Skip to main content
Ad Image
തിരുവനന്തപുരം

kerala assemblyകസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ച് പശ്ചിമഘട്ട സംരക്ഷണ നടപടികള്‍ കൈക്കൊള്ളാനുള്ള കേന്ദ്രതീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കി. റിപ്പോര്‍ട്ട് അനുസരിച്ചുള്ള നടപടികളില്‍ നിന്ന്‍ ജനവാസകേന്ദ്രങ്ങളേയും കൃഷിയിടങ്ങളേയും ഒഴിവാക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.

 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കഴിഞ്ഞ നവംബര്‍ 16-ന് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ ആണ് കേന്ദ്രം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൊവാഴ്ച ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്‍ ഇന്നലെ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലുണ്ടായ തീരുമാനമനുസരിച്ചാണ് ഇന്ന്‍ നിയമസഭാ ചട്ടം 130 പ്രകാരം പ്രത്യേക ചര്‍ച്ച നടത്തി പ്രമേയം പാസാക്കിയത്.

 

നാളെ (വെള്ളിയാഴ്ച) ന്യൂഡല്‍ഹിയില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്ലിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഭയെ അറിയിച്ചു.  

 

കേരളത്തില്‍ ഉയര്‍ന്ന അക്രമാസക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നവംബര്‍ 16-ന്റെ സര്‍ക്കുലറില്‍ ഭേദഗതി വരുത്തി ഡിസംബര്‍ 20-ന് കേന്ദ്രം പുതിയ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അവസരം നല്‍കുന്നതാണ് ഈ സര്‍ക്കുലര്‍. കേരളത്തില്‍ 123 വില്ലേജുകളാണ് പരിസ്ഥിതിലോല പ്രദേശമായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചിട്ടുള്ളത്‌.

Tags
Ad Image