കേരള നിരത്തുകളിലെ സാമൂഹ്യരോഗ പ്രതിഫലനം

Sun, 08-09-2013 06:00:00 PM ;

സമൂഹത്തിന്റെ പൊതുസ്വഭാവത്തിന്റെ പ്രതിഫലനമാണ് ഡ്രൈവിംഗിലും പ്രകടമാകുന്നത്.

 

നിരത്തുകളിലെ ഡ്രൈവിംഗ് സംസ്‌കാരത്തിന്റെ സൃഷ്ടിക്ക് അധികാരികളുടെ വാഹനങ്ങളുടെ നിയമബഹുമാനം ഏറ്റവും നിർണ്ണായകമാണ്.

 

സാങ്കേതികവിദ്യയുടെ സഹായത്താൽ ഓരോ വാഹനത്തിന്റേയും ഡ്രൈവറുടേയും നിശ്ചിതകാലയളവിലെ ഡ്രൈവിംഗ് ചരിത്രം കൃത്യമായി നിരീക്ഷിക്കാവുന്നതാണ്. അതനുസരിച്ചായിരിക്കണം നിരത്തിൽ ഡ്രൈവർമാർക്ക് വാഹനവുമായി ഇറങ്ങാനുള്ള അവകാശത്തിന്റെ തുടർച്ച നിശ്ചയിക്കേണ്ടത്.

 

വാഹനമോടിക്കുന്ന എല്ലാവർക്കും പരിശീലനവും തുടർപരിശീലനവും നിയമവിധേയമാക്കി മോട്ടോർവാഹനച്ചട്ടങ്ങളിൽ ഭേദഗതി വരുത്തേണ്ടതാണ്.

 

രോഗത്തിന് അനിവാര്യമാണ് ചികിത്സ. ആ നിലയ്ക്ക് കേരളനിരത്തുകളെ ചോരയണിയിക്കുകയും നൂറുകണക്കിന് പേരുടെ മരണത്തിന് കാരണവുമായി മാറുന്ന ഡ്രൈവിംഗിന് അറുതി വരുത്തുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന നടപടികൾ ന്യായീകരിക്കപ്പെടുന്നതാണ്. അതേസമയം ഈ നടപടി-ചികിത്സ കൊണ്ട് അപകടങ്ങൾ ഗണ്യമായി  കുറയുമെന്നു കരുതാൻ പറ്റില്ല. ഏതെങ്കിലും അപകടമുണ്ടാവുമ്പോൾ ചില നടപടികൾ കർക്കശമായി ഉണ്ടാവുക സ്വാഭാവികം. മലപ്പുറത്ത് അടുത്തടുത്തായി ഏറെപ്പേരുടെ മരണത്തിന് കാരണമായ റോഡപകടങ്ങളാണ് ഇപ്പോൾ കർശനമായ വാഹനപരിശോധനയ്ക്കും മറ്റ് നിയന്ത്രണങ്ങളേർപ്പെടുത്താനും നിമിത്തമായിരിക്കുന്നത്. കൂട്ടത്തിൽ ഋഷിരാജ്‌ സിങ്ങ് ട്രാൻസ്‌പോർട്ട് കമ്മീഷണറായി തുടരുന്നതും. ഏതാനും വർഷം മുൻപ് മലപ്പുറത്ത് തന്നെ പൂക്കിപ്പറമ്പിൽ അപകടമുണ്ടായി ബസ്സ് മുഴുവൻ ഞൊടിയിടയിൽ കത്തി ഒട്ടേറെപ്പേർ മരിക്കാനിടയായത് പിന്നിൽ ഉണ്ടായിരിക്കേണ്ട എമർജൻസി എക്‌സിറ്റ് ഇല്ലാതിരുന്നത് മൂലമാണ്. അതിനെത്തുടർന്ന് പിന്നീടുള്ള ദിവസങ്ങളിൽ വൻ വാഹനപരിശോധനയും എമർജൻസി എക്‌സിറ്റില്ലാത്ത വാഹനങ്ങൾക്കെതിരെ നടപടിയുമായിരുന്നു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ എല്ലാം തഥൈവ. ഇപ്പോൾ ഒറ്റദിവസം കൊണ്ട് നിയമം അനുശാസിക്കുന്ന അവശ്യം സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്ത മൂന്നൂറിലേറെ സ്വകാര്യബസ്സുകൾക്കെതിരെയാണ് നടപടി എടുത്തിട്ടുള്ളത്. ഇതോടെ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് സ്വകാര്യബസ്സ് ഉടമകളുടെ തീരുമാനം വന്നിരിക്കുന്നു. സംഘടനാബലം ഉപയോഗിച്ച്  ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന നിയമനിഷേധത്തിന് അവകാശം വേണമെന്ന നിലപാടാണ് സംഘടനാനേതാക്കളുടെ പ്രസ്താവനയിൽ നിഴലിക്കുന്നത്.

 

അധികാരികളുടെ വേഗം

 

സ്വകാര്യബസ്സുകളുടെ അനിയന്ത്രിതമായ മത്സരഓട്ടം കേരളനിരത്തുകളെ മരണക്കളമാക്കിയിട്ട് കാലം കുറേ ആയി. മത്സര ഓട്ടം, വാഹനങ്ങളുടെ ചൊവ്വില്ലായ്മ, മറ്റ് വാഹനങ്ങളുടെ അമിതവേഗത, ട്രാഫിക് നിയമം പാലിക്കാതിരിക്കൽ, റോഡുകളുടെ അവസ്ഥ, വ്യക്തിസ്വഭാവവൈകല്യം തുടങ്ങിയവയാണ് റോഡുകളിൽ മരണം വിതയ്ക്കുന്ന രോഗ കാരണങ്ങൾ. ഒറ്റവാക്കിൽ തീരെ ചിട്ടയില്ലാത്ത ഡ്രൈവിംഗാണ് ഈ കൂട്ടക്കൊലപാതകങ്ങളുടെ മുഖ്യകാരണം. ഈ കാരണങ്ങളെ സാമൂഹ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ വേണം പരിഹരിക്കാൻ. അതിന് ആദ്യമായി വേണ്ടത് നിയമം പാലിക്കേണ്ടവർ അധികാരത്തിന്റെ പേരിൽ നിയമം പരസ്യമായി ലംഘിച്ച് ജനങ്ങളുടെ മുന്നിൽ വെല്ലുവിളിപോലെ നടത്തുന്ന പ്രകടനമാണ്. ഒറ്റ മന്ത്രിമാർ പോലും റോഡിലുള്ള മറ്റ് വാഹനമോടിക്കുന്നവരെ അലോസരപ്പെടുത്താതെയും കാൽനടയാത്രക്കാരിൽ ഭീതി ജനിപ്പിക്കാതെയും കടന്നുപോകില്ല. അധികാരമെന്നാൽ നിയമം ലംഘിക്കുക എന്ന പരോക്ഷവും എന്നാൽ അതിശക്തവുമായ സന്ദേശം കൂടിയാണ് ഇത്തരം പ്രകടനങ്ങൾ നല്‍കുന്നത്. അമിതവേഗത മൂലം ഏറിവന്നാൽ ഏതാനും മിനിട്ടുകൾ മാത്രമാണ് ലാഭിക്കാൻ കഴിയുക. വീഡിയോ കോണ്‍ഫറന്‍സിങ്ങ് പോലുള്ള ആധുനിക വിനിമയ സംവിധാനങ്ങളുള്ള ഈ കാലഘട്ടത്തിൽ പ്രത്യക്ഷത്തിലുള്ള സാന്നിധ്യത്തിന് തല്‍സ്ഥലത്ത് എത്തേണ്ട ആവശ്യം പോലുമില്ല. അധികാരം നിയമലംഘനത്തിനാണെന്ന് നിരത്തിലിറങ്ങുന്ന ഓരോരുത്തരും പോലീസിന്റെ നടപടിയിലൂടെ ഓർമ്മിക്കപ്പെടുന്നുണ്ട്. സിഗ്നലുകൾ കാത്ത് മറ്റ് യാത്രക്കാർ കാത്തുകിടക്കുമ്പോൾ പോലീസ് വാഹനം അതെല്ലാം അവഗണിക്കുന്നു. ഇത് നിരത്തിലെ അശ്ലീലമാണ്.

 

ധികാരസ്ഥാനങ്ങളിലുള്ള ചിലർ തക്ക സമയങ്ങളിൽ ഓഫീസിലും മറ്റ് സ്ഥലങ്ങളിലും എത്തേണ്ട സാഹചര്യങ്ങളുണ്ട്. അതിന്റെ പിന്നിലെ കാഴ്ചപ്പാടും ജനങ്ങൾക്ക് അത്തരം അധികാരികളുടെ അസാന്നിധ്യം കൊണ്ട് സഹായവും നീതിയും നിഷേധിക്കപ്പെടരുത് എന്നുളളതാണ്. അല്ലാതെ ആ അധികാരികളുടെ ഹുങ്ക് റോഡിലുള്ള സാധാരണക്കാരെ ബോധ്യപ്പെടുത്താനല്ല. അത്യാവശ്യമുള്ള സന്ദർഭങ്ങളിൽ അധികാരികൾ  അങ്ങിനെപോകേണ്ടി വരുമ്പോൾ പോകുക തന്നെ വേണം. അത് നീതിയുക്തമായി ഉപയോഗിക്കുകയാണെങ്കിൽ ജനം സ്വമേധയാ തന്നെ അത്തരം സന്ദർഭങ്ങളിൽ  വഴിയൊരുക്കിക്കൊടുക്കും. ഇപ്പോഴത്തെ അവസ്ഥയിൽ അത്യാവശ്യം വരുമ്പോൾ പോലും ജനം ബോധപൂർവ്വം ഏതെങ്കിലും വിധത്തിൽ വഴിമുടക്കാനാണ് തുനിയുന്നത്. കൊച്ചിയിൽ രാവിലെ   ട്രാഫിക്ക് തിരക്കിൽ കൂടി എങ്ങിനെയെങ്കിലും മുന്നോട്ടുകുതിക്കുന്ന  ഹൈക്കോടതി ജഡ്ജിമാരുടെ വാഹനങ്ങൾക്ക് പോകാൻ  മറ്റ് വാഹനക്കാർ സൗകര്യമൊരുക്കിക്കൊടുക്കുന്നത് സ്ഥിരം കാഴ്ചയാണ്. ചില ജഡ്ജിമാരുടെ ഡ്രൈവർമാർ സന്ധ്യയ്ക്കും ഇതുപോലെ ലൈറ്റിട്ട് മറ്റ് വാഹനങ്ങളെ മറികടന്നുപോകുന്നത് അസുഖകരവും അനാരോഗ്യകരവുമായ മുഹൂർത്തങ്ങളാണ് നിരത്തിൽ സൃഷ്ടിക്കുന്നത്. നിരത്തുകളിലെ ഡ്രൈവിംഗ് സംസ്‌കാരത്തിന്റെ സൃഷ്ടിക്ക് അധികാരികളുടെ വാഹനങ്ങളുടെ നിയമബഹുമാനം ഏറ്റവും നിർണ്ണായകമാണ്.

 

ഡ്രൈവിംഗ് ചരിത്രവും ലൈസന്‍സും  

 

പ്പോൾ ട്രാഫിക് ബോധവത്ക്കരണത്തിന് മറ്റെന്നെത്തേക്കാളും അനുയോജ്യമായ കാലഘട്ടമാണ്. അമിതവേഗത്തിലും അലക്ഷ്യവുമായി വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന്  യാതൊരു പ്രയാസവുമില്ല. ഓരോ വാഹനത്തേയും തത്സമയം നിരീക്ഷിക്കുന്നതുപോലും ഒട്ടും പ്രയാസമുള്ള കാര്യമല്ല. ഡിജിറ്റൽ  സാങ്കേതികവിദ്യയുടെ സ്‌ഫോടനഫലമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളെല്ലാം അമിതവേഗശേഷിയുള്ളവയാണ്. അതേ സാങ്കേതികവിദ്യയുടെ സഹായത്താൽ ഓരോ വാഹനത്തിന്റേയും ഡ്രൈവറുടേയും നിശ്ചിതകാലയളവിലെ ഡ്രൈവിംഗ് ചരിത്രം കൃത്യമായി നിരീക്ഷിക്കാവുന്നതാണ്. അതനുസരിച്ചായിരിക്കണം നിരത്തിൽ ഡ്രൈവർമാർക്ക് വാഹനവുമായി ഇറങ്ങാനുള്ള അവകാശത്തിന്റെ തുടർച്ച നിശ്ചയിക്കേണ്ടത്. ഇപ്പോൾ  ട്രാഫിക് സിഗ്നലിൽ നിയമം തെറ്റിക്കുന്ന വാഹനങ്ങളുടെ ചിത്രമെടുത്ത് പിഴ ചുമത്തുന്നതുപോലെയുള്ള പ്രക്രിയ ഇക്കാര്യത്തിലും തുടരാം.

 

തുടര്‍ പരിശീലനം

 

ൾക്കാർ തിങ്ങിനിറഞ്ഞ ബസ്സുതന്നെയാണ് എപ്പോഴും അമിതവേഗത്തിലും പോകുന്നത്. അതിനർഥം അതിലിരിക്കുന്നവരുടെ സമ്മതം കൂടി അമിതവേഗത്തിനുണ്ട് എന്നതാണ്. സമൂഹത്തിന്റെ പൊതുസ്വഭാവത്തിന്റെ പ്രതിഫലനമാണ് ഡ്രൈവിംഗിലും പ്രകടമാകുന്നത്. അഴിമതിയുടെ നിശ്ചിത പ്രതിഫലനമാണ് രേഖാമൂലം ഫിറ്റ്‌നസ്സ് സർട്ടിഫിക്കറ്റുള്ള, എന്നാല്‍ ഫിറ്റ്‌നസ്സില്ലാത്ത സ്വകാര്യബസ്സുകളും ലോറികളും മറ്റ് വാഹനങ്ങളുമൊക്കെ. ഇതൊക്കെ പരസ്യവുമാണ്. ഏത് സ്വകാര്യബസ്സിൽ കയറിയാലും ആർക്കും മനസ്സിലാവുന്ന കാര്യം. അതേസമയം, എന്തുതന്നെ കെടുകാര്യസ്ഥത ആരോപിച്ചാലും കെ.എസ്.ആർ.ടി.സി ബസ്സുകളുടെ നിരത്തിലെ ഓട്ടം ശ്ലാഘനീയവുമാണ്.  ചില അപവാദങ്ങളെ മാറ്റിനർത്തിയാൽ കെ.എസ്.ആർ.ടി.സി ബസ്സുകളുടെ കാര്യത്തിൽ വ്യക്തമാകുന്നത് സുരക്ഷിതമായ ഡ്രൈവിംഗാണ്. ഇതു സൂചിപ്പിക്കുന്നത് പരിശീലനത്തിന്റെയും തുടർപരിശീലനത്തിന്റെയും പ്രസക്തിയാണ്. വാഹനമോടിക്കുന്ന എല്ലാവർക്കും ഇത്തരം പരിശീലനവും തുടർപരിശീലനവും നിയമവിധേയമാക്കി മോട്ടോർവാഹനച്ചട്ടങ്ങളിൽ ഭേദഗതി വരുത്തേണ്ടതാണ്.

 

ക്രിമിനൽ പശ്ചാത്തലമുള്ള ചെറുപ്പക്കാരെ സ്വകാര്യബസ്സ് ഡ്രൈവർമാരായി ബോധപൂർവ്വം നിയമിക്കുന്ന പ്രതിഭാസവും സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. ഇത് മത്സര ഓട്ടവും  അതിൽ നിന്നുണ്ടാവുന്ന പ്രശ്‌നങ്ങളേയും മുന്നിൽ കണ്ടുകൊണ്ടാണ്. ഇത്തരം ബസ്സുകളുടെ ഉടമകളിൽ പോലീസുദ്യേഗസ്ഥരുൾപ്പടെയുള്ള അധികാരികളോ അവരുടെ ആൾക്കാരോ ഉണ്ടെന്നുള്ളതും നിഷേധിക്കാനാകാത്ത വസ്തുതയാണ്. അപകടകരമായ ഡ്രൈവിംഗ് നടത്താൻ ശേഷിയുള്ളവർ ഇവിടെ ബോധപൂർവ്വം തിരഞ്ഞെടുക്കപ്പെടുകയും നിയോഗിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഒട്ടേറെ സാമൂഹ്യകാരണങ്ങളാണ് നിരത്തുകൾ മരണക്കളങ്ങളായി മാറുന്നതിന് കാരണമാകുന്നത്. ഇത്തരം വിഷയങ്ങളിലേക്കുകൂടി ശ്രദ്ധിക്കാതെ ഗുണപരമായ മാറ്റം കാര്യമായി കൊണ്ടുവരാൻ കഴിയില്ല.

Tags: