സിപ്രസ് എന്ന ഗ്രീക്ക് ഖേജരിവാള്‍

Glint Staff
Thu, 16-07-2015 10:24:00 PM ;

Alexis Tsipras,Greece

വൈകാരികമായി അതിപ്രസരം അനുഭവിക്കുന്നവരുടെയിടയില്‍ വിപരീതാത്മകത വില്‍ക്കപ്പെടും. വിപരീതാത്മകതയെ സര്‍ഗ്ഗാമത്മകതയായി അങ്ങിനെയുള്ളവര്‍ കാണും. ആ വിപരീതാത്മകത തങ്ങളെ വിനാശത്തിലേക്ക് നയിക്കുമെന്ന് അപ്പോള്‍ അവര്‍ക്ക് ചിന്തിക്കുക അസാധ്യം. കാരണം ആ വിപരീതാത്മകതയെ അപ്പോള്‍ അവര്‍ തങ്ങളുടെ രക്ഷയായിട്ടാണ് കാണുക. ഏതു മനുഷ്യനും സമൂഹവും എപ്പോഴും ശ്രമിക്കുന്നതും ഉറ്റുനോക്കുന്നതും രക്ഷയാണ്. സ്വാഭാവികമായും രക്ഷ ഉറപ്പാക്കുന്നതിനോട് അവര്‍ ചേര്‍ന്നു നില്ക്കും . വിനാശം സംഭവിച്ചുകഴിയുമ്പോഴായിരിക്കും കാര്യങ്ങള്‍ തിരിച്ചറിയുക. വൈകാരികതയില്‍ വിവേകവും വിവേചനവും സംഭവിക്കില്ല. അതില്ലാത്തതെല്ലാം നാശത്തില്‍ കലാശിക്കും. അതിന്റെ വര്‍ത്തമാനകാലത്തിലെ ഉത്തമ ഉദാഹരണമാണ് ഗ്രീസ്സില്‍ നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ദുരന്ത നാടകങ്ങള്‍.

സാമ്പത്തിക അച്ചടക്ക നടപടികള്‍ തിരസ്‌കരിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് ഗ്രീക്കില്‍ കഴിഞ്ഞ ജനുവരിയില്‍ അലക്‌സി സിപ്രാസ്സിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാ ര്‍ അധികാരത്തില്‍ വന്നത്. രാജ്യത്തിന്റെ സമ്പദ്ഘടനയെ പിടിച്ചുയര്‍ത്തുന്നതിനോ , രാജ്യം നേരിടുന്ന മുഖ്യവിഷയങ്ങളെ തരണം ചെയ്യുന്നതിനോ ഒന്നുമുള്ള പദ്ധതികളൊന്നും ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പ് വേളയില്‍ മുന്നോട്ട് വയ്ക്കാനായില്ല. അധികാരത്തില്‍ വന്നിട്ടും സിപ്രാസ് സര്‍ക്കാരിന് അവ്വിധം ചിന്തിക്കുന്നതിനോ ആ ആവശ്യകതയിലേക്ക് ജനങ്ങളുടെ ചിന്തയെ തിരിക്കുന്നതിനോ ഉതകുന്ന നടപടികളെടുക്കാനോ നയങ്ങള്‍ ആവിഷ്‌ക്കരിക്കാനോ ഒന്നും കഴിഞ്ഞില്ല. സിപ്രാസ്സിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ഏവര്‍ക്കുമറിയാവുന്നതാണ് ഗ്രീക്കിന് കടം കൊടുത്തിട്ടുള്ള ത്രിത്വം യൂറോപ്യന്‍ കമ്മീഷന്‍, യൂറോപ്യന്‍ സെന്ട്രല്‍ ബാങ്ക്, ഐ എം എഫ് ഗ്രീക്കിനുമേലുള്ള പിടി മുറുക്കുമെന്ന്. അത് മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള ശരാശരി വിവേകം പോലും സിപ്രാസ്സിനോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ ഭരണകൂടത്തിനോ കഴിഞ്ഞില്ല. ത്രിത്വം തങ്ങളുടെ നിലപാട് കൂടുതല്‍ മുറുക്കിയപ്പോള്‍ സിപ്രാസ്സ് കൂടുതല്‍ പിടിവാശിയിലേക്ക് പോയി. ഒടുവില്‍ വായ്പ തിരിച്ചടയ്‌ക്കേണ്ട തീയതിയും കഴിഞ്ഞു. അപ്പോഴും തെരഞ്ഞെടുപ്പിലെ മുദ്രാവാക്യവുമായി സ്വരാജ്യത്തെ ഭരണപക്ഷത്തെ തറപറ്റിക്കാന്‍ പയറ്റിയ അതേ തന്ത്രമാണ് സിപ്രാസ് പ്രയോഗിച്ചത്. അതായിരുന്നു ഹിതപരിശോധന. ബാങ്കുകള്‍ പൂട്ടുകയും, മരുന്നും ഭക്ഷണവും വാങ്ങാന്‍ കഴിയാതെയും വാടകകൊടുക്കാന്‍ നിവൃത്തിയില്ലാതെ ജനം തെരുവിലേക്കിറങ്ങിയ സാഹചര്യത്തിലുമാണ് ഹിതപരിശോധന നടന്നത്. യൂറോപ്യന്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് സമാശ്വാസ കടം ലഭിക്കണമെങ്കില്‍ കര്ശമന സാമ്പത്തിക അച്ചടക്ക നടപടികള്‍ നടപ്പിലാക്കണം എന്നതായിരുന്നു ത്രിത്വം മുന്നോട്ടു വച്ചിരുന്ന നിബന്ധന. സ്വാഭാവികമായും അതിനെ അംഗീകരിക്കുക രാഷ്ട്രീയമായി സിപ്രാസ് സര്‍ക്കാരിന് സാധ്യമല്ല. കാരണം അവര്‍ അധികാരത്തില്‍ എത്തിയത് അതിനെ തിരസ്‌കരിച്ചുകൊണ്ടായതിനാല്‍. ജനം എല്ലാ രീതിയിലും ബുദ്ധിമുട്ടനുഭവിക്കുന്ന ഘട്ടത്തിലും സിപ്രാസ് സര്‍ക്കാരിലുള്ള പ്രത്യാശ കൈവിട്ടില്ല. ഏതെങ്കിലും മാന്ത്രികവിദ്യയില്‍ സിപ്രാസും കൂട്ടരും തങ്ങളെ രക്ഷപെടുത്തുമെന്ന് ജനം കരുതി. അതിന്റെ പ്രതിഫലനമാണ് ഹിതപരിശോധനയില്‍ സാമ്പത്തിക അച്ചടക്കനടപടി വേണ്ട എന്ന് സിപ്രാസ് ആഗ്രഹിച്ചതുപോലെ ജനം വിധിയെഴുതിയത്. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതുപോലെ ഹിതപരിശോധനയിലും സിപ്രസ് വിജയിച്ചു. ഹിതപരിശോധനയിലൂടെ യൂറോ രാജ്യങ്ങളെ വിശേഷിച്ചും ജര്‍മ്മനിയെ വിരട്ടാമെന്നായിരുന്നു സിപ്രാസ്സിന്റെ ലക്ഷ്യം. യൂറോ മേഖലയില്‍ നിന്ന് ഗ്രീക്ക് പുറത്തുപോകുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. യൂറോമേഖലയില്‍ നിന്നും പുറത്തുവന്ന് ഗ്രീക്കിന്റെ കറന്സിയായ ദ്രക്ക്മായെ പുനരുജ്ജീവിപ്പിക്കുന്നതിനോടുപോലും ജനം യോജിപ്പായിരുന്നു എന്നതായിരുന്നു ഹിതപരിശോധനാ ഫലം പ്രകടമാക്കിയിരുന്നത്. അതായത് ഏത് കഷ്ടപ്പാടും തങ്ങളുടെ രാജ്യത്തിനുവേണ്ടി സഹിക്കാന്‍ ഭൂരിപക്ഷം ജനതയും മുന്നോട്ടുവരുന്ന കാഴ്ച. എന്നാല്‍ സിപ്രസ്സിനോ അദ്ദേഹത്തിന്റെ ഭരണകൂടത്തിനോ ആ വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യം ഉണ്ടായില്ല. അതുവേണമെങ്കില്‍ വികാരത്തിന്റെ സ്ഥാനത്ത് വിവേകവും സര്ഗ്ഗാ ത്മകതയും ധൈര്യവും ആവശ്യമാണ്. ധൈര്യമില്ലാത്തവനാണ് എപ്പോഴും പ്രകടശൂര്യം കാണിക്കുക. ധൈര്യമില്ലായ്മയില്‍ നിന്നാണ് വൈകാരികതയുടെ അതിപ്രസരവും ഉണ്ടാവുക. ഇടതുപക്ഷമുന്നേറ്റത്തിന് ഏറ്റ ഏറ്റവും ശക്തമായ പ്രഹരമാണ് സിപ്രാസ് ഏല്‍പിച്ചിരിക്കുന്നത്. ബലാല്സംഗത്തിന് ശ്രമിക്കുന്നവന്റെ മുമ്പില്‍ സ്ത്രീ വഴങ്ങുമ്പോള്‍ അയാള്‍ ഷണ്ഡത്വമനുഭവിക്കുന്ന കാഴ്ചയാണ് ഗ്രീസ്സില്‍ ഏറ്റവും ഒടുവില്‍ കണ്ടത്. എണ്പത്തിയാറു ശതകോടി യൂറോ സമാശ്വാസ കടത്തിനുവേണ്ടി യൂറോപ്യന്‍ സംഘടന പറഞ്ഞ കൃത്യസമയത്തില്‍ ഗ്രീക്ക് പാര്‍ലമെണ്ട് പാസ്സാക്കി യൂറോപ്യന്‍ യൂണിയന്റെ മുന്നില്‍ ഗ്രീക്ക് മുട്ടുകുത്തി. അതും മുമ്പ് കടം കോടുക്കുന്നവര്‍ പറഞ്ഞതിനേക്കാള്‍ കര്‍ക്കശമായ നിബന്ധനകള്‍ സമ്മതിച്ചുകൊണ്ട്. അതായത് ഹിതപരിശോധനയില്‍ ജനം തള്ളിക്കളിഞ്ഞ അച്ചടക്ക നടപടികളേക്കാള്‍ കൂടുതല്‍ കര്‍ക്കശമായവ നടപ്പിലാക്കിക്കൊണ്ട്. കാരണം കടം കൊടുക്കുന്നവര്‍ക്ക് മുമ്പ് തന്നെ ഗ്രീക്കിലുള്ള വിശ്വാസ്യത നഷ്ടമായിരുന്നു. അതിന് പുറമേ ഹിതപരിശോധനകൂടി വന്നപ്പോള്‍ ഗ്രീക്കില്‍ അവശേഷിച്ചിരുന്ന വിശ്വാസ്യത കൂടി ഇല്ലാതായതാണ് യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ കര്‍ക്കശമായ നിലപാട് സ്വീകരിക്കാന്‍ കാരണമായത്. ഗ്രീക്കിലെ ജനസംഖ്യയില്‍ പകുതിയോളം പെന്‍ഷനെ ആശ്രയിക്കുന്നവരാണ്. അവര്ക്കാ ണ് സാമ്പത്തിക അച്ചടക്ക നടപടി കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്. കാരണം പെന്‍ഷന്‍ കുറയുന്നതിന് പുറമേ നികുതി മേഖല വികസിപ്പിക്കുകയും അധിക നികുതി ചുമത്തലിന്റെ ഭാരവും കുറഞ്ഞ പെന്‍ഷനില്‍ നിന്ന് അവര്‍ക്ക്  നേരിടേണ്ടിവരും. അതുപോലെ അവശ്യസര്‍വീസായ വൈദ്യുതിവിതരണമുള്‍പ്പെടെ സ്റ്റേറ്റ് കുത്തകയില്‍ നിലനില്ക്കുകന്ന പല സംരംഭങ്ങളും സ്വകാര്യവത്ക്കരിക്കാനും നിബന്ധന പ്രകാരം പാര്‍ലമെണ്ട് തീരുമാനിച്ചിട്ടുണ്ട്. ഇതെല്ലാം സിപ്രസ് ഭരണകൂടത്തിന്റെ പരാജയത്തിനു പുറമേ ജനാധിപത്യത്തേയും ജനഹിതത്തേയും നിരര്ഥകവും നിര്വീടര്യവുമാക്കി മാറ്റുന്ന പ്രക്രീയയിലുമാണ് കലാശിച്ചിരിക്കുന്നത്. ഒറ്റവാക്കില്‍ സിപ്രാസ്സിനെ ഗ്രീക്ക് ഖേജരിവാള്‍ എന്ന് വിശേഷിപ്പിക്കാം.

Tags: