Skip to main content
ന്യൂഡല്‍ഹി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സംഘം കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയവുമായി ചര്‍ച്ച നടത്തി. കേരളത്തിന്റെ ആശങ്കകള്‍ കേന്ദ്രത്തെ അറിയിച്ചതായി കേരള സംഘത്തെ നയിച്ച സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മന്‍ വി. ഉമ്മന്‍ അറിയിച്ചു. എന്നാല്‍, സംസ്ഥാനത്തിന്റെ ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പാക്കാനാകില്ലെന്നാണ് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ നിലപാട്.

 

റിപ്പോര്‍ട്ട് സംരക്ഷണ നടപടികള്‍ നിര്‍ദ്ദേശിക്കുന്ന 123 വില്ലേജുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയമെന്ന കേരളത്തിന്റെ ആവശ്യം പ്രായോഗികമല്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് മുന്നിലുള്ള കേസും പരിഗണിക്കേണ്ടതുണ്ടെന്ന് കേന്ദ്രം അറിയിച്ചു. രണ്ട് ദിവസത്തിനകം മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

അതേസമയം, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള നിലപാട് കേരള കോണ്‍ഗ്രസ് നേതാക്കളായ പി.സി ജോര്‍ജും ഫ്രാന്‍സിസ് ജോര്‍ജും ആവര്‍ത്തിച്ചു. റിപ്പോര്‍ട്ടില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനത്തിനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാറും പാര്‍ട്ടിയും തുടരുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ അറിയിച്ചു.