ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ 12 പ്രതികള്‍ കുറ്റക്കാരെന്ന് പ്രത്യേക കോടതി വിധിച്ചു. ഇവര്‍ക്കുള്ള ശിക്ഷ നാളെ (വാഴാഴ്ച) വിധിക്കും. സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മോഹനന്‍ അടക്കം 24 പ്രതികളെ കോടതി കുറ്റവിമുക്തരാക്കി.
കൊല നടത്തിയ ഏഴംഗ സംഘത്തിന് പുറമെ പ്രാദേശിക സി.പി.ഐ.എം നേതാക്കള്‍ക്കെതിരെയുള്ള ഗൂഡാലോചനാ കുറ്റവും എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍. നാരായണ പിഷാരടി ശരിവെച്ചു. ഡിസംബര്‍ 20-ന് കേസില്‍ വിചാരണ പൂര്‍ത്തിയായിരുന്നു.
ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളായ എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ.ഷിനോജ് എന്നിവരാണ് കൊല നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. സി.പി.ഐ.എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി.രാമചന്ദ്രന്‍, സി.പി.ഐ.എം കടുങ്ങോന്‍പോയില്‍ ബ്രാഞ്ച് സെക്രട്ടറി മനോജന്‍, സി.പി.ഐ.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്‍, മാഹി സ്വദേശി പി.വി.റഫീഖ് എന്ന വാഴപ്പടച്ചി റഫീഖ്, കണ്ണൂര്‍ സ്വദേശി എം.കെ.പ്രദീപന്‍ എന്ന ലംബു പ്രദീപന്‍ എന്നിവരാണ് മറ്റ് കുറ്റവാളികള്‍.
വിധി പ്രഖ്യാപനത്തോടനുബന്ധിച്ച് വന്‍ സുരക്ഷാ സന്നാഹമാണ് കോഴിക്കോട് പോലീസ് ഒരുക്കിയിരിക്കുന്നത്. വടകര ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ കൂട്ടം കൂടുന്നത് നിരോധിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്.
സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും എം.എല്‍.എ കെ.കെ ലതികയുടെ ഭര്‍ത്താവുമായ പി.മോഹനന്‍, സി.പി.ഐ.എം കൂത്തുപറമ്പ് ഏരിയ സെക്രട്ടറി കെ.ധനഞ്ജയന്‍, സി.പി.ഐ.എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം കെ.കെ.കൃഷ്ണന്‍, സി.പി.ഐ.എം കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റി അംഗം ജ്യോതി ബാബു, സി.പി.ഐ.എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം എം.കെ.രവീന്ദ്രന്‍ എന്ന പടയങ്കണ്ടി രവീന്ദ്രന്‍ എന്നിവരുള്‍പ്പടെ 24 പേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. രണ്ടുപേരെ കുറ്റപത്രം വായിക്കുന്ന സമയത്തുതന്നെയും 20 പ്രതികളെ സാക്ഷിവിസ്താരം കഴിഞ്ഞപ്പോഴും തെളിവില്ലെന്ന് കണ്ട് കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
കേസില്‍ 76 പേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. 15 പേര്‍ക്കെതിരായ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. രണ്ട് പ്രതികള്‍ ഒളിവിലുമാണ്. ഒമ്പതാം പ്രതിയും സി.പി.ഐ.എം നേതാവുമായിരുന്ന സി.എച്ച്. അശോകന്‍ വിചാരണക്കിടെ മരിച്ചു. 22 പേരെ കോടതി വിചാരണക്കിടെ കുറ്റവിമുക്തരുമാക്കി. ഇതോടെയാണ് പ്രതികളുടെ എണ്ണം 36 ആയി ചുരുങ്ങിയത്.
286 പ്രോസിക്യൂഷന്‍ സാക്ഷികള്‍ ഉണ്ടായിരുന്നതില്‍ 56 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു. 2012 മേയ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒഞ്ചിയത്ത് സി.പി.ഐ.എം വിമതര്‍ രൂപീകരിച്ച റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായ ടി.പി ചന്ദ്രശേഖരന്‍ രാത്രി വടകരയ്ക്ക് സമീപം വള്ളിക്കാട് വച്ച് വെട്ടേറ്റു മരിക്കുകയായിരുന്നു.