ഡെല്‍ഹിയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു. കേവല ഭൂരിപക്ഷം നേടിയല്ല പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുന്നതെങ്കിലും ആന്ധ്രാപ്രദേശില്‍ എന്‍.ടി രാമറാവുവിന്റെ നേതൃത്വത്തില്‍ തെലുഗുദേശം പാര്‍ട്ടിയ്ക്കും ആസാമില്‍ ആസാം ഗണ പരിഷത്തിനും ശേഷം നേരിട്ട ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ അധികാരത്തില്‍ എത്തുന്ന പാര്‍ട്ടിയായി മാറിയിരിക്കുകയാണ് എ.എ.പി.
കോണ്‍ഗ്രസിന്റെ പുറത്ത് നിന്നുള്ള പിന്തുണ എ.എ.പിയ്ക്ക് ഒരു മുന്‍കൂര്‍ ജാമ്യത്തിന്റെ ഫലം ചെയ്യും. പിന്തുണ നിരുപാധികമായിരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനകം പ്രസ്താവിച്ച് കഴിഞ്ഞു. തങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് അങ്ങോട്ട് ഉപാധികള്‍ വെച്ച് കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും കത്തയച്ച അരവിന്ദ് കേജ്രിവാളിന്റെ നടപടി ഒരു സൂചനയായി സ്വീകരിക്കാമെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അതിന് മുന്‍പും പാര്‍ട്ടി സ്വീകരിച്ച ആക്ടിവിസ്റ്റ് രീതി പാര്‍ട്ടി ഭരണത്തിലും തുടരാം. എന്നാല്‍, രാഷ്ട്രീയ രൂപവും ആക്ടിവിസ്റ്റ് ഉള്ളടക്കവും എന്ന വിരോധാഭാസം എ.എ.പി അവസാനിപ്പിക്കേണ്ട സമയമാണ് ഇത്.
വൈദ്യുതി നിരക്ക് കുറയ്ക്കും, വെള്ളം ലഭ്യമാക്കും, ചേരികളിലെ വീടുകള്‍ക്ക് അംഗീകാരം നല്‍കും എന്നിങ്ങനെ ഒരുപിടി വാഗ്ദാനങ്ങളുമായാണ് എ.എ.പി അധികാരത്തില്‍ വരുന്നത്. ഇവയില്‍ ഏറ്റവും പ്രധാനം അഴിമതി അവസാനിപ്പിക്കുന്നതിന് ജന്‍ ലോക്പാല്‍ ബില്‍ പാസാക്കുമെന്നത് തന്നെ. ഇവയെല്ലാം നടപ്പിലാക്കേണ്ടത് തന്നെയുമാണ്. കാരണം, ഇവയില്‍ നമ്മുടെ ജനായത്ത സംവിധാനത്തിലെ കുഴപ്പങ്ങളുടെ പ്രതിഫലനമുണ്ട്. സംവിധാനത്തിന്റെ ശുദ്ധീകരണത്തിന് ഒരു ചികിത്സയെന്ന പോലെ നിയമ നടപടികളും ഭരണ നടപടികളും ആവശ്യവുമാണ്. എന്നാല്‍, അടിസ്ഥാനപരമായി ഇവ പ്രതിഫലനങ്ങളാണ് എന്നത് കൊണ്ടുതന്നെ ഈ കുഴപ്പങ്ങളുടെ കാരണം കണ്ടുപിടിച്ചു മാറ്റിയില്ലെങ്കില്‍ ഇവ ആവര്‍ത്തിച്ച് കൊണ്ടിരിക്കും. അത് പക്ഷെ വേറൊരു രീതിയില്‍ ആയിരിക്കും എന്ന് മാത്രം.
ഇവിടെയാണ് പാര്‍ട്ടിയുടെ രാഷ്ട്രീയ കാഴ്ചപ്പാട് ആവശ്യമായി വരിക. ഇപ്പോള്‍, മെച്ചപ്പെട്ട ഭരണം എന്ന വാഗ്ദാനത്തിന്റെ മറവില്‍ പ്രത്യേകിച്ച് രാഷ്ട്രീയം ഒന്നും പറയാതെ ജനങ്ങളുടെ വൈകാരികതയെ സമാഹരിച്ച് അധികാരത്തില്‍ എത്തുകയാണ് എ.എ.പി ചെയ്തത്. ഇത് ആശയപരമായ ഒരു അഴിമതി തന്നെയാണ്. അഴിമതിയെ വിശാലമായി സമീപിച്ചാല്‍. കാരണം, മെച്ചപ്പെട്ട ഭരണം എന്ന വാഗ്ദാന പൂര്‍ത്തീകരണത്തിന് തന്നെയും എ.എ.പി മറികടക്കേണ്ട പ്രശ്നങ്ങള്‍ ഡെല്‍ഹിയുടെ അതിര്‍ത്തികളില്‍ ഉളവാകുന്നതോ ഡെല്‍ഹി ഭരണകൂടത്തിന് മാത്രമായി പരിഹരിക്കാനാകുന്നതോ അല്ല. വിലക്കയറ്റം തന്നെ ഒരു ഉദാഹരണം. അപ്പോള്‍, നിലനില്‍ക്കുന്ന ദേശീയ സാഹചര്യത്തില്‍ എങ്ങനെയാണ് തങ്ങള്‍ ഈ പ്രശ്നങ്ങളെ സമീപിക്കുക എന്ന് വ്യക്തമാക്കേണ്ട ബാധ്യത എ.എ.പിയ്ക്കുണ്ട്. കാരണം, എ.എ.പിയില്‍ ജനങ്ങള്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നു എന്നത് കൊണ്ടുതന്നെ എ.എ.പി നേരിട്ടേക്കാവുന്ന വിശ്വാസനഷ്ടം ജനായത്ത സംവിധാനത്തെ തന്നെ ദോഷകരമായി ബാധിച്ചേക്കാം.
