ജോര്‍ജിന്റെ ആവശ്യം മുഖ്യമന്ത്രിക്കെതിരെ സി.ബി.ഐ അമ്പേഷണം

Sun, 11-08-2013 05:00:00 PM ;

കേരളാ കോണ്‍ഗ്രസ് (എം) ഐക്യ ജനാധിപത്യ മുന്നണി വിടുന്നതു സംബന്ധിച്ച തിരക്കഥയുടെ രണ്ടാം ഭാഗം ചുരുളഴിഞ്ഞു. കെ.എം മാണിയുടെ അനുമതിയോടെയാണ് ഷാഫി മേത്തർക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് വിപ്പ് പി.സി ജോര്‍ജ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. കത്തിന്റെ ഉള്ളടക്കം വ്യക്തമായി വെളിവാക്കുന്നു, താൻ സി.ബി.ഐ അമ്പേഷണം യഥാര്‍ത്ഥത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത് മുഖ്യമന്ത്രിക്കെതിരെയാണെന്ന്‍. കാരണം ഷാഫിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ മുഴുവൻ പ്രത്യക്ഷത്തില്‍ തന്നെ മുഖ്യമന്ത്രിക്കെതിരെയുള്ളതാണ്.

 

ഷാഫിയുടെ നിയമനത്തെത്തന്നെയാണ് ജോർജ് ആദ്യമായി ചോദ്യം ചെയ്തിരിക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തില്‍ പ്രത്യേക യോഗ്യതയില്ലാത്ത ആളെ എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ധനകാര്യ ഉപദേഷ്ടാവായി നിയമിച്ചതെന്ന്‍ ജോർജ് ചോദിക്കുന്നു. ഷാഫിക്ക് സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട ബിരുദമോ ബിരുദാനന്തര ബിരുദമോ ഇല്ലെന്ന് ജോർജ് ചൂണ്ടിക്കാട്ടുന്നു. ഒരു വർഷത്തിലധികം മുഖ്യമന്ത്രിയുടെ ധനകാര്യ ഉപദേഷ്ടാവായിരുന്ന ആൾ സർക്കാരിനെ ഉപദേശിക്കുകയോ, സാമ്പത്തികനയ രൂപീകരണത്തില്‍ പങ്കാളിയായതായോ അറിവില്ല. ഉപദേഷ്ടാവായിരുന്ന കാലത്ത് 16 തവണ ഷാഫി വിദേശയാത്ര നടത്തി. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണവും ജോർജ് ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് ഷാഫി മേത്തർ ഉപദേഷ്ടാവായിരുന്നപ്പോൾ 108 ആംബുലൻസുകൾ ആലപ്പുഴയില്‍ കൈകാര്യം ചെയ്യാനുള്ള അവകാശം ടെൻഡർ പോലുമില്ലാതെ മേത്തർക്കും കുടുംബത്തിനും ഉടമാവകാശമുള്ള സിഗിറ്റ്സ കമ്പനിക്ക് നല്‍കിയത്.

 

ഈ ആരോപണങ്ങളെല്ലാം മുഖ്യമന്ത്രിക്കെതിരെയുള്ളതാണ്. യോഗ്യതയില്ലാത്ത ആളെ  ഇത്തരത്തില്‍ ഒരു സ്ഥാനത്ത് നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ വ്യക്തിപരമായ വിവേചനാധികാരമുപയോഗിച്ചാണ്. അർഹതയില്ലാത്തയാളെ നിർണ്ണായക സ്ഥാനത്ത് നിയമിക്കുകയും ആ തസ്തിക കൊണ്ടുദ്ദേശിച്ച സേവനം ഒരു വർഷത്തിനിടയില്‍ ലഭ്യമാകാതിരിക്കുകയും  അതേസമയം ആ അവസരം ദുരുപയോഗപ്പെടുത്തിയെന്ന്‍ ആരോപിക്കുകയും ചെയ്യുമ്പോൾ മുന്നറിവോടെ മുഖ്യമന്ത്രി  കരുതിക്കൂട്ടി നിയമിച്ചതെന്നാണ് ജോർജ് സമർഥിക്കാനുദ്ദേശിക്കുന്നത്.

 

മുഖ്യമന്ത്രി സി.ബി.ഐ അമ്പേഷണത്തിന്  നടപടികൾ കൈക്കൊണ്ടില്ലെങ്കില്‍ ചീഫ് വിപ്പ് കോടതിയെ സമീപിക്കുമെന്നുമറിയിച്ചിട്ടുണ്ട്. അതിനും കെ.എം മാണിയുടെ അനുവാദവും ആശീർവാദവും ജോർജിന് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ, ജോര്‍ജും കേരളാ കോണ്‍ഗ്രസിന്റെ യുവജന നേതാക്കളും ഇടതുപക്ഷത്തിന്റെ രാപ്പകല്‍ സമരത്തിന് പിന്തുണ നല്‍കി രാഷ്ട്രീയമായ അനുകൂലാന്തരീക്ഷവും സൃഷ്ടിക്കുന്നുണ്ട്.

 

മൊത്തത്തില്‍ വേദനയിലാണ്ടിരിക്കുന്നതിനാല്‍ ജോർജിന്റേത് പ്രത്യേക തലവേദനയായി യു.ഡി.എഫിനും മുഖ്യമന്ത്രിക്കും  അനുഭവപ്പെടാനുള്ള സാധ്യത കുറവാണ്. എന്നാല്‍ വ്യക്തമായ അണിയറ നീക്കങ്ങൾ  മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച പ്രകാരം നടക്കുന്നു.

Tags: