പുറ്റിങ്ങൽ ദുരന്തത്തിനു കാരണം വെടിക്കെട്ടല്ല

Glint Staff
Mon, 11-04-2016 10:47:00 AM ;
എന്തു കൊണ്ട് പാടില്ല ഒരു പടക്കപരിശീലന അക്കാദമി?

puttingal temple fire

 

കൊല്ലം ജില്ലയിലെ പരവൂർ പുറ്റിങ്ങല്‍ ക്ഷേത്രത്തിൽ ഉണ്ടായ അപകടത്തിനു കാരണം വെടിക്കെട്ടല്ല. വെടിക്കെട്ടാണ് അപകടത്തിനു കാരണമെന്നും അതിനാൽ വെടിക്കെട്ട് നിരോധിക്കണമെന്നുമൊക്കെയുള്ള മാദ്ധ്യമങ്ങളുടേയും മറ്റുളളവരുടേയും ആക്രോശങ്ങൾ ഭാവിയിൽ കൂടുതൽ അപകടങ്ങളിലേക്ക് ജനത്തെ നയിക്കുകയേ ഉള്ളു. വിവേകത്തില്‍ അധിഷ്ഠിതമല്ലാത്ത വൈകാരികത നിറഞ്ഞ പ്രതികരണമായി മാത്രമേ അതിനെ കാണാൻ കഴിയുകയുളളു.

 

ഈ വെടിക്കെട്ടപകടം ഒരോർമ്മപ്പെടുത്തലാണ്. അപകടത്തിന്റെ വഴിയുടെ ഓർമ്മപ്പെടുത്തൽ. നിയമവും അതു നടപ്പാക്കുന്നതും തമ്മിലുളള വിടവ് അഥവാ പൊരുത്തക്കേടാണ് ഈ അപകടത്തിനു കാരണമായത്. അല്ലാതെ വെടിക്കെട്ടല്ല. മറിച്ച്, വെടിക്കെട്ടാണ് അപകട കാരണമെന്ന സമീപനം അംഗീകരിക്കുകയാണെങ്കിൽ കേരളത്തിലെയല്ല, ഇന്ത്യയിലെ നിരത്തുകളിലെ എല്ലാ വാഹന ഗതാഗതവും നിരോധിക്കേണ്ടതാണ്. കാരണം, ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 2015-ലെ കണക്ക് പ്രകാരം ഓരോ മിനിട്ടിലും ശരാശരി ഒരാള്‍ ഇവിടെ വാഹനാപകടത്തിൽ മരിക്കുന്നു. ജീവിതം മുന്നോട്ടു നയിക്കാനാകാത്ത വിധത്തിൽ പരിക്കേറ്റ് വീഴുന്ന പതിനായിരങ്ങള്‍ പുറമെയും.

 

ഇൻഡോർ സ്റ്റേഡിയങ്ങൾക്കുള്ളിൽ ഉൾപ്പടെ നടത്തപ്പെടുന്ന ഒന്നാണ് വെടിക്കെട്ട്. പല അന്താരാഷ്ട്ര പരിപാടികളും നടക്കുമ്പോൾ അത് നാം കാണുകയും ചെയ്യുന്നുണ്ട്. വെടിക്കെട്ട് ഉത്സവങ്ങളോടനുബന്ധിച്ച് അനിവാര്യമായ ഘടകമാണെന്നല്ല പറഞ്ഞു വരുന്നത്. കാരണത്തെ കാണാതെ പോകരുത് എന്നാണ്. അപകടം ഉണ്ടാകാത്ത വിധത്തിൽ വെടിക്കെട്ടു നടത്താൻ വ്യക്തമായ നിയമങ്ങൾ നിലവിലുണ്ട്. അതുപ്രകാരം നടക്കുന്ന പക്ഷം അപകടം ഉണ്ടാവില്ല. കൊല്ലം ജില്ലാ കളക്ടർ ആ നിയമത്തിന്റെ വെളിച്ചത്തിൽ ഇതുവരെ 108 പേർ മരിക്കാനിടയായ പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധിച്ചതാണ്. ആ നിരോധനം നിലവിലുമുണ്ടായിരുന്നു. എന്നിട്ടും എങ്ങനെ വെടിക്കെട്ട്‌ നടന്നു?

 

ആം ആദ്മി പാർട്ടിയൊക്കെ പറയുന്നതു പോലെ പുതിയ നിയമങ്ങള്‍ കൊണ്ടു വരേണ്ട ആവശ്യമൊന്നും നമ്മുടെ രാജ്യത്തില്ല. നിലവിലുള്ളത് അമ്പതു ശതമാനമെങ്കിലും പ്രാവർത്തികമാവുകയേ വേണ്ടു. നിയമത്തെ ലംഘിക്കുന്നതാണ് അധികാരത്തിന്റെ ലക്ഷണമെന്നുള്ള ധാരണ ജനമനസ്സുകളിൽ ഉറച്ചു പോയിരിക്കുന്നു. യാതൊരു വിധ ട്രാഫിക് നിയമങ്ങളും പാലിക്കാതെ നിരത്തുകളിൽ ഭീതി വിതച്ചുകൊണ്ടു പായുന്ന മന്ത്രി വാഹനങ്ങളും സർക്കാർ വാഹനങ്ങളും അതിനുദാഹരണം. എന്തിന് കൊച്ചിയിൽ ഹൈക്കോർട്ട് ഓഫ് കേരള എന്ന ബോര്‍ഡ് വെച്ച വാഹനങ്ങൾ പോലും നഗ്നമായി ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ഓടുന്നത് സ്ഥിരം കാഴ്ചയാണ്. രാവിലെ കോടതിയിലേക്ക് പോകുമ്പോഴുള്ള സമയത്ത് ബീക്കൺ ലൈറ്റിട്ടു പോവുകയാണെങ്കിൽ അത് മനസ്സിലാക്കാം. അപ്പോൾ മറ്റ് വാഹനങ്ങൾ ഒഴിഞ്ഞു കൊടുക്കേണ്ടതുമാണ്. എന്നാൽ വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും ബീക്കൺ ലൈറ്റിട്ട് ഇവ്വിധം ഹൈക്കോടതി ബോർഡുള്ള വാഹനങ്ങൾ പോകുന്നത് പതിവ് കാഴ്ചയാണ്. ഇത് നിയമത്തെക്കുറിച്ചും അവയുടെ നടത്തിപ്പ് സംബന്ധിച്ചും ജനങ്ങളിൽ അബോധപൂർവ്വമായി ഉണ്ടാക്കുന്ന ധാരണയാണ് അധികാരത്തിന്റെ പ്രാഥമിക ലക്ഷണം അത് ലംഘിക്കാൻ കൈവരുന്ന അവസരമാണ് എന്നത്.

 

മരിക്കുന്നവർക്ക് ആയിരക്കണക്കിനു പേര്‍ ഒന്നിച്ചു മരിക്കുന്ന ദുരന്തമായാലും  ബൈക്ക് തട്ടി റോഡിൽ വീണു മരിക്കുന്നതായാലും ഒരുപോലെയാണ്. ജീവിച്ചിരിക്കുന്നവരുടെ വൈകാരികതയിലാണ് കൂട്ടമരണങ്ങൾ മഹാദുരന്തമായി മാറുന്നത്. ഒരു ദിവസം ഇന്ത്യയിൽ , വേണ്ട കേരളത്തിലെ കാര്യമെടുക്കാം, മരിക്കുന്നവരേയും പരിക്കേറ്റവരേയും കൂട്ടിയിടുകയാണെങ്കിൽ എല്ലാ ദിവസവും മഹാദുരന്തങ്ങളുടേതാണ്. കേടുള്ള സ്വകാര്യവാഹനങ്ങളും ബോട്ടുകളുമൊക്കെ അപകടത്തിൽ പെടുമ്പോൾ രണ്ടു ദിവസം ആളുകളുടെ കണ്ണിൽ പൊടിയിടാൻ എന്തെങ്കിലും ചെപ്പടി വിദ്യ ഏതു സർക്കാരാണെങ്കിലും ചെയ്യുന്നു. അതു കഴിഞ്ഞാൽ വീണ്ടും പഴയപടി. അടുത്ത അപകടം വരെ.

road accident

 

കൊച്ചിയിലെ സ്വകാര്യ ബസ്സുകളും കേരളത്തിലെ ബൈക്കുയാത്രക്കാരായ യുവാക്കളും ഉർത്തുന്ന മരണഭീഷണിയും വിതയ്ക്കുന്ന മരണവും ട്രാഫിക് നിയമങ്ങൾ പാലിക്കപ്പെടാത്തതുകൊണ്ടാണ്. അത് നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഇവിടെയുണ്ട്. ഇന്നാണെങ്കിൽ അത്തരത്തിൽ ഓടുന്ന വാഹനങ്ങളെ എവിടെയാണെങ്കിലും കണ്ടെത്താനുള്ള ഉപഗ്രഹസഹായ സംവിധാനങ്ങളുമുണ്ട്. അപകടകാരികളായ ഡൈവർമാരെ നിരത്തുകളിൽ നിന്നും മാറ്റിനിർത്താൻ ഒരു പ്രയാസവുമില്ല. നിയമം പാലിക്കാത്തവരെ അതിന്റെ വഴിയിലേക്കു കൊണ്ടു വരാൻ ചെറിയൊരു ഇച്ഛാശക്തി മാത്രം മതി. അത് റോഡിലെ കൊലപാതകങ്ങൾ ഇല്ലാതാക്കുക മാത്രമല്ല, നിയമവും അതിന്റെ പാലനവും തമ്മിൽ ജനങ്ങളിൽ ഗുണപരമായ കാഴ്ചപ്പാടും സൃഷ്ടിക്കും.

 

പുറ്റിങ്ങൽ ക്ഷേത്രത്തിൽ കളക്ടർ നിരോധിച്ച വെടിക്കെട്ട് എങ്ങനെ നടന്നു എന്ന് കണ്ടെത്താൻ ഒരു ജൂഡിഷ്യൽ കമ്മീഷന്റെ ആവശ്യമില്ല. കളക്ടർ നിരോധന ഉത്തരവു നൽകിയാൽ അത് എങ്ങനെ ആർ നടപ്പാക്കേണ്ടതാണ് എന്നു വ്യക്തമായി നിഷ്കർഷിക്കപ്പെട്ടിട്ടുണ്ട്. അതിനുത്തരവാദിയായ ഉദ്യോഗസ്ഥര്‍ ഇപ്പോഴും സർവ്വീസിൽ തുടരുന്നു. കമ്പക്കാരന്റെ പേരിലല്ല നരഹത്യക്ക് കേസ്സെടുക്കേണ്ടത്. അയാൾ വെറുമൊരു സാങ്കേതിക ഘടകം മാത്രമാണ്. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ അപകടം ഉണ്ടായ അവസരത്തിൽ തന്നെ സസ്പെന്‍ഷനിൽ നിർത്തേണ്ടതായിരുന്നു. അതുപോലെ കളക്ടർ എ. ഷൈനമോൾ ഇത് നിരോധിച്ചത് നല്ല കാര്യം തന്നെ. എന്നാൽ കളക്ടറിൽ ജനായത്ത സംവിധാനം നിക്ഷിപ്തമാക്കിയിട്ടുള്ള അധികാരം അതിവിപുലമാണ്. താൻ നിരോധിച്ച ഒരു സംഗതി, നടക്കുന്നില്ല എന്ന ഉറപ്പാക്കാനുള്ള ചുമതലയും അവർക്കുണ്ട്. അധികാരം ജനങ്ങൾക്കു വേണ്ടി ഉപയോഗിക്കാനുള്ളതാണ്. കാരണം വെറും കടലാസ്സിലൂടെ നിയമം നടപ്പിലാക്കുകയല്ല വേണ്ടത്. അവർ അത് നിരോധിച്ചത് ജനങ്ങളുടെ ജീവന് അപകടം ഉണ്ടാകുമെന്നു ഉറപ്പുള്ളതിനാലാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഉറപ്പു നൽകുക എന്നതാണ് ഭരണകൂടത്തിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്. ആ ബോധത്തിലേക്ക് കളക്ടറും ഉയരേണ്ടതായിരുന്നു. അവിടെയാണ് അധികാരം ജനങ്ങൾക്കുവേണ്ടി ഉതകുന്നത്.

 

വായിക്കുക: എന്തു കൊണ്ട് പാടില്ല ഒരു പടക്കപരിശീലന അക്കാദമി?

 

വെടിക്കെട്ട് നിരോധിക്കുകയല്ല കേരളത്തിൽ വേണ്ടത്. വെടിക്കെട്ട് നടത്തുക തന്നെ വേണം. നിയമപരമായി നടത്തപ്പെടുകയാണെങ്കിൽ അപകടം ഉണ്ടാവുന്ന പ്രശ്നമില്ല. അപകടം ഉണ്ടാകുന്ന പക്ഷം അത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമായി കണ്ട് നരഹത്യയ്ക്ക് ഉത്തരവാദികളാക്കുന്ന അവസ്ഥയിലേക്ക് കൊണ്ടുവരണം. ഇത് നിയമം നടപ്പാക്കുന്നതിലെ അയഞ്ഞ സമീപനം മാറ്റി ഉദ്യോഗസ്ഥരെ ഉത്തരവാദിത്വമുള്ളവരാക്കി മാറ്റും. നിലവിലുള്ള നിയമങ്ങളിൽ അതിനാവശ്യമായ ഭേദഗതികൾ വേണമെങ്കിൽ വരുത്തുകയും വേണം. അല്ലാതെ വെടിക്കെട്ടു നിരോധനത്തിൽ കേന്ദ്രീകരിച്ച് സാമൂഹിക ശ്രദ്ധയും ആ ദിശയ്ക്ക് ഇതിനെ കാണുന്നതും ജീവിച്ചിരിക്കുന്നവരുടെ കാഴ്ചപ്പാടിൽ അതിഭീകര ദുരന്തങ്ങൾക്ക് വഴിമരുന്നിടുകയായിരിക്കും ചെയ്യുക. കേരള സമൂഹം മാധ്യമങ്ങളിലൂടെ പൈങ്കിളിവൽക്കരിക്കപ്പെട്ടതിന്റേയും ദുരന്തമാണ് ഒരു വിഷയത്തെ അതിന്റെ യഥാർഥ രൂപത്തിൽ കാണാൻ കഴിയാതെ വരുന്നത്.

 

Tags: