Skip to main content
Ad Image
തിരുവനന്തപുരം

വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെ അര്‍ഹിക്കുന്ന പരിഗണനയോടെ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂളിലെ പ്രധാനാധ്യാപികയെ സ്ഥലം മാറ്റിയ സംഭവത്തില്‍ നിയമസഭ സ്തംഭിച്ചു. പ്രതിപക്ഷ എം.എല്‍.എ വി ശിവന്‍കുട്ടി സഭയില്‍ ശ്രദ്ധക്ഷണിക്കലിലൂടെ വിഷയം ഉന്നയിച്ചതിനെ തുടര്‍ന്ന്‍ ഇരുപക്ഷവും തമ്മില്‍ ബഹളവും രൂക്ഷമായ വാക്കേറ്റവും സഭയിലുണ്ടായി. ഇതോടെ ധനാഭ്യാര്‍ഥന ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസ്സാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

 

urmila deviസ്ഥലം മാറ്റത്തിനെതിരെ അഡ്മിനിസ്ട്രേട്ടീവ് ട്രൈബ്യൂണലിനെ സമീപിക്കുമെന്നും നടപടിയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം അറിയാന്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും പ്രധാനാധ്യാപിക ഊര്‍മ്മിളാ ദേവി പ്രതികരിച്ചു. നടപടി പിന്‍വലിയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിദ്യാര്‍ഥി സംഘടനകളായ എസ്‌.എഫ്‌.ഐയും കെ.എസ്‌.യുവും രംഗത്തെത്തിയിട്ടുണ്ട്.

 

ഈ മാസം 16-ന് സ്കൂളില്‍ ഇംഗ്ലീഷ് ക്ലബിന്റെ പരിപാടിയാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. സ്കൂളുകളില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ രാവിലെ 9.30-ന് നിശ്ചയിച്ചിരുന്ന ജില്ലാതല ഉദ്‌ഘാടന ചടങ്ങില്‍ മന്ത്രി അബ്ദുറബ്ബ് വൈകി 12.30-നായിരുന്നു എത്തിയത്. ചടങ്ങില്‍ അധ്യയന സമയത്ത് ഇത്തരം പരിപാടികള്‍ നടത്തി കുട്ടികളുടെ സമയം പാഴാക്കുന്നത് ശരിയല്ലെന്ന്‍ മന്ത്രി സദസ്സിലിരിക്കെ ഊര്‍മ്മിളാ ദേവി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഡി.പി.ഐ ഇറക്കിയ ഇത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

എന്നാല്‍ താന്‍ സ്കൂളില്‍ എത്തിയപ്പോള്‍ ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നുവെന്നും സെക്യൂരിറ്റിയാണ് തന്നെ അകത്തേക്ക് കടത്തിവിട്ടതെന്നും മന്ത്രി അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞു. വി.ഐ.പി പരിഗണന നല്‍കേണ്ട മന്ത്രിയെ സ്വീകരിക്കാന്‍ പ്രധാനാധ്യാപിക എത്തിയില്ല. ഇവരെ സര്‍വീസില്‍ നിന്നു പിരിച്ചുവിടണമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും എന്നാല്‍ താന്‍ മാനുഷിക പരിഗണന നല്‍കി ശിക്ഷ സ്ഥലം മാറ്റമായി ലഘൂകരിക്കുകയായിരുന്നുവെന്നും മന്ത്രി അബ്ദുറബ്ബ് മറുപടി നല്‍കി.

 

എന്നാല്‍, ഈ മറുപടി പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിക്കുകയായിരുന്നു. അല്‍പ്പന് അര്‍ഥം കിട്ടിയതുപോലെയാണ് മന്ത്രിയുടെ പെരുമാറ്റമെന്നും പട്ടികജാതിക്കാരിയും ശാരീരിക അവശതയുമുള്ള അധ്യാപികയോട് സ്വീകരിച്ച നടപടി ശരിയായില്ലെന്നും വി. ശിവന്‍കുട്ടി സഭയില്‍ കുറ്റപ്പെടുത്തി. മന്ത്രി വകുപ്പിനെ വര്‍ഗീയവത്കരിക്കുകയാണെന്ന് സഭയ്ക്ക് പുറത്ത് വെച്ച് എ.കെ ബാലന്‍ എം.എല്‍.എ മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

Ad Image