മറ്റ് പാര്‍ട്ടികള്‍ മോശം, തങ്ങള്‍ മാത്രമാണ് രാഷ്ട്രീയത്തിലെ അവസാന പിടിവള്ളി എന്ന എ.എ.പി ഇതുവരെ സ്വീകരിച്ചുവന്ന രാഷ്ട്രീയ കാഴ്ചപ്പാടിന്റെ അപകടം ഇവിടെയാണ്. പ്രതിപക്ഷ ബഹുമാനം നിയമസഭകളില്‍ ഭരണപക്ഷം പ്രതിപക്ഷത്തോട് കാണിക്കേണ്ട മാത്രം ഒന്നല്ല. എവിടെയും രണ്ടുപക്ഷങ്ങളുണ്ടെങ്കില് ഇരുപക്ഷങ്ങളും പരസ്പരം പ്രദര്‍ശിപ്പിക്കേണ്ടതാണ്. എ.എ.പിയുടെ കാഴ്ചപ്പാടില്‍ ഇല്ലാതെ പോകുന്നതും ഈ പ്രതിപക്ഷ ബഹുമാനമാണ്. കാഴ്ചപ്പാടുകളാണ് പ്രവൃത്തികളെ സ്വാധീനിക്കുക. രാഷ്ടീയ മാറ്റത്തിന്റെ മാര്‍ഗ്ഗം അനുഗുണമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ച് അതിലൂടെ ജനങ്ങളുടെ കാഴ്ചപ്പാടിനെ മാറ്റുക എന്നതാണ്. അതിന് പര്യാപ്തമല്ല, എ.എ.പി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന കാഴ്ചപ്പാട്.
മറ്റൊരു തലത്തിലും എ.എ.പിയുടെ ഈ കാഴ്ചപ്പാട് അസ്വീകാര്യമാണ്. ഗാന്ധിയന്‍ സ്മരണകള്‍ ഉയര്‍ത്തി അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ ബാക്കിപത്രമാണ് എ.എ.പി. ഗാന്ധിത്തൊപ്പി പോലുള്ള പ്രതീകങ്ങള്‍ പാര്‍ട്ടി ഉപയോഗിക്കുന്നു. രാജ്യമാകെ എ.എ.പിയെ ശ്രദ്ധിക്കുന്നതും ഈ ഗാന്ധിയന്‍ സ്മരണകള്‍ കൊണ്ടാണ്. എന്നാല്‍, ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകുമ്പോള്‍ സുഹൃത്തുക്കളെ പോലെ വേണം പോകാന്‍ എന്ന് കരുതിയ ഗാന്ധിയുടെ കാഴ്ചപ്പാടുമായി ഒത്തുപോകുന്നതല്ല എ.എ.പി തെരഞ്ഞെടുപ്പ് ചിഹ്നമായി സ്വീകരിച്ച ചൂല്. തൂത്തുവാരി കളയുക എന്ന ചൂലിന്റെ ദൗത്യത്തില്‍ തൂത്തുവാരുക എന്നതിനെക്കാളേറെ കളയുക എന്നതിനായിരുന്നു എ.എ.പിയുടെ ഊന്നല്‍. അതായത് അക്രമാത്മകമായാണ് തെരഞ്ഞെടുപ്പില്‍ എ.എ.പി ഈ പ്രതീകത്തെ ഉപയോഗിച്ചത്. സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കായി ഗാന്ധി ഉപയോഗിക്കപ്പെടുന്നത് ഒട്ടേറെ കണ്ട ഈ രാജ്യത്ത് ഇനി തങ്ങള്‍ കൂടി, അറിഞ്ഞോ അറിയാതെയോ, അത് ആവര്‍ത്തിക്കേണ്ടതുണ്ടോ എന്ന് എ.എ.പി ചിന്തിക്കുന്നത് ഉചിതമായിരിക്കും.