വളരെ പ്രായോഗികവും സംസ്കൃതവുമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ മുല്ലപ്പെരിയാർ വിഷയത്തിൽ എടുത്തിരിക്കുന്നത്. കഴിഞ്ഞ കാലം വർത്തമാനകാലത്തിൽ സുചിന്തിതമായ തീരുമാനമെടുത്ത് ഭാവിയിലേക്ക് നീങ്ങാനുള്ളതാണ്. അല്ലാതെ കഴിഞ്ഞ കാലത്തിന്റെ പേരിൽ ഭൂതകാലത്തിലേക്കുള്ള അപ്രായോഗിക യാത്രയ്ക്കുള്ളതല്ല. മുല്ലപ്പെരിയാർ കേരളത്തെ സംബന്ധിച്ചിടത്തോളം മൂന്നു വിഷയങ്ങളാണ്. ഒന്ന്, വൈകാരികം. രണ്ട്, രാഷ്ട്രീയം. മൂന്ന്, യാഥാർഥ്യം. ഇതുവരെ മുല്ലപ്പെരിയാർ വിഷയം കേരളത്തെ സംബന്ധിച്ചിടത്തോളം ഒന്നാമത്തേയും രണ്ടാമത്തേയും വിഷയമേ ആയിട്ടുള്ളു. ആദ്യത്തെ വിഷയത്തിലേക്കു ഈ വിഷയം പതിക്കാൻ കാരണം രണ്ടാമത്തെ വിഷയവും.
ഈ വിഷയം വൈകാരികമായി വളർത്തിയെടുത്തതിനെ തുടർന്ന് കുട്ടികളുൾപ്പടെ ആ മേഖലയിൽ താമസിക്കുന്നവരിൽ മാനസികമായ അവസ്ഥാ വ്യതിയാനങ്ങൾ വരെയുണ്ടായി. ഒരു സമൂഹത്തെ ഒന്നിച്ച് ഗോത്രസ്വഭാവത്തിന്റെ ആക്രമണ വൈകാരികതയിലേക്ക് മുല്ലപ്പെരിയാർ വിഷയം കൊണ്ടു പോയി. ആവശ്യമില്ലാതെ എത്രയോ അക്രമങ്ങൾ. ജനങ്ങളുടെ ജീവനു പോലും ഹാനി വരത്തക്ക സാഹചര്യമുണ്ടായി. വളരെ സങ്കുചിതമായ വൈകാരികതയിൽ നിന്നു മാത്രമാണ് കേരളീയർ മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരിച്ചത്. സാമൂഹ്യ ചിത്തഭ്രമമുണ്ടായപ്പോൾ സി.പി.ഐ.എമ്മും ഇടതുപക്ഷത്തുൾപ്പടെയുള്ള രാഷ്ട്രീയ കക്ഷികളും അവരുടെ പ്രവർത്തകരും മുല്ലപ്പെരിയാർ ഡാം പൊട്ടുമെന്ന പേടിയെ പെരുപ്പിച്ച് തെരുവിലിറങ്ങി. ഏതു വൈകാരികത പോലെയും അതു അധികം താമസിയാതെ കെട്ടടങ്ങി. വർഷങ്ങളോളം എടുത്ത ഈ നിലപാടു കൊണ്ട് മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടും കേരളവും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാവുകയും തമിഴ്‌നാടിന് തങ്ങളുടെ നിലപാട് കൂടുതൽ ബലപ്പെടുത്തി മുന്നോട്ടു പോകാനും മാത്രമേ കഴിഞ്ഞിട്ടുള്ളു. തമിഴ്‌നാടും കേരളവും തമ്മിലുള്ള ബന്ധമാണെങ്കിൽ പരസ്പരബന്ധിതവുമാണ്. ഇരുകൂട്ടരും അന്യതാബോധമില്ലാതെ രണ്ടു സംസ്ഥാനങ്ങളില്‍ ജീവിക്കുന്നവർ. രണ്ട് ജനതയുടേയും സമാധാന ജീവിതത്തിനും പരസ്പരവിശ്വാസത്തിനും കോട്ടം തട്ടിയെന്നു തോന്നിയെങ്കിലും ആ ബന്ധത്തിന്റെ ആഴം നിമിത്തം അത് അപ്രത്യക്ഷമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് യാഥാർഥ്യത്തെ അംഗീകരിച്ചുകൊണ്ടുള്ള പിണറായി വിജയന്റെ നിലപാട്.
പ്രകൃതിയിലെ വിഭവങ്ങൾ രാഷ്ട്രീയ ഭൂമിശാസ്ത്രപ്രകാരം കുത്തകയായി ഉപയോഗിക്കപ്പെടാനുള്ളതല്ല. അത് പ്രകൃതിയിലുള്ളതാകയാൽ ഏവർക്കും അവകാശപ്പെട്ടതാണ്. വെള്ളം ധാരളമുള്ളതും എന്നാൽ വെള്ളത്തിന്റെ വിലയറിയാത്തവരുമായ മലയാളികൾക്കും ഇവിടുത്തെ ഭരണകൂടങ്ങൾക്കും സ്വാഭാവികമായും മുല്ലപ്പെരിയാർ രാഷ്ട്രീയ മുതലെടുപ്പിനുള്ള വൈകാരിക പ്രശ്നമാകുമ്പോൾ തമിഴ്‌നാടിനത് ജീവൽപ്രശ്നമാണ്. മുല്ലപ്പെരിയാർ വിഷയത്തേക്കാൾ ഗുരുതരമായ പ്രശ്നമാണ് തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്കെത്തുന്ന പച്ചക്കറികളിലും മറ്റു ഭക്ഷ്യവസ്തുക്കളിലും അടങ്ങിയിരിക്കുന്ന അർബുദരോഗ ജന്യങ്ങളായ കീടനാശിനികളുടേയും രാസവസ്തുക്കളുടേയും സാന്നിദ്ധ്യം. അത് അടിയന്തരമായി പരിഹരിക്കേണ്ട വിഷയമാണ്. മുല്ലപ്പെരിയാർ വൈകാരിക വിഷയം തുടങ്ങിയപ്പോൾ കേരളത്തിലുണ്ടായിരുന്ന അർബുദരോഗികളുടെ തോതല്ല ഇപ്പോഴുള്ളത്.
അയൽപക്കത്തുള്ള സർക്കാരും ജനതയുമായി സൗഹാർദ്ദത്തിൽ നീങ്ങുക എന്നത് ഏറ്റവും അനിവാര്യമായ കാര്യമാണ്. പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ പരസ്പരം ചർച്ച ചെയ്ത് പരിഹരിക്കുകയും സാഹായം ചെയ്യുകയുമാണ് വേണ്ടത്. തമിഴ്‌നാട്ടില്‍ വെള്ളപ്പൊക്കമുണ്ടായപ്പോൾ കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കൊഴുകിയ സഹായം ഇത്തരുണത്തിൽ ഓർക്കാവുന്നതാണ്. തമിഴ്‌നാട്ടിലെ സർക്കാരുമായി പരസ്പര വിശ്വാസത്തിൽ മുഖ്യമന്ത്രി തലത്തിലോ അല്ലാതയോ ചർച്ച ചെയ്യുമ്പോൾ മാത്രമേ മുല്ലപ്പെരിയാറിൽ ഒരു പുതിയ അണക്കെട്ട് വേണമെങ്കിൽ പോലും നിർമ്മിക്കാൻ കഴിയുകയുള്ളു. അതാണ് ആവശ്യമെങ്കിൽ പിണറായി എടുത്ത സമീപനമാണ് ക്രിയാത്മകമായിട്ടുള്ളത്.
കഴിഞ്ഞ കാലത്ത് എടുത്ത നിലപാടുകൾ വ്യക്തിക്കായാലും പ്രസ്ഥാനത്തിനായാലും മുന്നോട്ടുള്ള നീക്കത്തിന് ബാധ്യതയാകരുത്. അത് സി.പി.ഐയ്ക്കും ബാധകമാണ്. കാരണം ഈ വിഷയത്തിൽ വൈകാരികതയെ ആളിക്കത്തിക്കുന്നതിൽ സി.പി.ഐയുടെ എം.എൽ.എ ഇ.എസ് ബിജിമോളും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവന്റെ സുരക്ഷയാണ് ലക്ഷ്യമെങ്കിൽ പിണറായി വിജയന്റെ നിലപാടിന് പിന്തുണ നൽകുകയാണ് സർക്കാരിലെ ഘടക കക്ഷി എന്ന നിലയിൽ സി.പി.ഐ ചെയ്യേണ്ടത്. മാദ്ധ്യമങ്ങളാൽ പൈങ്കിളിവത്ക്കരിക്കപ്പെട്ട സമൂഹമായ കേരളത്തിൽ വൈകാരികത ആളിക്കത്തിക്കുന്നതിന് ഉതകിയ അന്തരീക്ഷമാണുള്ളത്. അവ്വിധം ഈ വിഷയത്തെ ഇനിയും കൊണ്ടുപോകുന്ന പക്ഷം സർക്കാരിന്റെ പൊതുവായുള്ള പ്രവർത്തനത്തേയും പരസ്പരബന്ധിതമായ രണ്ട് അയൽ സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം ദോഷകരമായ രീതിയിൽ അധ:പതിക്കുവാനും മാത്രമേ അത് സഹായകമാവുകയുള്ളു.