ഷാര്‍ളി ഹെബ്ദോയുടെ ദുരന്തപ്പതിപ്പ്

Glint Staff
Wed, 14-01-2015 06:03:00 PM ;

 

ഭീകരത ഫലമെങ്കിൽ അതിന്റെ വിത്ത് അജ്ഞതയാണ്. മുഹമ്മദ്‌ നബിയുടെ ചിത്രം കാർട്ടൂണായി പ്രസിദ്ധീകരിച്ചതിലെ അജ്ഞതയുടെ മറുപടിയാണ് ഷാർളി ഹെബ്ദോയുടെ എഡിറ്ററുൾപ്പടെ എട്ടു പത്രാധിപ സമിതി അംഗങ്ങളും മറ്റുള്ളവരും ഭീകരരുടെ തോക്കിനിരയായത്. മതത്തിന്റെ പേരിൽ അജ്ഞതയുടെ കൊടുമുടിയിലെത്തുന്നവരാണ് മതഭ്രാന്തന്മാരായി മാറുന്നത്. അവരെ വർത്തമാനലോകം ഭീകരർ എന്നു വിളിക്കുന്നു. അജ്ഞത അകലണമെങ്കിൽ പ്രകാശത്തിന്റെ സാന്നിദ്ധ്യത്തിനു മാത്രമേ കഴിയുകയുള്ളു. ഷാർളി ഹെബ്ദോയിലെ ഭീകരാക്രമണത്തിനു ശേഷം പാരിസിലും ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന ഐക്യദാർഢ്യ മാർച്ച് സമാധാനത്തിനോടുള്ള മനുഷ്യന്റെ വാഞ്ചയുടെ തെളിവാണ്. എന്നാൽ യുദ്ധത്തിലൂടെ സമാധാനത്തിലെത്താമെന്ന് ഭരണകൂടങ്ങളും ഭീകരാക്രമണങ്ങൾക്ക് ഇരയാകുന്നവരുമെല്ലാം കരുതുന്നു. അതും അജ്ഞതയല്ലാതെ മറ്റൊന്നുമല്ല. ഭീകരരെ പ്രകോപിപ്പിച്ച കാർട്ടൂൺ പുന:പ്രസിദ്ധീകരിച്ചുകൊണ്ട് മുപ്പതു ലക്ഷം പ്രതികളുമായാണ് പുതിയ ലക്കം ഷാര്‍ളി ഹെബ്ദോ പുറത്തിറങ്ങിയിരിക്കുന്നത്. സംശയം വേണ്ട, ഇതും വരുത്തിവയ്ക്കുന്ന വിന വലുതാകാനാണ് സാധ്യത. അജ്ഞതയെ കൊടിയ അജ്ഞത കൊണ്ട് നേരിടുന്ന സമീപനമായിപ്പോയി ഷാര്‍ളി ഹെബ്ദോയുടെ നടപടി.

 

നബിയുടെ കാർട്ടൂൺ വഹിച്ചുകൊണ്ടുള്ള പുതിയ പതിപ്പിലൂടെ ഷാര്‍ളി ഹെബ്ദോയുടെ നടത്തിപ്പുകാർ പ്രതീക്ഷിക്കുന്നത് എന്താണെന്ന് വ്യക്തമല്ല. ഭീകരരെ പ്രകോപിപ്പിക്കലാണോ അതോ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന സാഹസമാണോ. ഷാര്‍ളി ഹെബ്ദോയിലെ ആക്രമണം പൊതുവേ  ലോകജനതയ്ക്കിടയിലും സമാധാനപ്രിയരായ ഇസ്ലാം മതവിശ്വാസികളുടെയിടയിലും ഭീകരവാദത്തിന്റെ ഭീകരമുഖം വെളിപ്പെടുത്തുക തന്നെ ചെയ്തു. അതുപോലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രസക്തിയും വെളിവായിരുന്നു. എന്നാൽ ഭീകരർ എന്ന വഴിതെറ്റിയ ഒരുകൂട്ടം മതഭ്രാന്തരെ ലക്ഷ്യമാക്കിക്കൊണ്ട് ഇവ്വിധം നബിയുടെ കാർട്ടൂണുമായി അറുപതിനായിരത്തിന്റെ സ്ഥാനത്ത് മുപ്പതു ലക്ഷം കോപ്പിയുമായി ഷാര്‍ളി ഹെബ്ദോ പുറത്തിറങ്ങിയിരിക്കുന്നത് ഭീകരരെ മാത്രമാവില്ല പ്രകോപിപ്പിക്കുക. ഭീകരവാദത്തെ  അംഗീകരിക്കാത്ത സമാധാനപ്രിയരായ മുസ്ലിങ്ങളേയും അത് പലവിധം വേദനിപ്പിക്കും. ഇസ്ലാം മതവിശ്വാസികളെ മുഴുവൻ വെല്ലുവിളിക്കുന്ന സമീപനമായിപ്പോയി ഇത്.

 

എല്ലാ മതങ്ങളുടെയും സാരം ഒന്നു തന്നെ. ഒരു മതവും ആത്യന്തികമായ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ മതത്തേക്കുറിച്ചും ആചാരങ്ങളേക്കുറിച്ചുമുള്ള അറിവ് വ്യത്യസ്തമായ നിലയിലാണ് ജനങ്ങളിൽ നിലകൊള്ളുന്നത്. ലാ ഇലാഹ ഇല്ലല്ലാഹ - അതല്ലാതെ മറ്റൊന്നില്ല എന്നാണ് പ്രഖ്യാപിക്കുന്നത്. തത്ത്വമസിയുടെ മറ്റൊരു ഭാഷ്യം തന്നെയാണത്. പക്ഷേ, തത്ത്വമസിയുടെ പൊരുൾ മനസ്സിലാക്കിയിട്ടുള്ള എത്ര പേർ ഹിന്ദു സമുദായത്തിലുണ്ട്. എന്തിന് എത്ര സന്യാസിവര്യന്മാർക്കിടയിലുണ്ട്. അങ്ങിനെ സംഭവിക്കുക പ്രയാസവുമാണ്. അതേസമയം അതിന്റെ പൊരുളനുസരിച്ചുള്ള ജീവിതം ജ്ഞാനിക്കും അജ്ഞാനിക്കും ലഭിക്കാൻ വേണ്ടിയാണ് ആചാരങ്ങളും മറ്റും ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. ദൗർഭാഗ്യവശാൽ ആചാരങ്ങളിലൂടെ അഥവാ പുറംപൊതികളിലൂടെ മതത്തെ കാണുന്നവർ തെറ്റിദ്ധരിക്കപ്പെടുന്നു. തെറ്റിദ്ധാരണയെ അവർ യഥാർഥ ധാരണയാണെന്നു കരുതുന്നു. എന്നിട്ട് അതിൽ വിശ്വസിക്കുന്നു. അത് അവരെ വിശ്വാസികളാക്കുന്നു. അവരും മറ്റുള്ളവരും അതു വിശ്വസിക്കുന്നു. എല്ലാ മതങ്ങളിലും ഇതു തന്നെയാണ് സംഭിവിക്കുന്നത്. ഇസ്ലാം മതവും അതില്‍ നിന്ന്‍ അന്യമല്ല. അതല്ലാതെ മറ്റൊന്നുമില്ല എന്നു കേൾക്കുന്ന ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നു, തങ്ങളുടെ ദൈവമല്ലാതെ മറ്റ് ദൈവങ്ങളൊന്നുമില്ലെന്ന്. വഴിയിൽ ബുദ്ധനെ കണ്ടുവെന്ന് ആരെങ്കിലും പറയുകയാണെങ്കിൽ ആ ബുദ്ധനെ കൊല്ലുക എന്ന് ബുദ്ധൻ പറഞ്ഞുവച്ചിട്ടുണ്ട്. ബുദ്ധനെന്ന് അവകാശപ്പെട്ട് ആരെങ്കിലും പ്രത്യക്ഷപ്പെട്ടാൽ അവരെ കശാപ്പ് ചെയ്യുക എന്നതല്ല ബുദ്ധൻ ഉദ്ദേശിച്ചത്. അവ്യയവും അദൃശ്യവുമായ ആ ശക്തി കാഴ്ചകൾക്കും മനുഷ്യന്റെ ഇന്ദ്രിയഗ്രാഹ്യങ്ങൾക്കുമപ്പുറത്താണ്. അതിനുള്ളിൽ എല്ലാമുണ്ട്.  അത് അതീന്ദ്രിയമാണ്. അവ്വിധം ആരാധിക്കപ്പെടുന്ന കാരുണ്യവാനായ ഈശ്വരന്റെ ചിത്രത്തേയോ കാർട്ടൂണിനേയോ ശരാശരി മുസ്ലീമിനെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാൻ പറ്റില്ല എന്ന ധാരണ വർത്തമാനലോകത്തിൽ നിലനിൽക്കുന്നുണ്ട്. അതിനെ മാനിക്കേണ്ടത് മറ്റുള്ളവരുടെ ഉത്തരവാദിത്വമാണ്. അല്ലെങ്കിൽ സമൂഹം ആ നിലയ്ക്ക് ഉയർന്നുകഴിയണം. അങ്ങിനെ ഉയർന്നിട്ടില്ല എന്ന് വ്യക്തം. ആ രീതിയിലേക്ക് ഉയർത്തുക എന്നതാകണം മാധ്യമങ്ങളുടെ ലക്ഷ്യവും ഉത്തരവാദിത്വവും. എന്നാൽ പലപ്പോഴും എതിർ ദിശയിലേക്ക് കാര്യങ്ങളെ നയിക്കുന്നതിലേക്ക് മാധ്യമങ്ങൾ മാറുന്നു. അതിന്റെ ഉത്തമ ഉദാഹരണമാണ് ഷാര്‍ളി ഹെബ്ദോയുടെ പുതിയ ലക്കം.

 

ഷാര്‍ളി ഹെബ്ദോയിൽ നരനായാട്ട് നടത്തിയ ഭീകരരെ തള്ളിപ്പറയുന്ന മുസ്ലീം ജനതയ്ക്ക് ഷാര്‍ളി ഹെബ്ദോയുടെ പുതിയ ലക്കത്തേയും തള്ളിപ്പറയേണ്ടുന്ന അവസ്ഥ സംജാതമായിരിക്കുകന്നു. ഇത് ഭീകരരെ സംബന്ധിച്ചിടത്തോളം വിജയമാണ്. കാരണം അവരുടെ സമീപിനത്തിന്റെ നേർക്ക് അവരെ അംഗീകരിക്കാത്തവർക്കുപോലും വരേണ്ടി വന്നു എന്നുള്ളതിന്റെ പേരിൽ. പാരിസിൽ നടന്ന ഐക്യദാർഢ്യ മാര്‍ച്ച് ചരിത്രസംഭവമായ സ്ഥിതിക്ക് ലോകജനതയുടെ ഇടയിൽ ആശാസ്യമല്ലാത്ത വിള്ളലുകൾ ഷാര്‍ളി ഹെബ്ദോയുടെ പുതിയ ലക്കം സൃഷ്ടിക്കാനിടയുണ്ട്. മാധ്യമം ഏതായാലും അത് നയിക്കപ്പെടേണ്ടത് അറിവിന്റെ അടിത്തറയിലാവണം. മറിച്ചാവുമ്പോൾ ദുരന്തം തന്നെ.

Tags: