മഴയല്ല, മനുഷ്യന്‍ വിതച്ച് മനുഷ്യന്‍ കൊയ്യുന്ന നാശം

Tue, 06-08-2013 04:15:00 PM ;

മാധ്യമങ്ങളുടെ ശക്തി  വളരെ വലുതാണ്. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴും മറക്കുന്നതും ഈ ശക്തി തന്നെ. വാക്കിന്റ വിലയും ശക്തിയുമാണ് ചാനലുകളിലൂടെ പ്രകടമാകുന്നത്. ചില വാക്കുകൾ പ്രേക്ഷകരുടെ ഉള്ളില്‍ സൃഷ്ടിക്കുന്ന അർഥതലങ്ങൾക്ക് ദൂരവ്യാപകവും സുപ്രധാനമായ മാനങ്ങളുണ്ട്. പ്ലേഗിനു ശേഷം സൂറത്ത് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി. ആ അവസ്ഥ ഇന്നും തുടരുന്നു. ഏറ്റവും വലിയ വൃത്തികേടില്‍ നിന്നാണ് പ്ലേഗ് പരന്നത്. ആ അനുഭവത്തില്‍ നിന്ന്‍ ജനങ്ങളുടെ ബോധതലത്തിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങിയ അറിവാണ് ഇന്നും സൂററ്റിനെ വൃത്തിയാക്കി നിലനിർത്തുന്നത്. ഏതു വാർത്തയ്ക്കും രസാത്മകത വേണമെന്ന അബദ്ധ ധാരണ പൊതുവേ മാധ്യമങ്ങളെ പിടികൂടിയിട്ടുണ്ട്. പൈങ്കിളി മാധ്യമപ്രവർത്തനത്തിന്റെ സംഭാവന.

 

ഇടുക്കിയില്‍ മലയിടിച്ചിലിനെ തുടർന്ന്‍ ആളുകളുടെ മരണത്തിനിടയാക്കിയ ദുരന്തം തന്നെയായിരുന്നു എല്ലാ ചാനലുകളുടേയും അന്നത്തെ പ്രധാനവാർത്ത. ചാനലുകൾ എല്ലാം തന്നെ ആ വാർത്തയെ അവതരിപ്പിച്ചത് ഒരോ തലവാചകത്തിന്റെ കീഴിലാണ്. ആ തലവാചകത്തെ അവർ വാർത്താസമയത്ത് സ്‌ക്രീനില്‍ നിലനിർത്തുകയും ചെയ്തു. 'നാശം വിതച്ച് മഴ', 'ഇടുക്കിയില്‍ ദുരന്തം പെയ്തിറങ്ങി', 'മഴ കൊതിച്ചതും വിധിച്ചതും' എന്നിങ്ങനെയായിരുന്നു മൂന്ന്‍ പ്രമുഖ ചാനലുകൾ നല്‍കിയ തലവാചകം. സാധാരണ മനുഷ്യർ കാണാത്തത് കാണുകയും അത് അവരുടെ ബോധതലത്തിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്യുക എന്നതാണ് മാധ്യമപ്രവർത്തകര്‍ക്കും മാധ്യമത്തിനും വേണ്ട സവിശേഷമായ ഗുണം. അവിടെയാണ് സിറ്റിസൻ ജേണലിസവും യഥാർഥ ജേണലിസവും വേർതിരിയുന്നതും ജേണലിസം  കൃത്യമായ സാമൂഹ്യശാസ്ത്ര വിഷയമാകുന്നതും. ഇടുക്കിയിലുണ്ടായ ദുരന്തം ഒരിക്കലും മഴ വിതച്ചതല്ല. ദുരന്തം ഒരിക്കലും പെയ്തിറങ്ങിയതല്ല. അവിടെ ഉണ്ടായ ദുരന്തം  നൂറ് ശതമാനം മനുഷ്യനിർമിതമാണ്. ഇടുക്കി മലമ്പ്രദേശത്തെ അനിയന്ത്രിതമായ കുടിയേറ്റവും കാടുനശിപ്പിക്കലും പിന്നീട് ടൂറിസം വികസനമെന്ന പേരില്‍ ഉണ്ടാക്കിയിട്ടുള്ള ലക്കും ലഗാനവുമില്ലാത്ത നശീകരണ പ്രവർത്തനങ്ങളുടെ ഫലമാണ് ഇപ്പോഴുണ്ടായ ദുരന്തം. അതിലേക്ക് ശരാശരി മനുഷ്യന്റേയും ഭരണാധികാരികളുടേയും ഉദ്യോഗസ്ഥമേധാവികളുടേയുമൊക്കെ ശ്രദ്ധ സമൂഹശ്രദ്ധയോടൊപ്പം തിരിച്ചുവിടേണ്ട സമയമാണിത്. ആ സമയത്താണ് അമൃതായി ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു പെയ്തിറങ്ങുന്ന മഴയെ ദുരന്തമായും നാശമായും ചിത്രീകരിച്ച് മാധ്യമങ്ങൾ അവതിരിപ്പിക്കുന്നത്.

 

എവിടെയങ്കിലും ഒരു മരം വെട്ടുമ്പോൾ പ്രതിഷേധം ആളിക്കത്തിച്ച് പ്രശ്നമുണ്ടാക്കുന്ന വിധമായിരിക്കരുത് മാധ്യമങ്ങളുടെ പരിസ്ഥിതി ബോധം. പരിസ്ഥിതി എന്നതു തന്നെ സമഗ്രതയെയാണ് സൂചിപ്പിക്കുന്നത്. അത് ആദ്യം വേണ്ടത് ചിന്തയിലാണ്. സാമാന്യമനുഷ്യർക്കുപോലും ആലോചിച്ചാല്‍ മനസ്സിലാകുന്നതേയുള്ളു മഴ നാശവും ദുരിതവും വിതയ്ക്കില്ലെന്ന്. അബോധപൂർവ്വം പ്രേക്ഷകമനസ്സില്‍ ഇവ്വിധമുള്ള ധാരണ കടത്തിവിട്ടതിനു ശേഷം ധാർമ്മികരോഷം പൂണ്ട് വാർത്താനുബന്ധ ചർച്ചയില്‍ സർക്കാരിന്റെ ഡിസാസ്റ്റർ മാനേജ്‌മെന്റ് തകരാറാണ് ദുരന്തത്തിനു കാരണമെന്നും ഒപ്പം കാടുനശിപ്പിക്കലുമാണെന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല. ആ ചർച്ച കണ്ടാല്‍ തോന്നുക ഈ ദുരന്തത്തില്‍ ആകെ ആകാംക്ഷയുള്ളത് വാർത്ത അവതരിപ്പിക്കുന്നവർക്ക് മാത്രമാണെന്നുള്ളതാണ്.

 

ഗാഡ്ഗില്‍ റിപ്പോർട്ടിനെതിരെ യുദ്ധം പ്രഖ്യാപിച്ച സർക്കാരിനും അതിനെതിരെ ഇറങ്ങിത്തിരിച്ചവരുടേയുമെല്ലാം സമീപനങ്ങൾക്ക് ഈ മാധ്യമങ്ങൾ കല്‍പ്പിച്ചു നല്‍കിയ തലവാചകങ്ങൾ ചെയ്തുകൊടുത്തിരിക്കുന്ന സഹായം ചെറുതല്ല. നഗരങ്ങളില്‍ പലപ്രദേശങ്ങളും എന്തിന് നെടുമ്പാശ്ശേരി എയർപോർട്ട് പോലും മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്താല്‍ പൂട്ടേണ്ടിവന്നു. ചില ഫ്‌ളാറ്റുകളുടെ ഒന്നാം നില വെള്ളത്തില്‍ മുങ്ങി. അവിടേയും മാധ്യമങ്ങൾക്ക് മഴ വിതയ്ക്കുന്ന ദുരിതം തന്നെ. വയലുകളും കുളങ്ങളുമായിരുന്നിടത്താണ് ഈ വെള്ളക്കെട്ടുകൾ ഉണ്ടായിരിക്കുന്നത്. പെയ്തിറങ്ങുന്ന മഴവെള്ളത്തിന് ഒഴുകാൻ സ്ഥലമില്ലാത്തതാണ് കൊച്ചിനഗരത്തിലും സമീപപ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടാകാൻ മുഖ്യകാരണമായത്. മുമ്പില്‍ കാണുന്ന വെള്ളത്തിനപ്പുറം കണ്ടാല്‍ മാത്രമേ ആഴം കാണാൻ കഴിയുകയുള്ളു. അതു കണ്ടില്ലെങ്കിലും വിനാശകരമായ ബോധസൃഷ്ടിക്കിടയാക്കുന്ന വാക്കുകളും തലവാചകങ്ങളും ഒഴിവാക്കുന്നതിനേക്കാൾ സാമൂഹ്യനന്മ വേറെയില്ല. അല്ലെങ്കില്‍ പ്രകൃതിയിലെ ഏറ്റവും വലിയ വരദാനമായ ജീവന്റെ ആധാരമായ മഴയെപ്പോലും നാം നാശമായി കാണുന്ന അവസ്ഥ സംജാതമാകും. നമ്മെ നിലനിർത്തുന്ന പ്രകൃതിയിലെ ഓരോന്നിനേയും നാം തന്നെ നശിപ്പിക്കുമ്പോൾ അതറിയാതിരിക്കുന്നതും അതിനു കൂട്ടുനില്‍ക്കുന്നതും ഇത്തരം അറിവില്ലായ്മയുടെ ഫലമാണ്. ആ ഗണത്തില്‍ ഏറ്റവും ഒടുവില്‍ മഴയും. ഏറ്റവും കുറവ് വിഷത്തോടെ മലയാളിക്ക് കിട്ടുന്ന ഏക ഘടകം. ഈ പശ്ചാത്തലത്തില്‍ ഏറ്റവും കൊടിയ പരിസ്ഥിതിവിരുദ്ധവും പ്രകൃതിക്ക് ദോഷവുമുണ്ടാക്കാൻ പോന്നതാണ് ഇത്തരം പൈങ്കിളി തലവാചകങ്ങൾ.

 

അതോടൊപ്പം മനസ്സിലാക്കേണ്ട ഒന്നുകൂടിയുണ്ട്. ഇടുക്കിയിലുണ്ടായത് ഉരുൾപൊട്ടലല്ല. അത് വെള്ളം താങ്ങാൻ മലയ്ക്ക് ശേഷിയില്ലാതെ വിങ്ങിപ്പൊട്ടി മലയിടിഞ്ഞതാണ്.

Tags: