നാറാത്ത് ആയുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചതുമായ ബന്ധപ്പെട്ട കേസിലെ 22 പ്രതികള്‍ക്കുള്ള കുറ്റപത്രം എന്‍.ഐ.എ ഏറണാകുളത്തെ പ്രത്യേക കോടതിയില്‍ ശനിയാഴ്ച സമര്‍പ്പിച്ചു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ആയുധപരിശീലനം നടത്തിയെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നുമാണ് ആരോപണം. ആയുധ പരിശീലനത്തിന് ഇന്ത്യൻ മുജാഹിദ്ദീൻ സ്ഥാപകൻ യാസിൻ ഭട്കലിന്റെ ബന്ധു സാനുള്ള ഷബന്ദ്രി സാമ്പത്തിക സഹായം നൽകിയതിന് തെളിവുണ്ടെന്നും എന്‍.ഐ.എ അവകാശപ്പെടുന്നു. പ്രതികളുടെ റിമാന്‍ഡ് കാലാവധി 180 ദിവസം പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ് കുറ്റപത്രം നല്‍കിയത്. ഇതോടെ പ്രതികള്‍ക്ക് ജാമ്യത്തില്‍ പുറത്തിറങ്ങാനുള്ള സാധ്യത അടഞ്ഞു.
ഇക്കഴിഞ്ഞ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ കണ്ണൂരിലെ നാറാത്ത് ആയുധപരിശീലന ക്യാമ്പില്‍ പോലീസ് നടത്തിയ പരിശോധനയിൽ ബോംബുകൾ, ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ളോസീവ് ഡിവൈസ് (ഐ.ഇ.ഡി) നിർമ്മിക്കാനാവശ്യമായ പൊട്ടാസ്യം ക്ളോറേറ്റ്, അലൂമിനിയം പൗഡർ, സൾഫർ എന്നിവയും ഒരു വാൾ, തടിയിൽ നിർമ്മിച്ച മനുഷ്യരൂപങ്ങൾ, 21 മൊബൈൽ ഫോണുകൾ, വെടിമരുന്ന് തുടങ്ങിയവയും പിടിച്ചെടുത്തിരുന്നു. ഒമാൻ, ഇറാൻ, ഖത്തർ, സൗദ്യ അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ കറൻസിയും ക്യാമ്പിൽ നിന്ന് കണ്ടെടുത്തിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവനുസരിച്ച് കേസ് സംസ്ഥാന പോലീസില്‍ നിന്ന്‍ എന്‍ഐഎ ഏറ്റെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും എൻ.ഐ.എ ആക്ടിലെയും വിവിധ വകുപ്പുകൾ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
22-ാം പ്രതി നാറാത്ത് സ്വദേശി എ.വി. കമറുദ്ദീന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ യാസിൻ ഭട്കലിന്റെയും റിയാസ് ഭട്കലിന്റെയും ബന്ധു സാനുള്ളയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ലഭിച്ചതായി എന്‍.ഐ.എ പറയുന്നു. കമറുദ്ദീന്‍ ഇപ്പോഴും ഒളിവിലാണ്. ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയാണ് സാനുള്ള എന്ന് കരുതപ്പെടുന്നു. പോപ്പുലർ ഫ്രണ്ടിന്റെ കീഴിലുള്ള തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ അക്കൗണ്ട് വഴിയാണ് ക്യാമ്പിന് സാമ്പത്തിക സഹായം ലഭിച്ചത്.
ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്നും കുറ്റപത്രത്തിൽ പറയുന്നു. ഫഹദ് എന്ന പ്രതിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 20 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ക്ക് മറ്റ് തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയെക്കുറിച്ചും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് എന്‍.ഐ.എ പറയുന്നു.