Skip to main content

അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അടച്ച ഹൈക്കോടതിയിലെ മീഡിയാ റൂം തുറന്നാല്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്ന് ഹൈക്കോടതി. കേരള ഹൈക്കോടതിയിലും കീഴ്ക്കോടതികളിലും തുടരുന്ന മാധ്യമവിലക്കിനെതിരെ കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി രജിസ്ട്രാര്‍ ഈ നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്.

 

തര്‍ക്കം തീര്‍ക്കാന്‍ സമയം നീട്ടിനല്‍കണമെന്നും ഹൈക്കോടതി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഈ മാസം 21-ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിക്കുന്നുണ്ടെന്നും പ്രശ്‌നപരിഹാരത്തിനായി അതുവരെ സമയം നീട്ടിനല്‍കണമെന്നുമാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ആവശ്യം ജസ്റ്റിസ് പി.സി. ഘോഷ് അദ്ധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.

 

പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി സുപ്രീം കോടതിയെ അറിയിച്ചത്. അന്ന് ഹൈക്കോടതിയുടെ ആവശ്യം അംഗീകരിച്ച സുപ്രീം കോടതി കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചിരുന്നു.

Tags