സംസ്ഥാനത്ത് ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ബസുകളിലെ വേഗപ്പൂട്ട് പരിശോധന കര്‍ശനമാക്കിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കൊച്ചിയില്‍ ചേര്‍ന്ന സ്വകാര്യ ബസ് ഉടമകളുടെ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
അതേസമയം, സമരമുണ്ടായാലും വേഗപ്പൂട്ട് പരിശോധന തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. പരിശോധനയ്ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുക്കേണ്ടന്നാണ് സര്‍ക്കാറിന്റേയും നിര്‍ദേശം. വേഗപ്പൂട്ട് ഇല്ലാത്ത വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കാനും തീരുമാനമുണ്ട്. ശനിയാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇരുന്നൂറോളം ബസുകള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കിയിരുന്നു.
വേഗപ്പൂട്ട് ഘടിപ്പിക്കാന്‍ സാവകാശം അനുവദിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് ഉടമകള്‍ വിശദീകരിക്കുന്നു. കേടായ അവസ്ഥയിലുള്ള വേഗപ്പൂട്ടുകള്‍ നന്നാക്കുന്നതിനോ പുതിയതു വാങ്ങുന്നതിനോ സാവകാശം അനുവദിക്കണം. വിപണിയില്‍ വേഗപ്പൂട്ടിന്റെ ലഭ്യതക്കുറവും സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയില്‍ ഒരാഴ്ച്ചക്കിടെ രണ്ട് വന്‍ ബസപകടങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് മോട്ടോര്‍വാഹന വകുപ്പ് നടപടികള്‍ തുടങ്ങിയത്. ആറു റൂട്ടുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിക്കും വേഗപ്പൂട്ട് നിര്‍ബന്ധമാക്കി. ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടെന്നും പുതിയ ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കേണ്ടെന്നും തീരുമാനമുണ്ട്.