വിവാദമായ വണ്‍, ടു, ത്രീ പ്രസംഗത്തെ തുടര്‍ന്ന്‍ മന്ത്രി എം.എം മണിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് കോടതി തള്ളി. മണി സമർപ്പിച്ച വിടുതൽ ഹര്‍ജി അംഗീകരിച്ചു കൊണ്ടാണ് തൊടുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് തള്ളിയത്.
2012 മെയ് 25-ന് തൊടുപുഴയ്ക്കടുത്ത് മണക്കാട് വെച്ച് നടത്തിയ പ്രസംഗത്തിലാണ് മൂന്ന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വധം സംബന്ധിച്ച പരാമര്‍ശങ്ങള്‍ മണി നടത്തിയത്. 1980-കളില്‍ നടന്ന ബേബി അഞ്ചേരി, മുട്ടുകാട് നാണപ്പൻ, മുള്ളൻചിറ മത്തായി എന്നിവരുടെ കൊലപാതകങ്ങളാണ് മണി പരാമര്‍ശിച്ചത്.
ഇതേത്തുടര്‍ന്ന്‍, മണിയെ ഒന്നാം പ്രതിയാക്കി തൊടുപുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രകോപനപരവും ഭീതി പരത്തുന്നതും ലഹളയ്‌ക്ക് പ്രേരിപ്പിക്കുന്നതുമായ പ്രസംഗം നടത്തിയതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ പൊലീസ് ഉദ്യോഗസ്‌ഥനെ ഭീഷണിപ്പെടുത്തിയതിനുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഈ വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്നാണു കോടതിയുടെ നിരീക്ഷണം.
പ്രസംഗത്തെ തുടർന്നു രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ബേബി അഞ്ചേരി, മുട്ടുകാട് നാണപ്പൻ, മുള്ളൻചിറ മത്തായി എന്നിവരുടെ കൊലപാതക കേസുകളില്‍ മണിയെ പ്രതിയാക്കി കേസെടുത്തിരുന്നു. ഇതില്‍ ബേബി അഞ്ചേരി വധക്കേസിൽ തൊടുപുഴ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഈ കേസില്‍ മണി നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളിയിരുന്നു.