ആധുനിക ഭാരതം കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജ്യത്തിന്റെ 67-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ പറയുകയുണ്ടായി. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തെ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് 7.9 ശതമാനമായിരുന്നു എന്ന് പറഞ്ഞ അദ്ദേഹം കഴിഞ്ഞവര്‍ഷം അത് 5 ശതമാനമായി കുറയാനുള്ള കാരണമെന്തെന്നു വ്യക്തമാക്കിയില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി “എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച” എന്ന ഭംഗിവാക്ക് നാം സ്ഥിരം കേള്‍ക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ ധനിക-ദരിദ്ര വിടവ് വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ സമീപകാല സൂചനകളും ശുഭോദര്‍ക്കമല്ല.
വേണ്ടത്ര സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ കഴിയാത്തതിലും രാജ്യത്ത് ആധുനിക നടപടികള്‍ ആഗ്രഹിക്കുന്ന തരത്തില്‍ നടത്താന്‍ കഴിയാത്തതിലും നിരാശ പ്രകടിപ്പിക്കുന്ന ഒരു പ്രസംഗമാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തില്‍ നടത്തിയത്. 1991-ലെ കേന്ദ്ര ധനമന്ത്രി മന്‍മോഹന്‍സിംഗ് ആയിരുന്നില്ലെങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക ചരിത്രം മറ്റൊന്നാകുമായിരുന്നു എന്ന് കരുതുന്നവര്‍ ഏറെയാണ്. ലോകത്തിലെ ഉയര്‍ന്നു വരുന്ന സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയെന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രിക്സില്‍ ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളോടൊപ്പം ഇന്ന്‍ ഇന്ത്യ സ്ഥാനം പിടിക്കുന്ന കുതിപ്പ് ആരംഭിച്ചത് മന്‍മോഹന്‍സിംഗ് അവതരിപ്പിച്ച സാമ്പത്തിക പരിഷ്കരണ നടപടികള്‍ ആണെന്ന് ഈ വിഭാഗം കരുതുന്നു. മറുവശത്ത്, 1947-ന് ശേഷം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ആരംഭിച്ച നടപടികളും ആധുനിക ഭാരതം കെട്ടിപ്പടുക്കാനാണ്. അണക്കെട്ടുകളെ ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങള്‍ എന്നാണ് അന്ന് വിശേഷിപ്പിച്ചത്. നെഹ്രുവിയന്‍ നടപടികളെ പരോക്ഷമായി തള്ളിക്കളഞ്ഞുകൊണ്ടാണെങ്കിലും നെഹ്രുവിന്റെ അതേ ലക്ഷ്യമായ ആധുനിക ഇന്ത്യയുടെ നിര്‍മ്മാണത്തിനായി തന്നെയാണ് 1991-ല്‍ സാമ്പത്തിക ഉദാരവല്‍ക്കരണ നടപടികള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടതും. രണ്ട് മാതൃകകളും 66 വര്‍ഷം കൊണ്ട് രാജ്യത്തെ എവിടെ എത്തിച്ചു എന്ന പരിശോധന ഇനി മുന്നോട്ടുപോകുന്നതിന് മുന്‍പ് ആവശ്യമാണ്. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയും നമ്മുടെ രാഷ്ട്രീയ നേതൃത്വവും ഉപയോഗിക്കുന്ന ആധുനികം എന്ന കാഴ്ചപ്പാടിന് ഇത് വരെയും വ്യക്തത കൈവന്നിട്ടില്ല എന്ന വസ്തുത തെളിയുന്നത്.
പടിഞ്ഞാറന്‍ യൂറോപ്പിലെ രാഷ്ട്രീയ പരിസരത്ത് നിന്ന്‍ രൂപപ്പെട്ട ഫാബിയന്‍ സോഷ്യലിസത്തിന്റെ അടിസ്ഥാനത്തില്‍ നെഹ്രു നടപ്പിലാക്കിയ നയങ്ങളും ബ്രട്ടന്‍വുഡ്സ് സ്ഥാപനങ്ങളുടെ ഉപദേശപ്രകാരം നവ-ഉദാര സാമ്പത്തിക വ്യവസ്ഥയില്‍ അധിഷ്ഠിതമായ നയങ്ങളും ഇന്ത്യയുടെ സവിശേഷ സാഹചര്യത്തിന് അനുയോജ്യമായ മാതൃകകളല്ല എന്ന്‍ ഇതിനകം വ്യക്തമായിട്ടുണ്ട്. ആദ്യത്തേത് സാമ്പത്തികമായും രണ്ടാമത്തേത് സാമൂഹ്യമായും ദോഷകരമായ ഫലങ്ങളാണ് കൂടുതല്‍ സൃഷ്ടിച്ചത്. ഇന്ത്യന്‍ വൈവിധ്യത്തെ അതിന്റെ സമഗ്രതയില്‍ ഉള്‍ക്കൊള്ളുന്ന നയമാതൃകകള്‍ വികസിപ്പിക്കേണ്ട ചിന്തകളിലേക്ക് രാജ്യത്തിന്റെ രാഷ്ട്രീയ നേതൃത്വം ചെല്ലേണ്ടിയിരിക്കുന്നു. അതിന് പകരം പരാജയമായ മാതൃകകള്‍ ഇനിയും തുടരുകയാണെങ്കില്‍ കടുത്ത വെല്ലുവിളികള്‍ രാജ്യം നേരിടേണ്ടി വരും എന്നുകൂടി വ്യക്തമാകുന്ന കാലമാണിത്.
തിരുപ്പതി മുതല്‍ പശുപതി വരെ നീണ്ടു കിടക്കുന്ന മാവോയിസ്റ്റ് താവളങ്ങള്‍ ഈ വെല്ലുവിളിയുടെ ഒരു സൂചനയാണ്. നിയംഗിരി കുന്നുകളിലെ ഖനനപ്രശ്നത്തില്‍ സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം നടക്കുന്ന ആദിവാസി ഗോത്രസഭകള്‍ വേദാന്തയെന്ന ആധുനിക വികസനത്തിന്റെ പ്രതിബിംബത്തെ ജനാധിപത്യപരമായി തിരസ്ക്കരിക്കുന്നതും ഈ വെല്ലുവിളിയുടെ മറ്റൊരു സൂചനയാണ്. സ്വന്തം ജനങ്ങള്‍ക്ക് മേല്‍ ആയുധമെടുത്ത് ഈ വെല്ലുവിളികളെ നേരിടാന്‍ ജനാധിപത്യ രാജ്യത്തിന് കഴിയില്ല. ഏതെങ്കിലും ഒരു കാര്യം ചെയ്യാന്‍ മാത്രമല്ല, ചെയ്യാതിരിക്കാനും മറിച്ച് ചെയ്യാനും കൂടിയുള്ളതാണ് സ്വാതന്ത്ര്യമെന്ന് ഈ വേളയില്‍ ഭരണകര്‍ത്താക്കള്‍ ഓര്‍ക്കണം. 67-മത് സ്വാതന്ത്ര്യദിനം ആചരിക്കുന്ന ഈ വേളയില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. വികസനം മുന്നില്‍ക്കണ്ട് ആധുനിക ഇന്ത്യയെ സൃഷ്ടിക്കാനുള്ള ഇത്തരത്തിലുള്ള നടപടികളുമായി മുന്നോട്ടു പോവുമ്പോള്‍ നമുക്ക് വിസ്മരിക്കാനാവാത്ത ചില വസ്തുതകള്‍ രാജ്യത്ത് അരങ്ങേറുന്നുണ്ടെന്ന കാര്യം നമ്മുടെ ഭരണകര്‍ത്താക്കള്‍ മറന്നു പോവുന്നു. എന്നാല്‍ രാജ്യത്തെ വളര്‍ച്ചാനിരക്ക് തിരിച്ചുപിടിച്ച് പത്തുവര്‍ഷം കൊണ്ട് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. പക്ഷെ ഇത് എത്രത്തോളം പ്രാവര്‍ത്തികമാവുമെന്നതിനെക്കുറിച്ച് നാം സംശയിക്കേണ്ടിയിരിക്കുന്നു.