Skip to main content

കടുത്ത ചൂട് കണക്കിലെടുത്ത് തുറസായ സ്ഥലങ്ങളില്‍ പണിയെടുക്കുന്നവരുടെ തൊഴില്‍ സമയം പുന:ക്രമീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉച്ചനേരത്ത് പന്ത്രണ്ട് മുതല്‍ മണി വരെ വിശ്രമം ഉറപ്പു വരുത്തിയാണ് ഈ മാറ്റം. സംസ്ഥാനം നേരിടുന്ന കടുത്ത വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്യാന്‍ ഭരണപക്ഷം തയ്യാറാകുകയും ചെയ്തു.

 

ഈ വേനലില്‍ ചൂട് കൂടുമെന്ന് നേരത്തെ തന്നെ സംസ്ഥാനത്തിന്റെ ദേശീയ പുഷ്പം മലയാളികളോട് പറഞ്ഞിരുന്നു. തുലാമാസത്തിലേ പൂത്തുകൊണ്ടാണ് കണിക്കൊന്ന ഈ മുന്നറിയിപ്പ് നല്‍കിയത്. സാധാരണ തുലാമാസം മഴക്കാലമാണ്. തണുപ്പുകാലമല്ലെങ്കിലും തണുപ്പുള്ള കാലാവസ്ഥ. ഈ കാലാവസ്ഥയിലാണ് കുഭം- മീനമാസത്തില്‍ പൂക്കേണ്ട കൊന്ന പൂത്തത്. ഇത്തവണ തുലാവര്‍ഷം ഉണ്ടായില്ല. ഒരു സസ്യം കാലം തെറ്റി പൂക്കുന്നതിന്റെ അര്‍ഥം അത് വംശനാശഭീഷണി നേരിടുന്നു എന്നാണ്. നശിക്കാന്‍ പോകുന്നതിന്‍റെ മുന്നറിയിപ്പ് കിട്ടുമ്പോള്‍ വംശത്തെ നിലനിര്‍ത്താന്‍ വേണ്ടി പ്രകൃതി സസ്യങ്ങളില്‍ വിന്യസിപ്പിച്ചിരിക്കുന്ന സവിശേഷതയാണത്. എന്നാല്‍ കേരളത്തിന്റെ കാര്യത്തില്‍ കൊന്ന സമൂഹത്തിന്റെ കൂടി ഒരു സൂചകമാണ്.

 

സൂര്യന്‍റെ സ്ഥിതിയും കേരളത്തിന്‍റെ പ്രകൃതിയും പരിസ്ഥിതിയും തമ്മിലുള്ള പാരസ്പര്യത്തിന്‍റെ കൃത്യമായ കലണ്ടറാണ് കൊന്ന. ഒന്നുകൂടിപ്പറഞ്ഞാല്‍ പാരിസ്ഥിതികമായ ക്രമത്തിന്റെ അഥവാ സന്തുലനത്തിന്‍റെ കൃത്യമായ സൂചനയാണ് കൊന്നപൂത്തുകൊണ്ട് അറിയിക്കുന്നത്. വിഷു കഴിഞ്ഞ് പത്താമുദയദിനത്തെ മഴ. ആ മഴയെ പ്രതീക്ഷിച്ച് കൃഷിക്കും വൃക്ഷത്തൈകള്‍ നടുന്നതിനുമുളള തയ്യാറെടുപ്പുകള്‍. ഇവയൊക്കെ ആ സന്തുലത്തിന്‍റെ കൃത്യതയില്‍ ആശ്രയിച്ച് നീങ്ങിയിരുന്നതാണ്. ഏറെ വര്‍ഷങ്ങളായി ഇതിലൊക്കെ താളപ്പിഴകള്‍ കണ്ടു തുടങ്ങി. പതിവിലും നേരത്തേ കൊന്ന പൂക്കുന്നതും പതിവായിരുന്നു. എന്നാല്‍ തുലാമാസത്തില്‍ കൊന്ന പൂത്തിട്ടില്ലായിരുന്നു.

 

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുളള വരള്‍ച്ചയിലേക്കും കാലാവസ്ഥാ വ്യതിയാനങ്ങളിലേക്കും പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് അങ്ങിനെ നാല്-അഞ്ച് മാസങ്ങള്‍ക്ക് മുന്‍പേ മുന്നറിയിപ്പ് കിട്ടിയിട്ടും നാം എന്താണ് ചെയ്തത്? കാട് കാണാതെ മരം മാത്രം കാണുന്ന നിലപാടുകള്‍ ഇപ്പോഴും തുടരുകയാണ്. അക്ഷരാര്‍ത്ഥത്തില്‍. പശ്ചിമഘട്ടം നമുക്ക് കാടല്ല, വെട്ടിവില്കാനുള്ള മരങ്ങളും വിദേശനാണ്യം നേടിത്തരുന്ന കൃഷിയിടവുമാണ്. താത്ക്കാലിക നേട്ടങ്ങളും സങ്കുചിത താത്പര്യങ്ങളും മുന്‍പില്‍ കണ്ടു കൊണ്ട് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ സംസ്ഥാനസര്‍ക്കാരും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും ഒരുപോലെ എതിര്‍ക്കുകയാണ്. എന്നാല്‍ പശ്ചിമഘട്ടം മരുഭൂമിയാകുന്നതിന്‍റെ അഥവാ നശിക്കുന്നതിന്‍റെ ലക്ഷണമാണ് തുലാമാസത്തില്‍ പൂത്ത കൊന്ന നമ്മോടു പറയുന്നത്.

 

കേരളത്തിന്റെ പ്രകൃതി, മഴ, കാലാവസ്ഥ, നദികള്‍, കൃഷി ഇങ്ങനെ ജീവന്‍ നിലനിര്‍ത്തുന്ന എല്ലാം പശ്ചിമഘട്ടത്തെ ആശ്രയിച്ചിരിക്കുന്നു. ഈ തിരിച്ചറിവില്ലാത്ത രാഷ്ട്രീയം സമൂഹത്തിന്റെ ജീവിതഘടനയെ തന്നെ മാറ്റിമറിക്കും. കേരളത്തിലെ ഓരോ പച്ചപ്പും കരിയുമ്പോള്‍ സംഭവിക്കുന്നത് അത്രയും ജീവന്‍റെ കുറയലാണ്. ഒടുവിലത്തെ റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിലെ വന്ധ്യത അറുപതുശതമാനമാണ്. അത് ദിനംപ്രതി വര്‍ധിക്കുന്നു. മറ്റു പലകാരണങ്ങളോടൊപ്പം പരോക്ഷമായും പ്രത്യക്ഷമായും അതിതാപവും കാരണമാകുന്നുവെന്നുള്ളത് ജീവന്‍റെ തോത് കുറയുന്നത് മനുഷ്യനേയും ബാധിച്ചു തുടങ്ങി എന്നുള്ളത് തന്നെയാണ് സൂചിപ്പിക്കുന്നത്. രോഗങ്ങളുടെ കാര്യവും മറ്റൊന്നല്ല. ലോട്ടറി വികസിപ്പിച്ച് ഡയാലിസിസ് സെന്‍ററുകളും പാലിയേറ്റീവ് കെയര്‍ സെന്‍ററുകള്‍ തുടങ്ങിയും സര്‍ഗാത്മകമാകാനാണ് ഗവണ്‍മെന്‍റും സന്നദ്ധസംഘടനകളും ശ്രമിക്കുന്നത്. ഇപ്പോഴും നാം വികസനത്തിന്‍റെ പേരു പറഞ്ഞ് അതിവേഗം ആത്മഹത്യാസമാനമായ പ്രക്രിയകളിലേര്‍പ്പെട്ടുകൊണ്ടേയിരിക്കുന്നു.

 

വംശത്തെ നിലനിര്‍ത്താനുള്ള ചെടികളിലെ പ്രകൃതിദത്തമായ വാസന പോലും മനുഷ്യനില്‍ പ്രകടമാകുന്നില്ല. ഒരുതരം വാശിയോടെ സ്വയം നശിച്ചും നശിപ്പിച്ചും കൊണ്ടിരിക്കുന്നു. നിലവിലെ കേരളസര്‍ക്കാര്‍ അക്കാര്യത്തില്‍ അമിതാവേശം പോലും കാണിക്കുന്നു.

Tags