സോളാര്‍ നഷ്ടം കാണാന്‍ കഴിയാത്ത മുഖ്യമന്ത്രി

Tue, 26-01-2016 09:53:00 PM ;

umman chandi

സോളാര്‍ വിഷയം സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഒട്ടും ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മീഷനു മുന്നില്‍ മൊഴി കൊടുത്തിരിക്കുന്നു. ഐക്യ കേരളചരിത്രത്തില്‍ ഇത്രയും കൂടുതല്‍ നഷ്ടമുണ്ടാക്കിയ ഒരു അഴിമതി ആരോപണം ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാന്‍ സാധ്യതയും കുറവാണ്. കാരണം മദ്യം മദിരാക്ഷി. ഈ രണ്ടു വിഷയങ്ങളെ വെല്ലാനുള്ള വിഷയങ്ങള്‍ മനുഷ്യസമൂഹത്തില്‍ അവന്റെ അധമ താല്‍പ്പര്യങ്ങളുമായി ബന്ധപ്പെടാന്‍ ഇല്ലാത്തതുകൊണ്ട്. ഇതു രണ്ടും കൂടിക്കുഴഞ്ഞ് കൂഴച്ചക്ക രൂപത്തിലുള്ളതാണ് സോളാര്‍ വിഷയം; അല്ലെങ്കില്‍ സരിതാ വിഷയം.
സംസ്ഥാന സര്‍ക്കാരിന് ഈ വിഷയം ഉണ്ടാക്കിയ നഷ്ടത്തിലേക്ക് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ശിവദാസനോ അദ്ദേഹത്തെ ക്രോസ്സ് വിസ്താരം ചെയ്ത അഭിഭാഷകരോ വിരല്‍ ചൂണ്ടിയതായില്ല.

2013 ഒക്ടോബറില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അര്‍ദ്ധ വാര്‍ഷിക കണക്കെടുപ്പില്‍ 34 ശതമാനം നികുതി പിരിവ് പ്രതീക്ഷിച്ചിടത്ത് അത് വെറു പന്ത്രണ്ട് ശതമാനമായി കുറഞ്ഞു. അതായത് പോയവര്‍ഷത്തേക്കാള്‍ 22 ശതമാനം കുറവ്. അന്ന് ബാറുകള്‍ ഉണ്ടായിരുന്നു. മൊത്തം മദ്യവില്‍പ്പനയിലും പോയ വര്‍ഷത്തേക്കാള്‍ ഒമ്പതു ശതമാനത്തിന്റെ കുറവുണ്ടായി. ഈ രണ്ടു കുറവുകളും സംസ്ഥാന ഖജനാവിനേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ഇന്നും കരകയറാന്‍ കഴിഞ്ഞിട്ടില്ല. സോളാര്‍ വിഷയത്തിലൂടെ സരിത രംഗപ്രവേശനം ചെയതുകഴിഞ്ഞ് ഏതാണ്ട് ഒരു വര്‍ഷത്തോളം കേരളം കണ്ടത് പൂര്‍ണ്ണമായ ഭരണസ്ഥംഭനമാണ്. ഇതില്‍ എട്ടു മാസത്തോളം ഭരണയന്ത്രം ഒട്ടും ചലിക്കാത്ത അവസ്ഥയിലായിരുന്നു. ചരിത്രത്തില്‍ അതുവരെയുണ്ടായിട്ടില്ലാത്ത ആരോപണങ്ങളും സരിതയുടെ നേരിട്ടുള്ള വെളിപ്പെടുത്തലുകളും അതിനെ പിന്താങ്ങുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും കൊണ്ട് മാധ്യമങ്ങള്‍ നിറഞ്ഞ കാലം.ഈ സമയത്താണ് നികുതിപിരിവും മദ്യവില്‍പ്പനയിലും കുറവുണ്ടായത്.

മദ്യവില്‍പ്പനയില്‍ കുറവുണ്ടായത് എക്‌സൈസ് വകുപ്പിന്റെ മദ്യനിരോധന പ്രചാരണ പരിപാടികളുടെ ഫലമായി ജനം മദ്യപാന ശീലമുപേക്ഷിച്ചതിനാലാണത് എന്നാണ് അന്ന് വകുപ്പു മന്ത്രിയായിരുന്ന കെ.ബാബു പറഞ്ഞത്. ഇതു തന്നെ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലമായും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അന്ന് ധനമന്ത്രിയായിരുന്ന കെ.എം.മാണി ആ സിദ്ധാന്തത്തെ അപ്പാടെ തള്ളിക്കളയുകയാണ് ചെയ്തത്. ഇവിടെയാണ് സരിത വിഷയവും മദ്യവില്‍പ്പനയും തമ്മില്‍ ബന്ധപ്പെടുന്നത്. സരിത ജയിലില്‍ കിടന്നുകൊണ്ട് തനിക്കെതിരെയുള്ള സാമ്പത്തിക കുറ്റകൃത്യകേസ്സുകളില്‍ നിന്ന് ഒഴിവായി പുറത്തുവന്നത് എവിടെനിന്നുകിട്ടിയ പണമാണെന്ന് ഇതുവരെ ഒരു ഏജന്‍സിയും അന്വേഷിച്ചിട്ടില്ല. സരിതയുടെ 23 പേജുളള കത്ത് വെറും നാലു പേജുളള കത്തായി ചുരുങ്ങിയതും സരിത മുന്‍പ് വെളിപ്പെടുത്തിയത് പലതും വിഴുങ്ങിയതും ്അത് സംസ്ഥാന സര്‍ക്കാരിന് തലയൂരാന്‍ ഗുണകരമായതും ചരിത്രം. കേരളത്തിലെ മദ്യലോബിയിലാണ് ഈ സാമ്പത്തികഭാരം വന്നു പതിച്ചതെന്നുളളത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ആ കാലയളവില്‍ ബാറുകളില്‍ പരിശോധനകള്‍ നിലച്ചു. സെക്കന്‍ഡസ് വില്‍പ്പന പൊടിപൊടിച്ചു. സരിതവിഷയത്തിനുവേണ്ടി ഒഴുക്കിയതിന്റെ എത്രയോ ഇരട്ടി മദ്യലോബി ഈ കുറഞ്ഞ സമയം കൊണ്ട് അവരിലേക്ക് ഒഴുക്കിയിട്ടുണ്ടാകും. അതുപോലെ സരിതവിഷയം നടക്കുന്ന ഓണക്കാലത്ത് പേരിനുപോലും ഒരു കന്നാസ് മദ്യം പോലും പോലീസോ എ്കസൈസ് വകുപ്പോ പിടികൂടിയില്ല. ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്രയധികം വ്യാജമദ്യം കേരളത്തിലേക്ക് ഒഴുകിയിട്ടുണ്ടാവുക. ഇവ്വിധം സരിതാ വിഷയം കേരളത്തിന്റെ ഖജനാവിനും സംസ്‌കാരത്തിനും മാനസികാവസ്ഥയ്ക്കും ധാര്‍മ്മികതയ്ക്കും വ്യക്തിയുടെ വൈകാരിതയ്ക്കും രാഷ്ട്രീയത്തെക്കുറിച്ചും അതു വഴി ജനായത്ത സംവിധാനത്തിനുമൊക്കെ ഏല്‍പ്പിച്ച് നഷ്ടങ്ങള്‍ അളക്കാവുന്നതല്ല. ഇതിനെല്ലാം മുഖ്യ ഉത്തരവാദി മുഖ്യമന്ത്രിയ എന്ന നിലയില്‍ മുഖ്യമന്ത്രിക്കാണ്. 
അസാധാരണമായ മനോബലവും ശാരീരിക ആരോഗ്യവും ഉണ്ടെങ്കില്‍ മാത്രമേ പതിനാലര മണിക്കൂറോളം ഒററയടിക്ക് ഒരു തെളിവെടുപ്പ് കമ്മീഷന്റെ മുന്നില്‍ തെളിവ് നല്‍കാന്‍ കഴിയുകയുളളു. ഇതിനെ താമസിയാതെ തന്റെ കഴിവായി അദ്ദേഹവും അതിനെ പുകഴ്ത്തിക്കൊണ്ട് മുഖ്യധാരാ മാധ്യമങ്ങളും രംഗത്തു വന്നെന്നിരിക്കും. ഇത്രയും ശക്തിയും വെല്ലുവിളിയും ഏറ്റെടുക്കാന്‍ കെല്‍പ്പുള്ള മുഖ്യമന്ത്രി നുണപരിശോധനയ്ക്കും താന്‍ തയ്യാറാണെന്ന് സമ്മതിച്ചിരുന്നുവെങ്കില്‍് അത് അദ്ദേഹത്തിന്റെയും കേരള ചരിത്രത്തിന്റെയും ഗതിയില്‍ ഒരു നാഴികക്കല്ലാകുമായിരുന്നു.

Tags: