ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ 12 പേരെ കുറ്റവാളികളായി കണ്ടെത്തുകയും മറ്റ് 24 പേരെ വെറുതെ വിടുകയും ചെയ്ത പ്രത്യേക കോടതി വിധിയോടുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രതികരണങ്ങള്‍ നേര്‍ വിപരീതം. സംഭവത്തില്‍ സി.പി.ഐ.എമ്മിനെ കുറ്റവിമുക്തമാക്കിയ വിധിയാണ് പുറത്തുവന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിച്ചപ്പോള്‍ സി.പി.ഐ.എം ഗൂഡാലോചന വിധിയിലൂടെ തെളിഞ്ഞതായി ആര്‍.എം.പി നേതാവും ടി.പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമയും ആഭ്യന്തരമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ രമേശ് ചെന്നിത്തലയും പറഞ്ഞു.
ടി.പി വധത്തിന് പിന്നില്‍ സി.പി.ഐ.എം ഗൂഡാലോചനയുണ്ടെന്ന ആരോപണം തെറ്റെന്ന് മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ടതിലൂടെ തെളിഞ്ഞതായി പിണറായി പറഞ്ഞു. പാര്‍ട്ടിയെ കുടുക്കാനുള്ള നടപടികളാണ് കേസിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അന്ന്‍ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സ്വീകരിച്ചതെന്ന് പിണറായി ആരോപിച്ചു.
വിധിയില്‍ പൂര്‍ണ്ണമായി തൃപ്തരല്ലെങ്കിലും സി.പി.ഐ.എമ്മിന്റെ പങ്ക് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് രമ പറഞ്ഞു. രണ്ട് ജില്ലകളിലെ സി.പി.ഐ.എം നേതാക്കള്‍ ശിക്ഷിക്കപ്പെട്ടതിലൂടെ ഗൂഡാലോചന വ്യക്തമായി തെളിഞ്ഞിരിക്കുകയാണെന്നും രമ വിശദീകരിച്ചു. കൊല ചെയ്ത ഏഴംഗ സംഘത്തിനും കണ്ണൂരിലെ പാര്‍ട്ടി നേതാവ് പി.കെ കുഞ്ഞനന്തനും ടി.പി ചന്ദ്രശേഖരനെ നേരിട്ടറിയാമായിരുന്നില്ലെന്ന് രമ പറഞ്ഞു. പാര്‍ട്ടിക്ക് പങ്കില്ലെങ്കില്‍ കുഞ്ഞനന്തനും കെ.സി രാമചന്ദ്രനുമൊക്കെ എങ്ങനെ കുറ്റവാളിയായെന്ന് രമ ചോദിച്ചു. ഇതിലെ ഗൂഡാലോചന സംബന്ധിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുകയാണെന്ന് രമയും ആര്‍.എം.പി നേതാവ് എന്‍. വേണുവും അറിയിച്ചു.
വിധിയിലൂടെ കൊലപാതകത്തില്‍ സി.പി.ഐ.എമ്മിനുള്ള പങ്ക് സംശയാതീതമായി തെളിഞ്ഞതായും പിണറായി വിജയന്‍ തെറ്റ് സമ്മതിക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സി.പി.ഐ.എം നേതാക്കള്‍ ശിക്ഷിക്കപ്പെട്ടതോടെ പാര്‍ട്ടിയുടെ വാദം പൊളിഞ്ഞു. പോലീസ് ശരിയായ രീതിയില്‍ അന്വേഷിച്ചതു കൊണ്ടാണ് സി.പി.ഐ.എമ്മിന്റെ പങ്ക് തെളിഞ്ഞതെന്നും കേസില്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിന്റെ സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.