തേലേക്കു വിട്ടുതരൂ, അപ്പോൾ യഥാർഥ നീതി നടപ്പിലാകും എന്ന രീതിയിലുള്ള അഭിപ്രായമാണ് കൂടുതൽ കാണിക്കപ്പെട്ടത്. ഇത് സൂചിപ്പിക്കുന്നത് തെരുവിലെ വൈകാരികതയുടെ മാനദണ്ഡത്തിൽ പരമോന്നത കോടതിയും പെരുമാറണമെന്ന സമീപനത്തെ ഊട്ടിയുറപ്പിക്കാനുള്ള പരിശ്രമമാണ്.

 

ഇത്തരം സമീപനം തൽക്കാലത്തെ വൈകാരിക നാടകങ്ങളിലൂടെ നല്ലൊരു കണ്ണീർ സീരിയൽ പകർന്നു നൽകുന്ന ഹരവും സുഖവും പ്രേക്ഷകർക്ക് നല്‍കും. അതോടെ നമ്മുടെ അന്വേഷണ സംവിധാനങ്ങളും നീതിന്യായ വ്യവസ്ഥയും ദുർബലമായിക്കൊണ്ടിരിക്കും. അതു ദുർബലമാകുന്നിടത്താണ് അരാജക പ്രവർത്തനങ്ങളും അക്രമങ്ങളും വർധിക്കുക. കണ്ണൂരില്‍ നടക്കുന്ന പല രാഷ്ട്രീയ കൊലപാതങ്ങളുടെയും ന്യായീകരണങ്ങളിലേക്കു നോക്കിയാൽ അതു കാണാൻ കഴിയും. അന്വേഷണവും തെളിവു ശേഖരണവുമൊക്കെ വൈകാരികതയെ തൃപ്തിപ്പെടുത്തുന്നതിന് പ്രാമുഖ്യം നൽകിക്കൊണ്ടുള്ളതാകരുത്. യഥാർഥ കുറ്റവാളികളെ സമൂഹത്തിൽ നിന്ന് അകറ്റി നിർത്തത്തക്ക വിധം ശിക്ഷ ഉറപ്പാക്കുന്ന വിധം അന്വേഷണവും പ്രോസിക്യൂഷനും നീങ്ങുന്നതിനായിരിക്കണം പ്രാമുഖ്യം നൽകപ്പെടേണ്ടത്. സൗമ്യ കൊലക്കേസ്സിൽ അതു നടന്നിട്ടുണ്ടോ ഇല്ലയോ എന്നതാണ് പരിശോധിക്കപ്പെടേണ്ടത്. പെരുമ്പാവൂരിൽ ബലാൽസംഗം ചെയ്യപ്പെട്ടതിനു ശേഷം കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ കേസ്സിന്റെ വിചാരണവേളയിൽ ഒരുപക്ഷേ കേരളം കണ്ട ഏറ്റവും വലിയ പ്രോസിക്യൂഷൻ ദൗർബല്യമാകും തെളിയാൻ പോകുന്നത്. യഥാർഥ കുറ്റവാളിയെ കണ്ടെത്തുന്നതിനു പകരം ജനക്കൂട്ടത്തിന്റെ പ്രതികാരദാഹത്തെ ശമിപ്പിക്കുന്നതിനുള്ള ശ്രമത്തിനു മുൻതൂക്കം നൽകുന്നതിനാലാണ് ഇവ്വിധമൊക്കെ സംഭവിക്കുന്നത്.

Tags: