Skip to main content

വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കണമെന്ന ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദന്റെ ആവശ്യം അങ്ങേയറ്റം നിരുത്തരവാദിത്വപരമെന്നേ പറയാൻ കഴിയുകരുള്ളൂ. വിഴിഞ്ഞം പദ്ധതിയുടെ ബർത്ത് ടെർമിനലിന്റെ ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുൻപാണ് അദ്ദേഹം ഇത്തരത്തിലുള്ള ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതിൽ പൊതുതാൽപ്പര്യവും സംസ്ഥാന താൽപ്പര്യവും പ്രതിഫലിക്കുന്നില്ല. എന്തായാലും പദ്ധതി നിർത്തിവയ്ക്കാതെ മുന്നോട്ടു പോകുമെന്ന് അസന്ദിഗ്ധമായി ബർത്ത് ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് സ്വാഗതാർഹമാണ്. സ്വതന്ത്ര ഇന്ത്യയിൽ അഴിമതി ഇല്ലാതെ നടന്ന ഒരു പദ്ധതി പോലും ഉണ്ടാവില്ല. മുൻകാലങ്ങളിൽ അതിന്റെ തോത് കുറവായിരുന്നു. ഇപ്പോഴത് പദ്ധതി നിർമ്മാണത്തിന് വേണ്ടുന്നത്ര തുക തന്നെ അഴിമതി വിഹിതം വേണ്ടിവരുന്നു. ഇതു സംഭവിക്കുന്നത് രാഷ്ട്രീയ നേതാക്കളുടെ അവിത ധനാർജ്ജനത്വര കൊണ്ടാണ്. അതിന്റെ തുടർച്ചയാണ് സർക്കാർ ഉദ്യോഗസ്ഥരിലും വ്യാപകമായിരിക്കുന്ന അഴിമതി. ഒരു വരുമാന സർട്ടിഫിക്കറ്റു പോലും കൈമടക്കില്ലാതെ ലഭ്യമല്ലാത്ത അവസ്ഥയാണ് ഇന്നു കേരളത്തിലുള്ളത്.വി.എസ്.അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോഴും അതിൽ മാറ്റമുണ്ടായില്ല. അഴിമതിയുടെ പേരിൽ ഒരു പദ്ധതി നിർത്തിവയ്ക്കുകയാണെങ്കിൽ സർക്കാരിന്റെ പ്രവർത്തനം തന്നെ നിർത്തിവയ്ക്കേണ്ടി വരും. വിപരീതാത്മകതയ്ക്ക് വൻ കമ്പോളമുള്ള കേരളത്തിൽ തന്റെ ഈ ആവശ്യം മാധ്യമങ്ങൾ ഏറ്റെടുത്തുകൊള്ളും എന്നുകൂടി കണ്ടു കൊണ്ടായിരിക്കും വി.എസ്.അച്ചുതാനന്ദൻ ഇത്തരത്തിൽ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. ഒരു മുന്നണിയിൽ മാത്രമല്ല ഇത്തരം പദ്ധതികൾ വരുമ്പോൾ അതിന്റെ പങ്കുപറ്റുക. കരാറുകാർ കേരളത്തിൽ കാണേണ്ട എല്ലാവരേയും കാണും. കാരണം അതില്ലാതെ കേരളത്തിൽ ഒന്നും നടക്കില്ല. മറ്റ് സംസ്ഥാനങ്ങളിലും ഇതൊക്കെ തന്നെ. തമിഴ്നാട്ടിൽ കരാറുകാർ രാഷ്ട്രീയ നേതാക്കളെ കണ്ടു കഴിഞ്ഞാൽ പിന്നെ അവർക്ക് 'തലവേദന ഉണ്ടാകില്ല. കേരളത്തിൽ അതല്ല അവസ്ഥയെന്നു മാത്രം. സി.എ.ജി യുടെ റിപ്പോർട്ട് തെറ്റാകില്ല. എന്തായാലും സർക്കാർ അന്വേഷണത്തിനായി റിട്ടയേഡ് ജഡ്്ജിയെ നിയമിച്ചു. പതിവുപോലെ തെളിവെടുപ്പുകളും കണ്ടെത്തലുകളും റിപ്പോർട്ട് സമർപ്പിക്കലും നടക്കും. കാലവും മുന്നോട്ടു പോകും. അഴിമതിയുടെ കാര്യത്തിൽ മഹാത്ഭുതങ്ങളോ ചെറിയ അത്ഭുതങ്ങളോ ഈ സർക്കാരിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. കേരള ജനതയുടെ സമീപനവും അതിനു കാരണം ആകുന്നു . അവരുടെ പ്രതിനിധികൾ തന്നെയാണ് ഭരണം കൈയ്യാളുന്നതും.നിലവിലെ സാഹചര്യത്തിൽ അഴിമതിയുടെ തോത് ഇനി പരമാവധി കുറയ്ക്കാൻ നോക്കിയിട്ടേ കാര്യമുളളു. കരാറിലടങ്ങിയിരിക്കുന്ന സംസ്ഥാനത്തിന് ദോഷമായി മാറുന്ന വകുപ്പുകൾ ഒഴിവാക്കുക . കരാർ സംബന്ധിച്ച സുതാര്യതയും സംസ്ഥാന സർക്കാർ ഉറപ്പു വരുത്തണം. എത്രയോ മാധ്യമപരസ്യം സർക്കാർ നൽകുന്നു. ഈ കരാർ സം ബന്ധിച്ച കാര്യങ്ങളിൽ പത്രപ്പരസ്യം ചെയ്യുന്നതോടൊപ്പം ഓൺലൈനിൽ വിശദമായ എല്ലാ വസ്തകകളും നൽകേണ്ടതാണ്. എത്ര വലിയ കരാറുകാരനായാലും സംസ്ഥാന സർക്കാർ നിശ്ചയദാർഢ്യത്തോടെ സമീപിച്ചാൽ ഏതു വകുപ്പുകളിലും മാറ്റം വരുത്താൻ കഴിയും. സംസ്ഥാന സർക്കാരിന്റെ സഹകരണവും സഹായവുമില്ലാതെ ആർക്കും ഇവിടെ പ്രവർത്തിക്കുക സാധ്യമല്ല .അതിനാൽ അദാനിയല്ല മറിച്ച് സംസ്ഥാന സർക്കാരാണ് വിഴിഞ്ഞം പദ്ധതി സംസ്ഥാനത്തിനു ഗുണമാകുമോ ദോഷമാകുമോ എന്നു നിശ്ചയിക്കേണ്ടത്. സി.എ.ജി റിപ്പോർട്ടിന്റെ പേരിൽ വി.എസ്.പറയുന്നതുപോലെ പദ്ധതി നിർത്തിവെച്ചാൽ സംസ്ഥാനത്തിന് നഷ്ടവും അദാനിക്ക് ലാഭവമായിരിക്കും ഉണ്ടാവുക.

Tags